സൂര്യ കൃഷ്ണമൂർത്തിയുമായി ഭാനുപ്രകാശ് നടത്തിയ സംഭാഷണം. മാതൃഭൂമി പ്രസിദ്ധീകരിച്ച അഭിമുഖം, സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ പുനഃപ്രസിദ്ധീകരിക്കുന്നു.
''ഏയ്... സൂര്യ കൃഷ്ണമൂർത്തി...'' അച്ഛനെ നോക്കി അന്നാദ്യമായി ആ പേര് വിളിക്കുമ്പോൾ അവളുടെ നിഷ്‌കളങ്കമായ മുഖത്ത് സങ്കടവും ദേഷ്യവും ഒരുപോലെ ഇടകലർന്നു. അരങ്ങിനൊപ്പം സുദീർഘമായ സമയം പങ്കിട്ട് അർധരാത്രിയിൽ വീടിന്റെ പടി കടന്നുവരുന്ന അച്ഛനെ കാത്ത് അമ്മയോടൊപ്പം അവളും അക്ഷമയോടെ ഉറക്കത്തെ പിടിച്ചുകെട്ടുമായിരുന്നു. അധ്യാപകരും കൂട്ടുകാരും പലപ്പോഴും ചോദിച്ചിട്ടുണ്ട്: ''സീതയുടെ അച്ഛന് എന്താണ് ജോലി?'' ആലോചിക്കാൻ ഒന്നുമില്ലാതെത്തന്നെ കുസൃതിയോടെ അവൾ മറുപടി പറയും: ''ടാഗോർ തിയേറ്ററിലാണ് അച്ഛന് പണി.'' അപ്പോഴെല്ലാം അവളുടെ കാതുകളിൽ ഒരു മണിയൊച്ച മുഴങ്ങും. ഒപ്പം, ഗാംഭീര്യമുള്ള ശബ്ദത്തിൽ ഒരു അനൗൺസ്‌മെന്റും. ''അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുകയായി. നാടക രചന- സംവിധാനം: എൻ. കൃഷ്ണമൂർത്തി.'' എന്നും അവൾ ഉണരും മുൻപേ തുടങ്ങുന്നതാണ് അച്ഛന്റെ യാത്രകൾ. എത്ര ഇരുട്ടിയാലും വീട്ടിലേക്ക് മടങ്ങിയെത്തുന്ന അച്ഛന്റെ കൈയിൽ മകൾക്കുവേണ്ടി കരുതിയ സ്നേഹം എന്നുമുണ്ടാകും. മിഠായിയോ കളിപ്പാട്ടമോ പുത്തനുടുപ്പോ... എന്തെങ്കിലും. അച്ഛനെ കാത്ത് ഉറങ്ങാതെയിരിക്കുന്ന അവളുടെ കുഞ്ഞുമിഴികളിൽ അച്ഛൻ കൊണ്ടുവരുന്ന വർണപ്പാവകൾ നൃത്തംചെയ്തുതുടങ്ങിയിട്ടുണ്ടാവും. അന്നൊരു രാത്രി അച്ഛൻ വളരെ ക്ഷീണിതനായാണ് വീട്ടിലെത്തിയത്: ''അച്ഛാ... എനിക്കെന്താ അച്ഛൻ കൊണ്ടുവന്നത്...'' അടുത്തദിവസം പുതിയ നാടകത്തിന്റെ അരങ്ങേറ്റമാണ്. തിരക്കിനിടയിൽ മകൾക്കുള്ള സമ്മാനം വാങ്ങാൻ വിട്ടുപോയി. അന്നാദ്യമായാണ് കൃഷ്ണമൂർത്തി മകളെ മറന്നുപോയത്. നാടകം ജീവവായുവാക്കിയ ഒരു കലാകാരൻ വീട്ടിൽ അടുപ്പുപുകഞ്ഞിട്ട് മൂന്നുദിവസമായെന്ന് കൃഷ്ണമൂർത്തിയോട് പറഞ്ഞ ദിവസമായിരുന്നു അത്. ആ കലാകാരന്റെ വിശന്നുകരയുന്ന മകളുടെ മുഖം മനസ്സിലേക്ക് തീമഴപോലെ വർഷിക്കുമ്പോൾ എങ്ങനെയാണ് സ്വന്തം മകൾക്ക് മധുരം വാങ്ങിക്കൊണ്ടുവരുന്നത്. ''അച്ഛൻ മറന്നുപോയി മോളേ... നാളെ വാങ്ങിക്കൊണ്ടുവരാം.'' കൃഷ്ണമൂർത്തിക്ക് നേർക്കുള്ള അവളുടെ നോട്ടത്തിൽ സങ്കടത്തിന്റെ കടലിരമ്പിയെത്തി. ''അച്ഛൻ നാളെ മറക്കാതെ...'' -മൂർത്തിയുടെ വാക്കുകളെ മുറിച്ചുകൊണ്ട് അവൾ പറഞ്ഞു: ''ഏയ്... സൂര്യ കൃഷ്ണമൂർത്തി...''
''അന്നവൾ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. സാധാരണ അച്ഛൻ മക്കൾക്കാണ് പേരിടുക, പക്ഷേ, എന്നെ സൂര്യ കൃഷ്ണമൂർത്തി എന്ന് ആദ്യമായി വിളിച്ചത് അവളായിരുന്നു. എന്റെ സീത.'' അടുത്തദിവസം നാടകത്തിന്റെ അരങ്ങേറ്റത്തിനുമുമ്പ് കൃഷ്ണമൂർത്തി ടാഗോറിലേക്ക് എത്തിയത് മനോഹരമായ രണ്ട് വർണപ്പാവകളുമായാണ്. ആദ്യബെൽ മുഴങ്ങുമ്പോൾ തിയേറ്ററിന്റെ മുൻസീറ്റിൽ ഇരുന്ന രണ്ടു പെൺകുട്ടികൾക്കും അദ്ദേഹം ആ സമ്മാനം നൽകി. സ്വന്തം മകൾ സീതയ്ക്കും പിന്നെ നാടകത്തിനുവേണ്ടി ജീവിതം സമർപ്പിച്ച, വീട്ടിൽ കഞ്ഞിവെച്ചിട്ട് മൂന്നുദിവസമായി എന്ന് പറഞ്ഞ ആ നടന്റെ മകൾക്കും. അച്ഛൻ സുഹൃത്തിന്റെ മകൾക്ക് ആ സമ്മാനം നൽകുമ്പോഴും സീത പറഞ്ഞു: ''സൂര്യ കൃഷ്ണമൂർത്തി...'' പക്ഷേ, അന്നേരം സീതയുടെ മുഖത്ത് അതിയായ സ്നേഹവും സന്തോഷവും നിറയുന്നുണ്ടായിരുന്നു... ആ ആനന്ദത്തിൽ കൃഷ്ണമൂർത്തി അരങ്ങിലേക്ക് തിരികെ നടക്കുമ്പോൾ സദസ്സ് പറയുന്നുണ്ടായിരുന്നു: ''അതാ...സൂര്യ കൃഷ്ണമൂർത്തി.'' അപ്പോഴേക്കും നാടകം തുടങ്ങാനുള്ള അടുത്ത ബെല്ലും മുഴങ്ങിയിരുന്നു.
നടരാജൻ കൃഷ്ണമൂർത്തിയിൽനിന്ന് സൂര്യ കൃഷ്ണമൂർത്തിയിലേക്കുള്ള പ്രയാണത്തെ എങ്ങനെയാണ് ഓർക്കുന്നത്
ജീവിച്ചുപോകാൻ ഒട്ടും പ്രയാസമില്ലാത്ത കുടുംബത്തിലായിരുന്നു പിറന്നത്. അച്ഛൻ നടരാജൻ പി.ഡബ്ള്യു.ഡി.യിൽ ചീഫ് എൻജിനിയറായിരുന്നു. അച്ഛന്റെ വാക്കുകൾ ശിരസ്സാവഹിക്കുന്ന ആളായിരുന്നു അമ്മ സരസ്വതി. കലാപാരമ്പര്യമൊന്നുമുള്ള കുടുംബമായിരുന്നില്ലെങ്കിലും അച്ഛന്റെയും അമ്മയുടെയും പേരുകൾ കലയെ ഓർമപ്പെടുത്തുന്നതായിരുന്നു. കോട്ടയത്ത് ജനിച്ചെങ്കിലും ഏഴാം ദിവസം മുതൽ ഞാൻ വളർന്നത് തിരുവനന്തപുരത്തായിരുന്നു. രണ്ടുമൂന്ന് വർഷങ്ങൾക്കിടയിൽ അച്ഛന് സ്ഥലംമാറ്റം പതിവായിരുന്നതിനാൽ ഞാനും സഹോദരങ്ങളും പല ജില്ലയിൽ പിറന്നുവെന്നതാണ് രസകരമായ കാര്യം.
സുഗതകുമാരി ടീച്ചറുടെ തൊട്ടടുത്ത വീടായിരുന്നു ഞങ്ങളുടേത്. എന്റെ അമ്മയുടെ സ്ഥാനമായിരുന്നു അവർക്ക്. കുഞ്ഞുനാളിൽ എന്നെ മടിയിലിരുത്തി ഒരുപാട് കഥകൾ ടീച്ചർ പറഞ്ഞു തന്നിട്ടുണ്ട്. ടീച്ചറുടെ അനിയത്തി സുജാതയ്ക്കും എന്നെ ജീവനായിരുന്നു. ആ വീട്ടിലിരുന്നാണ് ഞാൻ പഠിച്ചത്. എന്നെ ഒക്കത്തുവെച്ച് സ്‌കൂളിൽ കൊണ്ടുപോയിരുന്നതൊക്കെ സുജാതച്ചേച്ചിയായിരുന്നു. മിക്കസമയവും ടീച്ചറുടെ വീട്ടിൽ കഴിഞ്ഞതുകൊണ്ട് എന്റെ സംസാരത്തിൽ പലപ്പോഴും ഒരു സ്വാധീനംപോലെ സുഗതകുമാരി ടീച്ചറുടെ ശൈലി കടന്നുവരാറുണ്ട്.
ഞങ്ങൾ നാലുമക്കളാണ്. ഒരു ചേട്ടനും രണ്ടു ചേച്ചിമാരും. ഇളയകുട്ടി ഞാനായതുകൊണ്ട് എല്ലാവരുടെയും വാത്സല്യം എനിക്ക് ലഭിച്ചു. കുടുംബം നന്നായി നോക്കാൻ അച്ഛന്റെ വരുമാനം ധാരാളമായിരുന്നു. എന്നാൽ, ഒട്ടും ആർഭാടമല്ലാത്ത ഒരു ജീവിതമാണ് അച്ഛനും അമ്മയും ഞങ്ങളെ പഠിപ്പിച്ചത്. സമ്പന്നരുടെ മക്കൾ പഠിക്കുന്ന സ്‌കൂളിൽ ചേർക്കാൻ കഴിവുണ്ടായിട്ടും സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്‌കൂളിലാണ് അച്ഛൻ ഞങ്ങളെ ചേർത്തത്. അതുകൊണ്ട് ജീവിതത്തിൽ വലിയ ഗുണമുണ്ടായി. പാഠപുസ്തകങ്ങളെക്കാൾ വലിയ ജീവിതപാഠങ്ങൾ ആ വിദ്യാലയം എനിക്ക് പകർന്നുതന്നു. കഷ്ടപ്പാടിന്റെയും പട്ടിണിയുടെയും വഴിയിലൂടെ വന്ന ഒരുപാട് കൂട്ടുകാരെ എനിക്കുകിട്ടി. അവരുമായി അടുത്തിടപഴകിയതുകൊണ്ട് പാവപ്പെട്ട മനസ്സുകളുടെ വേദനകൾ നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. കാലങ്ങൾക്കുശേഷം എന്റെ മക്കളെയും ഞാൻ പഠിക്കാനയച്ചത് മോഡൽ സ്‌കൂളിൽത്തന്നെയാണ്. എന്നെപ്പോലെ എന്റെ കുട്ടികളും സാധാരണക്കാരുടെ ജീവിതപ്രയാസങ്ങൾ കണ്ടു വളരാൻവേണ്ടി മാത്രമാണ് ഞാനങ്ങനെ ചെയ്തത്.
എ.പി.ജെ. അബ്ദുൽ കലാമിനോടൊപ്പം ഐ.എസ്.ആർ.ഒ.യിൽ ഒന്നിച്ചു പ്രവർത്തിക്കാനുള്ള ഭാഗ്യം താങ്കൾക്ക് ലഭിച്ചിട്ടുണ്ട്. ആ വലിയ വ്യക്തിത്വത്തിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ അനുഭവങ്ങൾ അറിയണമെന്നുണ്ട്
എൻജിനിയറിങ് കോളേജിൽ ഫൈനൽ ഇയറിന് പഠിക്കുന്ന സമയത്ത് ഐ.എസ്. ആർ.ഒ.യിലേക്ക് എന്നെ റിക്രൂട്ട് ചെയ്തത് എ.പി.ജെ.യാണ്. ഇരുപത്തിയേഴുവർഷം അദ്ദേഹത്തിനൊപ്പം ജോലിചെയ്തതിൽനിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി. അതെന്റെ സ്വഭാവരൂപവത്കരണത്തിൽ വലിയ പങ്കുവഹിച്ചു. ലാളിത്യത്തിന്റെ സൗന്ദര്യം ഞാൻ മനസ്സിലാക്കിയത് എ.പി. ജെ.യിൽനിന്നാണ്. വിക്രം സാരാഭായി കഴിഞ്ഞാൽ ഐ.എസ്. ആർ.ഒ.യിലെ മുതിർന്ന ഓഫീസർ എ.പി. ജെ.യാണ്. ഞാൻ ജോലിയിൽ പ്രവേശിക്കുമ്പോഴേക്കും വിക്രം സാരാഭായി മരിച്ചിരുന്നു. അതുകൊണ്ട് ഐ.എസ്. ആർ.ഒ.യിൽ ഞാൻ കണ്ട ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ എ.പി.ജെ. ആയിരുന്നു. ഓഫീസ് കാര്യങ്ങൾ സംസാരിക്കാൻ തനിക്കുകീഴിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ ആരെയും അദ്ദേഹം തന്റെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നില്ല. ഫയലും കൈയിൽ പിടിച്ച് ഞങ്ങൾക്കരികിലേക്ക് കടന്നുവരുകയും ഞങ്ങൾക്കുമുന്നിലുള്ള കസേരയിൽ ഇരുന്ന് നിർദേശങ്ങൾ നൽകുകയുമാണ് ലാളിത്യത്തിന്റെ ആൾരൂപമായിരുന്ന ആ മനുഷ്യൻ ചെയ്തത്.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനടുത്തുള്ള ഇന്ദ്രഭവൻ എന്നൊരു ലോഡ്ജിൽ രണ്ടാമത്തെ നിലയിലെ ഏറ്റവും അറ്റത്തുള്ള ഒരു മുറിയിലാണ് എ.പി.ജെ. അക്കാലത്ത് താമസിച്ചിരുന്നത്. തൊട്ടടുത്ത ഗുരുവായൂരപ്പൻ ഹോട്ടലിൽനിന്നാണ് ഭക്ഷണം. അതിനടുത്ത് ചെരിപ്പ് നന്നാക്കുന്ന ഒരു കടയുമുണ്ട്. പുതിയ ചെരിപ്പ് വാങ്ങാതെ പഴയ ചെരുപ്പ് വീണ്ടുംവീണ്ടും തുന്നിച്ച് ഉപയോഗിച്ചിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഒരിക്കൽപോലും ഓഫീസ് കാർ എ.പി.ജെ. ഉപയോഗിച്ചിരുന്നില്ല. വൈകീട്ട് അഞ്ചര മണിയോടെ ഓഫീസ് ജോലികഴിഞ്ഞ് ലോഡ്ജിലെത്തിയാൽ കുളിച്ച് റെഡിയാവും. അപ്പോഴേക്കും ഞാൻ സ്‌കൂട്ടറുമായി ചെല്ലും. എ. പി.ജെ.യെ പിറകിലിരുത്തി കാർത്തികത്തിരുനാൾ ഓഡിറ്റോറിയത്തിലേക്കാണ് പിന്നീടുള്ള യാത്ര. അക്കാലത്ത് അവിടെ പതിവായി സംഗീതക്കച്ചേരിയുണ്ടാകും. മണിക്കൂറുകളോളം അദ്ദേഹത്തിനൊപ്പം കച്ചേരി ആസ്വദിക്കും. വീണ്ടും സ്‌കൂട്ടറിൽ ലോഡ്ജിലേക്ക് മടങ്ങും.
രാഷ്ട്രപതിയായശേഷം ഒരിക്കൽ മാത്രമേ ഞാൻ എ.പി.ജെ.യെ കണ്ടിട്ടുള്ളൂ. കേരള ഹൗസിങ് ബോർഡിനു കീഴിലുള്ള ഒരു സ്ഥാപനമാണ് കവടിയാർ പാലസിനു സമീപമുള്ള ഹെറിറ്റേജ് സെന്റർ. അതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എ.പി.ജെ. വന്നു. അന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ അറുപതോളം വീണ ഉപയോഗിച്ച് ഞാൻ ഒരു പ്രോഗ്രാം ചെയ്തു. എ.പി.ജെ.ക്ക് ഏറ്റവും പ്രിയപ്പെട്ട സംഗീതോപകരണം വീണയാണെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്. പ്രോഗ്രാം കണ്ടശേഷം തന്റെ പ്രസംഗത്തിന് മുൻപേ എന്നെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. ആ വാക്കുകൾക്ക് ദേശീയ അവാർഡിനെക്കാളും വിലയുണ്ടായിരുന്നു. അതിനുശേഷം ഞാൻ എ.പി.ജെ.യെ കണ്ടിട്ടില്ല.
ഐ.എസ്.ആർ.ഒ.യിലെ ജോലി രാജിവെച്ച് മുഴുവൻസമയ കലാപ്രവർത്തകനായി മാറാൻ തീരുമാനിച്ചപ്പോൾ എന്തായിരുന്നു വീട്ടുകാരുടെ പ്രതികരണം
ഞാനിപ്പോഴും ഉറച്ചുവിശ്വസിക്കുന്നു, ശാസ്ത്രജ്ഞനും കലാകാരനും സ്വപ്നംകാണുന്നത് ഒരേ കാര്യമാണ്. ആകാശത്തിലെ സത്യത്തെ കണ്ടെത്താൻ ശാസ്ത്രജ്ഞൻ ശ്രമിക്കുമ്പോൾ ഭൂമിയിലെ സത്യത്തെയാണ് കലാകാരൻ തിരയുന്നത്. പക്ഷേ, ഒരു ശാസ്ത്രജ്ഞനായി തുടരേണ്ട ജീവിതമല്ല എന്റേത് എന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു. ജോലി രാജിവെക്കുന്നതിന് ഒരു മാസം മുൻപേ മാനസികമായി ഞാൻ അതിന് തയ്യാറെടുത്തുകഴിഞ്ഞിരുന്നു. ഉയർന്ന ശമ്പളമുള്ള ഒരു ജോലി കളഞ്ഞ് കലാരംഗത്ത് പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ എന്റെ അമ്മ, അച്ഛൻ, ഭാര്യ, മക്കൾ ഇവരുടെ ജീവിതത്തെക്കുറിച്ചൊന്നും ഞാൻ ഓർത്തില്ല. ഒരു ഉൾവിളിപോലെ ഈ ജോലി ഇവിടെ അവസാനിപ്പിക്കാം എന്ന് എന്നെക്കൊണ്ട് തോന്നിപ്പിച്ചത് ദൈവമാണ്. പിന്നെ വൈകിയില്ല. രാജിക്കത്തും കൊടുത്തിറങ്ങി.
വീട്ടിൽ എല്ലാവരും പരിഭ്രമിച്ചിരിക്കുകയായിരുന്നു. എന്റെ മക്കൾ കൊച്ചുകുഞ്ഞുങ്ങളാണ്. ഭാര്യക്ക് ജോലിയില്ല. വേറെ വരുമാനമില്ല. സ്വന്തമായി ഒരു വീടുപോലും ഇല്ല. അച്ഛനും ചേച്ചിയുടെ ഭർത്താവും എന്റെ ആഗ്രഹത്തിന് എതിരുപറഞ്ഞില്ല. അവർ രണ്ടുപേരും മാത്രമാണ് എന്നെ പിന്തുണച്ചത്. പക്ഷേ, അമ്മയും ഭാര്യയും ഏറെ വിഷമിച്ചു. ജീവിക്കാനറിയാത്ത ഈ മനുഷ്യന്റെ ചിന്തകളിൽ ജീവിച്ചാൽ മക്കളുടെ തലയും തിരിഞ്ഞുപോകും എന്ന് ഭാര്യ കരുതിക്കാണും. അതിലവരെ ഞാൻ കുറ്റപ്പെടുത്തില്ല. കാരണം മക്കളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരമ്മയും അങ്ങനെയേ ആലോചിക്കൂ.
ശാസ്ത്രജ്ഞനും കലാകാരനുമായി ജീവിച്ച കാലത്തെ തിരക്കിലും മക്കളെ ഞാൻ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. മകൾ അന്ന് രണ്ടാംക്ലാസിലാണ് പഠിക്കുന്നത്. എന്റെ ഹൃദയമായിരുന്ന അവളെ എന്നിൽനിന്ന് അകറ്റി. ചെന്നൈയിൽ ഭാര്യവീട്ടിലേക്ക് അവളെ കൊണ്ടുപോയി. രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മുതൽ ഇരുട്ടിന് കനംവെച്ചു തുടങ്ങുംവരെയുള്ള കലാസഞ്ചാരങ്ങൾ. എല്ലാ ഭാരങ്ങളും ഇറക്കിവെക്കാൻ കഴിയുമെന്ന് കരുതിയ വീടുപോലും അന്ന് അഭയമായിത്തോന്നിയില്ല. പരാതികൾ..., കുറ്റപ്പെടുത്തലുകൾ... മകളെ കാണാൻ കഴിയാത്തതിന്റെ വിഷമം. മാനസികമായി തകർന്ന ആ അവസ്ഥയിലും അദൃശ്യമായ ഏതോ ഒരു ശക്തി എന്നെ നിയന്ത്രിക്കുന്നുണ്ടായിരുന്നു. എന്നിലെ കലാകാരനെ അത് പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. 'മേൽവിലാസം' നാടകത്തിന്റെ പിറവി അവിടെയാണ്. ഒരു ഉൾവിളിയാൽ ഭൂമിയിലെ സത്യത്തെ രംഗവേദിയിൽ ആവിഷ്‌കരിക്കാൻ യാത്രതിരിച്ചപ്പോൾ ദൈവം എന്റെ മക്കളെ നോക്കി. അവരെ പഠിപ്പിച്ചു. വലിയ നിലയിലാക്കി. ഒന്നും ഞാനറിഞ്ഞില്ല. ഞാൻ പോലുമറിയാതെ എന്നെയും വളർത്തി. ഒടുവിൽ എല്ലാവരും എന്നെ അംഗീകരിക്കുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ കലാസംഘടനയായി വളർന്ന സൂര്യയുടെ പിറവി എങ്ങനെയായിരുന്നു
സൂര്യ തുടങ്ങുമ്പോൾ ഞാൻ ഐ.എസ്.ആർ.ഒ.യിൽ ജോലിചെയ്യുകയാണ്. ആ ഘട്ടത്തിൽത്തന്നെ തിരുവനന്തപുരത്തെ കലാപ്രവർത്തനങ്ങളുമായി ഞാൻ സഹകരിക്കുന്നുണ്ട്. വിശേഷിച്ച് അടൂർ ഗോപാലകൃഷ്ണൻ നേതൃത്വം കൊടുക്കുന്ന ചിത്രലേഖ ഫിലിം സൊസൈറ്റിയുമായി. യഥാർഥത്തിൽ അടൂരുമായുള്ള അടുപ്പത്തിൽനിന്നാണ് നല്ല സിനിമകളെ ഞാൻ തിരിച്ചറിയുന്നതും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുന്നതും. സിനിമയെക്കുറിച്ചുള്ള ഒരു പഠനകാലംകൂടിയായിരുന്നു അത്. സ്വയംവരവും കൊടിയേറ്റവുമൊക്ക നിർമിച്ച് ചിത്രലേഖ തിളങ്ങിനിൽക്കുന്ന കാലം. പതിയെ ചിത്രലേഖയ്ക്കുള്ളിലെ പൊരുത്തക്കേടുകൾ ആ സംഘടനയെ നിർജീവമാക്കി. അടൂർ സംഘടനയിൽനിന്ന് രാജിവെച്ചതോടെ ചിത്രലേഖയുടെ വെളിച്ചം കെട്ടു. അക്കാലത്ത് 'ചലച്ചിത്ര' എന്നപേരിൽ രൂപംകൊണ്ട ഒരു ഓർഗനൈസേഷന്റെ ഭാഗമായും ഞാൻ പ്രവർത്തിച്ചിരുന്നു. അടൂർ ചിത്രലേഖ വിട്ടതോടെ നല്ല സിനിമകൾ സ്വപ്നംകണ്ടിരുന്ന ഞങ്ങൾ കുറേപ്പേർ പാതിവഴിയിലായി. കൈപിടിച്ചുയർത്താൻ ആളില്ല. മധ്യത്തിൽനിന്ന് താഴേക്കിറങ്ങാനും വയ്യ. ഈയൊരു പ്രതിസന്ധിയിലാണ് സൂര്യയുടെ പിറവി.
കലാകൗമുദി ഓഫീസിൽ എം.എസ്. മണിസാറിന്റെ മുറിയിൽ എസ്. ജയചന്ദ്രൻ നായർ, എൻ.ആർ.എസ്. ബാബു എന്നിവരുടെ സാന്നിധ്യത്തിൽ 1977-ൽ സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി രൂപംകൊണ്ടു. ഒപ്പം നിന്നവരിൽ മുന്നിൽത്തന്നെ അടൂർ സാറുണ്ടായിരുന്നു. ഒരർഥത്തിൽ അടൂർ സാർ നിർത്തിയേടത്തുനിന്നാണ് സൂര്യ തുടങ്ങുന്നത്. പിറവിയുടെ നാൽപ്പത്തിയഞ്ചാം വർഷത്തിലും എന്തിനും ഏതിനും അടൂർ സാർ സൂര്യക്കു മുന്നിലുണ്ട്. തുടക്കത്തിലേ സൂര്യയുടെ കാഴ്ചപ്പാടുകൾ വ്യത്യസ്തമായിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം ആദ്യംമുതലേ ഉറപ്പുവരുത്തിക്കൊണ്ടാണ് മുന്നോട്ടുപോയത്. ബുദ്ധിജീവികൾക്കുപോലും മനസ്സിലാവാത്ത ചില ബുദ്ധിജീവിസിനിമകളെ മാറ്റിനിർത്തി സത്യജിത് റായ്, ഋത്വിക് ഘട്ടക്, മൃണാൾ സെൻ തുടങ്ങിയ പ്രതിഭാധനന്മാരുടെ സിനിമകൾ സൂര്യ പ്രദർശിപ്പിച്ചു. നല്ലൊരു സിനിമാസംസ്‌കാരം കുടുംബത്തിനകത്തേക്ക് വളർത്താനും ഞങ്ങൾ പരിശ്രമിച്ചു. അത് വെറുതേയായില്ല എന്ന് സൂര്യയുടെ പിന്നീടുള്ള ചലച്ചിത്രപ്രദർശനങ്ങൾ ബോധ്യപ്പെടുത്തി.
സത്യജിത് റായിയുടെ കടുത്ത ആരാധകനായിരുന്നു താങ്കളെന്ന് കേട്ടിട്ടുണ്ട്. പിൽക്കാലത്ത് അദ്ദേഹം കേരളത്തിൽ വന്നതും സൂര്യക്കു വേണ്ടിയായിരുന്നുവല്ലോ...
ആരാധകനായിരുന്നു എന്നല്ല, ഇപ്പോഴും സത്യജിത് റായിയുടെ ആരാധകനാണ് ഞാൻ. റായിയുടെ ചിത്രങ്ങൾ ഒന്നൊഴിയാതെ കണ്ടിട്ടുണ്ട്, പലവട്ടം. ഒരിക്കൽ ഐ.എസ്.ആർ.ഒ. യുടെ ആവശ്യാർഥം ഞാൻ കൊൽക്കത്തയിൽ പോയിരുന്നു. ആ യാത്രയാണ് എനിക്ക് റായിയെ കാണാനും പരിചയപ്പെടാനുമുള്ള ഭാഗ്യമുണ്ടാക്കിത്തന്നത്. റായിയുടെ വീട്ടിലെ ഫോൺനമ്പർ സംഘടിപ്പിച്ചുവെച്ചിരുന്നു. അതിൽ വിളിച്ച് അദ്ദേഹവുമായി സംസാരിക്കാം എന്നൊന്നും കരുതിയിട്ടല്ല. റായിയുടെ വീട്ടിൽ ഫോൺ റിങ് ചെയ്യുന്ന ശബ്ദംകേട്ടാലും ഞാൻ സംതൃപ്തനാകുമായിരുന്നു. കാരണം ആ മനുഷ്യന് എന്റെ ഹൃദയത്തിലായിരുന്നു സ്ഥാനം. വിളിച്ചപ്പോൾതന്നെ പെട്ടെന്ന് ഫോൺ എടുത്തു. വീട്ടിലെ ആരെങ്കിലുമാകും എന്നു കരുതിയ എനിക്ക് തെറ്റി. ഫോണെടുത്തത് സാക്ഷാൽ സത്യജിത്ത് റായി ആണെന്നറിഞ്ഞതോടെ തല കറങ്ങിവീഴുമോ എന്നു തോന്നി. അദ്ദേഹത്തിന്റെ ആരാധകനാണെന്നുമാത്രം പറഞ്ഞ് പരിചയപ്പെടുത്തി. ''നാളെ രാവിലെ പത്തുമണിക്ക് വീട്ടിലേക്ക് വരൂ... സംസാരിക്കാം'' എന്ന് റായി പറഞ്ഞത് വിശ്വസിക്കാനായില്ല. ഇനി നമ്പർ മാറിപ്പോയതാകുമോ, ആരെങ്കിലും കളിപ്പിച്ചതാണോ എന്നൊക്കെയുള്ള ചിന്തകൾ മനസ്സിനെ വന്നുപൊതിഞ്ഞു. അടുത്തദിവസം രാവിലെ നേരത്തേത്തന്നെ റായ് താമസിക്കുന്ന കെട്ടിടം കണ്ടുപിടിച്ചു.
മൺകോപ്പയിൽ ചായവിൽക്കുന്ന ഒരാളാണ് റായിയുടെ താമസസ്ഥലം ചൂണ്ടിക്കാണിച്ചുതന്നത്. കൈവരികളിൽ പിടിച്ച് പടികൾ കയറുമ്പോൾ ചിന്തിച്ചത് ഇവിടെയെല്ലാം റായുടെ സ്പർശം ഉണ്ടായിരുന്നല്ലോ എന്നുമാത്രമാണ്. കോളിങ് ബെല്ലിൽ വിരലമർത്തുംമുൻപേ അദ്ദേഹം വാതിൽ തുറന്നു. കയറിയിരിക്കാൻ പറഞ്ഞു. വർത്തമാനത്തിനിടയിൽ അദ്ദേഹം ചോദിച്ചു: ''എന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്.'' മറുപടി പറയാൻ എനിക്ക് രണ്ടാമത് ആലോചിക്കേണ്ടിവന്നില്ല. 'ജൽസാഘർ'. പെട്ടെന്നുവന്ന, എന്തുകൊണ്ട് എന്ന മറുചോദ്യത്തിന് എന്റെ വിശദീകരണം ഞാൻ നൽകി. അപ്പോൾ റായി പറഞ്ഞു: ''എന്റെയും ഇഷ്ടചിത്രം ജൽസാഘർ ആണ്''. റായ് എന്നെ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ സംവിധാനരീതികൾ പറഞ്ഞുതന്നു. ആദ്യമായി കാണുന്ന, റായുടെമുന്നിൽ ഒന്നുമല്ലാത്ത എന്നോട് അദ്ദേഹം കാണിച്ച സ്നേഹം മറക്കാനാവില്ല. പിന്നീട് അടൂർസാറിന്റെ ഒരു കത്താണ് സത്യജിത്ത് റായിയെ ആദ്യമായി കേരളത്തിലെത്തിച്ചത്. സൂര്യ ഫെസ്റ്റിവലിൽ അതിഥിയായി അദ്ദേഹം വന്നു. മൂന്നുദിവസം അദ്ദേഹത്തിന്റെ പെട്ടിയും പിടിച്ച്, വെള്ളം ചോദിക്കുമ്പോൾ വെള്ളം എടുത്തുകൊടുത്ത് ഞാൻ നടന്നു. ഒരു സഹായിയെപ്പോലെ. അത് ഈ ആരാധകന് അടൂരിലൂടെ കിട്ടിയ ഭാഗ്യമാണ്.
ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരമാണല്ലോ മുറിവുകൾ. എന്നും സന്തോഷത്തോടെ മാത്രം കാണപ്പെടുന്ന, എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന താങ്കളുടെ ജീവിതത്തിലെ മുറിവുകൾ എന്താണ്
പുറത്തുനിന്ന് നോക്കുന്നവർക്ക് പലപ്പോഴും പലരുടെയും ജീവിതത്തിലെ മുറിവുകൾ കാണാനാവില്ല. കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരുപാട് മുറിവുകൾ എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അത് സമ്മാനിച്ചു കടന്നുപോയവരോടുപോലും എനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ല. കാരണം, തിരിച്ചടിക്കൽ എന്റെ രീതിയല്ല. ഇപ്പോഴും എന്റെ മനസ്സിൽ ഉണങ്ങാതെ കിടക്കുന്ന ഒരു മുറിവ് കഷ്ടപ്പെടുന്ന കലാകാരന്മാരുടെ ജീവിതമാണ്. ഐ.എസ്.ആർ.ഒ. യിലെ ജീവിതത്തിനും മുമ്പ് ഞാനൊരു ക്ഷേത്രദർശനം നടത്തി. ക്ഷേത്രകലകളെക്കുറിച്ച് പഠിക്കുകയായിരുന്നു ലക്ഷ്യം. വെറും രണ്ടുജോടി വസ്ത്രങ്ങളുമായി, ക്ഷേത്രക്കുളത്തിൽ കുളിച്ച്, അവിടെനിന്ന് കിട്ടുന്ന നിവേദ്യച്ചോറ് കഴിച്ച്, രാത്രി അമ്പലത്തിണ്ണകളിൽ കിടന്നുറങ്ങിയ ആ യാത്രയിൽ ജീവിതത്തെക്കുറിച്ച് ഞാൻ ഒരുപാട് പഠിച്ചു. അന്നത്തെ എന്റെ അനുഭവങ്ങളാണ് ഇന്നും കലാപ്രവർത്തനങ്ങളുടെ ഊർജവും ശക്തിയും താങ്ങും തണലുമെല്ലാം.
ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ പുറംലോകമറിയാതെ ജീവിച്ചുമരിക്കുന്ന പൂജാരിമാരുടെ, കലാകാരന്മാരുടെ, കഴകക്കാരുടെ ഒക്കെ കഥയായിരുന്നു ഞാൻ ആദ്യമായി സംവിധാനംചെയ്ത 'തമസോ മാ ജ്യോതിർഗമയ'. അതിൽ ഒരു വെളിച്ചപ്പാടുണ്ട്. പയ്യന്നൂർ ഭാഗത്താണ് വെളിച്ചപ്പാടിന്റെ വീട്. അദ്ദേഹത്തിന് കത്തെഴുതേണ്ട താമസം മറുപടി വന്നു: ''വരാം. പയ്യന്നൂരിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ ചാർജ് 27 രൂപയാണ്. രണ്ടു ഭാഗത്തേക്കുമായി 54 രൂപ. 60 രൂപ തികച്ചുതന്നാൽ സന്തോഷം. പ്രയാസമെങ്കിൽ 54 രൂപ തന്നാലുംമതി. ഞാൻ വരും.'' -അദ്ദേഹം വന്നു. നൂറിന്റെ അഞ്ചു നോട്ടുകൾ അവതരണത്തിനുമുമ്പ് അദ്ദേഹത്തിന് ദക്ഷിണയായി നൽകി. അതിലേക്ക് കുറെനേരം നോക്കിനിന്നശേഷം വെളിച്ചപ്പാട് പറഞ്ഞു: ''നൂറിന്റെ നോട്ട് ആദ്യമായാണ് കാണുന്നത്.'' അന്നത്തെ അവതരണം കഴിഞ്ഞ് കുറെ നാളുകൾക്കുശേഷം വെളിച്ചപ്പാടിന്റെ ഒരു കത്ത് വന്നു. ''അന്ന് തന്ന നൂറുരൂപ നോട്ടുകളിൽ ഒരെണ്ണം സൂക്ഷിച്ചുവെച്ചിരിക്കുന്നു. അത് ചെലവാക്കുകയില്ല.'' ഒപ്പം ഒരുനുള്ള് അരിയും ഒരുനുള്ള് ഭസ്മവും.
കുറെ നാളുകൾകഴിഞ്ഞ് പയ്യന്നൂരിൽ പോയപ്പോൾ ഞാൻ ആ വെളിച്ചപ്പാടിനെ അന്വേഷിച്ചു. കിട്ടിയ വിവരം നടുക്കുന്നതായിരുന്നു. അമ്പലക്കുളത്തിൽ പൊങ്ങിക്കിടന്ന വെളിച്ചപ്പാടിന്റെ മൃതദേഹമാണത്രേ ആളുകൾ കണ്ടത്. ആത്മഹത്യയായിരുന്നോ എന്നുപോലും ചോദിക്കാതെ ഞാൻ ഇറങ്ങി. വണ്ടിക്കൂലിമാത്രം തന്നാലും ഞാൻ വരുമെന്നു പറഞ്ഞ ആ കലാകാരനെപ്പോലെ എത്രയെത്രപേർ. എനിക്ക് അവരുടെ മുന്നിൽ സൂര്യനാവാൻ കഴിയില്ല. പക്ഷേ, ഒരു നുറുങ്ങുവെട്ടമാവാൻകഴിയും. അതുമതി. മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
ജീവിതത്തിലെ ഏറ്റവും വലിയ സൗന്ദര്യം ലാളിത്യമാണെന്ന് വിശ്വസിക്കുന്ന സൂര്യ കൃഷ്ണമൂർത്തി തന്റെ മകൾ സീതയുടെ വിവാഹത്തിലൂടെ മഹത്തായ ഒരു സന്ദേശംകൂടിയാണ് സമൂഹത്തിന് നൽകിയത്. ഏതൊരു അച്ഛനും മകളുടെ വിവാഹത്തിനുവേണ്ടി കരുതിവെക്കുന്നപോലെ ഒരു സമ്പാദ്യം തന്റെ മകൾക്കായും കൃഷ്ണമൂർത്തി സ്വരുക്കൂട്ടി. പക്ഷേ, ഫീസടയ്ക്കാൻ കഴിയാതെ പാവപ്പെട്ട വീട്ടിലെ കുട്ടി ആത്മഹത്യചെയ്ത വാർത്ത അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു. നാടകത്തിന്റെ തിരക്കുകളിൽ മുഴുകിയ ആ രാത്രിയിൽ കൃഷ്ണമൂർത്തി മകളോട് ചോദിച്ചു: ''മോളെ, കല്യാണം വളരെ ലളിതമായി നടത്തിയാൽ അച്ഛനോട് മോൾക്ക് ദേഷ്യം തോന്നുമോ?''
മകൾക്ക് നൽകാനിരുന്ന സ്വർണാഭരണങ്ങൾ മാത്രം മതിയായിരുന്നു പാവപ്പെട്ട 25 മക്കളുടെ വിദ്യാഭ്യാസച്ചെലവിന്. അച്ഛന്റെ മനസ്സ് എളുപ്പം വായിച്ചെടുക്കാൻ കഴിയുന്ന സീതയ്ക്കും സീതയെ വിവാഹം കഴിക്കാൻപോകുന്ന ഛന്ദനും കൃഷ്ണമൂർത്തിയുടെ അഭിപ്രായത്തെ നിറഞ്ഞമനസ്സോടെ അംഗീകരിച്ചു. തന്റെ ശരീരത്തിൽ അണിയുന്ന ആഭരണങ്ങൾക്ക് കൂടുതൽ തിളക്കമുണ്ടാകുന്നത് അത് പാവപ്പെട്ട കുട്ടികളുടെ ജീവിതത്തിൽ വന്നുചേരുമ്പോഴാണെന്ന് സീതയ്ക്കും അറിയാമായിരുന്നു. കൃഷ്ണമൂർത്തിയുടെ ആഗ്രഹംപോലെ ആ ആഭരണങ്ങൾ പാവപ്പെട്ട 25 വിദ്യാർഥികൾക്ക് ജീവിതത്തിൽ വെളിച്ചമായി. അച്ഛന്റെ നന്മയോർത്ത് ആ പഴയ രണ്ടാംക്ളാസുകാരിയുടെ ഓർമയിൽ ദേഷ്യമോ സങ്കടമോ ഒട്ടും ഇല്ലാതെ അഭിമാനത്തോടെ സീത നീട്ടിവിളിച്ചിരിക്കാം: ''സൂര്യ കൃഷ്ണമൂർത്തീീീ...''
ഇന്ത്യയിലെ അതിപ്രസിദ്ധരായ കലാകാരന്മാരെയെല്ലാം സൂര്യയുടെ വേദിയിൽ അണിനിരത്തുന്നതിൽ താങ്കൾ കാണിച്ച മാജിക് എന്താണ്
സൂര്യ എന്നുപറയുന്നത് യഥാർഥത്തിൽ ഞാനല്ല. ഇന്ത്യൻ സംസ്‌കാരത്തെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന നന്മയുള്ള ആയിരക്കണക്കിന് മനുഷ്യരുടെ കൂട്ടായ്മയാണ്. സ്റ്റേജിൽ വരാൻ താത്പര്യമില്ലാത്ത, നോട്ടീസിൽ പേരുപോലും അച്ചടിച്ചുവരാൻ ആഗ്രഹമില്ലാത്ത എത്രയോ ഇന്ത്യക്കാർ ലോകത്തിന്റെ പലഭാഗങ്ങളിലും ഉണ്ട്. അവരുടെ സഹായം ഒന്നുകൊണ്ടുമാത്രമാണ് സൂര്യ കഴിഞ്ഞ 45 വർഷമായി മുന്നോട്ടുപോകുന്നത്. ആജീവനാന്ത അംഗങ്ങളായുള്ള ആയിരക്കണക്കിന് ആളുകൾ, പിന്നെ കലാകാരന്മാരെ സഹായിക്കുന്നത് ഒരു പുണ്യപ്രവൃത്തിയാണെന്ന് വിശ്വസിക്കുന്ന കുറെ അഭ്യുദയകാംക്ഷികൾ ഇവരൊക്കെയാണ് സൂര്യയെ നിലനിർത്തുന്നത്. തമിഴ്നാട്ടിലും മറ്റു പല സംസ്ഥാനങ്ങളിലുമുള്ളപോലെ ഒരു കൾച്ചറൽ ഫെസ്റ്റ് കേരളത്തിലും ഉണ്ടാവേണ്ടതിനെക്കുറിച്ച് യേശുദാസും പത്മാ സുബ്രഹ്‌മണ്യവും മാവേലിക്കര കൃഷ്ണൻകുട്ടി നായരും ഞാനും ചേർന്ന് ചർച്ച ചെയ്തത് ചെന്നൈയിൽവെച്ചാണ്. എല്ലാവർഷവും ഒക്ടോബർ ഒന്നുമുതൽ പത്തുവരെ തിരുവനന്തപുരത്തുവെച്ച് സൂര്യ ഫെസ്റ്റിവൽ സംഘടിപ്പിക്കാമെന്ന് തീരുമാനിച്ചശേഷം ഞങ്ങൾ നാലുപേരും പോയത് വള്ളുവർകോട്ടത്തുള്ള എം.എസ്. സുബ്ബലക്ഷ്മിയുടെ വീട്ടിലേക്കാണ്. ആരോഗ്യസ്ഥിതി അനുവദിക്കുകയാണെങ്കിൽ അവർ എല്ലാവർഷവും പാടാമെന്ന് ഉറപ്പുതന്നു. ആ വാക്കുകൾ വലിയൊരു ഊർജമായി. ഒക്ടോബർ ഒന്നിന് യേശുദാസിന്റെ കച്ചേരി. വായിക്കാൻ കഴിയുന്ന കാലം വരെ ആ കച്ചേരിക്ക് മൃദംഗം ഞാൻ വായിക്കുമെന്ന് കൃഷ്ണൻകുട്ടി നായർ. എട്ടിന് പത്മാ സുബ്രഹ്‌മണ്യത്തിന്റെ നൃത്തം. ഇങ്ങനെ വിവിധ പരിപാടികളുമായാണ് സൂര്യ ഫെസ്റ്റിവലിന് തുടക്കമായത്. എം.എസ്. സുബ്ബലക്ഷ്മി രണ്ടുതവണ പാടി. ടിക്കറ്റോ സംഭാവനയോ ഒന്നുംവേണ്ട. ആർക്കും വന്ന് പരിപാടികൾ കണ്ടുപോകാം. ഓരോവർഷവും സൂര്യയുടെ വേദികളിലേക്ക് മഹാപ്രതിഭകൾ വന്നുചേർന്നു, പ്രതിഫലം പോലും ഇച്ഛിക്കാതെ. കിട്ടിയാൽത്തന്നെ യാത്രാബത്തയ്ക്കുപോലും തികഞ്ഞെന്നുവരില്ല. എന്നിട്ടും അവർ വന്നുകൊണ്ടിരുന്നു. കോവിഡ് കാലമൊഴിച്ചാൽ 43 വർഷം യേശുദാസ് തുടർച്ചയായി പാടി. 28 വർഷം പത്മാ സുബ്രഹ്‌മണ്യം നൃത്തം ചെയ്തു. മാവേലിക്കര കൃഷ്ണൻകുട്ടി നായർ മരിക്കുംവരെ സൂര്യയുടെ വേദിയിൽ മൃദംഗം വായിച്ചു. നടിയും നർത്തകിയുമായ ശോഭന 25 വർഷം തുടർച്ചയായി നൃത്തംചെയ്തു. ഒപ്പം സമൂഹം ഒരു പരിഗണനയും നൽകാതെ പോയ ആയിരക്കണക്കിന് കലാകാരന്മാർ സൂര്യയുടെ അരങ്ങിൽ ആദരമേറ്റുവാങ്ങി. ഒരുകാര്യം അടിവരയിട്ടു പറയാം, സൂര്യ ഒരു കലാകാരനെയും ഇതുവരെ കച്ചവടം ചെയ്തിട്ടില്ല. അതുകൊണ്ടുമാത്രമാണ് വിളിക്കുമ്പോഴേക്കും ഒരു പൈസപോലും പ്രതിഫലം വാങ്ങാതെ സൂര്യയുടെ വേദിയിലേക്ക് വലിയ സംഗീതജ്ഞരും നർത്തകരും ചിത്രകാരന്മാരും നാടകക്കാരും എഴുത്തുകാരും കടന്നുവരുന്നത്.
മലയാളത്തിൽ ആദ്യമായി ലൈറ്റ് ആൻഡ് സൗണ്ട് ഷോയ്ക്ക് തുടക്കമിടുന്നത് താങ്കളാണ്. ഇങ്ങനെയൊരു തിയേറ്റർ രീതിക്ക് പ്രചോദനമായ ഘടകങ്ങൾ എന്തൊക്കെയാണ്
യഥാർഥത്തിൽ ശബ്ദവും വെളിച്ചവും ഉപയോഗിച്ച് ഒരു നാടകംചെയ്യാമെന്ന് ആദ്യം തെളിയിച്ചത് പാരീസിലാണ്. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ കഥ പറയുന്ന ഈ കലാസൃഷ്ടിയെ പാരീസുകാർ വിളിക്കുന്നത് സോണറ്റ് ലൂമിയർ എന്നാണ്. ഞാൻ ഇത് ആദ്യമായി കാണുന്നത് ഡൽഹിയിൽവെച്ചാണ്. നടൻ ദേവാനന്ദിന്റെ സഹോദരൻ ചേതൻ ആനന്ദായിരുന്നു റെഡ് ഫോർട്ടിന്റെ കഥ പറയുന്ന ആ ഷോ അവതരിപ്പിച്ചത്. അതെന്നെ വല്ലാതെ ആകർഷിച്ചു. പക്ഷേ, ഞാൻ അതുപോലെ ഒരെണ്ണം ചെയ്താൽ അത് ഫോട്ടോസ്റ്റാറ്റ് ആകും. അതുകൊണ്ട് ഞാൻ എന്റേതായ രീതിയിൽ കുറെ മാറ്റം വരുത്തി.
ലൈറ്റും സൗണ്ടും മാത്രമല്ലാതെ, പ്രകൃതിയെയും കഥാപാത്രങ്ങളെയും ഇതിൽ ബന്ധിപ്പിച്ചുനിർത്തി. അപ്പോൾ കൂടുതൽ കൺവേ ചെയ്യാൻ കഴിഞ്ഞു. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളുടെ കഥ ഒഴിവാക്കി, മനുഷ്യന്റെ ദുഃഖങ്ങളും സാമൂഹികപ്രശ്നങ്ങളും അവതരിപ്പിക്കാനാണ് ഞാൻ ശ്രമിച്ചത്. മനുഷ്യമനസ്സിലെ വേദന എന്നു പറയുന്നത് ഒരു കഥാപാത്രമാണ്. പ്രകൃതി ലൈറ്റും സൗണ്ടുമാണ്. എനിക്ക് പറയാനുള്ള കാര്യങ്ങൾ ഞാൻ ഒരു കഥാപാത്രത്തിലൂടെ പറയുകയാണ്. അതാണ് അമ്മു. എന്റെ സൃഷ്ടികളിലെല്ലാം അമ്മുവുണ്ട്. ആദ്യം അമ്മുവിനെ അവതരിപ്പിച്ചത് നടി മഞ്ജു പിള്ളയാണ്. പിന്നീട് 40 വർഷങ്ങളിൽ നാല്പത് അമ്മുമാർ സ്റ്റേജിൽ വന്നുപോയി.
സ്ത്രീപർവം, ദീപശിഖ, സൂര്യകാന്തി, തുടക്കം, തുടർച്ച ഇങ്ങനെ ഒരുപാട് കഥകൾ ഈ പരിപാടിയിലൂടെ അവതരിപ്പിച്ചു. 'നീലവെളിച്ചം' എന്ന തന്റെ കഥയ്ക്ക് ഒരു രണ്ടാംഭാഗമെഴുതാൻ എന്നോടുപറഞ്ഞത് വൈക്കം മുഹമ്മദ് ബഷീറാണ്. അങ്ങനെയാണ് ദീപശിഖ ഞാനെഴുതി അവതരിപ്പിച്ചത്. ഇന്ത്യൻ നാടകചരിത്രത്തിലെ ആദ്യത്തെ റിയലിസ്റ്റിക് നാടകപരമ്പരയായ ചായക്കടക്കഥകളും ഇന്ത്യയിലെതന്നെ ഏറ്റവും വലിയ സ്റ്റേജ് ഷോ ആയ എന്റെ രക്ഷകനുമുൾപ്പെടെ നൂറിലേറെ വ്യത്യസ്ത സ്റ്റേജ്ഷോകൾ സംവിധാനം ചെയ്യാൻ കഴിഞ്ഞത് വലിയൊരു നേട്ടമായി ഞാൻ കാണുന്നു. ആദ്യകാലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ കലാസൃഷ്ടിക്ക് 'തിയേറ്റർ ഓഫ് ഫ്രീഡം' എന്ന പേരുനൽകിയത് കൗമുദിയിലെ ഇ.വി. ശ്രീധരനാണ്. ആ പേരിലാണ് ഇപ്പോൾ സൂര്യ അവതരിപ്പിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ അറിയപ്പെടുന്നത്.
സർക്കസുകാരെ കലാകാരന്മാരായി പരിഗണിക്കാൻ താങ്കളുടെ ഭാഗത്തുനിന്ന് വലിയ പരിശ്രമങ്ങളാണ് നടന്നിട്ടുള്ളത്...
ഒരു നാടകക്കാരന് കിട്ടുന്ന ആനുകൂല്യങ്ങൾ ഇന്ന് സർക്കസുകാരന് ലഭിക്കുന്നുണ്ട്. എം.ടി. വാസുദേവൻ നായർ പറഞ്ഞപോലെ വെറും വളർത്തുമൃഗങ്ങളായി ജീവിക്കേണ്ടിവന്ന നൂറുകണക്കിന് മനുഷ്യർ. അവർക്കും ഒരു ജീവിതമുണ്ട്. അവരുടെ മുഖത്ത് എപ്പോഴെങ്കിലും ഒരു നിറഞ്ഞപുഞ്ചിരി നമ്മൾ കണ്ടിട്ടുണ്ടോ? സർക്കസിലെ ജോക്കർ കാണികളെ ചിരിപ്പിക്കുന്നുണ്ട്. പക്ഷേ, അയാൾ മനസ്സുനിറഞ്ഞു ചിരിക്കുന്നതുകാണാൻ പ്രയാസമാണ്. ജിംനാസ്റ്റിക് എന്നുപറഞ്ഞു മുദ്രയടിക്കപ്പെട്ട കലാകാരനാണ് സർക്കസുകാരൻ. കേരള സംഗീതനാടക അക്കാദമി ചെയർമാനായി ഞാൻ വന്ന കാലത്താണ് സർക്കസുകാരെ കലാകാരന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അക്കാലത്ത് നൃത്തവും സംഗീതവും നാടകവുമായി ബന്ധപ്പെട്ട് കലാകാരന്മാരെ വലിയരീതിയിൽ സഹായിക്കാൻ കഴിഞ്ഞതും എനിക്കേറെ സന്തോഷം പകരുന്ന കാര്യമാണ്.
വർഷത്തിൽ 365 ദിവസവും നാടകം കളിച്ച അക്കാലത്ത് കലാകാരന്മാരെ സഹായിക്കാൻ മോഹൻലാലും മമ്മൂട്ടിയും മുന്നിൽ നിന്നു. അവർ രണ്ടുപേരും ചേർന്നാണ് കലാകാരന്മാർക്കുള്ള ഇൻഷുറൻസ് പ്രീമിയം തുക അടച്ചത്. സെക്രട്ടറി എന്ന നിലയിൽ ഡോ. പി.വി. കൃഷ്ണൻനായരുടെ നന്മയുള്ള മനസ്സ് നിഴലായി ഒപ്പമുണ്ടായതുകൊണ്ട് ഒരുപാടു കാര്യങ്ങൾ സംഗീതനാടക അക്കാദമിയിലൂടെ ചെയ്യാൻ കഴിഞ്ഞു. കഷ്ടപ്പെടുന്ന കലാകാരന്മാർക്കുവേണ്ടി ഇനിയും ഒട്ടേറെ പദ്ധതികൾ മനസ്സിലുണ്ട്. അത് ചെയ്യാൻ എനിക്ക് ഒരു സ്ഥാനവും ആവശ്യമില്ല. ശബ്ദമില്ലാത്തവന്റെ ശബ്ദമായി മാറാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
അതെ, കഥകളിമുതൽ കാക്കാരശ്ശി നാടകംവരെയുള്ള കലാപ്രവർത്തകരുടെ ശബ്ദമായി സൂര്യ കൃഷ്ണമൂർത്തിയുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് സിനിമയുടെ വഴിയിൽ താങ്കളില്ലാതെ പോയത്...
കച്ചവടസിനിമയുടെ വഴിയിൽ ഒരിക്കലും ഞാനുണ്ടാകില്ല. 'മേൽവിലാസം' എന്ന എന്റെ നാടകം സിനിമയായിട്ടുണ്ട്. 'ദീർഘചതുര'വും 'തുടർച്ച'യും വൈകാതെ സിനിമയാകും. രചന എന്റേതാണെങ്കിലും ഷൂട്ടിങ് സെറ്റുകളിൽപ്പോലും ഞാൻ? പോകാറില്ല. കച്ചവടംചെയ്യുന്ന ആ മേഖലയുമായി എനിക്ക് യോജിച്ചുപോകാനാവില്ല. കച്ചവടസിനിമയിലെ താരങ്ങളെ ആഘോഷിക്കുന്ന നമ്മുടെ നാട്ടിൽ എപ്പോഴെങ്കിലും ഒരു നാടകക്കാരനെ ആഘോഷിക്കുന്നതു പോയിട്ട് അംഗീകരിക്കാൻ നമ്മൾ പഠിച്ചിട്ടുണ്ടോ? നാടകക്കാരനോടും നന്തുണി പാട്ടുകാരനോടും തെയ്യംകലാകാരനോടുമൊക്കെ നമുക്ക് പുച്ഛമാണ്. സിനിമാനടനും നടിക്കും സംവിധായകനും കൊടുക്കുന്ന അവാർഡ് തുക എന്തുകൊണ്ടാണ് നാടകത്തിലെ നടനും നടിക്കും സംവിധായകനും നൽകാത്തത്. പത്ര-ദൃശ്യ മാധ്യമങ്ങൾവരെ സിനിമക്കാർക്ക് പിറകെയാണ്. മാസങ്ങളോളം രാവുംപകലും റിഹേഴ്സൽചെയ്ത് ഒരു നാടകം അരങ്ങിലെത്തിക്കുന്ന നാടകക്കാരന്റെ സങ്കടങ്ങൾ എത്രപേർ കാണുന്നുണ്ട്. ഇവിടെ പത്മപുരസ്‌കാരങ്ങൾവരെ കലയെ കച്ചവടംചെയ്യുന്ന സിനിമക്കാരനും ക്രിക്കറ്റ് കളിക്കാരനുമൊക്കെയാണ് പതിവായി കിട്ടുന്നത്.
തോപ്പിൽ ഭാസിയും എൻ.എൻ. പിള്ളയും കെ.ടി. മുഹമ്മദും ഒ. മാധവനും തുടങ്ങി യഥാർഥ നാടകകലാകാരന്മാർക്ക് ഒരു പത്മശ്രീപോലും ലഭിക്കാതെപോയ നാട്ടിലാണ് നാലുവർഷം സിനിമയിൽ തുള്ളിനടന്നവർക്ക് പദ്മശ്രീ ലഭിക്കുന്നത്. ഇതിനെയൊക്കെ ചോദ്യംചെയ്തില്ലെങ്കിൽ കലാകാരനാണ് എന്നുപറഞ്ഞ് ജീവിക്കുന്നതിൽ എന്തർഥമാണുള്ളത്. ഒരു സിനിമാനടനെ ഈയിടെ അദ്ദേഹം പഠിച്ച സ്‌കൂളിലെ ഒരു പരിപാടിയിലേക്ക് ചീഫ് ഗസ്റ്റ് ആയി ക്ഷണിച്ചപ്പോൾ ഒരുമണിക്കൂറിനാണ് പ്രതിഫലമെന്ന മറുപടിയാണ് ഹെഡ്മാസ്റ്റർക്ക് ലഭിച്ചത്. മറിച്ച്, ഒരു തെയ്യം കലാകാരനെയോ നാടകകലാകാരനെയോ അവൻ പഠിച്ച സ്‌കൂളിലേക്ക് ഒന്ന് ക്ഷണിച്ചുനോക്കട്ടെ, അവൻ തൊട്ടു തൊഴുതിട്ടേ സ്‌കൂളിൽ കയറൂ. അതാണ് യഥാർഥ കലാകാരൻ. അത്തരം കലാകാരന്മാർക്കൊപ്പമേ ഞാനുണ്ടാവൂ. കാരണം, എന്റെ അടിത്തറയെന്നു പറയുന്നത് കച്ചവടസിനിമയല്ല. നാടകമാണ്.
Content Highlights: Transition from an ISRO scientist working with APJ Abdul Kalam to a full-time artist., Founding of the Surya Stage and Film Society in 1977 and its impact on Indian culture., Deep dedication to theatre, light and sound shows, and supporting marginalized artists.
Published: 23 Sept 2026, 09:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented