പടിഞ്ഞാറൻ ഏഷ്യയിൽനിന്നാണ് ഇന്ത്യയിലേക്ക് കൃഷി കടന്നുവന്നതെന്ന് ഒരുകാലത്ത് ചരിത്രകാരൻമാർ കരുതിയിരുന്നു. എന്നാൽ, പുരാവസ്തുഗവേഷണങ്ങൾ ഈ കാഴ്ചപ്പാടിൽ മാറ്റംവരുത്തി. ഗോതമ്പ്, ബാർലി തുടങ്ങിയ ചില വിളകളും കൃഷിരീതികളും പടിഞ്ഞാറൻ ഏഷ്യയിൽനിന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെത്തിയെങ്കിലും നെൽക്കൃഷിയുൾപ്പെടെ ചില വിളകളുടെ കൃഷിയും കൃഷിരീതികളും ഇന്ത്യയിൽത്തന്നെ പ്രാദേശികമായി വികസിച്ചുവെന്നാണ് ഇന്ന് ലഭ്യമായ തെളിവുകൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം പടിഞ്ഞാറൻ ഏഷ്യയിലെ കാർഷികസമൂഹങ്ങളുമായി കൃഷിയറിവിന്റെയും വിളകളുടെയും പരസ്പരകൈമാറ്റവും നടന്നിരുന്നു. ഇന്ത്യയിലെ കൃഷിയുടെ പ്രാരംഭഘട്ടം മനസ്സിലാക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന പുരാവസ്തുകേന്ദ്രങ്ങളെ പരിചയപ്പെടാം.
മെഹർഗഢ്: ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്താനിൽ ബോളൻ പാസിന് സമീപമാണ് മെഹർഗഢ് സ്ഥിതിചെയ്യുന്നത്. പുരാതനകാലത്ത് ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു.
ഏകദേശം ബി.സി.ഇ. 7000 മുതൽ ഇവിടെ മനുഷ്യർ സ്ഥിരതാമസമാരംഭിച്ചതായി പുരാവസ്തുഗവേഷണങ്ങൾ തെളിയിക്കുന്നു. 1974-ൽ ആരംഭിച്ച പുരാവസ്തുഖനനങ്ങളിൽ, കരിഞ്ഞ ഗോതമ്പ്, ബാർലി വിത്തുകൾ, ധാന്യസംഭരണശാലകളുടെ അവശിഷ്ടങ്ങൾ, ധാന്യം അരയ്ക്കാൻ ഉപയോഗിച്ച അരകല്ലുകൾ എന്നിവ കണ്ടെത്തി. പശു, കാള, ആട്, ചെമ്മരിയാട് എന്നിവയെ വളർത്തിയിരുന്നതിന്റെ തെളിവുകളും ഇവിടെനിന്ന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ കാർഷിക-മൃഗസംരക്ഷണ സമൂഹങ്ങളിലൊന്നായി മെഹർഗഢിനെ കണക്കാക്കുന്നു.
ലഹുറാദേവ: ലഹുറാദേവ ഉത്തർപ്രദേശിലെ സന്ത്കബീർനഗർ ജില്ലയിലുള്ള പ്രധാന നവീനശിലായുഗ പുരാവസ്തുകേന്ദ്രമാണ്. ഇവിടെ നടന്ന ഖനനങ്ങളിൽനിന്ന് കരിഞ്ഞ നെൽവിത്തുകൾ, നെല്ലിന്റെ ഫൈറ്റോലിത്തുകൾ (സസ്യകോശങ്ങളിൽ രൂപപ്പെടുന്ന സൂക്ഷ്മ സിലിക്കാകണങ്ങൾ), മൺപാത്രങ്ങളുടെ അവശിഷ്ടങ്ങൾ, കല്ലുപകരണങ്ങൾ, അടുപ്പുകൾ, വീടുകളുടെ അടിത്തറകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രാചീന നെൽക്കൃഷിയുടെ തെളിവുകൾ ലഭിച്ച സ്ഥലങ്ങളിലൊന്നായി ലഹുറാദേവയെ കണക്കാക്കുന്നു. ഇവിടെ താമസിച്ചിരുന്നവർ കാട്ടുനെല്ല് ഉപയോഗിച്ചിരുന്ന സമൂഹങ്ങളിൽനിന്ന് ക്രമേണ നെൽക്കൃഷിയധിഷ്ഠിത ജീവിതത്തിലേക്ക് മാറിയിരിക്കാമെന്നാണ് പുരാവസ്തുശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
കോൾഡിഹ്വ: ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലുള്ള പ്രധാന നവീനശിലായുഗ പുരാവസ്തുകേന്ദ്രമാണ് കോൾഡിഹ്വ. ഗംഗാസമതലത്തിലെ പ്രാരംഭ കർഷകസമൂഹങ്ങളെക്കുറിച്ച് ഈ കേന്ദ്രം വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. ഇവിടെ നടത്തിയ ഖനനങ്ങളിൽ നെല്ലിന്റെ അവശിഷ്ടങ്ങൾ, കന്നുകാലികളുടെയും മറ്റ് മൃഗങ്ങളുടെയും അസ്ഥികൾ, കന്മഴുകൾ, അരകല്ലുകൾ, മൺപാത്രങ്ങൾ, അടുപ്പുകളുടെ അവശിഷ്ടങ്ങൾ, വീടുകളുടെ അടിത്തറകൾ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഈ തെളിവുകളെ അടിസ്ഥാനമാക്കി, മനുഷ്യർ ഇവിടെ സ്ഥിരതാമസമാക്കി കൃഷിയും മൃഗസംരക്ഷണവും ഒരുമിച്ച് നടത്തിയിരുന്നുവെന്നും ധാന്യം പൊടിച്ച് ഭക്ഷണം തയ്യാറാക്കിയിരുന്നുവെന്നും കരുതപ്പെടുന്നു.
ഹരിയാണയിലെ ഭിരാന, ഉത്തർപ്രദേശിലെ മഹാഗാര, ബിഹാറിലെ ചിരാന്ദ്, ശ്രീനഗറിന് സമീപമുള്ള ബുർസാഹോം എന്നിവയും ഇന്ത്യയിലെ പ്രാരംഭ കാർഷികചരിത്രത്തെ മനസ്സിലാക്കാൻ സഹായിക്കുന്ന പ്രധാന പുരാവസ്തുകേന്ദ്രങ്ങളാണ്.
കൃഷി വന്ന വഴി: പടിഞ്ഞാറൻ ഏഷ്യയിൽ കൃഷിചെയ്തിരുന്ന ഗോതമ്പും ബാർലിയും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്താൻ, സിന്ധ് തുടങ്ങിയ പ്രദേശങ്ങളിലും വളരെ നേരത്തേ കൃഷിചെയ്തിരുന്നുവെന്നാണ് പുരാവസ്തുഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അതോടൊപ്പം, പശു, ആട്, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വളർത്തലും ഈ മേഖലയിലെ പ്രാരംഭ കാർഷികജീവിതത്തിന്റെ പ്രധാനഭാഗമായിരുന്നു. ഗംഗാസമതലത്തിൽ നെൽക്കൃഷി പ്രാധാന്യം നേടി. അതേസമയം, മധ്യ-ദക്ഷിണ ഇന്ത്യയിൽ വിവിധ ചെറുധാന്യങ്ങളുടെയും പയർവിളകളുടെയും കൃഷി വികസിച്ചു. ഈ വ്യത്യസ്ത കാർഷികപാരമ്പര്യങ്ങളുടെ സംയോജനമാണ് പിന്നീട് ഇന്ത്യയുടെ സമ്പന്നമായ കാർഷികസംസ്‌കാരത്തിന് അടിത്തറയായത്.
Content Highlights: Indian agriculture developed both independently with indigenous crops like rice and through cultural exchange with West Asia.
Published: 11 Aug 2026, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented