മണ്ണാർക്കാട് : മണ്ണാർക്കാട്-കൈതച്ചിറ റോഡിലെ മാസപ്പറമ്പ് പൊട്ടിപ്പാലത്തിലൂടെ ഇനി ഭീതിയില്ലാതെ സഞ്ചരിക്കാം. പൊതുമരാമത്ത് പാലംവിഭാഗത്തിന്റെ നേതൃത്വത്തിൽ പാലത്തിലെ തകർന്നുപോയ കൈവരികൾ പുനഃസ്ഥാപിച്ച് മറ്റ്‌ അറ്റപ്പണികളും നടത്തിയതാണ് യാത്രക്കാർക്ക് ആശ്വാസമായത്.

To advertise here,

പാലത്തിന്റെ രണ്ടറ്റത്തെയും റോഡുകൾ കുറച്ചുഭാഗം വീതികൂട്ടുകയും അപകടഭീഷണിയുള്ള ഭാഗത്ത് കോൺക്രീറ്റ് ഭിത്തികൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. സൂചനാബോർഡുകളുമുണ്ട്. കാടുപിടിച്ച ഭാഗം വൃത്തിയാക്കുകയും മാലിന്യം അടിഞ്ഞുകൂടാതിരിക്കാൻ പാലത്തിനടിയിലെ തടസ്സങ്ങൾ നീക്കുകയുംചെയ്തു. 9.69 ലക്ഷംരൂപ ചെലവഴിച്ചാണ് നവീകരണം നടത്തിയത്പാലത്തിന്റെ ഒരുഭാഗം കൈവരികളില്ലാത്തതിനാൽ യാത്ര ഏറെ ഭീതിയിലായിരുന്നു. സ്‌കൂൾബസുകളുൾപ്പെടെ കടന്നുപോകുന്ന പാതകൂടിയാണിത്. കാൽനടയായി സഞ്ചരിക്കുന്നവരുമുണ്ട്. വാഹനങ്ങൾ പെട്ടെന്ന് പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ കൈവരികളില്ലാത്ത ഭാഗം അപകടഭീഷണി സൃഷ്ടിക്കുമായിരുന്നു. കൂടാതെ, വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് വശംചേർന്നുനിൽക്കാൻ സൗകര്യവുമില്ല.

ശ്രദ്ധയൊന്നുമാറിയാൽ തോട്ടിലേക്കാണ് വീഴുക. മഴക്കാലത്ത് ശക്തമായ നീരൊഴുക്കുള്ള തോടാണിത്. പാലത്തിന്റെ ശോച്യാവസ്ഥയും അപകടഭീഷണിയും ‘മാതൃഭൂമി’ റിപ്പോർട്ട്‌ ചെയ്തിരുന്നു. കൈതച്ചിറ, മാസപ്പറമ്പ് നിവാസികൾക്ക് മണ്ണാർക്കാടുമായി ബന്ധപ്പെടാനുള്ള എളുപ്പമാർഗമാണ് ഈ പാലം.