മുംബൈ: സൗദി അറേബ്യയിൽനിന്ന് ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യുന്നതിനുപയോഗിക്കുന്ന കിഴക്കു-പടിഞ്ഞാറ് പൈപ്പ്‍ലൈനിലെ എണ്ണനീക്കം തടസ്സപ്പെട്ടത് ആഗോളതലത്തിൽ എണ്ണദൗർലഭ്യം രൂക്ഷമാക്കുന്നു. ഹൂതികളുടെ ഡ്രോൺ ആക്രമണത്തിൽ തകർന്ന പൈപ്പ്‍ലൈൻ വഴി എണ്ണ കൊണ്ടുപോകുന്നത് സൗദി അറേബ്യ നിർത്തിവെച്ചിരിക്കുകയാണ്.
ദിവസം 40 ലക്ഷം വീപ്പ എണ്ണയാണ് ഇതുവഴി കൊണ്ടുപോയിരുന്നത്. ഈജിപ്തിലെ തുറമുഖങ്ങളിലെത്തിച്ച് സംഭരിച്ചാണ് ഇതുവഴിയുള്ള എണ്ണ കയറ്റുമതി ചെയ്തിരുന്നത്. ആഗോള എണ്ണലഭ്യതയിൽ നാലുശതമാനംവരെ കുറവാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. പൈപ്പ് ലൈൻ പുനഃസ്ഥാപിക്കുന്നതിനായി നാലുമുതൽ ആറാഴ്ച വരെ സമയമെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ദിവസം 10 കോടി വീപ്പ എണ്ണയാണ് ആഗോളതലത്തിൽ ഉപയോഗിക്കുന്നത്. ഇതിൽ മൂന്നുകോടി വീപ്പയുടെ കുറവ് നിലവിൽ വിപണിയിലുണ്ട്. ആഗോളതലത്തിൽ അഞ്ചിലൊന്ന് എണ്ണയും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തടസ്സപ്പെട്ടതാണ് പ്രധാനപ്രതിസന്ധി. ഇതിനുപുറമേയാണ് ലോകത്തെ ഏറ്റവും വലിയ എണ്ണകയറ്റുമതി രാജ്യമായ സൗദിയിൽനിന്നുള്ള എണ്ണനീക്കവും കുറഞ്ഞിരിക്കുന്നത്.
ആഗോള എണ്ണ വിപണിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തടസ്സമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര ഊർജ ഏജൻസി പറയുന്നു. എത്രമാത്രം എണ്ണ ലഭിക്കുന്നുവെന്നതുമാത്രമല്ല ഇപ്പോഴത്തെ പ്രശ്നം. ലഭ്യത കുറയുകയും ആഗോളതലത്തിൽ വിവിധരാജ്യങ്ങളുടെ എണ്ണശേഖരം കുത്തനെ കുറയുകയുംചെയ്തു. ഇത് വിലവർധനയ്ക്കും കാരണമായിട്ടുണ്ട്.
ഹോർമുസ് വഴിയുള്ള എണ്ണനീക്കം പുനഃരാരംഭിക്കുന്നതിന് ചർച്ചകളൊന്നും ഫലപ്രദമാകുന്നില്ല. ഇവിടെ കപ്പലുകൾക്കു നേരേയുള്ള ആക്രമണം അനിശ്ചിതത്വം കൂട്ടുന്നു. ഇതോടെ ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുകയാണ്. അന്താരാഷ്ട്ര ബെഞ്ച് മാർക്കായ ബ്രെന്റ് ക്രൂഡ് വില വീപ്പയ്ക്ക് 108 ഡോളർ കടന്നു.
ഗൾഫ് മേഖലയിൽനിന്നുള്ള മുർബാൻ ക്രൂഡ് വില വീപ്പയ്ക്ക് 130 ഡോളർ വരെയായി ഉയർന്നു. അമേരിക്കൻ ബെഞ്ച്മാർക്കായ ഡബ്ല്യു.ടി.ഐ. ക്രൂഡ് വില 103.2 ഡോളറാണ്. ഇന്ത്യവാങ്ങുന്ന എണ്ണയുടെ ശരാശരി വില സെപ്റ്റംബറിൽ 107.66 ഡോളറായി കൂടി. ഓഗസ്റ്റിലിത് 90.19 ഡോളർ മാത്രമായിരുന്നു. സെപ്റ്റംബർ 11-ന് ഇന്ത്യൻ ബാസ്കറ്റിലെ വില 119.69 ഡോളർ ആയിരുന്നുവെന്ന് പി.പി.എ.സി. (പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ) പറയുന്നു.
ഇതിലെ വിതരണം പുനഃരാരംഭിച്ചില്ലെങ്കിൽ ഇതുവഴിയുള്ള കയറ്റുമതി നിലയ്ക്കുന്ന സ്ഥിതിയാണുള്ളത്. പൈപ്പ് ലൈനിനു നേരേയുണ്ടായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുവഴിയുള്ള എണ്ണവിതരണം സൗദി നിർത്തിവെച്ചത്.
പ്രശ്നം വേഗത്തിൽ അവസാനിപ്പിക്കുകയോ നയതന്ത്രബന്ധങ്ങളിലൂടെ എണ്ണനീക്കം പുനഃരാരംഭിക്കുകയോ ചെയ്തില്ലെങ്കിൽ ആഗോളതലത്തിൽ എണ്ണലഭ്യത കുറയും. എണ്ണവില ഉയരുന്നത് ലോകത്തെ വീണ്ടും പണപ്പെരുപ്പ ഭീതിയിലേക്ക് എത്തിക്കുകയുംചെയ്യും.
Content Highlights: A drone attack on Saudi Arabia's East-West pipeline has halted oil exports, exacerbating global oil scarcity and reducing global oil availability by 4%. The disruption has led to a significant increase in crude oil prices, with Brent crude surpassing $108 per barrel and Murban crude reaching $130 per barrel.
Published: 15 Sept 2026, 08:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented