
ആഗോളതലത്തില്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്നെ പ്രതിരോധ കുത്തിവെപ്പുകളിലേക്ക് എത്തിച്ചതെന്ന് ബില്‍ ഗേറ്റ്സ് പറയുന്നു. തടയാവുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി അദ്ദേഹം വാക്സിന്‍ വികസനത്തിനും ഗവേഷണത്തിനും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ (ബി.എം.ജി.എഫ്) വഴി നൂറുകണക്കിന് കോടി ഡോളറുകളാണ് മുടക്കിയിരിക്കുന്നത്. അതുപോലെ, അദ്ദേഹം ഗര്‍ഭനിരോധനത്തിലും മാതൃ-ശിശു ആരോഗ്യരക്ഷയിലും കാര്യമായി പണം മുടക്കിയിട്ടുണ്ട്. പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനും ഏവര്‍ക്കും ആരോഗ്യം ഉറപ്പാക്കുന്നതിനും ലോകമെമ്പാടും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വാക്സിനുകള്‍ വളരെ സഹായകരമാണെന്ന് അദ്ദേഹം കരുതുന്നു.
ലോകാരോഗ്യം ഗേറ്റ്സിന്റെ കൈക്കുള്ളില്‍!
ആഗോളതലത്തിലെ ആരോഗ്യനയ രൂപീകരണത്തില്‍ വളരെ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒരാളാണ് ബില്‍ ഗേറ്റ്സും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും. വിമര്‍ശകര്‍ പറയുന്നത് ലോകാരോഗ്യ സംഘടനയും (ഡബ്ലിയു.എച്ച്.ഒ) യുണിസെഫും പോലുള്ള ആഗോള ആരോഗ്യ സ്ഥാപനങ്ങളില്‍ ഒട്ടും ആനുപാതികമല്ലാത്ത സ്വാധീനം അദ്ദേഹത്തിനുണ്ട്. കാരണം, ഡബ്ലിയു.എച്ച്.ഒയ്ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഫൗണ്ടേഷന്‍ എന്നതു തന്നെ. അത് ആഗോള ആരോഗ്യ അജണ്ടകളെ സ്വാധീനിക്കുന്നതില്‍ അദ്ദേഹത്തിനു മേല്‍ക്കൈ നല്‍കുന്നു. വികസ്വര രാജ്യങ്ങളിലെ അടിയന്തര സ്വഭാവമുള്ള ആരോഗ്യ പ്രശ്നങ്ങളെക്കാള്‍ കൂടുതല്‍ ബില്‍ ഗേറ്റ്സിന്റെ വ്യക്തിതാല്പര്യങ്ങള്‍ക്ക് മുന്‍ഗണന കിട്ടുന്നു എന്നും ആരോപണമുണ്ട്.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലത്ത് ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വാക്സിന്‍ നിര്‍മാണത്തിനായി വാക്സിനുകളുടെ ബൗദ്ധിക സ്വത്തവകാശം ഒഴിവാക്കിക്കൊടുക്കണമെന്ന ആവശ്യത്തെ അദ്ദേഹം എതിര്‍ത്തു. ഗേറ്റ്സ് മുന്‍ഗണന കൊടുത്തത് കമ്പനികളുടെ പേറ്റന്റുകള്‍ക്കായിരുന്നു. താല്‍ക്കാലികമായി പേറ്റന്റ് ഒഴിവാക്കി കൊടുക്കണമെന്ന നിലപാടിനെ പിന്തുണച്ചപ്പോള്‍ വൈകി. കോവിഡ് രംഗത്തെ ഗവേഷണത്തിന് അദ്ദേഹം പണം മുടക്കി, വാക്സിന് വിതരണത്തിന് ഗവിയെ (എന്ന വാക്സിന്‍ അലയന്‍സ്) പിന്തുണച്ചു. വാക്സിന്‍ പുറത്തു വന്നപ്പോള്‍ കടുത്ത വിവേചനമുണ്ടായി- സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് ആദ്യം വാക്സിന്‍ കിട്ടി. അങ്ങനെയാണ് വാക്സിന്‍ വര്‍ണവിവേചനം എന്ന ആരോപണം വന്നത്.
ഏഴു മാസത്തെ അന്വേഷണത്തിനു ശേഷം 2022-ല്‍ അമേരിക്കയിലെ പൊളിറ്റിക്കോ, ജര്‍മനിയിലെ വെല്‍റ്റ് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ കോവിഡ് വാക്സിന്‍ രംഗത്തെ പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശി. മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ ലോകത്തിന്റെ പ്രതികരണം രൂപപ്പെടുത്തിയത് നാലു സംഘടനകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു- ഗേറ്റ്സിന്റെ ബി.എം.ജി.എഫ്, ഫൗണ്ടേഷന്‍ സ്ഥാപക പങ്കാളികളില്‍ പെടുന്ന ഗവി (ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സീന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന്‍), ഫൗണ്ടേഷന്റെ ഫണ്ടിംഗുള്ള കോയലിഷന്‍ ഓഫ് എപ്പിഡെമിക് പ്രിപ്പയേഡ്നെസ് ഇന്നവേഷന്‍സ് (സി.ഇ.പി.ഐ) എന്നിവയും യു.കെയിലെ ഗവേഷണ സ്ഥാപനമായ വെല്‍ക്കം ട്രസ്റ്റും. ഈ ട്രസ്റ്റും മുമ്പ് ബി.എം.ജി.എഫുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. അതായത്, സര്‍ക്കാരുകളല്ല, ചില സ്വകാര്യ സംഘടനകളാണ് ഇത്രയും വലിയ മാനുഷികപ്രശ്നത്തെ അഭിമുഖീകരിക്കുന്നതില്‍ നിര്‍ണായക തീരുമാനങ്ങളെടുത്തത്. സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ മേല്‍നോട്ടമില്ലാതെ, ആരോടും ഉത്തരവാദിത്തമില്ലാതെയാണ് അവ പ്രവര്‍ത്തിക്കുന്നത്- ലേഖനം ചൂണ്ടിക്കാണിക്കുന്നു.
ശരിയാണ്, അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും ഏറെയുണ്ട് അദ്ദേഹത്തിനെതിരായി. പക്ഷേ, ഇത്തരം ആരോപണങ്ങള്‍ക്കു വഴിമരുന്നിടുന്ന ചില ചെയ്തികളും അദ്ദേഹത്തില്‍ നിന്നുണ്ടായി. ഉദാഹരണത്തിന്, കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ്, 2019 സംപ്തംബറില്‍, അദ്ദേഹം വന്‍തോതില്‍ ബയോഎന്‍ടെക് എന്ന ജര്‍മന്‍ വാക്സിന്‍ കമ്പനിയിലെ ഓഹരികള്‍ വാങ്ങി. ഈ കമ്പനിയും ഫൈസറും ചേര്‍ന്ന് പുറത്തിറക്കിയ എംആര്‍.എന്‍.എ കുത്തിവെപ്പ് ലോകത്ത് ആദ്യമിറങ്ങിയ കോവിഡ് വാക്സിനുകളിലൊന്നാണ്; സ്വാഭാവികമായും വാക്സിന്‍ വിപണിയില്‍ അത് പണം വാരിക്കൂട്ടി. ലാഭം പരമാവധിയായപ്പോള്‍, 2022-ല്‍ അദ്ദേഹം കമ്പനിയിലെ ഓഹരികള്‍ വിറ്റഴിച്ചു. മുടക്കിയത് 55 മില്യന്‍ ഡോളര്‍, വിറ്റത് 550 മില്യന്! ലാഭം 495 മില്യന്‍ ഡോളര്‍. ഏതാണ്ട് 4,200 കോടി രൂപ. വിവാദങ്ങളുടെ ചുഴിക്കണ്ണില്‍ നില്‍ക്കുന്ന ഒരാള്‍ എന്തുകൊണ്ടാണ് ഇത്തരം ഒരു നിക്ഷേപം നടത്തിയത്? ഇത്തരം ആരോപണം അദ്ദേഹം മുന്നില്‍ കാണേണ്ടിയിരുന്നു!
ഡീപോപ്പുലേഷന്‍ തിയറിയും 'പ്ലാന്‍ഡെമിക്കും'
2015-ല്‍ ബില്‍ ഗേറ്റ്സ് നടത്തിയ ടെഡ് പ്രഭാഷണം കൂടുതല്‍ ലോകശ്രദ്ധയാകര്‍ഷിച്ചത് നാലു വര്‍ഷത്തിനു ശേഷം കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ- 'ഇന്ന് ലോകത്തിന് സംഭവിക്കാവുന്ന ഏറ്റവും വലിയ അപകടം അണുബോംബ് സ്ഫോടനമല്ല, ഇന്‍ഫ്ളുവന്‍സ വൈറസ് പകര്‍ച്ച വ്യാധിയാണ്. വരുംദശകങ്ങളില്‍ ഒരു കോടിയിലധികം പേരെ വകവരുത്തുന്ന എന്തെങ്കിലും സംഭവമുണ്ടായാല്‍ അതിനു കാരണം വളരെയധികം പകര്‍ച്ചാശേഷിയുള്ള ഒരു വൈറസ് ആയിരിക്കും, യുദ്ധമല്ല.. നമ്മള്‍ അണുവായുധങ്ങളെ ചെറുക്കാന്‍ കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിലും ഒരു മഹാമാരിയെ നേരിടാന്‍ വളരെ കുറച്ചു മാത്രമേ നിക്ഷേപിച്ചിട്ടുള്ളൂ. അടുത്ത മഹാമാരിക്ക് വേണ്ടി നമ്മള്‍ തയ്യാറെടുപ്പ് നടത്തിയിട്ടില്ല.'
ആഫ്രിക്കയില്‍ പതിനായിരത്തിലധികം പേരുടെ ജീവനെടുത്ത എബോള രോഗത്തെ ഉദാഹരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. പക്ഷേ, വരാനിരിക്കുന്ന മഹാമാരിയെക്കുറിച്ച് വളരെ നേരത്തേ ഗേറ്റ്സ് അറിഞ്ഞിരുന്നു എന്ന ആരോപണവും ഗൂഢാലോചനാസിദ്ധാന്തങ്ങളും അതിവേഗം പരന്നു. തുടക്കത്തില്‍ ബില്‍ ഗേറ്റ്സാണ് ഈ വൈറസിനെ പ്ലാന്‍ ചെയ്തത് എന്നുവരെ ആരോപണം ഉയര്‍ന്നു. ലോകത്തെ ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ട് കൃത്രിമമായി സൃഷ്ടിച്ച 'പ്ലാന്‍ഡമിക്' ആയിരുന്നു കോവിഡ് എന്നും അമേരിക്കയിലെ പകര്‍ച്ചവ്യാധി കേന്ദ്രത്തിന്റെ (സി.ഡി.സി) തലവനായിരുന്ന ഫൗച്ചിയുമൊത്താണ് അദ്ദേഹം അതു ചെയ്തതെന്നും ആരോപണമുണ്ടായി. പക്ഷേ ഇവയ്ക്കൊന്നും അടിസ്ഥാനമുണ്ടായിരുന്നില്ല. (അതേസമയം കോവിഡ്, ചൈനീസ് ലാബില്‍ നിര്‍മിച്ചതാണെന്ന് ഈയിടെയും റിപ്പോര്‍ട്ട് വന്നിരുന്നു. ട്രംപ് സര്‍ക്കാര്‍ വരുമ്പോള്‍ വെളിപ്പെടുത്തലുകള്‍ എന്തെങ്കിലും ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല.)
അതുപോലെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള നിരവധി വിവാദങ്ങള്‍ക്കും ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ക്കും വഴിവെച്ചത് അദ്ദേഹത്തിന്റെ തന്നെ വാക്കുകളാണ്. 2010-ല്‍ നടത്തിയ ടെഡ് പ്രഭാഷണത്തില്‍ ലോകത്ത് കാര്‍ബണ്‍ നിര്‍ഗമനം കുറയ്ക്കുന്നതു സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു. നിര്‍ഗമനത്തെ സ്വാധീനിക്കുന്ന നാലു പ്രധാനകാരണങ്ങളില്‍ ഒന്ന് എന്താണെന്നറിയാമോ? ജനസംഖ്യാവര്‍ധനവ്! 'ഇന്ന് ലോകത്ത് 680 കോടി ജനങ്ങളുണ്ട്, അത് 900 കോടിയിലേക്ക് നീങ്ങുകയാണ്. നാം പുതിയ പ്രതിരോധ വാക്സിനുകളിലും ആരോഗ്യസംരക്ഷണത്തിലും മറ്റും നന്നായി പ്രവര്‍ത്തിച്ചാല്‍ ഒരുപക്ഷേ, നമുക്കത് പത്തോ, പതിനഞ്ചോ ശതമാനം കണ്ടു കുറയ്ക്കാനാവും.'
'ഡീപോപ്പുലേഷന്‍ തിയറി'യുടെ വക്താക്കള്‍ ഉറഞ്ഞുതുള്ളി. ലോകത്തെ അതിശക്തരായ ചില വ്യക്തികളും രാജ്യങ്ങളും സംഘടനകളും ലോകത്തെ ജനസംഖ്യയില്‍ ഗണ്യമായ കുറവു വരുത്താന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന ഗൂഢാലോചനാസിദ്ധാന്തമാണിത്. നിലവിലെ ജനസംഖ്യക്ക് നന്നായി ജീവിക്കാന്‍ വേണ്ട വിഭവങ്ങള്‍ ഭൂമിയിലില്ലെന്നും ജനസംഖ്യ ഗണ്യമായു കുറയ്ക്കുകയാണ് ഏക പോംവഴിയെന്നും ഈ സിദ്ധാന്തത്തിന്റെ വക്താക്കള്‍ വിശ്വസിക്കുന്നു. മാത്രമല്ല, ജനസംഖ്യ കുറഞ്ഞാല്‍ ഭരിക്കാനും നിയന്ത്രിക്കാനുമുള്ള സൗകര്യം കൂടുകയും ചെയ്യും! ജനസംഖ്യ എങ്ങനെ കുറയ്ക്കും? വഴിയുണ്ട്- വാക്സിനുകള്‍, യുദ്ധങ്ങളും സംഘര്‍ഷങ്ങളും, പരിസ്ഥിതിയില്‍ വ്യതിയാനം വരുത്തി ക്ഷാമങ്ങളും പ്രകൃതി ദുരന്തങ്ങളും ഉണ്ടാക്കുക, ജനസംഖ്യ കുറയ്ക്കുന്ന പൊതുജനാരോഗ്യ പരിപാടികള്‍ നടപ്പാക്കുക എന്നിങ്ങനെ. ആരാണ് ഈ പരിപാടികള്‍ക്കു പിന്നില്‍? ഗേറ്റ്സിനെപ്പോലെ അതിസ്വാധീനമുള്ള സമ്പന്നര്‍, ലോക ഇക്കണോമിക് ഫോറം, ചില വികസിതരാജ്യ സര്‍ക്കാരുകള്‍...
മികച്ച ആരോഗ്യപരിചരണ സംവിധാനങ്ങളുണ്ടെങ്കില്‍ (വാക്സിനടക്കം) ശിശു മരണനിരക്ക് കുറയുമെന്നും ജനങ്ങള്‍ കുറച്ചു കുട്ടികള്‍ മതിയെന്നു തീരുമാനിക്കുമെന്നും അങ്ങനെ ജനസംഖ്യാനിരക്ക് കുറയുമെന്നും ആണ് ഗേറ്റ്സ് ഉദ്ദേശിച്ചത്. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോയി. വാക്സിനുകള്‍ ഉപയോഗിച്ച് ഭൂമിയിലെ ജനസംഖ്യ ഗണ്യമായി കുറയ്ക്കാന്‍ ഗേറ്റ്സിന് പദ്ധതിയുണ്ടെന്ന കഥ പരക്കെ വിശ്വസിക്കപ്പെടുന്ന അവസ്ഥയായി. വാക്സിന്‍ വഴി ആള്‍ക്കാരില്‍ മൈക്രോചിപ്പുകള്‍ കടത്തിവെച്ച്, അല്ലെങ്കില്‍ ഡിജിറ്റല്‍ ഐ.ഡികള്‍ ഉപയോഗിച്ച് ജനങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങളുമുണ്ട്. അമേരിക്കയില്‍ വലിയൊരു വിഭാഗം ഈ കഥകള്‍ വിശ്വസിച്ചു, ഇപ്പോഴും വിശ്വസിക്കുന്നു.
സമീപകാലത്ത് വാക്സിനുകളെ കുറിച്ചു നടത്തിയ ചില പഠനങ്ങള്‍ സംശയങ്ങള്‍ക്ക് ബലം കൂട്ടി. തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായി കോവിഡ് കുത്തിവെപ്പ് എടുത്തവരില്‍ നിന്നും രോഗം പടരാം എന്ന സാക്ഷ്യപ്പെടുത്തലും യുവാക്കളിലെ ഹൃദ്രോഗം പോലെ ചില പാര്‍ശ്വഫലങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകളുമൊക്കെ. ഇതി വായിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന തിരക്കില്‍ ലോകജനതയുടെ ബഹുഭൂരിപക്ഷത്തിനും കോവിഡ് കുത്തിവെപ്പ് ഗുണകരമായിരുന്നെന്നത് അമേരിക്കയില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പോയി. പകരം വാക്സിനെടുത്താന്‍ ഷണ്ഡത്വമുണ്ടാവുമെന്നും മനുഷ്യന്റെ ജനിതകഘടനയില്‍ മാറ്റം വരുത്തുമെന്നും വരെ പ്രചാരണമുണ്ടായി. ട്രംപ് സര്‍ക്കാരില്‍ റോബര്‍ട്ട് കെന്നഡി ജൂനിയര്‍ ആരോഗ്യവിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ അത്തരക്കാരുടെ എണ്ണം കൂടുകയേ ഉള്ളൂ.

'ഡിജിറ്റല്‍ ഡിക്ടേറ്റര്‍ഷിപ്പ്'
നമ്മുടെ ആധാര്‍ പോലെ ഡിജിറ്റല്‍ ഐഡന്റിറ്റി എല്ല ജനങ്ങള്‍ക്കും കൊടുക്കുന്നതിനുള്ള സംരംഭങ്ങളെ, ഐ.ഡി 2020 പോലുള്ള പരിപാടികളെ, ബി.എം.ജി.എഫ് പിന്തുണയ്ക്കുന്നു. സാമ്പത്തിക സേവനങ്ങള്‍ ഏവര്‍ക്കും ലഭ്യമാക്കല്‍, വാക്സിന്‍ കവറേജ് ഉറപ്പുവരുത്തല്‍ ഇതൊക്കെ ആരോഗ്യ വിവരങ്ങളെ യുണീക്ക് ഐ.ഡിയുമായി ബന്ധപ്പെടുത്തി ലഭ്യമാക്കുന്ന പരിപാടിയാണ് ഇത്. പക്ഷേ, വ്യക്തികളെ നിരന്തര നിരീക്ഷണത്തിലൂടെ നിരീക്ഷണം വഴി നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പദ്ധതിയെന്നും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മനുഷ്യനെ പിന്തുടരാനും അവന്റെ സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കാനും ഹനിക്കാനും ഉപയോഗിക്കാമെന്ന് അവര്‍ ആരോപിക്കുന്നു. ഇത്തരം ആഖ്യാനങ്ങള്‍ കാരണം വലിയ തോതില്‍ പൊതുജനങ്ങളുടെ അവിശ്വാസത്തെ വിളിച്ചു വരുത്തിയിട്ടുണ്ട് പരിപാടി. പ്രത്യേകിച്ച് കോവിഡ് കാലത്ത് വാക്സിനേഷന്‍ ട്രാക്കു ചെയ്തതും ഡിജിറ്റല്‍ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കൊടുത്തതും ഒക്കെ ആള്‍ക്കാരെ ഭയപ്പെടുത്തുക പോലും ചെയ്തു.
ഡിജിറ്റല്‍ ഐ.ഡികളും നിരീക്ഷണത്തിനുള്ള പുത്തന്‍ സാങ്കേതിക വിദ്യകളും സര്‍ക്കാരുകളുടെ കൈയില്‍ ചെന്നു ചേരുന്നത് ഡിജിറ്റല്‍ സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കുമെന്ന് പ്രശസ്ത എഴുത്തുകാരന്‍ യുവല്‍ നോവാ ഹരീരീ പറഞ്ഞത് 2020-ലാണ്. 'സ്റ്റാലിനും ഹിറ്റ്ലറിനും സാധിക്കാത്തത്രയും സമഗ്രമായി സദാനേരവും വ്യക്തികളെ നിരീക്ഷിക്കാന്‍ പറ്റുന്ന തരത്തില്‍ സാങ്കേതിക വിദ്യ മാറി. കോവിഡ് എത്തിയപ്പോള്‍ ബയോമെട്രിക് സര്‍വസാധാരണമാക്കാന്‍ സംവിധാനങ്ങള്‍ക്കായി. മനുഷ്യശരീരത്തിന്റെ താപനില അളക്കുന്നതു പോലുള്ള വിദ്യകള്‍ വിപുലീകരിച്ച് അവന്റെ വൈകാരികനിലകള്‍ വരെ നിരീക്ഷിക്കാവുന്ന അവസ്ഥയെത്താം. അത് വ്യക്തികളുടെ ചിന്തകളിലും വികാരങ്ങളിലും വരെ രാഷ്ട്രത്തലവന്‍മാര്‍ക്ക് നിയന്ത്രണം നല്‍കിയേക്കാം.'
അമേരിക്കയില്‍ വലിയൊരു വിഭാഗം ജനങ്ങള്‍ ഭയപ്പെടുന്നത് ബില്‍ ഗേറ്റ്സിനെപ്പോലെ ചിലര്‍ ഒരു ഡിജിറ്റല്‍ സ്വേച്ഛാധിപത്യമുണ്ടാക്കി അവരുടെ ജീവിതങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു എന്നാണ്. ഡിജിറ്റല്‍ ഐ.ഡിയും നിരീക്ഷണത്തിനുള്ള പുത്തന്‍ സാങ്കേതിക വിദ്യകളും സര്‍ക്കാരിന്റെ കൈപ്പിടിയിലൊതുങ്ങുന്നത് മനുഷ്യന്റെ സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനും മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്തത്ര ഭീഷണി ഉയര്‍ത്തുന്നു. അപ്പോള്‍ ഈ അനിയന്ത്രിത അധികാരവും ഡേറ്റയും ഒരു സ്വകാര്യവ്യക്തിയിലോ, വ്യക്തികളിലോ കേന്ദ്രീകരിച്ചാല്‍ എന്താവും ഉണ്ടാവുക?
എന്തായാലും കോവിഡ് വന്നതോടെ ടെക്നോളജി സമ്രാട്ടില്‍ നിന്നും ആരോഗ്യരംഗത്തെ ധീരയോദ്ധാവായി മാറിയ കാരുണ്യത്തിന്റെ ആള്‍രൂപം എന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയിരിക്കുന്നു. ചോരക്കൊതിയനായ സാത്താനായി ഗേറ്റ്സിനെ ചിത്രീകരിക്കുകയാണ് ഒരു വിഭാഗം. എന്തു ഗൂഢാലോചനാ സിദ്ധാന്തവും വിശ്വസിക്കാവുന്ന അവസ്ഥയുണ്ടായതിന് ഗേറ്റ്സിന്റെ വ്യക്തിപരമായ സ്വഭാവവും ചെയ്തികളും കാരണമാണോ?
(അത് അടുത്ത ഭാഗത്തില്‍....)
Content Highlights: bill gates on vaccines and global health
Published: 20 Dec 2024, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented