മൗലാന ഹസ്രത്ത് മോഹാനിയുടെ 75-ാം ചരമവാർഷിക വേളയിൽ, ഭരണഘടനാ നിർമ്മാണ സഭയിൽ അദ്ദേഹം നടത്തിയ ദീർഘവീക്ഷണമുള്ള ഇടപെടലുകളെ പുനർവായിക്കേണ്ടത് അനിവാര്യമാണ്. ഫെഡറലിസം, അധികാര വികേന്ദ്രീകരണം, ന്യൂനപക്ഷ സംരക്ഷണം, ഭരണകൂട അധികാര ദുർവിനിയോഗം എന്നിവയെക്കുറിച്ച് എട്ടു പതിറ്റാണ്ട് മുമ്പ് അദ്ദേഹം ഉയർത്തിയ ആശങ്കകൾ സമകാലിക ഇന്ത്യയിൽ അതിശക്തമായി പ്രതിധ്വനിക്കുന്നു.

To advertise here,

പരസ്പരവിരുദ്ധമെന്ന് തോന്നിക്കുന്ന വ്യക്തിത്വങ്ങളെ ഒരേപോലെ കൊണ്ടുനടന്ന അപൂർവ്വ പ്രതിഭയായിരുന്നു മൗലാന ഹസ്രത്ത് മോഹാനി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാൾ, മുസ്ലിം ലീഗ് അധ്യക്ഷൻ, അതേസമയം, 'ഹസ്രത്ത് കൃഷ്ണനെ' സ്തുതിച്ചുകൊണ്ട് കവിതകളെഴുതിയ ഉറച്ച കൃഷ്ണ ഭക്തൻ - ഇതൊക്കെയായിരുന്നു അദ്ദേഹം. മക്കയിലേക്കും മഥുരയിലെ വൃന്ദാവനത്തിലേക്കും അദ്ദേഹം ഒരുപോലെ തീർത്ഥാടനങ്ങൾ നടത്തി. വിപ്ലവത്തിന്റെ തീക്ഷ്ണതയേറിയ ഗദ്യവും പ്രണയത്തിന്റെ ആർദ്രതയലിഞ്ഞ കവിതയും ഒരേപോലെ അദ്ദേഹത്തിന്റെ തൂലികയിൽ വഴങ്ങിയിരുന്നു. ലോകപ്രശസ്തമായ 'ചുപ്കെ ചുപ്കെ രാത് ദിൻ' എന്ന ഗസൽ അദ്ദേഹത്തിന്റെ കാൽപ്പനികതയുടെ അടയാളമാണെങ്കിൽ, വിപ്ലവവീര്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രമേയമായിരുന്നു. കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ, അന്താരാഷ്ട്ര കമ്മ്യൂണിസത്തിന് പകരം ഒരു സ്വദേശി കമ്മ്യൂണിസത്തിനായാണ് അദ്ദേഹം വാദിച്ചത്.

ഭരണഘടനാ നിർമ്മാണ സഭയിൽ അദ്ദേഹം 'അടങ്ങിയിരിക്കാത്ത ഒരു പക്ഷി'യായിരുന്നു. കക്ഷിരാഷ്ട്രീയത്തിന്റെയോ ഇടുങ്ങിയ പ്രത്യയശാസ്ത്രങ്ങളുടെയോ ചട്ടക്കൂടുകളിൽ ഒതുങ്ങാത്ത, വിട്ടുവീഴ്ചയില്ലാത്ത വിയോജിപ്പുകാരനായിരുന്നു അദ്ദേഹം. തന്മൂലം, ഭരണഘടനയുടെ അന്തിമ കരടിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചു. ഭരണഘടന അമിതമായി കേന്ദ്രീകൃതമാണെന്നും ബ്രിട്ടീഷ് കോമൺവെൽത്തുമായുള്ള ബന്ധം തുടരുന്നത് പൂർണ്ണ സ്വാതന്ത്ര്യത്തിന് തടസ്സമാണെന്നും അദ്ദേഹം വിശ്വസിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അധികാരം നൽകുന്ന ഒരു സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക്കായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതിനാൽ, ഭരണഘടനാ ചരിത്രത്തിന്റെ അടിക്കുറിപ്പുകളിൽ പലപ്പോഴും അദ്ദേഹം ഒരു 'വിചിത്ര സ്വഭാവക്കാരൻ' എന്ന് മുദ്രകുത്തപ്പെട്ടു.

വിയോജിപ്പിന്റെ ഏകസ്വരം

രോഹിത് ഡെയും ഓർനിറ്റ് ഷാനിയും ചേർന്ന് എഴുതിയ Assembling India's Constitution: A New Democratic History (2025) എന്ന പുസ്തകത്തിൽ ഇങ്ങനെ കുറിക്കുന്നു: ''1949 നവംബറിൽ, ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾ ആവേശത്തോടെ അന്തിമ കരടിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 'നോ' (ഇല്ല) എന്ന് വിളിച്ചുപറഞ്ഞ ഏകശബ്ദം മൗലാന ഹസ്രത്ത് മോഹാനിയുടേതായിരുന്നു. രണ്ട് മാസത്തിന് ശേഷം, അംഗങ്ങൾ ഭരണഘടനയിൽ ഒപ്പിടാൻ നിരനിരയായി നിന്നപ്പോൾ, അതിന് വിസമ്മതിച്ച മൂന്ന് അംഗങ്ങളിൽ ഒരാളും അദ്ദേഹമായിരുന്നു (അകാലിദൾ പ്രതിനിധിയായ സർദാർ ഹുകും സിങ്‌, സോഷ്യലിസ്റ്റ് നേതാവ് സേഥ് ദാമോദർ സ്വരൂപ് എന്നിവരാണ് മറ്റു രണ്ടു പേര്). എന്നാൽ, അദ്ദേഹത്തിന്റെ പഠനമുറിയിലെ ചിതറിക്കിടക്കുന്ന ഫയലുകൾ തെളിയിക്കുന്നത് വെറുതെ എതിർക്കാൻ വേണ്ടി എതിർത്ത ഒരാളല്ല അദ്ദേഹം എന്നാണ്. മൂന്ന് വർഷത്തിലേറെക്കാലം അദ്ദേഹം ഭരണഘടനാ നിർമ്മാണ പ്രക്രിയയിൽ സജീവമായി ഏർപ്പെടുകയും, പലപ്പോഴും സഭയിലെ പരിഹാസങ്ങൾക്കിടയിലും ഗൗരവമേറിയ ഇടപെടലുകൾ നടത്തുകയും ചെയ്തു. ഭരണഘടന നിർമ്മിക്കേണ്ടത് യഥാർത്ഥ ജനപ്രതിനിധികളായിരിക്കണമെന്നും, അല്ലാതെ ഒരു വിഭാഗം പ്രമാണിമാർ മാത്രമാകരുതെന്നും മോഹാനി വിശ്വസിച്ചു.

രാഷ്ട്രീയ പ്രവേശനം

ഉത്തർപ്രദേശിലെ മോഹാൻ ഗ്രാമത്തിൽ സയ്യിദ് ഫസൽ ഉൾ ഹസൻ എന്ന പേരിൽ ജനിച്ച അദ്ദേഹം അലിഗഢിലെ എം.എ.ഒ. കോളേജിലാണ് പഠിച്ചത്. ബാലഗംഗാധര തിലകനാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് ആനയിച്ചത്. 'ഉറുദെ മൊഅല്ല' എന്ന വാരികയിലൂടെ അദ്ദേഹം തന്റെ വിപ്ലവ ചിന്തകൾ പ്രചരിപ്പിച്ചു. ഒരേസമയം കോൺഗ്രസിലും മുസ്ലിം ലീഗിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പ്രവർത്തിച്ച അദ്ദേഹം, ഭരണഘടനാ നിർമ്മാണ സഭയിലെ ആദ്യത്തെ ഔദ്യോഗിക പ്രതിപക്ഷമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാപക നേതാവുമായിരുന്നു.

എല്ലാ കാര്യങ്ങളിലും 'നേരത്തെ ഉണരുന്ന ഒരു പക്ഷി'യായിരുന്നു അദ്ദേഹം. 1917-ലെ ഖിലാഫത്ത് സമ്മേളനത്തിൽ ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും 1921-ലെ എ.ഐ.സി.സി സമ്മേളനത്തിൽ 'പൂർണ്ണ സ്വരാജ്' വേണമെന്നും അദ്ദേഹം ആദ്യമായി ആവശ്യപ്പെട്ടു. സോവിയറ്റ് യൂണിയന്റെ ഭരണഘടന അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. 1920-കളിൽ ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത് അദ്ദേഹം ഈ മാതൃക മഹാത്മ ഗാന്ധിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

യഥാർത്ഥ ഫെഡറൽ ഭരണഘടനയ്ക്കായി വാദിച്ച അദ്ദേഹം 1928-ലെ നെഹ്റു റിപ്പോർട്ടിനെ എതിർത്തു. 1940-ലെ പാകിസ്താൻ പ്രമേയത്തെ പിന്തുണച്ചെങ്കിലും, അദ്ദേഹത്തിന്റെ 'പാകിസ്താൻ' സങ്കല്പം ഇന്ത്യയ്ക്കുള്ളിലെ തന്നെ സ്വയംഭരണാധികാരമുള്ള ഒരു യൂണിറ്റായിരുന്നു. സോവിയറ്റ് യൂണിയനിലെ റിപ്പബ്ലിക്കുകളെപ്പോലെ, ഇന്ത്യയെ ഒരു കോൺഫെഡറേഷനായി അദ്ദേഹം വിഭാവനം ചെയ്തു. ജനസംഖ്യ നോക്കാതെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യപ്രാതിനിധ്യമുള്ള, ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന ഭരണാധികാരികളുള്ള ഒരു സംവിധാനമായിരുന്നു അത്. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം അന്ന് ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചില്ല.

അധികാര കേന്ദ്രീകരണത്തിനെതിരായ പോരാട്ടം

1946-ൽ ഉത്തർപ്രദേശിൽനിന്നാണ് അദ്ദേഹം ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, പരിമിതമായ വോട്ടവകാശത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഈ സഭയ്ക്ക് ഇന്ത്യയിലെ 15 ശതമാനം ജനങ്ങളുടെ മാത്രം പിന്തുണയേ ഉള്ളൂ എന്ന് അദ്ദേഹം വാദിച്ചു. അതിനാൽ തന്നെ ഇതിന്റെ നിയമസാധുതയെ അദ്ദേഹം ചോദ്യം ചെയ്തു (സോഷ്യലിസ്റ്റ് അംഗമായ സേഥ് ദാമോദർ സ്വരൂപ് ഭരണഘടനാ നിർമ്മാണ സഭ പിരിച്ചു വിട്ട് സാർവത്രിക വോട്ടവകാശത്തിന്റ്റെ അടിസ്ഥാനത്തിലുള്ള പുതിയൊരു സഭ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രമേയം തന്നെ കൊണ്ടു വരികയുണ്ടായി).

സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്നതിനായി അദ്ദേഹം ഉറച്ചുനിന്നു. കേന്ദ്രത്തിന് അമിതാധികാരം നൽകുന്നതിനെ അദ്ദേഹം എതിർത്തു. ഗവർണർ പദവി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ബാക്കിപത്രമാണെന്നും ഗവർണർമാരെ കേന്ദ്രം നാമനിർദ്ദേശം ചെയ്യുന്നതിന് പകരം ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രൊഫസർ കെ.ടി. ഷായെപ്പോലെ, ഗ്രാമപഞ്ചായത്തുകൾ ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ, മോഹാനിയുടെ ഗ്രാമസങ്കല്പം ഗാന്ധിയൻ മാതൃകയിലുള്ളതായിരുന്നില്ല. മറിച്ച് സോവിയറ്റ് ഗ്രാമമാതൃകയിലുള്ളതായിരുന്നു. സഭയിലെ പട്ടേൽ-നെഹ്റു-പ്രസാദ് ത്രയത്തിന്റെ അധീശത്വത്തെ അദ്ദേഹം ശക്തമായി എതിർത്തു.

മതനിരപേക്ഷ സന്യാസി

തന്റെ ഫെഡറൽ വാദങ്ങൾ വർഗീയമായ ചിന്തയിൽ നിന്നല്ല, മറിച്ച് സോഷ്യലിസ്റ്റ് ബോധ്യത്തിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡെയും ഷാനിയും എഴുതുന്നു: ''ഒരു സോഷ്യലിസ്റ്റും കവിയും ലളിതജീവിതം നയിക്കുന്ന ഒരു പണ്ഡിതനുമായ മോഹാനി, മുസ്ലിം ലീഗ് പ്രതിനിധികൾക്കിടയിൽ വേറിട്ടുനിന്നു. ലീഗിലെ ഭൂരിഭാഗം പേരും സമ്പന്നരായ ഭൂപ്രഭുക്കളും അഭിഭാഷകരും യാഥാസ്ഥിതിക ഉലമകളുമായിരുന്നു. എന്നാൽ, മുസ്ലിം ലീഗ് അംഗങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഒട്ടേറെ തവണ ജയിൽവാസം അനുഭവിച്ച ഏക വ്യക്തി മോഹാനിയായിരുന്നു.''

ജിന്നയെപ്പോലുള്ള ലീഗ് നേതാക്കളുമായി അദ്ദേഹം നിരന്തരം കലഹിച്ചു. വിഭജനത്തിന് ശേഷം ഇന്ത്യയിൽ തുടർന്ന അദ്ദേഹം, മുസ്ലിംകൾ വർഗീയമായി സംഘടിക്കരുതെന്നും സോഷ്യലിസ്റ്റ് പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കണമെന്നും ആഗ്രഹിച്ചു. ഡൽഹിയിൽ കലാപം കൊടുമ്പിരിക്കൊണ്ട കാലത്ത് പോലും യാതൊരു സുരക്ഷയുമില്ലാതെ ഒരു ചെറിയ പള്ളിയിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

ഭീതികളുടെ പ്രസക്തി

വിഭജനാനന്തര അക്രമങ്ങളിൽ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. വിഭജനം ഇന്ത്യൻ മുസ്ലിംകളെ നിരാലംബരാക്കി എന്ന് അദ്ദേഹം വിലപിച്ചു. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക സംരക്ഷണം നൽകുന്നതിനേക്കാൾ, എല്ലാവർക്കും തുല്യമായ പൗരാവകാശങ്ങൾ നൽകുന്ന ഭരണഘടനയാണ് അദ്ദേഹം ആഗ്രഹിച്ചത്. ഭരണകൂടം രാഷ്ട്രീയ എതിരാളികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ അധികാരം ദുർവിനിയോഗം ചെയ്യുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനാൽതന്നെ കരുതൽ തടങ്കൽ നിയമങ്ങളെ അദ്ദേഹം നഖശിഖാന്തം എതിർത്തു. ബ്രിട്ടീഷ് കാലത്തെ ആയുധ നിയമം (Arms Act) കോൺഗ്രസ് സർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യത്തിന് പിന്നാലെ സർദാർ പട്ടേൽ അവതരിപ്പിച്ച ന്യൂനപക്ഷ അവകാശ റിപ്പോർട്ടിൽ ആദ്യം നിയമസഭകളിൽ ന്യൂനപക്ഷങ്ങൾക്ക് സംവരണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കപ്പെട്ടു. ഭൂതകാലത്തെ കയ്‌പ്പേറിയ ഓർമ്മകൾ മറന്ന് പുതിയൊരു തുടക്കം കുറിക്കാമെന്ന് പട്ടേൽ പ്രത്യാശിച്ചെങ്കിലും, സമകാലിക ഇന്ത്യയിൽ ആ സ്വപ്നങ്ങൾ പലപ്പോഴും തകരുന്നത് നാം കാണുന്നു. സൽമാൻ ഖുർഷിദ് തന്റെ Visible Muslim, Invisible Citizen എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നത് പോലെ, ഇന്ത്യയുടെ ജനാധിപത്യത്തിന് മുസ്ലിം പൗരന്മാർ നൽകിയ സംഭാവനകൾ പലപ്പോഴും അവരുടെ മതപരമായ സ്വത്വത്തിന്റെ പേരിൽ വിസ്മരിക്കപ്പെടുന്നു.

ഹസ്രത്ത് മോഹാനി എട്ടു പതിറ്റാണ്ട് മുമ്പ് പ്രകടിപ്പിച്ച ആശങ്കകൾ-ഫെഡറലിസം, ന്യൂനപക്ഷ അവകാശങ്ങൾ, അധികാര കേന്ദ്രീകരണം എന്നിവയെക്കുറിച്ചുള്ളവ- ഇന്നും പ്രസക്തമായി തുടരുന്നു. അതിനാൽതന്നെ മൗലാന ഹസ്രത്ത് മോഹാനി വെറുമൊരു ചരിത്രപുരുഷനല്ലെന്നും, മറിച്ച് ഇന്ത്യൻ ഭരണഘടനാ ചരിത്രത്തിലെ ഒരിക്കലും മരിക്കാത്ത ഒരു പ്രവാചക തുല്യമായ ശബ്ദമാണെന്നും നാം മനസ്സിലാക്കുന്നു.

 

(കേരള സർക്കാർ നിയമവകുപ്പിൽ ഡെപ്യൂട്ടി ലോ സെക്രട്ടറിയാണ് ലേഖകൻ. ലേഖനത്തിലെ അഭിപ്രായങ്ങൾ വ്യക്തിപരമാണ്.)