സന: അമേരിക്കൻ കപ്പലുകളെ ചെങ്കടലിൽ ആക്രമിക്കില്ലെന്നും എന്നാൽ സൗദി അറേബ്യക്കെതിരായ സൈനിക നടപടികൾ തുടരുമെന്നും ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ. സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയുടെ പ്രതികരണത്തിനായി ഇറാൻ കാത്തിരിക്കുമ്പോഴാണ് ഹൂതികളുടെ ഈ പ്രസ്താവന. ഹൂതി പൊളിറ്റിക്കൽ ബ്യൂറോ അംഗമായ മുഹമ്മദ് അൽ-ബുഖൈതി അസോസിയേറ്റഡ് പ്രസ്സിന് (എ.പി.) നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

To advertise here,

യെമന്റെ പടിഞ്ഞാറൻ തീരത്തുകൂടി തന്ത്രപ്രധാനമായ ബാബ് അൽ-മന്ദേബ് കടലിടുക്കിലേക്ക് ഹൂതികൾ നടത്തിയ മുന്നേറ്റത്തിന് പിന്നാലെ അമേരിക്ക ബന്ധപ്പെട്ടിരുന്നതായി അൽ-ബുഖൈതി പറഞ്ഞു. ‘സൗദിയെ അല്ലാതെ അമേരിക്കയെയോ മറ്റ് രാജ്യങ്ങളെയോ ആക്രമിക്കില്ലെന്ന് ഞങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിലുള്ള സ്ഥിതിയും ഇതുതന്നെയാണ്.’- അൽ-ബുഖൈതി വ്യക്തമാക്കി. യെമനിലെ ആഭ്യന്തര യുദ്ധത്തിൽ സൗദി അറേബ്യയോടൊപ്പം ചേരുന്നതിൽ നിന്ന് മറ്റ് രാജ്യങ്ങൾ വിട്ടുനിൽക്കണമെന്ന് അൽ-ബുഖൈതി മുന്നറിയിപ്പ് നൽകി.

ഹൂതികളുമായി സമ്പർക്കം പുലർത്തിയിരുന്നുവെന്നും എന്നാൽ അമേരിക്കയോട് യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അവർ വ്യക്തമാക്കിയതായും ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. യു.എസ്. പ്രതിനിധികളും ഹൂതി പ്രതിനിധികളും തമ്മിൽ ഒമാനിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതായാണ് എ.പി. റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇരു വിഭാഗങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന ഒമാൻ വഴി പരോക്ഷമായ ചർച്ചകൾ മാത്രമാണ് നടന്നതെന്ന് അൽ-ബുഖൈതി സ്ഥിരീകരിച്ചു.

ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന സുപ്രധാന സമുദ്രപാതയായ ബാബ് അൽ-മന്ദേബ് കടലിടുക്ക് ഉപരോധിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ഹൂതി പ്രതിനിധി വ്യക്തമാക്കി. ‘ഞങ്ങളുടെ സൈനിക നടപടികളുടെ ലക്ഷ്യം ബാബ് അൽ-മന്ദേബ് കടലിടുക്ക് അടച്ചുപൂട്ടുക എന്നതല്ല, മറിച്ച് യെമൻ ഉൾപ്പെടെയുള്ള എല്ലാവർക്കും അതിലൂടെയുള്ള നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കുക എന്നതാണ്.’-അദ്ദേഹം പറഞ്ഞു.

അതേസമയം, സൗദി അറേബ്യയുടെ സൈനിക നീക്കത്തിൽ കൂടുതൽ രാജ്യങ്ങൾ പങ്കാളികളായാൽ സംഘർഷം വ്യാപിപ്പിക്കാൻ തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കേവലം ഒരു ആഭ്യന്തര സംഘർഷം മാത്രമല്ല, ഒരു അന്താരാഷ്ട്ര പോരാട്ടവും നയിക്കാൻ തങ്ങൾക്ക് ഇന്നു ശേഷിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.