ന്യൂഡൽഹി: 2019-ൽ തമിഴ്നാട്ടിലെ മഹാബലിപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. ബ്രിക്‌സ്‌(BRICS) ഉച്ചകോടിയുടെ ഭാഗമായി ഏഴു വർഷങ്ങൾക്കുശേഷം വീണ്ടും ഇന്ത്യയിലെത്തുമ്പോൾ അത് കേവലം ഉന്നതതല നയതന്ത്ര സന്ദർശനം മാത്രമല്ല. ഇരുനേതാക്കളും അവസാനമായി ഇന്ത്യയിൽവെച്ച് കണ്ടുമുട്ടിയതിന് ശേഷം ഇന്ത്യ-ചൈന ബന്ധത്തിൽ എത്ര വലിയ മാറ്റങ്ങളാണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ ചിത്രംകൂടിയാണ്.

To advertise here,

2019 ഒക്ടോബറിൽ മഹാബലിപുരത്തുവെച്ച് ഷീ ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തിയപ്പോൾ, സഹകരണം വിപുലീകരിക്കുന്നതോടൊപ്പം അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ് ഇരുവിഭാഗവും സംസാരിച്ചിരുന്നത്. ഇന്ത്യയും ചൈനയും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ വിവേകപൂർവ്വം കൈകാര്യം ചെയ്യണമെന്നും അവ തർക്കങ്ങളായി മാറാൻ അനുവദിക്കരുതെന്നും പ്രധാനമന്ത്രി മോദിയും ഷീയും സമ്മതിച്ചതായി ആ കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിവരണം വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളുടെയും ആഗോള പങ്കാളിത്തം വളരുന്നതിനനുസരിച്ച് ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ചും അന്നവർ സംസാരിച്ചിരുന്നു. പിന്നാലെ, 2019 മുതൽ 2026 വരെയുള്ള കാലയളവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങളാണുണ്ടായിട്ടുള്ളത്. ഈ കാലയളവിൽ ആഭ്യന്തര സാമ്പത്തിക വെല്ലുവിളികളും ആഗോളതലത്തിലെ പുതിയ ഭൗമരാഷ്ട്രീയ സമവാക്യങ്ങളും ചൈനയുടെ വിദേശനയ സമീപനങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

ആഗോള സാമ്പത്തികരംഗത്തും നയതന്ത്രതലത്തിലും ഇന്ത്യയുടെ സ്വാധീനം മുൻപത്തേക്കാൾ ശക്തമായി മുന്നേറുകയും ചെയ്തിട്ടുണ്ട്. 2020-ലെ ഗാൽവൻ അതിർത്തി സംഘർഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങളിൽ കാര്യമായ അകൽച്ച നേരിട്ടിരുന്നു. അതിർത്തിയിലെ സൈനിക പിന്മാറ്റ ചർച്ചകൾക്കും ധാരണകൾക്കും ശേഷം നടക്കുന്ന ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരാതിർത്തി ബന്ധങ്ങൾ വീണ്ടും സജീവമാക്കുന്നതിൽ നിർണായകമാണ്.

ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പൂർണമായും മാറ്റിമറിച്ചിട്ടുണ്ട്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മാരകമായ ഇന്ത്യ-ചൈന ഏറ്റുമുട്ടലിനാണ് ഇത് വഴിവെച്ചത്. കൂടാതെ യഥാർത്ഥ നിയന്ത്രണരേഖയിൽ (LAC) ദീർഘകാലം നീണ്ടുനിന്ന സൈനിക തർക്കത്തിനും ഇത് കാരണമായി. ഇതിനെത്തുടർന്ന് ചൈനീസ് നിക്ഷേപങ്ങൾ, ആപ്പുകൾ, സാമ്പത്തിക ഇടപെടലുകൾ എന്നിവയിൽ ഇന്ത്യ പരിശോധന കർശനമാക്കി. ഇതോടൊപ്പം രാഷ്ട്രീയവും ജനങ്ങൾ തമ്മിലുള്ളതുമായ ബന്ധങ്ങളിലും തിരിച്ചടി നേരിട്ടു.

ഗാൽവൻ സംഭവത്തിന് ശേഷമുള്ള കാലഘട്ടത്തെ ഉഭയകക്ഷി ബന്ധത്തിലെ ഏറ്റവും കടുത്ത തിരിച്ചടികളിലൊന്നായാണ് റോയിട്ടേഴ്സ് വിശേഷിപ്പിക്കുന്നത്. ഇപ്പോൾ, സെപ്റ്റംബർ 12-13 തീയതികളിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്കായി ഷീ വീണ്ടും ഡൽഹിയിൽ എത്തിയിരിക്കുകയാണ്. ഇവിടെ, എന്തുകൊണ്ട് ഷീ ഏഴ് വർഷത്തിന് ശേഷം ഇന്ത്യ സന്ദർശിക്കുന്നു എന്നത് മാത്രമല്ല ചോദ്യം, മറിച്ച് 2019-ൽ പ്രധാനമന്ത്രി മോദിക്കും ഷീക്കും അറിയാമായിരുന്ന ഇന്ത്യയും ചൈനയും തമ്മിലും, 2026-ൽ കൂടിക്കാഴ്ച നടത്തുന്ന ഇന്ത്യയും ചൈനയും തമ്മിലും എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചത് എന്നതുകൂടിയാണ്?

2019: അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിൽ ഊന്നിയ ബന്ധം

2019-ൽ ഇന്ത്യ-ചൈന ബന്ധം പ്രശ്നരഹിതമായിരുന്നുവെന്നു പറയാൻ കഴിയില്ല. 2017-ൽ ഡോക്‌ലാമിൽ ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സംഘർഷങ്ങൾ ഉണ്ടായിരുന്നു, കൂടാതെ അതിർത്തി തർക്കം പരിഹരിക്കപ്പെടാതെ തുടരുകയും ചെയ്തു. എങ്കിലും, അതിർത്തി പ്രശ്നങ്ങൾ വ്യാപകമായ ഉഭയകക്ഷി ബന്ധത്തെ തകരാറിലാക്കരുതെന്ന തരത്തിലുള്ള രാഷ്ട്രീയ ധാരണ അപ്പോഴും നിലനിന്നിരുന്നു. 2018-ൽ വുഹാനിലും 2019-ൽ മഹാബലിപുരത്തും പ്രധാനമന്ത്രി മോദിയും ഷീയും തമ്മിൽ നടന്ന അനൗപചാരിക ഉച്ചകോടികളുടെ പശ്ചാത്തലം ഇതായിരുന്നു.

2019-ലെ കൂടിക്കാഴ്ചയ്ക്ക് ശേഷം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്, അന്താരാഷ്ട്ര ക്രമത്തിൽ ഇന്ത്യയും ചൈനയും സ്ഥിരതയുടെ ഘടകങ്ങളാണെന്നും അഭിപ്രായവ്യത്യാസങ്ങൾ തർക്കങ്ങളായി മാറുന്നില്ലെന്ന് ഉറപ്പാക്കണമെന്നുമുള്ള വുഹാൻ ധാരണ നേതാക്കൾ ആവർത്തിച്ചു എന്നാണ്. നിയമാധിഷ്ഠിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു അന്താരാഷ്ട്ര ക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർക്ക് യോജിപ്പുണ്ടായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ, മത്സരവും സഹകരണവും ചേർന്ന ഒരു ഫോർമുലയിലൂടെയാണ് ഈ ബന്ധം മുന്നോട്ട് പോയിരുന്നത്.

അതിർത്തി, വ്യാപാര അസന്തുലിതാവസ്ഥ, പാകിസ്താൻ, ചൈനയുടെ പ്രാദേശിക ലക്ഷ്യങ്ങൾ എന്നിവയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. എങ്കിൽപ്പോലും, ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വികസിക്കുകയും ഉന്നതതല രാഷ്ട്രീയ ബന്ധങ്ങൾ പതിവായി നടക്കുകയും ചെയ്തിരുന്നു. ഏഴ് വർഷങ്ങൾക്ക് ശേഷവും അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നു. എന്നാൽ, ഇതിനു ചുറ്റുമുള്ള അവിശ്വാസത്തിന്റെ അളവിലാണ് മാറ്റം വന്നിരിക്കുന്നത്.

2020: ഗാൽവനിലുണ്ടായ പിളർപ്പ്

ഇന്ത്യ-ചൈന ബന്ധങ്ങളിലെ പിളർപ്പ് ഉണ്ടായത് 2020-ലാണ്. ഇന്ത്യൻ സർക്കാരിന്റെ അഭിപ്രായത്തിൽ, ആ വർഷം ഏപ്രിൽ-മേയ് മാസങ്ങളിൽ ചൈന നടത്തിയ നീക്കങ്ങൾ പടിഞ്ഞാറൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ (LAC) നിലവിലുള്ള സ്ഥിതി (status quo) ഏകപക്ഷീയമായി മാറ്റാൻ ശ്രമിക്കുന്നതായിരുന്നു. ഇന്ത്യ സൈനികമായും നയതന്ത്രപരമായും ഇതിനോട് പ്രതികരിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടൽ അതിർത്തിയിൽ സമാധാനവും ശാന്തതയും നിലനിർത്താനുള്ള പ്രക്രിയയെ സാരമായി ബാധിച്ചു. 2020 ജൂണിൽ നടന്ന ഗാൽവൻ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.

1975-ന് ശേഷം ഇരുവിഭാഗവും തമ്മിലുണ്ടാകുന്ന ആദ്യത്തെ മാരകമായ സൈനിക ഏറ്റുമുട്ടലായിരുന്നു ഇത്. ഇതിന്റെ പ്രത്യാഘാതങ്ങൾ അതിർത്തിക്കപ്പുറത്തേക്ക് വ്യാപിച്ചു. ഇന്ത്യ ചൈനീസ് നിക്ഷേപങ്ങൾ പരിമിതപ്പെടുത്തുകയും ചൈനീസ് കമ്പനികളുടെ പരിശോധന കർശനമാക്കുകയും ഒട്ടേറെ ചൈനീസ് ആപ്പുകൾ നിരോധിക്കുകയും ചെയ്തു. നേരിട്ടുള്ള വിമാന സർവീസുകളും ജനങ്ങൾ തമ്മിലുള്ള മറ്റു പല ഇടപെടലുകളും തടസ്സപ്പെട്ടു.

ഇന്ത്യ അന്ന് നൽകിയ രാഷ്ട്രീയ സന്ദേശവും വ്യക്തമായിരുന്നു. മറ്റെല്ലാ കാര്യങ്ങളും സാധാരണനിലയിൽ തുടരുമ്പോൾ അതിർത്തി തർക്കത്തെ മാത്രം ബന്ധത്തിന്റെ ഒരു പ്രത്യേക മേഖലയായി കണ്ട് മാറ്റിവെക്കാൻ കഴിയില്ല എന്നതായിരുന്നു അത്. ഇത് അടിസ്ഥാനപരമായ സമവാക്യങ്ങളെ മാറ്റിമറിച്ചു. ഗാൽവൻ സംഭവത്തിന് മുമ്പ്, അതിർത്തി തർക്കം പരിഹരിക്കപ്പെടാതെ കിടക്കുമ്പോഴും സാമ്പത്തികവും രാഷ്ട്രീയവുമായ സഹകരണം തുടരാമെന്നായിരുന്നു പൊതുവായ ധാരണ. എന്നാൽ, ഗാൽവനുശേഷം അതിർത്തി തർക്കം മൊത്തത്തിലുള്ള ബന്ധത്തിന്റെതന്നെ മാറ്റ് അളക്കുന്ന ഒന്നായി മാറി.

പോരാട്ടത്തിൽനിന്ന് ജാഗ്രതയോടെ സ്ഥിരതയിലേക്ക്

ഈ മഞ്ഞുരുക്കം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. തർക്ക പ്രദേശങ്ങളിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനായി വർഷങ്ങളോളം സൈനിക- നയതന്ത്ര തലങ്ങളിൽ ചർച്ചകൾ നടന്നു. 2020-ന് ശേഷം 'വർക്കിങ്‌ മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോ-ഓർഡിനേഷൻ' വഴിയും മിലിട്ടറി കമാൻഡർ തലത്തിലുള്ള ചർച്ചകളിലൂടെയും ഇന്ത്യയും ചൈനയും തുടർച്ചയായ യോഗങ്ങൾ ചേർന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

2024 ഒക്ടോബറിലാണ് പ്രധാന വഴിത്തിരിവുണ്ടാകുന്നത്. ഡെപ്‌സാങ്, ഡെംചോക്ക് എന്നീ മേഖലകളിൽ പട്രോളിങ് നടത്തുന്നതിനുള്ള ക്രമീകരണങ്ങളിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തി. ഇന്ത്യൻ സർക്കാരിന്റെ അഭിപ്രായത്തിൽ, 2020-ലെ എല്ലാ തർക്ക പ്രദേശങ്ങളിൽനിന്നും സൈനികരെ പിൻവലിക്കുന്നതിലേക്ക് ഈ ധാരണ വഴിവെക്കുകയും, മുൻകാല രീതികൾ അനുസരിച്ച് പട്രോളിങ്ങും കാലിമേയ്ക്കലും പുനരാരംഭിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു.

2024 ഒക്ടോബറിൽ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ, ഏകദേശം അഞ്ച് വർഷത്തിന് ശേഷം മോദിയും ഷീയും പ്രതിനിധി തലത്തിൽ തങ്ങളുടെ ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം സ്ഥിരപ്പെടുത്തുന്നതിനും പുനർനിർമിക്കുന്നതിനും ചർച്ചകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുനേതാക്കളും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മറ്റൊരു പ്രധാന സംഭവവും ഉണ്ടായി. 2025 ഓഗസ്റ്റിൽ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ ഭാഗമായി മോദി ഷീയെ കണ്ടുമുട്ടി. ബന്ധങ്ങളിലെ 'നേരായ പുരോഗതിയെ' ഇരുനേതാക്കളും സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അതിനാൽത്തന്നെ, ഷീയുടെ 2026-ലെ ഡൽഹി സന്ദർശനം മഞ്ഞുരുക്കത്തിന്റെ തുടക്കമല്ല. മറിച്ച് അതിർത്തിയിലെ സൈനിക പിന്മാറ്റത്തിന് ശേഷം ആരംഭിച്ച  പ്രക്രിയയുടെ ഏറ്റവും പുതിയ ഘട്ടമാണ്.

ഷീ തിരിച്ചെത്തുന്നത് പഴയ ചൈനയുമായല്ല

2026-ലെ ചൈന തികച്ചും വ്യത്യസ്തമായ ഒരു ഭൗമരാഷ്ട്രീയ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. 2019 മുതൽ, അമേരിക്കയും ചൈനയും തമ്മിലുള്ള തന്ത്രപരമായ മത്സരം രൂക്ഷമായിട്ടുണ്ട്. സാങ്കേതികവിദ്യയിലെ നിയന്ത്രണങ്ങൾ, വിതരണ ശൃംഖലയുടെ പുനഃസംഘടന, സെമികണ്ടക്ടറുകൾ, നിർമാണം, പ്രധാന സാങ്കേതികവിദ്യകൾ എന്നിവയിലെ മത്സരം എന്നിവ ആഗോള സമ്പദ് വ്യവസ്ഥയുടെ പ്രധാന സവിശേഷതകളായി മാറിയിരിക്കുന്നു. ചൈന ഗ്ലോബൽ സൗത്ത്, ബ്രിക്സ്, കൂടുതൽ ബഹുമേഖലാ അന്താരാഷ്ട്ര വ്യവസ്ഥ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നിവയായി ആരംഭിച്ച ബ്രിക്സ് കൂട്ടായ്മ ഇപ്പോൾ 11 അംഗങ്ങളും 10 പങ്കാളി രാജ്യങ്ങളുമുള്ള ഒരു വലിയ പ്രസ്ഥാനമാണ്. ഏഷ്യ, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വര സമ്പദ് വ്യവസ്ഥകളുമായി ബന്ധപ്പെടാൻ ഇത് ചൈനയ്ക്ക് വലിയൊരു വേദി നൽകുന്നു. ചൈനയെ സംബന്ധിച്ചിടത്തോളം, ഇത് വളരെ വിശാലമായ ഒരു നയതന്ത്ര സ്വാധീന മേഖല സൃഷ്ടിക്കുന്നു. എന്നാൽ, ഇതിലൊരു പ്രധാന വ്യത്യാസമുണ്ട്, ബ്രിക്സിനുള്ളിൽ ചൈനയുടെ വളരുന്ന സ്വാധീനം എല്ലാ ബ്രിക്സ് അംഗങ്ങളും ചൈനയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾ പങ്കിടുന്നു എന്ന് അർത്ഥമാക്കുന്നില്ല. ഇതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഇന്ത്യ.

മാറിയ ഇന്ത്യയിലേക്കാണ് ഷീ മടങ്ങിയെത്തുന്നത്

2019-ന് ശേഷം ഇന്ത്യയിലും വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവരുമായുള്ള തന്ത്രപരമായ പങ്കാളിത്തം രാജ്യം കൂടുതൽ ആഴത്തിലാക്കി. അതേസമയം, റഷ്യയുമായും മറ്റ് പാശ്ചാത്യേതര രാജ്യങ്ങളുമായും അടുത്ത ബന്ധം നിലനിർത്തുകയും ചെയ്തു. ഇന്ത്യയുടെ ഇൻഡോ-പസഫിക് നയത്തിന്റെ സുപ്രധാന ഭാഗമായി ക്വാഡ് (Quad) മാറി. ഗൾഫ് രാജ്യങ്ങൾ, യൂറോപ്പ്, വിശാലമായ ഗ്ലോബൽ സൗത്ത് എന്നിവയുമായുള്ള സഹകരണവും ഇന്ത്യ വിപുലീകരിച്ചു. ഈ പങ്കാളിത്തങ്ങളൊന്നും ചൈനയ്ക്കെതിരായ ഒരു കൂട്ടായ്മയിൽ ചേരുന്നതല്ലെന്ന് ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെയാണ് ഇന്ത്യയുടെ 'തന്ത്രപരമായ സ്വയംഭരണം' (strategic autonomy) എന്ന ആശയം പ്രധാനമാകുന്നത്. 2019-ലെ ഒരു പ്രസംഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഇന്ത്യയുടെ വിദേശനയ സമീപനത്തെ ഒരേസമയം ഒന്നിലധികം ബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന ഒന്നായാണ് വിവരിച്ചത്. ക്വാഡ്, എസ്‌സിഒ (SCO) തുടങ്ങിയ ഫോറങ്ങൾ തമ്മിലുള്ള വൈരുദ്ധ്യങ്ങളും, അമേരിക്ക, റഷ്യ, ഇറാൻ, സൗദി അറേബ്യ എന്നിവരുമായുള്ള ഇന്ത്യയുടെ ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കർക്കശമായ ചേരിചേരലുകൾക്കപ്പുറം നോക്കാനും സമാന താൽപര്യമുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വാദിച്ചു.

2020-ന് ശേഷം ഈ സമീപനത്തിന്റെ പ്രാധാന്യം വീണ്ടും വർധിക്കുക മാത്രമാണ് ചെയ്തത്. ചൈനയ്‌ക്കെതിരെ അമേരിക്കയുടെ സഖ്യകക്ഷിയാകാതെ യുഎസുമായി സഹകരിക്കുക; റഷ്യയെ ആശ്രയിക്കാതെ റഷ്യയുമായുള്ള ബന്ധം നിലനിർത്തുക; പാശ്ചാത്യവിരുദ്ധ കൂട്ടായ്മയാക്കി മാറ്റാതെ ബ്രിക്സിൽ പങ്കാളിയാവുക; ഏഷ്യയിൽ ചൈനയുടെ ആധിപത്യം അംഗീകരിക്കാതെ തന്നെ ചൈനയുമായി സഹകരിക്കുക. ഇതാണ് ഇന്നത്തെ ഇന്ത്യയുടെ നിലപാട്. തികച്ചും വ്യത്യസ്തമായ ഈ ഇന്ത്യയിലേക്കാണ് ഷീ മടങ്ങിയെത്തുന്നത്.

ഈ കാലയളവിൽ രാഷ്ട്രീയ ബന്ധങ്ങൾ വഷളായിട്ടുണ്ടാകാം, എന്നാൽ സാമ്പത്തിക ബന്ധങ്ങൾ ഇല്ലാതായിട്ടില്ല. വാസ്തവത്തിൽ, ഉഭയകക്ഷി ബന്ധത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങളിൽ ഒന്നായി ഇത് തുടരുന്നു. ചൈനയിലെ ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച്, 2025-'26-ൽ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 112.16 ശതകോടി ഡോളറിലെത്തി. 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം 132 ശതകോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തുകൊണ്ട് ഇന്ത്യയുടെ ഏറ്റവും വലിയ ഇറക്കുമതി സ്രോതസ്സായി ചൈന മാറി എന്ന് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് വ്യക്തമാക്കുന്നു.

ചൈനയിൽനിന്നുള്ള സാമ്പത്തിക അപകടസാധ്യത കുറയ്ക്കാൻ ഇന്ത്യക്ക് ശ്രമിക്കാമെങ്കിലും, പൂർണമായ വേർപിരിയൽ (decoupling) വളരെ സങ്കീർണമാണ് എന്നാണ് ഇത് കാണിക്കുന്നത്. ഇലക്ട്രോണിക്‌സ്, യന്ത്രസാമഗ്രികൾ മുതൽ വ്യാവസായിക ഉത്പന്നങ്ങളും ഘടകങ്ങളും വരെയുള്ള മേഖലകളിൽ ചൈനയുടെ പ്രാധാന്യം നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ, ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നത് മാത്രമല്ല ഇന്ത്യയുടെ മുന്നിലുള്ള വെല്ലുവിളി. മറിച്ച്, ഇന്ത്യയുടെ വിതരണ ശൃംഖലകളിൽ ആഴത്തിൽ വേരൂന്നിയ ഒരു സാമ്പത്തിക വ്യവസ്ഥയിൽനിന്നുള്ള നേട്ടങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ തന്ത്രപരമായ ദുർബലതകൾ എങ്ങനെ കുറയ്ക്കാം എന്നതാണ്.

അതിർത്തിയിലെ പ്രതിസന്ധി

2024-ലെ സൈനിക പിന്മാറ്റ കരാർ ബാക്കിയുള്ള തർക്ക പ്രദേശങ്ങളിലെ പെട്ടെന്നുള്ള സൈനിക ഏറ്റുമുട്ടലുകൾ കുറച്ചു. ഇത് അടിസ്ഥാനപരമായ ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് പരിഹാരമായതുമില്ല. യഥാർത്ഥ നിയന്ത്രണ രേഖയിൽ സമാധാനവും ശാന്തതയും നിലനിർത്തുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് പറയുമ്പോഴും, അതിർത്തി വിഷയം പരിഹരിക്കപ്പെടാത്ത ഒന്നായി തന്നെയാണ് ഇന്ത്യൻ സർക്കാരും വിശേഷിപ്പിക്കുന്നത്. അതിലുപരിയായി തന്ത്രപരമായ ആശങ്കകളുമുണ്ട്.

അയൽപക്കങ്ങളിലെ ചൈനയുടെ അടിസ്ഥാന സൗകര്യ വികസനവും സൈനിക പ്രവർത്തനങ്ങളും, പാകിസ്താനുമായുള്ള പങ്കാളിത്തം, ഇന്ത്യൻ മഹാസമുദ്രത്തിലെ വർധിച്ചുവരുന്ന സാന്നിധ്യം എന്നിവയിൽ ഇന്ത്യ ജാഗ്രത പുലർത്തുന്നു. അതേസമയം, അമേരിക്കയുമായും മറ്റ് ഇൻഡോ-പസഫിക് ശക്തികളുമായും ഇന്ത്യ വളർത്തിയെടുക്കുന്ന തന്ത്രപരമായ സഹകരണത്തിൽ ചൈനയും ആശങ്കാകുലരാണ്. അതിനാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നേർക്കുനേർ പോരാട്ടത്തിൽനിന്ന് പരസ്പര നിയന്ത്രണത്തിലേക്ക് (management) മാറിയിരിക്കുന്നു. അതിന്റെ അർത്ഥം മത്സരങ്ങൾ അവസാനിച്ചു എന്നല്ല.

ഇരുവിഭാഗങ്ങളും പരസ്പരം ആഗ്രഹിക്കുന്നത്

ഏഴു വർഷങ്ങൾക്കിപ്പുറമുള്ള ഈ സന്ദർശനവേളയിൽ ചൈന ഇന്ത്യയിൽനിന്നും ഇന്ത്യ ചൈനയിൽനിന്നും പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യങ്ങൾ ഏറെക്കുറെ സമാനമായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

യുഎസുമായുള്ള മത്സരവും മറ്റ് മേഖലകളിലെ പിരിമുറുക്കങ്ങളും ചൈനയ്ക്ക് വലിയ തലവേദനമായി മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇന്ത്യയുമായുള്ള ദീർഘകാല സൈനിക ഏറ്റുമുട്ടൽ അവരുടെ നയതന്ത്രപരവും സൈനികവുമായ ശേഷിയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ അതിർത്തി പ്രശ്‌നങ്ങൾ സുസ്ഥിരമായി പരിഹരിക്കുക എന്നതായിരിക്കും ചൈന ആഗ്രഹിക്കുന്നത്. സമാനമായി, ഇന്ത്യയെ സംബന്ധിച്ചിടത്തോളവും ബന്ധങ്ങളിലെ ഏറ്റവും അർത്ഥവത്തായ പുരോഗതിയുടെയും അടിത്തറയായി മാറുക അതിർത്തിയിലെ സ്ഥിരത തന്നെയായിരിക്കും.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യയുടെ വിപണിയിലും അങ്ങോട്ടുള്ള പ്രവേശനത്തിലും ചൈനയ്ക്ക് വലിയ സാമ്പത്തിക താൽപര്യമുണ്ട്. ചൈനീസ് വിപണിയിലേക്ക് മെച്ചപ്പെട്ട പ്രവേശനവും ഭീമമായ വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനും ഇന്ത്യയും ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പരസ്പര സഹകരണത്തിലൂന്നിയ മെച്ചപ്പെട്ട സാമ്പത്തിക ബന്ധങ്ങൾ ഉണ്ടാക്കാനും ഇരുരാജ്യങ്ങളും കരാറുകൾ ഉണ്ടാക്കിയേക്കാം.

ഇന്ത്യ യുഎസുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് പകരം തന്ത്രപരമായ സ്വയംഭരണം (strategic autonomy) നിലനിർത്തുന്നത് ചൈനയ്ക്ക് ഗുണം ചെയ്യും. അതേസമയം, ചൈനയെ സംബന്ധിച്ചിടത്തോളം ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകൾ പ്രവചനാതീതമാണ്. ഓരോ ആഗോള വിഷയത്തിലും ചൈനയോട് യോജിക്കേണ്ടതില്ല എന്നതാണ് ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടുള്ള നിലപാട്. എന്നാൽ, പെട്ടെന്നുണ്ടാകുന്ന സൈനിക അല്ലെങ്കിൽ നയതന്ത്ര പ്രതിസന്ധികൾ ബന്ധത്തെ അസ്ഥിരപ്പെടുത്തുന്നത് തടയാൻ ഇന്ത്യക്കും താൽപര്യമുണ്ട്.

കൂട്ടായ്മയുടെ സ്ഥാപക അംഗങ്ങളിലും ഏറ്റവും സ്വാധീനമുള്ള രാജ്യങ്ങളിലുമൊന്നാണ് ഇന്ത്യ. മെച്ചപ്പെട്ട ഇന്ത്യ-ചൈന ബന്ധം ബ്രിക്സ് സഹകരണം എളുപ്പമാക്കും. യുഎസ്, യൂറോപ്പ്, റഷ്യ, ജപ്പാൻ അല്ലെങ്കിൽ മറ്റ് പങ്കാളികളുമായുള്ള ബന്ധങ്ങളെ ബാധിക്കാതെ, താൽപര്യങ്ങൾ ഒത്തുപോകുന്ന മേഖലകളിൽ ചൈനയുമായി സഹകരിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, തന്ത്രപരമായി കൂടുതൽ ആത്മവിശ്വാസമുള്ള, അമേരിക്കയുമായും മറ്റ് പങ്കാളികളുമായും കൂടുതൽ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന, ഒപ്പം സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് നിലനിർത്താൻ നിശ്ചയദാർഢ്യമുള്ള ഒരു ഇന്ത്യയിലേക്കാണ് ഷീ മടങ്ങിയെത്തുന്നത്.

അതുപോലെ, കൂടുതൽ ഉറച്ച നിലപാടുകളുള്ള, ഗ്ലോബൽ സൗത്തിൽ കൂടുതൽ നിക്ഷേപം നടത്തിയ, അമേരിക്കയുമായുള്ള വൈരത്തെക്കുറിച്ച് കൂടുതൽ ബോധവാനായ ഒരു ചൈനയുമായാണ് ഷീ ഇന്ത്യയിലേക്ക് തിരികെ എത്തുന്നത്. ഈ മത്സരങ്ങൾക്കെല്ലാം അടിയിൽ ഒഴിവാക്കാനാവാത്ത ഒരു യാഥാർത്ഥ്യമുണ്ട്: ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ ഒരേ ഏഷ്യൻ, ആഗോള വ്യവസ്ഥകളിൽ അയൽക്കാരും പ്രധാന വ്യാപാര പങ്കാളികളും സ്വാധീനമുള്ള ശക്തികളുമായി തുടരുന്നു.

അതുകൊണ്ടുതന്നെ, ഷീയുടെ ഡൽഹി സന്ദർശനത്തിന്റെ ലക്ഷ്യം 2019-ലെ ബന്ധം പുനരുജ്ജീവിപ്പിക്കുക എന്നതിനേക്കാൾ അടുത്ത പതിറ്റാണ്ടിലെ ബന്ധം എങ്ങനെയെന്ന് നിർവചിക്കുക എന്നതാണ്. ഇന്ത്യക്കും ചൈനക്കും വീണ്ടും സുഹൃത്തുക്കളാകാൻ കഴിയുമോ എന്നതല്ല യഥാർത്ഥ ചോദ്യം. മറിച്ച്, ശത്രുക്കളാകാതെ മികച്ച മത്സരാർത്ഥികളാകാൻ (better competitors) അവർക്ക് കഴിയുമോ എന്നതാണ്. അതുകൊണ്ടുതന്നെയാണ് ഷീയുടെ ഇന്ത്യാ സന്ദർശനത്തെയും മോദിയുമായുള്ള കൂടിക്കാഴ്ചയേയും ലോകരാജ്യങ്ങളെല്ലാം അതീവശ്രദ്ധയോടെ ഉറ്റുനോക്കുന്നത്.