രണനിർവഹണ മികവിന്റെയും നയതന്ത്ര വൈദഗ്ധ്യത്തിന്റെയും ‘വിശ്വസ്തതയുടേയും’ ഫലമായിരുന്നു ഐ.എ.എസ്. ഉദ്യോഗസ്ഥനിൽനിന്ന് രാജ്യത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ പദവിയിലേക്കുള്ള ഗ്യാനേഷ് കുമാറിന്റെ വളർച്ച. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലും രാമക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ചതും അടക്കം കേന്ദ്രത്തിന്റെ നിർണായക റോളിൽ തിളങ്ങുമ്പോഴാണ്‌ 2025 ഫെബ്രുവരിയിൽ ഇന്ത്യയുടെ 26-ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റെടുത്തത്. എന്നാൽ, പദവിയിൽ പത്തൊൻപത് മാസങ്ങൾ പിന്നിടുമ്പോൾ കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളി ഘട്ടത്തിലാണ് അദ്ദേഹമുള്ളത്.

To advertise here,

കേന്ദ്ര സർക്കാരിന്റെ നിർണായക തീരുമാനങ്ങൾക്ക് പിന്നിലും മുന്നിലും ഒരുപോലെയുണ്ടായിരുന്ന ഗ്യാനേഷ്‌കുമാറിനെ ഇന്ന് വേട്ടയാടുന്നത് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടികളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ്. വോട്ടർപട്ടിക പരിഷ്‌കരണത്തിൽ മൂന്നംഗ കമ്മീഷനിലെ മറ്റ് രണ്ടുപേരുടേയും നിർദേശങ്ങൾ മുഖവിലയ്‌ക്കെടുത്തില്ലെന്നതാണ് ആരോപണം. ഇതോടെ 30 സംസ്ഥാനങ്ങളിലായി 13 കോടിയോളം പേരുകൾ കരട് വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റിയ എസ്.ഐ.ആർ നടപടിയുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്.

മോദിയുടേയും ഷായുടെയും വിശ്വസ്തൻ, നിർണായകമായി ആർട്ടിക്കിൾ 370, രാമക്ഷേത്ര ട്രസ്റ്റ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിന് മുൻപ് കേന്ദ്ര സർക്കാരിന്റെ തന്ത്രപ്രധാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതിലൂടെയാണ് ഗ്യാനേഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായി മാറിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ആർട്ടിക്കിൾ 370 റദ്ദാക്കലിലും ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിന്റെ ചട്ടക്കൂട് തയ്യാറാക്കുന്നതിലും സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം.

ബുർഹാൻ വാനിയുടെ വധത്തെത്തുടർന്ന് കശ്മീർ താഴ്‌വരയിലുണ്ടായ സംഘർഷങ്ങൾ കൈകാര്യംചെയ്തതോടെ അദ്ദേഹം പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും പ്രിയങ്കരനായി മാറി. ആഭ്യന്തര മന്ത്രാലയത്തിലെ കശ്മീർ ഡിവിഷൻ ജോയിന്റ് സെക്രട്ടറിയായും പിന്നീട് അഡീഷണൽ സെക്രട്ടറിയായും പ്രവർത്തിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ.

അയോധ്യ തർക്കത്തിലെ സുപ്രീം കോടതി വിധിക്ക് ശേഷം 'ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്' രൂപീകരിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധിയായി അദ്ദേഹം പ്രവർത്തിച്ചു. എൻഡിഎയുടെ പ്രധാന രാഷ്ട്രീയ ലക്ഷ്യങ്ങളിലൊന്നായ രാമക്ഷേത്ര പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അദ്ദേഹത്തെ പ്രധാനമന്ത്രിയുമായി കൂടുതൽ അടുപ്പിച്ചു.

2021-ൽ പുതുതായി രൂപവത്കരിച്ച സഹകരണ വകുപ്പിന്റെ ചുമതല അമിത് ഷാ ഏറ്റെടുത്തപ്പോൾ ഗ്യാനേഷ് കുമാറിനെയാണ് മന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചത്. രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ള ഈ പുതിയ വകുപ്പിന്റെ ഭരണസംവിധാനം കെട്ടിപ്പടുക്കാനുള്ള ചുമതല മോദി-ഷാ കൂട്ടുകെട്ട് വിശ്വസിച്ചേൽപ്പച്ചതും അദ്ദേഹത്തെ തന്നെ. പുതിയ മന്ത്രാലയത്തിന്റെ സ്ഥാപനപരമായ അടിത്തറ പാകുന്നതിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം 2024 ജനുവരിയിലാണ് സർവീസിൽനിന്ന് വിരമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ഉയർന്ന മുൻഗണനയുള്ള പദ്ധതികൾ കൃത്യമായി പൂർത്തിയാക്കിയതിലൂടെ ലഭിച്ച സ്വാധീനവും വിശ്വാസ്യതയുമാണ് 2024-ൽ അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായും തുടർന്ന് 2025-ൽ ചീഫ് ഇലക്ഷൻ കമ്മീഷണറായും നിയമിക്കുന്നതിലേക്ക് നയിച്ചത്.

കേരളത്തിലും മികവ് തെളിയിച്ചു

1988 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. പ്രൊഫഷണൽ വിദ്യാഭ്യാസ മികവിൽ മുൻപന്തിയിലുള്ള അദ്ദേഹം കാൺപൂർ ഐ.ഐ.ടി.യിൽനിന്ന് സിവിൽ എഞ്ചിനീയറിങ്ങിലും ഹൈദരാബാദിലെ ഐ.സി.എഫ്.എ.ഐ.യിൽനിന്ന് ബിസിനസ് ഫിനാൻസിലും ബിരുദം നേടിയിട്ടുണ്ട്. കൂടാതെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എൻവയോൺമെന്റൽ ഇക്കണോമിക്സിലും ഉന്നതപഠനം പൂർത്തിയാക്കി. കേരള സർവീസിൽ ഭരണപരമായ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് നിയോഗിക്കപ്പെടുന്നത്.

2025 ഫെബ്രുവരി 19-നാണ് അദ്ദേഹം ഇന്ത്യയുടെ 26-ാമത് ചീഫ് ഇലക്ഷൻ കമ്മീഷണറായി ചുമതലയേൽക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിയമനം തുടക്കം മുതലേ പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനത്തിന് ഇരയായി. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ട് 2023-ൽ കൊണ്ടുവന്ന പുതിയ നിയമപ്രകാരം നിയമിക്കപ്പെട്ട ആദ്യത്തെ സി.ഇ.സി.യാണ് അദ്ദേഹം. ഇത് കമ്മീഷന്റെ സ്വയംഭരണാധികാരത്തെ ബാധിക്കുമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഈ നിയമന പാനൽ നിയമത്തിനെതിരെ നൽകിയ ഹർജികളിൽ വിധി വരുന്നതുവരെ നിയമനം നീട്ടിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

എസ്.ഐ.ആറും വിവാദങ്ങളും

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ ഗ്യാനേഷ് കുമാറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് തീവ്രവോട്ടർ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധു, വിവേക് ജോഷി എന്നിവരുടെ വിയോജിപ്പുകൾ അവഗണിച്ച് തീരുമാനങ്ങൾ എടുത്തു എന്ന ആക്ഷേപമാണുള്ളത്. കഴിഞ്ഞ 10 മാസത്തിനിടെ ഏകദേശം പതിനാലോളം ഘട്ടങ്ങളിലായി മറ്റ് കമ്മീഷണർമാരുടെ അറിവോ സമ്മതമോ ഇല്ലാതെ ഉത്തരവുകൾ പുറപ്പെടുവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഈ വെളിപ്പെടുത്തൽ രാഷ്ട്രീയവൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിക്കുമ്പോൾ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറും കേന്ദ്രസർക്കാരും പ്രതിരോധത്തിലാണ്.

എസ്.ഐ.ആറിലെ വിവാദ തീരുമാനങ്ങളും പുതിയ വോട്ടർമാർക്കുള്ള ഫോം ആറിലെ നിബന്ധനകളുമാണ് പ്രധാനമായും എതിർക്കപ്പെട്ടത്. എല്ലാ അധികാരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷനിൽ കേന്ദ്രീകരിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരെ അപ്രസക്തരാക്കുന്നതിനോടും രണ്ടംഗങ്ങളും വിയോജിച്ചിരുന്നതായി ഒരു ദേശീയദിനപത്രം പുറത്തുവിട്ട വിവരങ്ങളിലുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ വിവരങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്. വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും ഐകകണ്‌ഠ്യേനയാണ് വോട്ടർപട്ടിക പരിഷ്‌കരണത്തിനുള്ള തീരുമാനങ്ങളെല്ലാം കൈക്കൊണ്ടതെന്നും കമ്മിഷൻ അറിയിച്ചു.

തിരഞ്ഞെടുപ്പുകമ്മിഷനിലെ ഭിന്നിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ പദവിയിൽ തുടരാൻ ഗ്യാനേഷ് കുമാറിന് അവകാശമില്ലെന്നാണ് പ്രതിപക്ഷ നിലപാട്. വോട്ടുമോഷണത്തിന്റെ ആസൂത്രകനാണ്‌ ഗ്യാനേഷ് കുമാറെന്നും രാജ്യദ്രോഹം നടത്തിയ അദ്ദേഹം വിശദീകരണം നടത്താൻ ബാധ്യസ്ഥനാണെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പുൾപ്പെടെ റദ്ദാക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. വാക്‌പോര് തുടരുകയാണ്, ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിന് മേൽ ഉയർന്ന ചോദ്യങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ സംഭവമായി മാറുകയാണ്.

ഇതിനിടെയിലാണ് ഗ്യാനേഷ് കുമാറിന്റെ മകളും ബുദ്ധനഗർ ജില്ലാ മജിസ്‌ട്രേറ്റുമായ മേധാ രൂപത്തിനെതിരെ അലഹബാദ് ഹൈക്കോടതിയുടെ നിർണായക പരാമർശവും ഉത്തരവും വന്നത്. യു.പി നോയ്ഡയിൽ ഏപ്രിൽ മെയ് മാസങ്ങളിൽ നടന്ന തൊഴിലാളിസമരത്തിനു പിന്തുണയർപ്പിക്കാനെത്തിയ ആകൃതി ചൗധരിയെ കടുത്ത വ്യവസ്ഥകളടങ്ങിയ ദേശരക്ഷാനിയമം ചുമത്തി തടങ്കലിലാക്കിയത് മേധാ രൂപത്തിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത് റദ്ദാക്കിയ ഹൈക്കോടതി അവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. അത് മേധാ രൂപം ഉൾപ്പടെ ഈ നടപടിക്ക് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കാനുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഉദ്യോഗസ്ഥർ കൂറുകാണിക്കേണ്ടത് സർക്കാരിനോടല്ല ഭരണഘടനയോടാണ് എന്ന സുപ്രധാനമായ നിരീക്ഷണവും കോടതി നടത്തി.