കായണ്ണ പോലീസ് സ്റ്റേഷന്‍ അക്രമം കഴിഞ്ഞ് പോലീസ് പരക്കം പാഞ്ഞ് തോന്നിയവരെയൊക്കെ പിടിച്ചുകൊണ്ടുപോകുന്ന സമയം. കക്കയത്ത് ഇടിമുറിയിലിട്ട്, തീവ്രകമ്മ്യൂണിസ്റ്റുകളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് നേരെ പോലീസ് ഉരുട്ടും ചവിട്ടും തുടങ്ങിയകാലം. അന്ന്, പാതിയടഞ്ഞ കണ്ണുകളുമായി ചാത്തമംഗലം ആര്‍ഇസി എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലിന് പുറത്തുള്ള ഒഴിഞ്ഞപറമ്പിലെ കശുമാവില്‍ രണ്ടുമൃതദേഹങ്ങള്‍ മുഷിഞ്ഞ ലുങ്കിയില്‍ തൂങ്ങിനിന്നു. പേര് രാജനും ദേവകിയും. കട്ടാങ്ങല്‍ മലയമ്മ റോഡിലെ വലതുഭാഗത്തുള്ള പറമ്പില്‍ ഒരേ മരത്തിന്റെ രണ്ടുകൊമ്പുകളിലായി തൂങ്ങിനിന്ന രണ്ടുശരീരങ്ങള്‍. അത് കണ്ടവര്‍ക്കാര്‍ക്കും അവര്‍ സ്വയം ജീവന്‍ അവസാനിപ്പിച്ചതായി തോന്നിയില്ല. മുഖം നീരുവന്ന് വീര്‍ത്തതുപോലെ തോന്നിച്ചു.
ദേവകി ആര്‍.ഇ.സി. എന്‍ജിനീയറിങ് കോളേജില്‍ അടിച്ചുവാരാനും മറ്റും എത്തിയിരുന്ന സ്ത്രീയായിരുന്നു. അവരുടെ ഭര്‍ത്താവായിരുന്നു ടാപ്പിങ് തൊഴിലാളിയായ രാജന്‍. എന്‍ജിനീയിങ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന പി.രാജനെ പോലീസ് പിടിച്ചുകൊണ്ടുപോയി മൂന്നാമത്തെ ദിവസമാണ്, കോളേജ് ക്യാമ്പസിന് തൊട്ടടുത്തായി മറ്റൊരു രാജനും ദേവകിയും മരണത്തിന്റെ തണുപ്പേറ്റ് തൂങ്ങിനിന്നത്. പക്ഷേ, അടിയന്തരാവസ്ഥയ്ക്ക് അമ്പതാണ്ടാവുമ്പോഴും അന്നത്തെ മരണക്കണക്കിലൊന്നും രാജനും ദേവകിയുമില്ല. അവരെക്കുറിച്ച് പറയാന്‍ പിന്നീടും ആരും ഉണ്ടായില്ല.
കായണ്ണമുതല്‍ കക്കയംക്യാമ്പുവരെയുള്ള ദൂരമാണ് അടിയന്തരാവസ്ഥയുടെ ഭീതിദമായ അനുഭവങ്ങളുടേതായി കേരളത്തില്‍ ബാക്കിയിട്ടുള്ളത്. ഇതില്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ത്ഥിയായ പി.രാജന്റെ ജീവിതകഥ രക്തംകല്ലിച്ച് നീരുവന്നവീര്‍ത്തതിന്റെ നോവായി നമ്മളെ അലട്ടുന്നുമുണ്ട്. പക്ഷേ, അടിയന്തരാവസ്ഥയിലെ കഥയിലില്ലാത്ത കഥാപാത്രങ്ങളും ആരും തിരയാതെ പോയ രക്തസാക്ഷികളുമാണ് രാജനും ദേവകിയും.
അടിയന്തരാവസ്ഥക്കാലത്ത്, 1976 ഫിബ്രവരി 28നാണ് കായണ്ണ പോലീസ് സ്റ്റേഷന്‍ അക്രമിക്കപ്പെടുന്നത്. സ്റ്റേഷനിലേക്ക് വീണ് പൊട്ടിയ നാടന്‍ബോംബില്‍നിന്ന് കുറെ കടലാസ് ചീളുകള്‍ ചിതറിത്തെറിച്ചു. അതില്‍ ചിലത് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളുടെ നോട്ടുപുസ്തകത്തിലെ താളുകളാണെന്ന് പോലീസ് കണ്ടെത്തി. അക്രമിച്ചവര്‍ 'രാജാ ഓടിക്കോ' എന്നുപറഞ്ഞാണ് ഓടിയത് എന്നാണ് പുറത്തുവന്നവിവരം. ഈ രണ്ട് കാര്യങ്ങളാണ് ആര്‍ഇസി എന്‍ജിനീയറിങ് കോളേജിലേക്ക് പോലീസ് എത്താനിടയാക്കിയത്. സ്റ്റേഷന്‍ ആക്രമണത്തിന്റെ പിറ്റേന്ന് മുതല്‍ ആര്‍ഇസി പോലീസ് നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായി. ക്യാമ്പസിനുള്ളില്‍നിന്ന് ജോസഫ് ചാലിയെയും അശോക് കുമാര്‍ എടക്കണ്ടിയെയും പി.രാജനെയും പോലീസ് പിടിച്ചുകൊണ്ടുപോയി. പിന്നീട് രാജന്‍ കൊല്ലപ്പെടുന്നതും കക്കയം ക്യാമ്പിലെ പോലീസ് അതിക്രവുമെല്ലാം രേഖപ്പെടുത്തിയ ചരിത്രങ്ങളാണ്.
എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തിന് പിന്നാലെ ക്യാമ്പസ് മരവിച്ച അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ, അതിന് പിന്നാലെയുണ്ടായ രാജന്റെയും ദേവകിയുടെയും മരണം കോളേജ് ക്യാമ്പസില്‍ അടക്കിപ്പിടിച്ച സംസാരത്തിലൂടെയാണ് പടര്‍ന്നത്. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ മൃതദേഹം കാണാനെത്തി.' ആത്മഹത്യയാണെന്ന് തോന്നിക്കുന്നതായിരുന്നില്ല കണ്ട കാഴ്ച' എന്നാണ് അവരില്‍ ചിലര്‍ ഇന്നും പറയുന്നത്. പക്ഷേ, അതേക്കുറിച്ച് ആരും കോളേജില്‍ കൂടുതലായി സംസാരിച്ചില്ല. മൃതദേഹങ്ങള്‍ പോലീസ് മറവുചെയ്തു. പിന്നീട് അവരെക്കുറിച്ച് ആരും ഒന്നും അറിയില്ല. ഇതാണ് ഇന്നും അന്നത്തെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളായവരുടെ വാക്കുകള്‍.
രാജനും ജോസഫ് ചാലിയും അശോക് കുമാറും പിടിയിലായതിന് ശേഷവും ആര്‍ഇസിയില്‍ പോലീസ് തമ്പടിച്ചിരുന്നു. പോലീസ് നായ അഞ്ച് ഹോസ്റ്റലുകളിലും കയറിയിറങ്ങി. ഹോസ്റ്റലുകളില്‍ തുണിയലക്കാനും മറ്റും എത്തിയിരുന്നവര്‍ തങ്ങുന്ന സ്ഥലത്തും നായ മണംപിടിച്ചുനടന്നു. എന്തൊക്കെയോ പോലീസ് എടുത്തുകൊണ്ടുപോയി. ഇത്രയേ അന്ന് കോളേജിലുണ്ടായിരുന്നവര്‍ക്ക് അറിയുള്ളൂ. ബാക്കി കഥ, അന്ന് നക്സലേറ്റുകളോട് അടുപ്പം കാണിച്ച കമ്മ്യൂണിസ്റ്റുകാരില്‍നിന്നാണ് ലഭിച്ചത്.
ആര്‍ഇസിയിലെ വിദ്യാര്‍ത്ഥികളടങ്ങുന്ന തീവ്രകമ്മ്യൂണിസ്റ്റ് വിഭാഗം അന്ന് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്നു. അവര്‍ക്ക് ലഘുലേഖകള്‍ തയ്യാറാക്കുന്നതിനായി, കൈയ്യഴുത്ത് പ്രതി അതേരൂപത്തില്‍ പ്രിന്റ് ചെയ്യുന്ന മെഷീന്‍ (സൈക്ലോസ്റ്റൈല്‍) വാങ്ങി ചാത്തമംഗലം പന്ത്രണ്ടാം മൈലിലുള്ള ഒരുമുറിയില്‍വെച്ചു. ഈ മുറിയില്‍ ലക്ഷ്മണയും പുലിക്കോടനും ഒരുസംഘം പോലീസുകാര്‍ക്കൊപ്പം പൊടുന്നനെ പരിശോധനയ്ക്കെത്തി. തീവ്രകമ്മ്യൂണിസ്റ്റുകാരായ രണ്ടുപേര്‍ ആ മുറിയിലുണ്ടായിരുന്നു. പോലീസിനെ കണ്ട ഇരുവരും അവിടെനിന്ന് ഇറങ്ങി ഓടി. ഇവര്‍ ഓടിയ വഴിയിലെ ലൈന്‍മുറിയിലാണ് രാജനും ദേവകിയും താമസിച്ചിരുന്നത്. ഓടിയരണ്ടുപേരെയും പോലീസിന് പിടിക്കാനായില്ല. പക്ഷെ, ലൈന്‍മുറിയില്‍നിന്ന് രാജനെ പിടിച്ച് കുന്ദമംഗലം പോലീസ് കൊണ്ടുപോയി. പിന്നാലെ ദേവകിയേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
നെക്സലെറ്റുകള്‍ക്ക് അഭയവും ശരണവും നല്‍കുന്നത് തൊഴിലാളികളും കോളനിയില്‍ താമസിക്കുന്നവരുമെല്ലാമാണെന്ന ധാരണ പോലീസനുണ്ടായിരുന്നു. ഇത്തരം തൊഴിലാളികളിലും നക്സലെറ്റുകള്‍ ഉണ്ടെന്നും അവര്‍ വിശ്വസിച്ചു. ഇതുരണ്ടും രാജന് വിനയായി കാണണം. പിന്നെ 'രാജന്‍' എന്ന പേരും. കായണ്ണ പോലീസ് സ്റ്റേഷന്‍ അക്രമിച്ച യഥാര്‍ത്ഥ രാജനെ തേടുന്ന ഘട്ടമായിരുന്നു അത്. ഭാര്യ ദേവകി എന്‍ജിനീയിറങ് കോളേജിലെ സ്വീപ്പര്‍ ജോലിക്കാരിയാണെന്ന് കൂടി അറിഞ്ഞതോടെ, ഓടിമറഞ്ഞ തീവ്രകമ്മ്യൂണിസ്റ്റുകാരെ വിട്ട് തൊഴിലാളിയായ രാജനെ പോലീസ് കൊണ്ടുപോയി. പിന്നെ, രാജനെയും ദേവകിയെയും കശുമാവില്‍ തൂങ്ങിയാടുന്ന രണ്ടുശരീരങ്ങളായാണ് നാട്ടുകാര്‍ കണ്ടത്.
കൊല്ലം സ്വദേശികളായിരുന്നു അവര്‍. ചാത്തമംഗലത്ത് താമസമാക്കി തൊഴിലെടുക്കുന്നവര്‍. അവര്‍ക്ക് മക്കളില്ല. പ്രായമായ അമ്മ ഇവര്‍ക്കൊപ്പം ലൈമുറിയിലുണ്ടായിരുന്നു. ഇവരെപ്പോലെ കുറെപ്പേര്‍ അന്ന് ഇവിടങ്ങളില്‍ താമസിച്ചിരുന്നുവെന്ന് അന്ന് അറസ്റ്റിലാവര്‍ പറയുന്നു. രാജനും ദേവകിയും മരണപ്പെട്ടതിന് ശേഷം ബന്ധുക്കളാരെങ്കിലും അവരെത്തേടി വന്നതായി ആര്‍ക്കും ഓര്‍മ്മയില്ല. കക്കയം ക്യാമ്പിലേക്ക് പോലീസ് ആദ്യം എത്തിച്ച ഒരാള്‍ വേണു പൂവാട്ടുപറമ്പാണ്. ദേവകിയേയും രാജനെയും വേണുവിന് ഇന്നും ഓര്‍മ്മയുണ്ട്. പക്ഷേ, അവരുടെ മരണത്തിന് ശേഷം ആ അമ്മയ്ക്ക് എന്ത് സംഭവിച്ചുവെന്നത് വേണുവിനും അറിയില്ല.
എന്‍ജിനിറിങ് കോളേജ് വിദ്യാര്‍ത്ഥിയായ പി.രാജനെ പോലീസ് പിടിച്ചുകൊണ്ടുപോയതും പിന്നീട് കാണാതാവുന്നതും കോളേജ് പ്രിന്‍സിപ്പാളായിരുന്ന ഡോ. ബഹാവുദ്ദീന്റെ കത്തിലൂടെയാണ് പുറത്ത് അറിയുന്നത്. ആ കത്തിന് പിന്നാലെ രാജനെ അന്വേഷിച്ച് അച്ഛന്‍ ഈച്ചരവാര്യര്‍ നടത്തിയ യാത്രയാണ്, അടിയന്തരാവസ്ഥയുടെ ഇരുള്‍നിറഞ്ഞകാലമായി അടയാളപ്പെടുത്തിയത്. പക്ഷേ, ആ ഒഴിഞ്ഞപറമ്പില്‍ നിലച്ചുപോയ രണ്ടുജീവശ്വാസങ്ങള്‍ ഒരിക്കലും രണ്ടുപേരുകളായി പോലും ഉയര്‍ന്നുവന്നില്ല.
Content Highlights: mysterious deaths of Rajan & Devaki during India`s Emergency, linked to police crackdown on REC
Published: 25 Jun 2025, 03:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented