ഏമ്പക്കം, അധോവായു എന്നിവ മുഖാന്തിരം കന്നുകാലികള്‍ പുറപ്പെടുവിക്കുന്ന മീഥേന്‍ വാതകത്തിന്റെ തോതു കുറച്ച് ആഗോളതാപനം കുറയ്ക്കാനായി കൃത്രിമഘടകം ചേര്‍ത്ത കാലിത്തീറ്റ പരീക്ഷിച്ചു തുടങ്ങിയത് യു.കെയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇതിലുപയോഗിക്കുന്ന രാസവസ്തു പാലിലൂടെ മനുഷ്യരിലെത്തുമെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും പറഞ്ഞ് പാലു വാങ്ങി റോഡിലൊഴിച്ചു വരെ ലണ്ടനില്‍ പ്രതിഷേധമുണ്ടായി.
ഡി.എസ്.എം ഫിര്‍മെനിച്ച് എന്ന സ്വിസ്-ഡച്ചു കമ്പനിയാണ് ബോവര്‍ എന്ന ഈ കൃത്രിമ ഉല്‍പ്പന്നത്തിന്റെ സ്രഷ്ടാക്കളെങ്കിലും വലിയൊരു ശതമാനം പ്രതിഷേധക്കാര്‍ വില്ലനായി കരുതുന്നത് ബില്‍ ഗേറ്റ്സിനെയാണ്. ഒരു പക്ഷേ, ഗേറ്റ്സ് കന്നുകാലികളില്‍നിന്നു മീഥേന്‍ പുറത്തുവരുന്നതു നിയന്ത്രിക്കുന്നതിന് മരുന്നുണ്ടാക്കാന്‍ ആരംഭിച്ച ഓസ്ട്രേലിയന്‍ കമ്പനിയില്‍ കഴിഞ്ഞ വര്‍ഷം 12 മില്യന്‍ ഡോളര്‍ നിക്ഷേപിച്ചതാകാം കാരണം. ഗേറ്റ്സിനെപ്പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം മുടക്കുന്നവര്‍ നന്നേ കുറയും. എന്നിട്ടും അത്തരം ഒരു പ്രതിച്ഛായ അദ്ദേഹത്തിനുണ്ടായത് എങ്ങനെയാണ്?
കോവിഡ് മഹാമാരിക്കു ശേഷം ഗേറ്റ്സിന്റെ സംഭാവനകളെക്കാള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അദ്ദേഹം ഉള്‍പ്പെട്ട വിവാദങ്ങളാണ്. ബ്രിട്ടനിലെ പ്രതിഷേധം ഉദാഹരണം. 156 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള (ഏതാണ്ട് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപ), ലോകത്തെ സമ്പന്നരില്‍ ആറാം സ്ഥാനത്തുള്ള മൈക്രോസോഫ്റ്റ് മുതലാളിക്ക് നിരവധി ദരിദ്രരാജ്യങ്ങളെക്കാള്‍ വരുമാനമുണ്ട്, തന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിനായി അവരെ സ്വാധീനിക്കുക അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ള കാര്യമല്ല. മിക്കവാറുമുള്ള രാഷ്ട്രത്തലവന്‍മാരുടെ ഓഫീസുകളില്‍ അദ്ദേഹം അതിസ്വീകാര്യനാണ്; ഗേറ്റ്സിന് ഇന്ത്യ പത്മഭൂഷണ്‍ കൊടുത്തിട്ടുണ്ട്. അദ്ദേഹം നയിക്കുന്ന ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റസ് ഫൗണ്ടേഷന്‍ ആരോഗ്യ, വിദ്യാഭ്യാസ, പരിസ്ഥിതി സംരക്ഷണ മേഖലകളിലും മരുന്നു, വാക്സിന്‍ ഗവേഷണത്തിലും വാരിക്കോരി മുതല്‍ മുടക്കുന്നു. (എത്ര കൊടുത്താലും ഗേറ്റ്സിന്റെ പണപ്പെട്ടി നിറഞ്ഞുകവിയും. 2010-ല്‍ അദ്ദേഹത്തിന്റെ സ്വത്തുമൂല്യം 53 ബില്യന്‍ ഡോളര്‍, 2024 ഡിസംബറില്‍ 156 ബില്യന്‍!) പക്ഷേ, ചെയ്യുന്നതെല്ലാം ലോകനന്മയെ മാത്രം ഉദ്ദേശിച്ചാണോ എന്ന ചോദ്യം വരുമ്പോള്‍ ഉത്തരം പറയുക ബുദ്ധിമുട്ടാണ്!
അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങള്‍ കാര്യങ്ങളെ കൂടുതല്‍ കുഴപ്പിക്കും. ഉദാഹരണത്തിന് ഈയിടെ അദ്ദേഹം ഇന്ത്യയെക്കുറിച്ചു പറഞ്ഞ വാക്കുകള്‍. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനുള്ള ഒരുതരം പരീക്ഷണശാലയാണ് ഇന്ത്യയെന്നും അവിടെ വിജയിച്ചാല്‍ മറ്റെല്ലായിടത്തും കൊണ്ടുപോകാമെന്നും. ' നമ്മുടെ ഫൗണ്ടേഷന് അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഓഫീസ് ഇന്ത്യയിലാണ്. ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ആദ്യം പരീക്ഷിച്ചു നോക്കുന്നത് ഇന്ത്യയിലെ പങ്കാളികളുമൊത്താണ്,' അദ്ദേഹം പറഞ്ഞു. കനത്ത പ്രതിഷേധമാണ് ഈ വാക്കുകള്‍ ഇന്ത്യയിലുണ്ടാക്കിയത്. നിരവധി നിരീക്ഷകര്‍ അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചു. ഇന്ത്യക്കാരെന്താ ഗിനിപ്പിഗ്ഗുകളാണോ എന്ന് അവര്‍ ചോദിച്ചു. 'ഈ മനുഷ്യന്‍ സര്‍ക്കാര്‍ മുതല്‍ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും വരെ, എല്ലാവരെയും കൈപ്പിടിയില്‍ വെച്ചിരിക്കുന്നു അയാളുടെ ഇവിടത്തെ ഓഫീസ് രാജ്യത്തെ വിദേശനാണ്യച്ചട്ടത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്... എപ്പോഴാണ് നമ്മള്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക?' എന്ന് ഒരാള്‍ എക്സില്‍ വിമര്‍ശിക്കുന്നു. ഗേറ്റ്സിനെ ന്യായീകരിക്കുന്നവര്‍ അദ്ദേഹത്തിന്റെ പരാമര്‍ശം വളച്ചൊടിക്കപ്പെട്ടതാണെന്ന് അവകാശപ്പെടുന്നു.
വാക്സിന്‍ പരീക്ഷണങ്ങളില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ജനങ്ങളെ അദ്ദേഹം പരീക്ഷണമൃഗങ്ങളാക്കിയിട്ടുണ്ടോ? കോവിഡ് മഹാമാരിയെക്കുറിച്ച് മുന്നറിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും വാക്സിന്‍ വിറ്റ് അദ്ദേഹം പണമുണ്ടാക്കിയെന്നും പറയുന്നതില്‍ എന്താണ് സത്യം? ലോകത്തെ ജനസംഖ്യ കുറയ്ക്കേണ്ടത് അത്യാവശ്യമെന്നു പറയുന്ന ഡീപോപ്പുലേഷന്‍ തിയറി അദ്ദേഹം നടപ്പാക്കുകയാണോ? കുപ്രസിദ്ധനായ ജെഫ്രി എപ്സ്റ്റീനുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയത് എന്തുകൊണ്ടാണ്? അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍നിന്നു തുടങ്ങാം.
ബാലപ്രതിഭയില്‍നിന്നു ശതകോടീശ്വര ക്ലബ്ബിലേക്ക്
വില്യം ഹെന്റി ഗേറ്റ്സ് മൂന്നാമന്‍ എന്ന ബില്‍ ഗേറ്റ്സ് ജനിച്ചതും വളര്‍ന്നതും വാഷിങ്ടണിലെ സിയാറ്റിലിലാണ്, 1955 ഒക്ബര്‍ 28-ന്. കുട്ടിക്കാലത്തേ ഗണിത ശാസ്ത്രം, ലോജിക്, കംപ്യൂട്ടിങ് എന്നിവയില്‍ അഭിനിവേശം കാട്ടിയ ബില്‍ അന്നേയുള്ള സുഹൃത്ത് പോള്‍ അലനുമൊത്ത് പ്രോഗ്രാമിങ്ങില്‍ മുഴുകി. 1975-ലാണ് ഇരുവരും ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. ലക്ഷ്യം, ഓരോ വീട്ടിലും ഓരോ മേശപ്പുറത്തും ഓരോ പേഴ്സണല്‍ കംപ്യൂട്ടര്‍. തങ്ങളുടെ പേഴ്സണല്‍ കംപ്യൂട്ടരിന് ഓപ്പറേറ്റിങ് സിസ്റ്റം നിര്‍മിക്കാന്‍ 1980-ല്‍ ഐ.ബി.എമ്മിന്റെ കരാര്‍ ലഭിച്ചതോടെ കമ്പനിയുടെ ശുക്രനുദിച്ചു. ക്യൂ ഡോസ് എന്ന സോഫ്റ്റ്‌വെയർ പ്രോഗ്രം വിലയ്ക്കെടുത്ത ഗേറ്റ്സ് അതു പരിഷ്‌കരിച്ച് എം.എസ്.ഡോസ് ആക്കി ഐ.ബി.എമ്മിനു നല്‍കി. കംപ്യൂട്ടര്‍ ഹിറ്റായി, മൈക്രോസോഫ്റ്റിലേക്ക് ഡോളറുകള്‍ കുതിച്ചൊഴുകി.
എണ്‍പതുകളുടെ മധ്യത്തില്‍ വിന്‍ഡോസ് സോഫ്റ്റ്‌വെയർ പുറത്തിറക്കിയതോടെ മൈക്രോസോഫ്റ്റ് കമ്പനിയും ഗേറ്റ്സും ടെക് വിപ്ലവത്തിന്റെ പര്യായമായി മാറി. 90-കളില്‍ മൈക്രോസോഫ്റ്റിനായിരുന്നു ഏറെക്കുറെ സോഫ്റ്റ്‌വെയർ വ്യവസായത്തിന്റെ കുത്തക. മുപ്പത്തൊന്നാം വയസ്സില്‍ ബില്‍ ഗേറ്റ്സ് സ്വന്തം അധ്വാനം കൊണ്ട് കോടീശ്വരന്‍മാരുടെ പട്ടികയിലെത്തിയ പ്രായം കുറഞ്ഞ ആളുമായി. 1995 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളില്‍- 2008, 2010-2013 ഒഴികെ- ഗേറ്റ്സ് ആയിരുന്നു ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി.
മൈക്രോസോഫ്റ്റിന്റെ ചെയര്‍മാനും സി.ഇ.ഒയുമായിരുന്ന അദ്ദേഹം രണ്ടായിരാമാണ്ട് ജനുവരിയില്‍ സി.ഇ.ഒ സ്ഥാനം രാജിവെച്ചു. അതേ വര്‍ഷമാണ് അദ്ദേഹം അന്നത്തെ ഭാര്യ മെലിന്‍ഡയുമൊത്ത് ഇന്ന് ലോകത്തേക്കും വലിയ സ്വകാര്യ ജീവകാരുണ്യ സ്ഥാപനമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ആരംഭിക്കുന്നത്. ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസ അസമത്വം എന്നിവയടക്കമുള്ള അടിയന്തിര മാനുഷികപ്രശ്നങ്ങളെ നേരിടുകയായിരുന്നു ലക്ഷ്യം. അതിനായി സ്വന്തം പണം വന്‍തോതില്‍ ചെലവഴിച്ച ഗേറ്റ്സ് ദരിദ്രരാജ്യങ്ങളിലെ രോഗനിര്‍മാര്‍ജനത്തില്‍ ശ്രദ്ധയൂന്നി. സര്‍ക്കാരുകളും സന്നദ്ധസംഘടനകളും ആരോഗ്യസ്ഥാപനങ്ങളുമൊക്കെയായി ഫൗണ്ടേഷന്‍ കൈകോര്‍ത്തു. മരുന്ന്, വാക്സിന്‍ ഗവേഷണം, ദരിദ്രരാജ്യങ്ങളില്‍ പ്രതിരോധ വാക്സിനുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചു.
ഫൗണ്ടേഷന്റെ താല്‍പ്പര്യങ്ങള്‍ ആരോഗ്യ മേഖലയില്‍ മാത്രമല്ല, വിദ്യാഭ്യാസം, കൃഷി, പരിസ്ഥിതി സംരക്ഷണം, ശുദ്ധജല വിതരണം എന്നിവയിലും എത്തി നില്‍ക്കുന്നു. സംവിധാനത്തിനുള്ളിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്നതില്‍ ഫൗണ്ടേഷന്‍ താല്‍പ്പര്യമെടുക്കുന്നു. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള കോടീശ്വരരെ സ്വാധീനിച്ചിട്ടുണ്ട്. വാറന്‍ ബഫറ്റുമൊത്ത് ഗേറ്റ്സ് രൂപീകരിച്ച 'ഗിവിങ് പ്ലെജ്' ഉദാഹരണമാണ്. സ്വന്തം സമ്പത്തിന്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിനു മാറ്റിവെക്കാന്‍ സമ്പന്നരെ പ്രേരിപ്പിക്കുകയാണ് സംഘടന ചെയ്യുന്നത്.
ദരിദ്രരാജ്യങ്ങളിലെ വാക്സീന്‍ പരീക്ഷണം
നേരത്തേ പറഞ്ഞതുപോലെ, ഏഷ്യയിലെയും ആഫ്രിക്കയിലെയും ദരിദ്രരാജ്യങ്ങളില്‍ വളരെ അധാര്‍മ്മികമായ രീതിയില്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മരുന്നുപരീക്ഷണങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. 2009-ല്‍ ഇന്ത്യയില്‍ പാത്ത് (PATH) എന്ന സംഘടന സെര്‍വിക്കല്‍ കാന്‍സര്‍ (ഹ്യൂമന്‍ പാപിലോമാ വൈറസ്) തടയാനുള്ള വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തി. പാത്ത് എന്നാല്‍ പ്രോഗ്രാം ഫോര്‍ അപ്രോപ്രിയേറ്റ് ടെക്നോളജി ഇന്‍ ഹെല്‍ത്ത്, ഗേറ്റ്സ് ഫൗണ്ടേഷന്‍ പണം മുടക്കുന്ന ഒരു എന്‍.ജി. ഒ. തെലങ്കാനയിലെ കമ്പം ജില്ലയിലും ഗുജറാത്തിലെ വഡോദരയിലും പതിനാലായിരം ഗിരിവര്‍ഗ പെണ്‍കുട്ടികളിലാണ് പരീക്ഷണം നടത്തിയത്.
പരീക്ഷണം തുടങ്ങി മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒട്ടേറെ കുട്ടികള്‍ക്ക് കടുത്ത പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി, ഏഴ് പേര്‍ മരിച്ചു. അന്വേഷണത്തിൽ ഈ മരണങ്ങള്‍ക്കും കുത്തിവെപ്പുമായി ബന്ധമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. അത് ശരിയായിരിക്കാം, എന്നാലും നാലു കാര്യങ്ങളില്‍ സംശയമില്ലെന്ന് പറയുന്നു റിപ്പോര്‍ട്ടുകള്‍. 1. കടുത്ത പാര്‍ശ്വഫലങ്ങള്‍ കുട്ടികള്‍ക്കുണ്ടായി. 2. പരീക്ഷണം നടത്തിയവര്‍ ഗുരുതരമായ ധാര്‍മിക വീഴ്ചകള്‍ വരുത്തി. പൊതുജനാരോഗ്യ സംരംഭമായി തെറ്റിദ്ധരിപ്പിച്ചു, പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന് മറച്ചുവെച്ചു. 3. പരീക്ഷണത്തിനിരയാക്കിയവരില്‍ നിന്നും വ്യക്തമായ ബോധ്യത്തോടെയുള്ള സമ്മതം വാങ്ങിയില്ല. സമ്മതപത്രങ്ങള്‍ ഒപ്പിട്ടത് ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ്, കുട്ടികളുടെ മാതാപിതാക്കളല്ല, അപകട സാധ്യതകളെക്കുറിച്ച് കുടുംബത്തിന് അറിവില്ലായിരുന്നു. 4. ആരോഗ്യ സംരക്ഷണസൗകര്യങ്ങളും അവബോധവും പരിമിതമായിരുന്ന ഗിരിവര്‍ഗ സമൂഹങ്ങളെ സഹായത്തിന്റെ പേരില്‍ ചൂഷണം ചെയ്തു.
പിന്നീട് സംയുക്ത പാര്‍ലമെന്ററി സമിതി ഇതേക്കുറിച്ച് അന്വേഷണം നടത്തി. ക്രമക്കേടുകളും നിയന്ത്രണ സംവിധാനങ്ങളുടെ പാളിച്ചകളും ചൂണ്ടിക്കാട്ടിയ ജെ.പി.സി. രാജ്യത്തെ ആരോഗ്യനയ തീരുമാനങ്ങളുടെ രൂപീകരണത്തില്‍ 'പാത്ത്' പോലുള്ള വിദേശ സംഘടനകള്‍ക്കും മെര്‍ക്കും ഗ്ലാക്സോയും പോലുള്ള ബഹുരാഷ്ട്ര മരുന്നു കമ്പനികള്‍ക്കും ഇടപെടാന്‍ കഴിയുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തു. 'പാത്തി'നെ നിശിതമായി വിമര്‍ശിച്ച 2013-ലെ റിപ്പോര്‍ട്ട് സംഘടനയുടെ ഏകലക്ഷ്യം പ്രതിരോധ വാക്സിന്‍ നിര്‍മാതാക്കളുടെ താല്‍പ്പര്യ സംരക്ഷണമായിരുന്നുവെന്നും ഈ കുത്തിവെപ്പിനെ ഇന്ത്യയുടെ സാര്‍വത്രിക പ്രതിരോധ കുത്തിവെപ്പു പരിപാടിയില്‍ (യു.ഐ.പി) ഉള്‍പ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ അവര്‍ കണക്കില്ലാത്ത ലാഭം കൊയ്തേനെ എന്നും പറയുന്നു. പത്തു വര്‍ഷത്തിനിപ്പുറം ഇന്ത്യ സ്വന്തമായി എഛ്.പി.വി വാക്സിന്‍ വികസിപ്പിച്ചിരിക്കുന്നു, കണ്ടുപിടിത്തത്തിന് മുന്‍കൈയെടുത്തത് കേന്ദ്ര ബയോ ടെക്നോളജി വകുപ്പാണ്. വിദേശ ഉല്‍പ്പന്നങ്ങളെക്കാള്‍ ചെലവു കുറഞ്ഞ വാക്സിന്‍.
ഇന്ത്യയില്‍ ഇത്രയും അതിക്രമം ചെയ്യാമെങ്കില്‍ ആഫ്രിക്കയില്‍ ഇവര്‍ എന്തൊക്കെ ചെയ്തിട്ടുണ്ടാവാമെന്നു ചോദിക്കുന്നു ഗേറ്റ്സിന്റെ വിമര്‍ശകര്‍. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ആഗോള ആരോഗ്യനയങ്ങളില്‍ ഗേറ്റ്സ് ഫൗണ്ടേഷനുള്ള സ്വാധീനം ഒട്ടും ആരോഗ്യകരമല്ല, ജനാധിപത്യപരമല്ല. ജനങ്ങളോട് നേരിട്ടു കണക്കു പറയേണ്ടതില്ലാത്ത ഒരു സ്വകാര്യസ്ഥാപനത്തിന് ഇത്രയധികം അധികാരവും സ്വാധീനവും പണവും ഒരുമിച്ചു വരുന്നത് അപകടകരമാണെന്ന് പറയുന്നു ഒരു വിഭാഗം പണ്ഡിത സമൂഹവും ആക്ടിവിസ്റ്റുകളും.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വാക്സിന്റെ സാങ്കേതിക വിദ്യകള്‍ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് പേറ്റന്റ് ഇല്ലാതെ നല്‍കാന്‍ പാടില്ലെന്ന നിലപാടായിരുന്നു ബില്‍ ഗേറ്റ്സിന്. ഒരു അഭിമുഖത്തില്‍ അദ്ദേഹം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെയാണ് അത് വ്യക്തമാക്കിയത്. കോവിഡ് ബാധിച്ച് ആയിരക്കണക്കിന് ആളുകള്‍ മരിച്ചുവീഴുന്ന സമയത്ത് അദ്ദഹം പറഞ്ഞ ന്യായം രസകരമായിരുന്നു: വാക്സിനുകള്‍ ഒരു വികസ്വര രാജ്യത്തേക്കു മാറ്റുന്നത് കമ്പനികള്‍ക്ക് സൗകര്യപ്രദമാവില്ല! വിമര്‍ശകര്‍ അദ്ദേഹത്തിന്റെ നിലപാടിനെ 'വാക്സിന്‍ വര്‍ണവിവേചനം' എന്നു വിളിച്ചു. മഹാമാരിക്കാലത്തും വാക്സിന്‍ കച്ചവടത്തിലെ ലാഭത്തിലായിരുന്നു, മാനുഷികമൂല്യങ്ങളിലല്ല അദ്ദേഹത്തിന്റെ കണ്ണ് എന്നാണ് വിമര്‍ശനം.
അതേക്കുറിച്ച് നാളെ- കോവിഡ് വാക്സിനും ഗൂഢാലോചനാ സിദ്ധാന്തങ്ങളും
Content Highlights: Controversies surrounding Bill Gates philanthropy from UK feed protests to vaccine trials in nations
Published: 19 Dec 2024, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented