ഊട്ടി : കഴിഞ്ഞ രണ്ടുദിവസമായി ശക്തമായ മഴ ലഭിച്ചതിനാൽ ഊട്ടി-കാന്തൽ റോഡിലെ റെയിൽവേ പാലത്തിനുതാഴെ ഉണ്ടായ വെള്ളക്കെട്ട് മോട്ടോറുപയോഗിച്ച് വറ്റിച്ചു.

To advertise here,

ഊട്ടിയിലെ പ്രധാന അഴുക്കുചാലായ കോടപ്പമന്ത് ചാലിൽനിന്നും ഒഴുകിയെത്തുന്ന മാലിന്യവും വെള്ളവും റെയിൽവേപാലത്തിനു അടിയിലൂടെ തടാകത്തിലേക്കാണ് പോകുന്നത്.

മാലിന്യം ഈഭാഗത്ത്‌ അടിഞ്ഞുകൂടിയതിനാലാണ് വെള്ളക്കെട്ടുണ്ടാകുന്നത്. കളക്ടർ ലക്ഷ്മി ഭവ്യ തനീരു സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇവിടെ സ്ഥിരമായി മോട്ടോർവെച്ച് വെള്ളം പമ്പ്‌ ചെയ്യാൻ നടപടിയെടുക്കുമെന്ന് കളക്ടർ പറഞ്ഞു.

കഴിഞ്ഞദിവസം കനത്തമഴമൂലം ഊട്ടിയിലെ താഴ്ന്നസ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി നഗരം മുഴുവനായും ഗതാഗതം തടസ്സപ്പെട്ടിരുന്നു.

രണ്ടുവർഷം മുൻപ് 7.25 കോടി ചെലവിൽ നാലുകിലോമീറ്റർവരുന്ന കോടപ്പമന്ത് അഴുക്ക്ചാലിൽ നിന്നും മാലിന്യം നീക്കംചെയ്തും അരിക്‌ കെട്ടിയും വൃത്തിയാക്കിയിരുന്നു.

ഇപ്പോൾ വീണ്ടും പഴയ സ്ഥിതിയായി.