
കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളെ നേരിട്ട്, അതിന്റെ തീവ്രത കുറയ്ക്കുന്നതിനുള്ള ബോധപൂര്‍വമായ പരിശ്രമം നടത്തുകയും അതിന്റെ പ്രത്യാഘാതങ്ങളെ ചെറുക്കാനുള്ള കരുത്ത് വികസിപ്പിക്കുകയും ചെയ്യുന്നതാണ് ക്ലൈമറ്റ് ആക്ഷന്‍. കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ശക്തമായ നിലപാടുകളുള്ള ബിൽ ഗേറ്റ്സ് ഈ മേഖലയില്‍ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. അതേക്കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങള്‍ വിശദമാക്കുന്ന ഒരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്-ഹൗ ടു അവോയ്ഡ് എ ക്ലൈമറ്റ് ഡിസാസ്റ്റര്‍. 2021-ലാണ് പുസ്തകം പുറത്തിറങ്ങിയത്.
അദ്ദേഹം 2015-ല്‍ രൂപം കൊടുത്ത ബ്രേക്ക് ത്രൂ എനര്‍ജി എന്ന സംഘടന സുസ്ഥിരോര്‍ജത്തിലും ഹരിതഗൃഹ വാതകങ്ങളുടെ നിര്‍ഗമനം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകളിലും മറ്റും കാര്യമായ നിക്ഷേപം നടത്തി വരുന്നു. കഴിഞ്ഞ ദിവസമാണ് കാനഡയിലെ സ്റ്റാര്‍ട്ടപ്പായ ഡീപ് സ്‌കൈയ്ക്ക് കമ്പനി 40 മില്യന്‍ ഡോളര്‍ ധനസഹായം നല്‍കിയത്. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ വലിയ തോതില്‍ നീക്കം ചെയ്യാനുദ്ദേശിക്കുന്ന കമ്പനി ആല്‍ബെര്‍ട്ടയില്‍ അത്യാധുനികമായ ഡയറക്ട് എയര്‍ ക്യാപ്ചര്‍ (ഡി.എ.സി) വിദ്യ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്..
Also Read
ക്ലൈമറ്റ് ആക്ഷന്‍- ബി.എം.ജി.എഫ് പറയുന്നത്
നടന്നുകൊണ്ടിരിക്കുന്ന ഒരു യാഥാര്‍ഥ്യമാണ് കാലാവസ്ഥാ വ്യതിയാനം എന്ന ബോധ്യത്തോടെ അതിന്റെ തിക്തഫലങ്ങള്‍ക്ക് എതിരായ പ്രതിരോധം ശക്തിപ്പെടുത്താനും അതുമായി ഒത്തുപോവാന്‍ ജനങ്ങളെ സന്നദ്ധരാക്കുകയുമാണ് ഫൗണ്ടേഷന്‍ ഉദ്ദേശിക്കുന്നത്. താഴേക്കിടയിലുള്ള അല്ലെങ്കില്‍ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം വളരെയധികം ബാധിക്കുന്നത്, പ്രത്യേകിച്ചും കൃഷിയെ ആശ്രയിക്കുന്ന സമൂഹങ്ങളെ. ഈ മേഖലയിലെ സമൂഹങ്ങള്‍ വളരെ കുറച്ചു നിര്‍ഗമനങ്ങള്‍ക്ക് മാത്രമേ കാരണമാകുന്നുള്ളൂവെങ്കിലും കടുത്ത ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മയും സാമ്പത്തിക അസ്ഥിരതയും അനുഭവിക്കുന്നു. അവര്‍ക്കുണ്ടാവുന്ന നഷ്ടം ആഗോളശരാശരിയുടെ ഇരട്ടിയാണ്.
ഫൗണ്ടേഷന്റെ കണ്ണില്‍ കാലാവസ്ഥയുമായുള്ള പൊരുത്തപ്പെടല്‍ ഭംഗിയായി നടപ്പാക്കുന്നതിന് വേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇപ്രകാരമാണ്:
1. കാര്‍ഷികമേഖലയിലെ ഗവേഷണവും പുതിയ കാര്യങ്ങള്‍ നടപ്പാക്കലും
2. കാലാവസ്ഥ സംബന്ധിച്ച് മുന്‍കൂട്ടി മുന്നറിയിപ്പ് കൊടുത്ത് കര്‍ഷകരെ സഹായിക്കാന്‍ പറ്റുന്ന ഡിജിറ്റല്‍ സംവിധാനങ്ങളും കാര്‍ഷിക വിവരങ്ങള്‍ കൊടുക്കാനുള്ള പ്ലാറ്റ്‌ഫോമുകളും സൃഷ്ടിക്കല്‍
3. കാലാവസ്ഥ കാരണമുണ്ടാകുന്ന തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ സമൂഹങ്ങളെ സഹായിക്കാന്‍ പറ്റുന്ന തരത്തിലുള്ള വായ്പ, ഇന്‍ഷുറന്‍സ, സമ്പാദ്യം തുടങ്ങിയ സാമ്പത്തികവിഭവങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനങ്ങളുടെ സൃഷ്ടിയും വെള്ളം, മണ്ണ്, കാട് തുടങ്ങിയ സ്വാഭാവിക വിഭവങ്ങളുടെ സംരക്ഷണവും.
എങ്കിലും അദ്ദേഹം തൊടുന്ന ഒരു വിഷയവും വിവാദമുക്തമാവാന്‍ ഇടയില്ലല്ലോ. കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും വിവാദത്തിന് സാധ്യതയുണ്ടോ? നമുക്ക് പരിശോധിക്കാം.
സ്വകാര്യ ജെറ്റില്‍ പറക്കുന്ന കാപട്യം
കാര്‍ബണ്‍ ഫൂട്ട്പ്രിന്റ്, അതായത് കാര്‍ബണ്‍ നിര്‍ഗമനത്തിന്റെ തോത് കുറയ്ക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഗേറ്റ്‌സ് അതിനുവേണ്ടി ചെലവാക്കുന്നത് കോടിക്കണക്കിന് ഡോളറാണ്. പക്ഷേ, അദ്ദേഹം യാത്ര ചെയ്യുന്നത് സ്വകാര്യ ജെറ്റ് വിമാനങ്ങളിലാണ്! ഹരിതഗൃഹ വാതക നിര്‍ഗമനത്തില്‍ വലിയ പങ്കുവഹിക്കുന്നവയാണ് ഈ സ്വകാര്യ ജെറ്റുകള്‍. അതായത്, കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കണം എന്ന നിലപാടിലെ ഗേറ്റ്‌സിന്റെ കാപട്യം വിളിച്ചു പറയുന്നതാണ് ഈ ജീവിതരീതി. താന്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ നിര്‍ഗമനത്തെ സുസ്ഥിരമായ വ്യോമ ഇന്ധനത്തിനും കാര്‍ബണ്‍ പിടിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയ്ക്കും മുടക്കുന്ന നിക്ഷേപത്തിലൂടെ ബാലന്‍സ് ചെയ്യുന്നു എന്നാണ് വിമര്‍ശകര്‍ക്ക് ഗേറ്റ്സിന്റെ മറുപടി.

മറ്റൊന്ന് അദ്ദേഹത്തിന്റെ കൈവശമുള്ള കൃഷിഭൂമിയുടെ വിസ്തൃതിയാണ്. അമേരിക്കയില്‍ ഏറ്റവും അധികം ഭൂമി കൈവശമുള്ള സ്വകാര്യ വ്യക്തിയാണ് ബില്‍ഗേറ്റ്‌സ്. ഏതാണ്ട് 2,75,000 ഏക്കര്‍. സ്വന്തം നിക്ഷേപ കമ്പനിയായ കാസ്‌കേഡ് വഴിയാണ് ഇത്രയും ഭൂമി അദ്ദേഹം വാങ്ങിക്കൂട്ടിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അമേരിക്കയുടെ വലിപ്പത്തിന്റെ നാലായിരത്തിലൊന്ന് ഭൂമി മാത്രമേ തന്റെ കൈവശമുള്ളൂ എന്നാണ്. ആലോചിച്ചുനോക്കൂ, അമേരിക്ക പോലുള്ള ഒരു വലിയ രാജ്യത്തിന്റെ നാലായിരത്തില്‍ ഒരു ഭാഗം ഭൂമിയുടെ വലിപ്പം! ഭൂമിയില്‍ നിക്ഷേപം നടത്തിയത് കൃഷി കൂടുതല്‍ ഉത്പാദനക്ഷമമാക്കാനും തൊഴിലുകള്‍ സൃഷ്ടിക്കാനും വേണ്ടിയിട്ടാണെന്ന് ഗേറ്റ്‌സ് പറയുന്നു. പക്ഷേ ജനിതക വ്യതിയാനം വരുത്തിയ വിത്തുകള്‍ പരീക്ഷിക്കാനാണ് ഇത്രയധികം ഭൂമിയെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
ഭൂമി വാങ്ങിയ നടപടികളിലെ അപര്യാപ്തതയാണ് ഒരു പ്രശ്‌നം. അദ്ദേഹം ഇത്രയധികം ഭൂമി വാങ്ങിക്കൂട്ടിയത് ശരിക്കും കാര്‍ഷിക മേഖലയുടെ പുരോഗമനത്തിനാണോ അതോ തികച്ചും സാമ്പത്തിക ലാഭത്തിന് വേണ്ടിയാണോ എന്നതാണ് കര്‍ഷകരുടെ ചോദ്യം. പുറത്തുനിന്നുള്ള നിക്ഷേപകര്‍ കാര്‍ഷിക വിഭവങ്ങള്‍ കൈവശം വയ്ക്കുന്നതിലും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും നാട്ടുകാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്ര വലിയ തോതില്‍ ഭൂമി സ്വന്തമാക്കുന്നത് വളരെ വിശാലമായ നൈതിക പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. കൃഷി പോലുള്ള അവശ്യമേഖലകളിലെ ഭൂമി ഉടമസ്ഥതയില്‍ സ്വകാര്യ മൂലധനം വരുത്തുന്ന മാറ്റവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
കാലാവസ്ഥയെ മാറ്റാന്‍ ജിയോ എന്‍ജിനീയറിങ്
കൃഷിഭൂമിയുടെ കാര്യത്തിലെന്ന പോലെ വിവാദമായ മറ്റൊരു ഇടപാടിലും അദ്ദേഹം നിക്ഷേപം നടത്തി- സോളാര്‍ ജിയോ എന്‍ജിനീയറിങ്. പ്രത്യേകിച്ച് 'സ്ട്രാറ്റോസ്‌ഫെറിക് കണ്‍ട്രോള്‍ പെര്‍റ്റര്‍ബേഷന്‍' പരീക്ഷണം പോലുള്ള സംരംഭങ്ങളിലൂടെ. സൂര്യ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന കണങ്ങളെ അന്തരീക്ഷത്തിലേക്ക് വിട്ട് ഭൂമിയെ തണുപ്പിക്കാന്‍ സാധിക്കുക എന്നതാണ് പരീക്ഷണത്തിന്റെ ഒരു ലക്ഷ്യം. അജ്ഞാതമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത, കാലാവസ്ഥാ ക്രമത്തിലും ജൈവ വൈവിധ്യത്തിനും ഉണ്ടാക്കാനിടയുള്ള ദോഷങ്ങള്‍ എന്നിവയെ കുറിച്ചുള്ള ഉത്കണ്ഠകളാണ് വിവാദത്തിന് കാരണം..
ഈ സ്ട്രാറ്റോസ്‌ഫെറിക് കണ്‍ട്രോള്‍ പെര്‍റ്റര്‍ബേഷന്‍ പരീക്ഷണത്തിന് നേതൃത്വം കൊടുക്കുന്നത് ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ രണ്ടു ഗവേഷകരാണ്. സ്ട്രാറ്റോ സ്‌ഫെറിക് എയ്‌റോസോള്‍ ഇഞ്ചക്ഷന്‍ (എസ്.എ.ഐ) മുഖാന്തരം സോളാര്‍ ജിയോ എന്‍ജിനീയറിങ്ങിന്റെ പ്രയോഗക്ഷമതയും അപകട സാധ്യതകളും പരിശോധിക്കുകയാണ് അവരുടെ ലക്ഷ്യം. പരീക്ഷണത്തിനെതിരേ കടുത്ത പൊതുജന, പരിസ്ഥിതിവാദി പ്രതിഷേധമുണ്ടായി. ഒടുവില്‍, 2024 മാര്‍ച്ചില്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
കൃത്രിമ വിത്ത്, ഇറച്ചി, ജനിതകമാറ്റം വരുത്തിയ ജീവികള്‍
ജനിതകവ്യതിയാനം വരുത്തിയ വിത്തുകള്‍ക്കായുള്ള ഗവേഷണത്തിന് വന്‍തോതില്‍ ഫൗണ്ടേഷന്‍ പണം മുടക്കുന്നുണ്ട്. ഇവിടെയും മുഖ്യലക്ഷ്യം വികസ്വര രാജ്യങ്ങള്‍ തന്നെ. കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാനും കീടങ്ങളെ ചെറുത്തു നില്‍ക്കാനും ശേഷിയുള്ള കൂടുതല്‍ പോഷകമൂല്യമുള്ള വിത്തുകള്‍ക്കായുള്ള ഗവേഷണത്തിന് ഫൗണ്ടേഷന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. ജനിതകവ്യതിയാനം വരുത്തിയ വിത്തുകളുപയോഗിച്ച് ആഫ്രിക്കയില്‍ ഹരിതവിപ്ലവം കൊണ്ടുവരാന്‍ ലക്ഷ്യമിടുന്ന അലയന്‍സ് ഫോര്‍ ഗ്രീന്‍ റെവല്യൂഷന്‍ ഇന്‍ ആഫ്രിക്ക എന്ന സംഘടനയുടെ സ്ഥാപകരിലൊരാളാണ് ഗേറ്റ്‌സ്. ഈ വിത്തുകള്‍ പ്രാദേശികമായ വിത്തുകളെ ഇല്ലാതാക്കുകയും കര്‍ഷകരെ പേറ്റന്റു ചെയ്ത വിത്തുകള്‍ വില്‍ക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ ആശ്രിതരാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനിതക മാറ്റം വരുത്തിയ വിത്തുകളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് മറ്റൊരു ഉല്‍ക്കണ്ഠ. അതുപോലെ, ഈ വിത്തുകൾ ഉപയോഗിച്ചുള്ള കൃഷി ചെറുകിട കര്‍ഷകര്‍ക്ക് ഗുണമുണ്ടാക്കില്ലെന്നും വന്‍കിട ബയോടെക് കമ്പനികള്‍ക്കാണ് മെച്ചമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ബില്‍ ഗേറ്റ്‌സ് ജനിതകമാറ്റം വരുത്തിയ ജീവികളെ സൃഷ്ടിക്കുന്നതിനും കൃത്രിമ ഇറച്ചിയുടെ ഉല്‍പ്പാദനത്തിനും അനുകൂലമാണ്. ഇത് ഭക്ഷ്യ വ്യവസ്ഥകളെ കോര്‍പ്പറേറ്റ് നിയന്ത്രണത്തിലാക്കാന്‍ മാത്രമേ വഴിവയ്ക്കൂ എന്ന് വിമര്‍ശകര്‍ പറയുന്നു. കാലാവസ്ഥാവ്യതിയാനമടക്കമുള്ള പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ നൂതന സാങ്കേതികവിദ്യകള്‍ പ്രയോഗിക്കണമെന്നാണ് ഗേറ്റ്‌സ് കരുതുന്നത്. സാങ്കേതികവിദ്യയിലുള്ള ഈ അമിതശ്രദ്ധ സര്‍ക്കാര്‍ നയം, ഉപഭോഗരീതികള്‍ ആഗോള സാമ്പത്തിക ഘടന തുടങ്ങിയവയില്‍ വേണ്ട അടിസ്ഥാനപരമായ മാറ്റങ്ങളുടെ ആവശ്യകതയെ മറച്ചു കളയുന്നു എന്ന് വിമര്‍ശകര്‍ പറയുന്നു.

കാലാവസ്ഥാവ്യതിയാനത്തിന്റെ ഭീഷണി അത്ര വലുതാണെങ്കില്‍ ജീവിതശൈലികളിലും ഉപഭോഗരീതികളിലും മാറ്റം വരുത്തുകയല്ലേ വേണ്ടത് എന്ന ചോദ്യത്തിന് അതു നടക്കുന്ന കാര്യമല്ലെന്നു പറയുന്നു ഗേറ്റ്‌സ്. ഒരു ആഗോള പ്രശ്‌നത്തിന്റെ പരിഹാരത്തിന് വേണ്ടി സ്വന്തം സുഖങ്ങളില്‍ കുറവ് വരുത്താന്‍ ഭൂരിഭാഗം പേരും അവരവരുടെ വ്യക്തിപരമായ സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ പോകുന്നില്ല. അതായത്, നമ്മുടെ അനാരോഗ്യകരമായ ഭക്ഷ്യശീലങ്ങളും ഊര്‍ജ ഉപഭോഗരീതികളും മാറ്റണമെന്നൊന്നും അദ്ദേഹത്തിന് അഭിപ്രായമില്ല; ബീഫ് തിന്നേണ്ട എന്നല്ല, ലാബില്‍ നിര്‍മിച്ച ഇറച്ചി കഴിച്ചോളൂ എന്നാണ്. അദ്ദേഹം ആഗ്രഹിക്കുന്ന പരിഹാരം മെച്ചപ്പെട്ട സാങ്കേതിക ബദലുകളാണ്. പ്രകൃതിയും ഹാപ്പി, കോര്‍പ്പറേറ്റുകളും ഹാപ്പി!
ലോകത്തിലേക്കും വലിയ കൊതുകുവളര്‍ത്തല്‍ കേന്ദ്രം എവിടെയെന്നറിയാമോ? കൊളംബിയയിലെ മെഡലിനില്‍. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായമുള്ള വേള്‍ഡ് മസ്‌ക്വിറ്റോ പ്രോഗ്രാമാണ് ഈ 'ഫാക്ടറി' നടത്തുന്നത്. ഡെങ്കി, സിക്കാ വൈറസ്, ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ ചെറുക്കുന്ന വോള്‍ബാച്ചിയ ബാക്ടീരിയകളെ വഹിക്കുന്ന കൊതുകുകളെയാണ് വളര്‍ത്തുന്നത്. ആ കൊതുകുകളെ തുറന്നുവിടുമ്പോള്‍ അത് മറ്റു കൊതുകുകളുമായി ഇണചേരും, രോഗപ്പകര്‍ച്ച തടയും. ഇത് ജനിതകവ്യതിയാനം വരുത്തുന്നതല്ല, ജൈവനിയന്ത്രണമാണ്. ബ്രസീലിലെ ഓക്‌സിടെക് എന്ന കമ്പനി ജനിതകമാറ്റം വരുത്തിയ കൊതുകുകളെ ഉല്‍പ്പാദിപ്പിച്ച് പുറത്തിറക്കുന്നുണ്ട്. ഇതിന് ഗേറ്റ്‌സ് നേരിട്ടു ഫണ്ടിംഗ് നല്‍കുന്നില്ല.
ഗ്രീന്‍ പ്രീമിയവും പരിസ്ഥിതി സംരക്ഷണവും
ഗേറ്റ്‌സ് കൊണ്ടുവന്ന ആശയമാണ് ഗ്രീന്‍ പ്രീമിയം. പരിസ്ഥിതി സൗഹൃദമായതോ സുസ്ഥിരമായതോ ആയ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉപയോക്താക്കളും ബിസിനസുകളും കൊടുക്കേണ്ടിവരുന്ന അധികതുകയെയാണ് ഗ്രീന്‍ പ്രീമിയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഉപയോഗത്തിലുള്ള പരമ്പരാഗതമായ അത്രയ്ക്ക് പരിസ്ഥിത സൗഹൃദമല്ലാത്ത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പകരമായി പ്രീമിയം ഹരിത സാങ്കേതികവിദ്യ സ്വീകരിക്കുമ്പോള്‍ അതിന്റെ ഉത്പാദനത്തിന് ആവശ്യമായ (ഗവേഷണത്തിനും വികസിപ്പിക്കലിനും മറ്റും) കൂടിയ ചെലവ് കണക്കിലെടുത്താണ് ഈ പ്രീമിയം നല്‍കുന്നത്. നികുതി ഇളവും മറ്റുമായി സര്‍ക്കാരുകളും ഇതിന് സഹായം ചെയ്‌തേക്കും. നമ്മുടെ വൈദ്യുത വാഹനങ്ങള്‍ ഉദാഹരണമാണ്.
ഇക്കാര്യത്തിലുമുണ്ട് വിവാദങ്ങള്‍. ഗ്രീന്‍ പ്രീമിയം വരുമാനം കുറഞ്ഞ ഉപയോക്താക്കളെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നു. സര്‍ക്കാര്‍ നയങ്ങള്‍ വഴിക്കും സബ്‌സിഡികള്‍ മുഖേനയും സഹായിച്ചില്ലെങ്കില്‍ സുസ്ഥിരത വരേണ്യവര്‍ഗത്തിന്റെ മാത്രം പരിപാടിയാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ ഹരിത സാങ്കേതികവിദ്യകളെ ഗ്രീന്‍ പ്രീമിയം വഴി കൃത്രിമമായി പിന്തുണക്കുന്നത് വിപണിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാക്കുകയോ വിഭവങ്ങളുടെ ഫലപ്രദമല്ലാത്ത വിനിയോഗത്തിനോ കാരണമാവുമെന്നും അവര്‍ പറയുന്നു.
ശ്വാസംവിട്ട് മലിനീകരണം ഉണ്ടാക്കുന്ന മനുഷ്യര്‍!
പരമ്പരയുടെ ആദ്യഭാഗത്തില്‍ കന്നുകാലികളുടെ ഏമ്പക്കവും അധോവായുവും മുഖേന ഉണ്ടാവുന്ന മീഥേന്‍ നിര്‍ഗമനം കുറയ്ക്കാന്‍ പ്രത്യേകഘടകം ചേര്‍ത്ത കാലിത്തീറ്റ പരീക്ഷിക്കുന്നതിനെതിരെ ഇംഗ്ലണ്ടില്‍ പ്രതിഷേധമുണ്ടായ കാര്യം പറഞ്ഞല്ലോ. ഡച്ച്-സ്വിസ് കമ്പനിയായ ഡി.എസ്.എം ഉല്‍പ്പാദിപ്പിക്കുന്ന ഈ 'സ്‌പെഷല്‍' കാലിത്തീറ്റയില്‍ ഒരു കൃത്രിമ ഘടകമുണ്ട്. അത് കന്നുകാലിയുടെ വയറ്റിലെ മീഥേന്‍ ഉല്‍പ്പാദനത്തില്‍ പങ്കുള്ള രാസാഗ്നിയെ ചെറുക്കുന്നു, അങ്ങനെ പുറന്തള്ളുന്ന മീഥേനിന്റെ അളവ് 27 ശതമാനത്തോളം കുറയുന്നു എന്നാണ് അവകാശവാദം. ഗേറ്റ്‌സ് പിന്തുണയ്ക്കുന്ന ആശയമാണിത്. ഇത്തരം ഉല്‍പ്പന്നം നിര്‍മിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ കമ്പനിയില്‍ അദ്ദേഹം പണം മുടക്കിയിട്ടുമുണ്ട്.
കഴിഞ്ഞ വര്‍ഷം യു.കെയില്‍ നടത്തിയ ഒരു പഠനം മനുഷ്യര്‍ ഉച്ഛ്വസിക്കുന്നതിലൂടെ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്. പ്രത്യേകിച്ച് മീഥേനും നൈട്രസ് ഓക്‌സൈഡും. യു.കെയിലെ ഹരിതഗൃഹവാതകങ്ങളുടെ ആയിരത്തിലൊരംശം ഇതാണത്രേ. ഇതുകൂടാതെയാണ് ഏമ്പക്കവും അധോവായുവും വഴി ഉണ്ടാക്കുന്ന പരിസ്ഥിതി നാശം. നമ്മുടെ ഭാഗ്യത്തിന് ഈ നിര്‍ഗമനങ്ങളും കഴിക്കുന്ന ഭക്ഷണവുമായി കാര്യമായ ബന്ധം സ്ഥാപിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞില്ല. അല്ലെങ്കില്‍ നമുക്കും ഇതുപോലെ പ്രത്യേക വസ്തു ചേര്‍ത്ത ഭക്ഷണം നിര്‍ദ്ദേശിച്ചേനെ. അനുസരണയും പരിസ്ഥിതി ബോധവുമില്ലാത്ത മനുഷ്യര്‍ തീരെ സഹകരിച്ചില്ലെങ്കില്‍ നേരത്തേ പറഞ്ഞ പോലെ ജനസംഖ്യ കുറയ്ക്കുന്ന കാര്യം ആലോചിക്കുമായിരുന്നോ? ചിലപ്പോഴൊക്കെ ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ വിശ്വസിക്കാന്‍ ഇവര്‍ നമ്മെ നിര്‍ബന്ധിതരാക്കും!
അടുത്ത ഭാഗത്തില്‍: ആരാണ് ബില്‍ ഗേറ്റ്‌സ്, എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ?
Content Highlights: The truth about Bill Gates, Contoroversies regarding climate action
Published: 22 Dec 2024, 02:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented