വാഷിങ്ടൺ/ടെഹ്റാൻ: ഇറാൻ സംഘർഷത്തിൽ തങ്ങളുടെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് അമേരിക്ക ആലോചിച്ചുവരികയാണെന്ന് സൂചന നൽകി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഇപ്പോൾ 'തീരുമാനങ്ങൾ എടുക്കുന്ന ഘട്ടത്തിലാണെന്നും' അധികം വൈകാതെ 'വലിയ സംഭവങ്ങൾ' ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മധ്യസ്ഥരായി പ്രവർത്തിക്കുന്ന ഖത്തർ വഴി തങ്ങളുടെ നിബന്ധനകൾ അമേരിക്കയ്ക്ക് കൈമാറിയതായി ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.
ഇറാനെ നേരിടാൻ അമേരിക്കയ്ക്ക് മുന്നിൽ നിരവധി വഴികളുണ്ടെന്ന് ഫോക്സ് ന്യൂസുമായി നടത്തിയ സംഭാഷണത്തിൽ ട്രംപ് പറഞ്ഞു. ഇറാനെ പൂർണമായി ഇല്ലാതാക്കുക, ഇറാന്റെ സമ്പദ്വ്യവസ്ഥ തകരാൻ അനുവദിക്കുക, അല്ലെങ്കിൽ ചർച്ചകളിലൂടെ ഒത്തുതീർപ്പിലെത്തുക എന്നീ മൂന്ന് സാധ്യതകളെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതും നാവിക ഉപരോധം പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ പുതിയ ചർച്ചകൾക്ക് തയാറാകൂ എന്ന നിലപാടിലാണ് ഇറാൻ.
ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഏഴ് നിബന്ധനകൾ അമേരിക്കയെ അറിയിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. ഈ നിബന്ധനകൾ കൈമാറിയതായി ഇറാന്റെ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന മുഹമ്മദ് ബാഗർ ഘാലിബാഫ് ഞായറാഴ്ച സ്ഥിരീകരിച്ചു. ഖത്തറാണ് ഇറാന്റെ ആവശ്യങ്ങൾ അമേരിക്കയ്ക്ക് കൈമാറിയതെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ തലവൻ മൊഹ്സെൻ റെസായി നേരത്തെ പറഞ്ഞിരുന്നു.
യുദ്ധം അവസാനിപ്പിക്കുക, മരവിപ്പിച്ച ഇറാന്റെ ഫണ്ടുകൾ തിരികെ നൽകുക, നാവിക ഉപരോധം പിൻവലിക്കുക എന്നിവ ടെഹ്റാന്റെ ആവശ്യങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അൽ ജസീറയോട് സംസാരിക്കവെ റെസായി പറഞ്ഞിരുന്നു.
Published: 21 Sept 2026, 09:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented