ആറ്റിലറോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

To advertise here,

കല്ലടിക്കോട് : ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ തുപ്പനാട്-മീൻവല്ലം റോഡിലെ വിവിധ ഭാഗങ്ങളിൽ ടാർ ഒഴുകിപ്പോയി. ഇതോടെ വാഹനഗതാഗതവും ദുഷ്‌കരമായി.

വിനോദസഞ്ചാരകേന്ദ്രമായ മീൻവല്ലത്തേക്കുള്ള ഏക പാതയാണിത്. ഈ റോഡിൽ 800 മീറ്റർ മാത്രമാണ് കട്ട (ഇൻർലോക്ക്) വിരിച്ചിട്ടുള്ളത്. ബാക്കിവരുന്ന ഒന്നരക്കിലോമീറ്റർ പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈഭാഗത്തെ ടാറാണ് ഒലിച്ചുപോയത്.പൊളിഞ്ഞഭാഗങ്ങളിൽ കല്ലുപതിച്ച് റോഡുപണി പൂർത്തീകരിക്കണമെന്ന് വനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.

മണ്ണിടിച്ചിൽ; ഗതാഗത തടസ്സം നീക്കി

മൂന്നേക്കർ-ആറ്റില റോഡിൽ കരിമല മാവിൻചുവട് ഭാഗത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് ഇതുവഴിയുള്ള കാൽനടയാത്രയും ഗതാഗതവും ബുദ്ധിമുട്ടിലായി.

നാട്ടുകാരുടെ നേതൃത്വത്തിൽ, മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് റോഡിലെ മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനായത്.

തുടർച്ചയായുണ്ടാകുന്ന ശക്തമായ മഴ പ്രദേശവാസികളിൽ ഭീതി പരത്തുന്നുണ്ട്. 2019-ൽ ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്.

സ്വകാര്യ റിസോർട്ടുകൾ, തോട്ടങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയാണിത്.

ആറ്റില വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്രക്കാരും റിസോർട്ടുകൾ, തോട്ടങ്ങൾ തുടങ്ങിയവയിലേക്കുള്ള വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.

മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങൾ കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീലത, വൈസ് പ്രസിഡന്റ് വി.എം.അബ്ദുൾ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് നവാസ്, പഞ്ചായത്ത് സെക്രട്ടറി ഇ.എം.അസീസ്, പഞ്ചായത്ത് അംഗങ്ങളായ വി.കെ.ഷൈജു, തങ്കച്ചൻ മാത്യുസ്, വന സംരക്ഷണസമിതി പ്രസിഡൻറ് ടി.ആർ.രതീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.