
മാൻഹട്ടൻ: ന്യൂയോർക്കിലെ സബ്‌വേ ട്രാക്കിൽ ഇരിക്കുകയായിരുന്ന ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു. ലോവർ മാൻഹട്ടനിലെ സ്പ്രിങ് സ്ട്രീറ്റ് സ്റ്റേഷനിലാണ് ഈ ദാരുണമായി അപകടം നടന്നത്. ന്യൂജേഴ്സിയിലെ ഡെയ്റ്റണിൽ നിന്നുള്ള ഇന്ത്യൻ വംശജയായ മലൈക ചിത്രെ (24), ന്യൂജേഴ്സിയിലെ സേറെവില്ലെയിൽ നിന്നുള്ള നേപ്പാളി-അമേരിക്കനായ നവം കൗൾ (24) എന്നിവരാണ് മരിച്ചത്.
പുലർച്ചെ 3:15-ഓടെ സ്പ്രിങ് സ്ട്രീറ്റ് സബ്‌വേ സ്റ്റേഷനിൽ നമ്പർ 4 ട്രെയിൻ തട്ടിയാണ് ഇരുവരും മരിച്ചതെന്ന് ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്മെന്റ് (NYPD) അറിയിച്ചു. അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ ശാന്തരായി ഇരിക്കുന്ന, സംഭവത്തിന്റെ ദൃക്സാക്ഷി പകർത്തിയ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. എന്തിനാണ് ഇവർ ട്രാക്കിൽ കയറിയതെന്ന കാര്യത്തിലും, എങ്ങനെയാണ് ട്രാക്കിൽ എത്തിയതെന്ന കാര്യത്തിലും പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ഇവരിൽ ഒരാൾ ട്രാക്കിലേക്ക് വീഴുകയോ ഇറങ്ങുകയോ ചെയ്തതാകാം, തുടർന്ന് മറ്റെയാൾ സഹായിക്കാനായി താഴേക്ക് ഇറങ്ങിയതോ ആകാം. സംഭവം അപകടമാണോ അതോ ആത്മഹത്യയാണോ എന്നതും സ്ഥിരീകരിക്കേണ്ടതുണ്ട്. ഇരുവരും ലഹരിയിലായിരുന്നോ എന്നും അപകട സാധ്യത തിരിച്ചറിയാൻ വൈകിയതാണോ എന്നും ഡിറ്റക്ടീവുകൾ പരിശോധിച്ചു വരികയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ആത്മഹത്യാ കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ആത്മഹത്യയാണോ എന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ല. ഇരുവരും ശാന്തരായി ചിരിച്ചുകൊണ്ട് ട്രാക്കിൽ ഇരിക്കുകയായിരുന്നുവെന്നും അപ്പോഴാണ് ട്രെയിൻ വന്നിടിച്ചതെന്നും ട്രെയിൻ ഓപ്പറേറ്റർ സൂപ്പർവൈസർമാരോട് പറഞ്ഞതായി ദ ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ചിത്രെയും കൗളും ട്രാക്കിൽ ഇരിക്കുന്നത് കണ്ട് എമർജൻസി ബ്രേക്ക് ഇടാൻ ശ്രമിച്ചെങ്കിലും കൃത്യസമയത്ത് ട്രെയിൻ നിർത്താൻ കഴിഞ്ഞില്ലെന്നും ട്രെയിൻ ഓപ്പറേറ്റർ സൂപ്പർവൈസർമാരെ അറിയിച്ചു.
സ്റ്റേഷനിൽ രണ്ടുപേർക്ക് സഹായം ആവശ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് എത്തിയ പോലീസ്, അപകടത്തിന് ശേഷം ചിത്രെയുടെയും കൗളിന്റെയും മാതൃദേഹാവശിഷ്ടങ്ങൾ ട്രാക്കിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് ട്രെയിനിലുണ്ടായിരുന്ന നൂറോളം യാത്രക്കാരെ ഒഴിപ്പിച്ചതായി ന്യൂയോർക്ക് ഡെയ്ലി ന്യൂസ് റിപ്പോർട്ട് ചെയ്തു. ചിത്രെയുടെയും കൗളിന്റെയും അപ്രതീക്ഷിത വിയോഗത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഇപ്പോഴും ഞെട്ടലിലാണ്.
ലിങ്ക്ഡ്ഇൻ പ്രൊഫൈലുകൾ അനുസരിച്ച്, ചിത്രെ അക്കാഡിയ ഫാർമസ്യൂട്ടിക്കൽസിൽ ഓപ്പറേഷൻസ് സ്‌പെഷ്യലിസ്റ്റായും കൗൾ ബ്ലൂംബെർഗിൽ ഫിനാൻഷ്യൽ ഡാറ്റാ അനലിസ്റ്റായും ജോലി ചെയ്തു വരികയായിരുന്നു. ഇരുവരും റട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥികളും ഒരേ സമയത്ത് ബിരുദം നേടിയവരുമാണ്. ഇരുവരും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും നന്നായി പെരുമാറിയിരുന്നവരായിരുന്നു എന്ന് അടുപ്പമുള്ളവർ പറയുന്നു.
കൗളിന്റെ മാതാപിതാക്കൾ മൂന്ന് പതിറ്റാണ്ട് മുമ്പാണ് നേപ്പാളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. 'ചിത്രെയും കൗളും ഒരേ ലോകത്താണ് വളർന്നത്. അവരെല്ലാം ഒരേ സുഹൃദ് വലയത്തിന്റെ ഭാഗമായിരുന്നു. അവർക്ക് ജീവിതത്തിൽ ആത്മഹത്യപോലെ ഒരു മണ്ടത്തരം ചെയ്യാൻ തക്കതായ കാരണങ്ങളില്ലായിരുന്നു.' ഇരുവരുടെയും സുഹൃത്തുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ന്യൂയോർക്ക് പോലീസ് അറിയിച്ചു.
Content Highlights: An Indian-origin woman, Malaika Chitre, and her friend, Navam Kaul, were killed by a train at Spring Street Station in Manhattan while sitting on the subway tracks. The incident is under investigation by the NYPD, exploring possibilities of an accident or suicide, with no suicide notes found and questions about their presence on the tracks.
Published: 15 Sept 2026, 03:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented