കോടിക്കണക്കിന് ആളുകളാണ് 'ലോജിക്കൽ ഡിസ്ക്രപൻസി'യുടെ പേരിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായത്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും പൗരാവകാശ സംഘടനകളും രംഗത്തെത്തിയതോടെ, രാജ്യം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് വോട്ടർപട്ടികയുടെ സമഗ്ര പുനഃപരിശോധന. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആഭ്യന്തര സോഫ്റ്റ്‌വെയറായ ഇറോനെറ്റും (ERONet), വോട്ടർമാരെ കൂട്ടത്തോടെ പുറത്താക്കാൻ ഉപയോഗിച്ച 'ലോജിക്കൽ ഡിസ്ക്രപൻസി' (Logical Discrepancy) എന്ന സാങ്കേതിക മാനദണ്ഡവുമാണ് ഇപ്പോൾ രാഷ്ട്രീയ കൊടുങ്കാറ്റുയർത്തിയിരിക്കുന്നത്.
എന്താണ് ഇറോനെറ്റ്?
രാജ്യത്തെ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും വിവരങ്ങൾ തിരുത്തുന്നതിനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ 2017–18 കാലഘട്ടത്തിൽ നടപ്പിലാക്കിയ ഡിജിറ്റൽ സംവിധാനമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസേഴ്സ് നെറ്റ്‌വർക്ക് അഥവാ ഇറോനെറ്റ്. തുടർന്ന്, 2026 ജനുവരിയിൽ കമ്മിഷന്റെ നാൽപ്പതിലേറെ പോർട്ടലുകളെയും ആപ്പുകളെയും ഒരൊറ്റ കുടക്കീഴിലാക്കി 'ഇസിഐനെറ്റ്' (ECINET) എന്ന വിപുലമായ പ്ലാറ്റ്‌ഫോമിന്റെ ഭാഗമായി ഇറോനെറ്റിനെ മാറ്റി.
ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) വികസിപ്പിച്ചെടുത്ത ഈ സംവിധാനം വോട്ടർമാരുടെ ഇരട്ടിപ്പ് ഒഴിവാക്കി പട്ടിക കൂടുതൽ സുതാര്യമാക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എന്നാൽ, വോട്ടർമാരെ ചേർക്കാനും ഒഴിവാക്കാനും നിയമപരമായ അധികാരമുള്ള പ്രാദേശിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ (ERO) ചുമതലകളെ കവർന്നെടുത്ത്, ഡൽഹിയിലെ കേന്ദ്രീകൃത സെർവറുകളുടെ നിയന്ത്രണത്തിലേക്ക് മാറ്റിയതാണ് ഈ സോഫ്റ്റ്‌വെയറിനെതിരെയുള്ള പ്രധാന ആക്ഷേപം.
എന്താണ് 'ലോജിക്കൽ ഡിസ്ക്രപൻസി'?
വോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവെച്ച ഒരു സാങ്കേതിക പരിശോധനാ മാനദണ്ഡമാണിത്. നിലവിലെ വോട്ടർ രേഖകളും പഴയ ഡാറ്റാബേസുകളും തമ്മിൽ സോഫ്റ്റ്‌വെയർ ഒത്തുനോക്കുമ്പോൾ കണ്ടെത്തുന്ന പൊരുത്തക്കേടുകളെയാണ് ഇതിൽ പെടുത്തിയത്:
വോട്ടറുടെയോ മാതാപിതാക്കളുടെയോ പേരുകളിലെ അക്ഷരത്തെറ്റുകൾ, മാതാപിതാക്കളും മക്കളും തമ്മിലുള്ള പ്രായവ്യത്യാസത്തിലെ പൊരുത്തക്കേടുകൾ, പ്രാദേശിക ഭാഷാ രേഖകളിൽനിന്നുള്ള വിവർത്തനപ്പിഴവുകൾ എന്നിവയെല്ലാം ഇറോനെറ്റ് അപാകതകളായി അടയാളപ്പെടുത്തി. എന്നാൽ, നിയമപരമായ യാതൊരു സാധുതയുമില്ലാതെയാണ് ഇത്തരമൊരു വിഭാഗം സൃഷ്ടിച്ചതെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ജനപ്രാതിനിധ്യ നിയമത്തിലോ ഇലക്ടർ രജിസ്ട്രേഷൻ ചട്ടങ്ങളിലോ ഇല്ലാത്ത ഇത്തരം നിബന്ധനകൾ ലക്ഷക്കണക്കിന് പൗരന്മാരെയാണ് അകാരണമായി സംശയത്തിന്റെ നിഴലിലാക്കിയത്.
പട്ടികയിൽനിന്നു പുറത്തായ പൗരന്മാർ
പശ്ചിമ ബംഗാളിൽ മാത്രം 1.36 കോടി വോട്ടർമാർക്കാണ് 'ലോജിക്കൽ ഡിസ്ക്രപൻസി'യുടെ പേരിൽ നോട്ടീസ് ലഭിച്ചത്. ഇതിനു പിന്നാലെ 27 ലക്ഷത്തിലേറെ വോട്ടർമാർ പട്ടികയിൽനിന്നു പുറത്തായി. ബംഗാളി ഭാഷയിലുള്ള പേരുകൾ ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോൾ വന്ന അക്ഷരവ്യത്യാസം പോലും വോട്ടർമാരെ വെട്ടിനിരത്താനുള്ള കാരണമായി മാറി.
ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലായി 1.76 കോടി വോട്ടർമാർക്കാണ് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചത്. തെലുങ്കിൽനിന്നു പേരുകൾ ഇംഗ്ലീഷിലേക്ക് മാറ്റിയപ്പോഴുള്ള സ്വാഭാവിക അക്ഷരത്തെറ്റുകൾ കാരണം ഹൈദരാബാദിലെ ഒരു ബൂത്തിൽ മാത്രം നൂറുകണക്കിനാളുകൾക്ക് നോട്ടീസ് കിട്ടി. ബെംഗളൂരുവിലും ഉഡുപ്പിയിലും മാതാപിതാക്കളും മക്കളും തമ്മിൽ 25-ലേറെ വയസ്സിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും സോഫ്റ്റ്‌വെയറിന്റെ പിഴവുമൂലം നോട്ടീസ് അയച്ചു.
ഗോവയിലാകട്ടെ, ലോജിക്കൽ ഡിസ്ക്രപൻസി ആരോപിക്കപ്പെട്ട 97 പേർ കൃത്യമായ രേഖകൾ ഹാജരാക്കി അർഹരാണെന്ന് പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസർമാർ കണ്ടെത്തിയിരുന്നു. എന്നാൽ, ഈ വോട്ടർമാരെ തിരികെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള 'റോൾബാക്ക്' സാങ്കേതിക സൗകര്യം ഇറോനെറ്റ് സോഫ്റ്റ്‌വെയറിൽ നൽകിയിരുന്നില്ല. ഫലത്തിൽ, നിയമപരമായി അർഹതയുണ്ടായിട്ടും ഈ 97 പേരും വോട്ടർപട്ടികയ്ക്ക് പുറത്തായി.
കമ്മിഷനിലെ ആഭ്യന്തര ഭിന്നത
തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും ഡോ. വിവേക് ജോഷിയും കഴിഞ്ഞ പത്തു മാസത്തിനിടെ കമ്മിഷന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ 14 തവണയാണ് ഔദ്യോഗികമായി വിയോജിപ്പ് രേഖപ്പെടുത്തിയത്.
പ്രാദേശികമായി വോട്ടർപട്ടികയുടെ മേൽനോട്ട ചുമതലയുള്ള ഇ.ആർ.ഒമാർക്ക് സോഫ്റ്റ്‌വെയറിലുള്ള ലോഗിൻ സൗകര്യങ്ങൾ പരിമിതപ്പെടുത്തുകയും പൂർണ്ണ നിയന്ത്രണം ഡൽഹിയിലേക്ക് കേന്ദ്രീകരിക്കുകയും ചെയ്തതിനെ ഇരുവരും ശക്തമായി എതിർത്തു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐ.ടി. ഡയറക്ടർ ജനറൽ ഡോ. സീമ ഖന്നയ്ക്ക് ഇ.ആർ.ഒമാരുടെ പ്രവർത്തനസ്വാതന്ത്ര്യം പരിമിതപ്പെടുത്താൻ എന്ത് അധികാരമാണുള്ളതെന്ന് കമ്മിഷണർ സുഖ്ബീർ സിങ് സന്ധു രേഖാമൂലം തന്നെ ചോദിച്ചു.
ഗ്യാനേഷ് കുമാറിനെതിരായ മുറവിളി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ അസാധാരണ നടപടികളെല്ലാം നടന്നതെന്നതാണ് പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നത് മുഖ്യ കമ്മിഷണറും മറ്റ് രണ്ട് കമ്മിഷണർമാരും ചേർന്നുള്ള കൂട്ടായ സംവിധാനമാണെന്ന് ഭരണഘടനയുടെ 324-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്. എന്നാൽ, സഹപ്രവർത്തകരായ രണ്ട് കമ്മിഷണർമാരുടെ ആവർത്തിച്ചുള്ള വിയോജിപ്പുകളെയും പരാതികളെയും അവഗണിച്ച് ഏകപക്ഷീയമായി മുന്നോട്ടുപോയത് ഭരണഘടനാ സ്ഥാപനത്തിന്റെ നിഷ്പക്ഷതയെ തകർത്തുവെന്നാണ് പ്രതിപക്ഷ പാർട്ടികളുടെയും വിദഗ്ദ്ധരുടെയും വിമർശനം.
Content Highlights: How the Election Commission's ERONet software used 'logical discrepancy' parameters—like spelling errors and age gaps—to flag millions of voters and bypass local registration officers? Detailed explanation is here
Published: 25 Sept 2026, 09:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented