റിയാദ്: സൗദി അറേബ്യയിലെ ഏകീകൃത അടിയന്തര സേവന നമ്പറായ 911-ൽ ജൂലായ് മാസത്തിൽ ലഭിച്ചത് 27.33 ലക്ഷത്തിലധികം കോളുകൾ. നാഷണൽ സെന്റർ ഫോർ സെക്യൂരിറ്റി ഓപ്പറേഷൻസാണ് കണക്കുകൾ പുറത്തുവിട്ടത്.

To advertise here,

മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ഏകീകൃത സുരക്ഷാ ഓപ്പറേഷൻസ് കേന്ദ്രങ്ങളിൽ ജൂലായിൽ ആകെ 27,33,359 കോളുകളാണ് ലഭിച്ചത്. അടിയന്തര റിപ്പോർട്ടുകൾ സ്വീകരിച്ച് ആവശ്യമായ നടപടികൾക്കായി ബന്ധപ്പെട്ട സുരക്ഷാ, സേവന വിഭാഗങ്ങളിലേക്ക് വിവരങ്ങൾ കൈമാറുകയാണ് കേന്ദ്രങ്ങളുടെ പ്രധാന ചുമതല.

11,29,908 കോളുകളുമായി റിയാദ് ആണ് ഏറ്റവും കൂടുതൽ കോളുകൾ രേഖപ്പെടുത്തിയ മേഖല. മക്കയിൽ 8,47,929 കോളുകളും കിഴക്കൻ പ്രവിശ്യയിൽ 5,14,984 കോളുകളും ലഭിച്ചു. മദീനയിൽ 2,40,538 കോളുകളാണ് രേഖപ്പെടുത്തിയത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ അത്യാധുനിക ഓട്ടോമേറ്റഡ് സംവിധാനങ്ങൾക്കൊപ്പം വിവിധ ഭാഷകളിൽ സേവനം നൽകാൻ പരിശീലനം നേടിയ ജീവനക്കാരുമുണ്ട്. അടിയന്തര കോളുകൾ വേഗത്തിൽ സ്വീകരിച്ച് ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തി ആവശ്യമായ സേവനം ഉറപ്പാക്കുകയാണ് കേന്ദ്രങ്ങളുടെ ലക്ഷ്യം.