ചൈനീസ് ഭാഷയിൽ ‘പിങ് പിങ്’ എന്നാൽ ‘സമാധാനം’ എന്നാണ് അർഥം. ‘ഫു ഷുവാങ്’ എന്നാൽ ‘ഇരട്ട അനുഗ്രഹം’ എന്നും. പിങ് പിങും ഫു ഷുവാങും രണ്ട് ഭീമൻപാണ്ടകളാണ്. യു.എസിലെ ജോർജിയയിലുള്ള അറ്റ്‌ലാന്റ മൃഗശാലയിലേക്ക് നൽകാമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഭീമൻപാണ്ടകൾ. അമേരിക്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഷീ ജിൻപിങ് പ്രഖ്യാപിച്ച ഈ സമ്മാനം, ഇരു രാജ്യങ്ങളും തമ്മിലുള്ള ‘സൗഹൃദത്തിന്റെ സ്ഥാനപതിമാർ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

To advertise here,

മുൻപ് അറ്റ്‌ലാന്റ മൃഗശാലയിലുണ്ടായിരുന്ന പാണ്ടകൾ കരാർ കാലാവധി കഴിഞ്ഞ് 2024 നവംബറിൽ ചൈനയിലേക്ക് മടങ്ങിയതോടെ ഉണ്ടായ ഒഴിവിലേക്കാണ് ഈ പുതിയ അതിഥികളുടെ വരവ്. ഇതിനുമുമ്പ് 2024 ജൂണിൽ സാൻ ഡിയേഗോ മൃഗശാലയിലേക്കും, ഒക്ടോബറിൽ വാഷിങ്ടൺ ഡി.സി നാഷണൽ മൃഗശാലയിലേക്കും ചൈന പാണ്ടകളെ അയച്ചിരുന്നു. ശത്രുതയും തർക്കങ്ങളും നിലനിൽക്കുമ്പോഴും വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാൻ ചൈന പതിറ്റാണ്ടുകളായി പയറ്റുന്ന ഈ നയതന്ത്ര തന്ത്രമാണ് ‘പാണ്ട ഡിപ്ലോമസി’ (Panda Diplomacy). എന്താണ് ചൈനയുടെ ഈ പാണ്ട നയതന്ത്രം? ആഗോളതലത്തിൽ ഇത്രയധികം പ്രാധാന്യം നേടാൻ ഇതിന് എങ്ങനെ കഴിയുന്നു?

എന്താണ് പാണ്ട ഡിപ്ലോമസി?

വിദേശ രാജ്യങ്ങളുമാമുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര സഹകരണവും സൗഹൃദവും വളർത്തുന്നതിനും മറ്റു രാജ്യങ്ങൾക്ക് ഭീമൻപാണ്ടകളെ നൽകുന്ന ചൈനയുടെ രീതിയാണ് പാണ്ട ഡിപ്ലോമസി എന്ന് പൊതുവിൽ അറിയപ്പെടുന്നത്. ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ഇതുവഴി ചൈന ലക്ഷ്യമിടുന്നത്. ഇതിനായി ഭീമൻപാണ്ടകളെ സമ്മാനമായോ പാട്ടത്തിനോ ആണ് ചൈന മറ്റ് രാജ്യങ്ങൾക്ക് നൽകുക. ലോകത്ത് സ്വാഭാവികമായി ഭീമൻ പാണ്ടകൾ കാണപ്പെടുന്നത് ചൈനയിൽ മാത്രമാണ്. ചൈനയുടെ ദേശീയ നിധിയായാണ് ഈ ജീവികൾകണക്കാക്കപ്പെടുന്നത്.

തെക്കുപടിഞ്ഞാറൻ ചൈനയിലെ മലനിരകളിലെ ശീതശീതോഷ്ണ വനങ്ങളിലാണ് പാണ്ടകൾ പ്രധാനമായും ജീവിക്കുന്നത്. മുളയെ മാത്രം ആശ്രയിച്ചാണ് ഇവയുടെ നിലനിൽപ്പ്. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ കണക്കുകൾ പ്രകാരം ലോകത്ത് കാടുകളിൽ 1,864 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. അതും ചൈനയിൽ മാത്രം. ഈ അപൂർവത കാരണം പാണ്ടകൾക്കുമേൽ ചൈനയ്ക്ക് സവിശേഷമായ ഒരു അധികാരവും അവകാശവുമുണ്ട്. ഈ പ്രകൃതിദത്ത സവിശേഷതയെ തങ്ങളുടെ അവശ്യങ്ങൾക്കായി തന്ത്രപ്രധാനമായ ഒരു ഉപകരണമാക്കി മാറ്റാൻ ചൈനയ്ക്ക് സാധിച്ചിട്ടുണ്ട്.

പാണ്ട ഡിപ്ലോമസിയുടെ ചരിത്രം

നൂറ്റാണ്ടുകളുടെ കഥ പറയാനുണ്ട് പാണ്ട നയതന്ത്രത്തിന്. ഇതിന്റെ വേരുകൾക്ക് ഏഴാം നൂറ്റാണ്ടിലെ ടാങ് രാജവംശത്തിന്റെ കാലത്തോളം പഴക്കമുണ്ട്. അക്കാലത്ത് ജപ്പാനിലേക്ക് പാണ്ടകളെ നയതന്ത്ര സമ്മാനമായി അയച്ചിരുന്നതായി രേഖകളുണ്ട്. എന്നാൽ, പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണ് പാശ്ചാത്യ ലോകത്തിന്റെ ശ്രദ്ധ പാണ്ടകളിൽ പതിയുന്നത്. പിയറി അർമാൻഡ് ഡേവിഡ് എന്ന ഫ്രഞ്ച് പാതിരിയാണ് ഭീമൻപാണ്ടകളെ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുന്നത്. 1936-ൽ ‘സു-ലിൻ’ എന്ന പാണ്ടക്കുട്ടി അമേരിക്കൻ മൃഗശാലയിൽ എത്തിയതോടെയാണ് പാശ്ചാത്യ രാജ്യങ്ങളിൽ പാണ്ട ഒരു അത്ഭുതമായി മാറിയത്.

1941-ൽ ചിയാങ് കൈ-ഷെക് യു.എസിലെ ബ്രോങ്ക്‌സ് മൃഗശാലയിലേക്ക് ഒരു ജോഡി പാണ്ടകളെ സമ്മാനിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജാപ്പനീസ് അധിനിവേശത്തിൽ ചൈനീസ് അഭയാർത്ഥികളെ സഹായിച്ചതിന് നന്ദി എന്ന നിലയിലായിരുന്നു കൈമാറ്റം. 1949-ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വന്നതിനുശേഷം മാവോ സേതുങ്ങിന്റെ നേതൃത്വത്തിൽ ചൈന പാണ്ടകളെ കമ്മ്യൂണിസ്റ്റ് സഖ്യരാജ്യങ്ങൾക്ക് സമ്മാനമായി നൽകാൻ തുടങ്ങി. 1957-ൽ ഒക്ടോബർ വിപ്ലവത്തിന്റെ 40-ാം വാർഷികത്തിൽ സോവിയറ്റ് യൂണിയന് രണ്ട് പാണ്ടകളെ സമ്മാനിച്ചു. തുടർന്ന് വടക്കൻ കൊറിയക്കും ചൈന പാണ്ടകളെ നൽകി.

1957 മുതൽ 1982 വരെയുള്ള കാലയളവിൽ ചൈന ആകെ 23 ഭീമൻ പാണ്ടകളെയാണ് വിവിധ രാജ്യങ്ങൾക്ക് സമ്മാനമായി നൽകിയത്. 1972 ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് റിചാർഡ് നിക്സന്റെ ചരിത്രപരമായ ചൈന സന്ദർശനത്തിന് പിന്നാലെ ചൈനീസ് പ്രധാനമന്ത്രി ഷൗ എൻലായ് രണ്ട് പാണ്ടകളെ അമേരിക്കയ്ക്ക് സമ്മാനിച്ചു. വാഷ്ങടൺ ഡി.സി.യിലെ നാഷണൽ സൂവിലേക്കാണ് ഈ പാണ്ടകൾ എത്തിയത്. ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിന്റെ പ്രതീകങ്ങളായി ഈ പാണ്ടകൾ. 1972-ൽ തന്നെ ജപ്പാനുമായുള്ള ബന്ധം സാധാരണ നിലയിലായപ്പോൾ ചൈന ജപ്പാനും പാണ്ടകളെ സമ്മാനമായി നൽകി.

ആദ്യകാലത്ത് പാണ്ടകളെ സമ്മാനമായാണ് ചൈന നൽകിയിരുന്നത്. എന്നാൽ, എൺപതുകളിൽ ഇതിന് മാറ്റംവന്നു. വംശനാശഭീഷണി കണക്കിലെടുത്ത് ചൈന പാണ്ടകളെ സൗജന്യമായി സമ്മാനിക്കുന്ന രീതി അവസാനിപ്പിച്ചു. 1984-ൽ ഡെങ് സിയാവോപിങ്ങിന്റെ ഭരണകാലത്താണ് അവർ ഇത്തരം ഒരു തീരുമാനത്തിലേക്ക് എത്തിയത്. പകരം, വിദേശ മൃഗശാലകൾക്ക് ദീർഘകാല ഗവേഷണ-സംരക്ഷണ കരാറുകളുടെ അടിസ്ഥാനത്തിൽ പാണ്ടകളെ പാട്ടത്തിന് നൽകുന്ന രീതി ചൈന ആരംഭിച്ചു. കരാർ പ്രകാരം പ്രതിവർഷം നിശ്ചിത തുക വിദേശ മൃഗശാലകൾ വാടക നൽകണം. ഒരു ജോഡി പാണ്ടയ്ക്ക് പ്രതിവർഷം 500,000 ഡോളർ മുതൽ ഒരു ദശലക്ഷം ഡോളർ വരെ ചൈന ഇടാക്കാറുണ്ട്. പാണ്ടകൾ വിദേശ മൃഗശാലയലാണെങ്കിലും ജനിക്കുന്ന കുട്ടികൾ ഉൾപ്പെടെ പാണ്ടകളുടെയും പൂർണ ഉടമസ്ഥാവകാശം ചൈനയ്ക്കായിരിക്കും. മാത്രമല്ല, പാണ്ട കുട്ടികളെ നാല് വയസ്സ് തികയുന്നതിന് മുൻപ് ചൈനയിലെ ഗവേഷണ കേന്ദ്രങ്ങളിലേക്ക് കൈമാറുയും വേണം.

പാണ്ട ഡിപ്ലോമസിയുടെ പ്രാധാന്യം

സൈനികമോ സാമ്പത്തികമോ ആയ സമ്മർദ്ദ തന്ത്രങ്ങൾക്ക് പകരം, സൗഹൃദത്തിന്റെയും സമാധാനത്തിന്റെയും രൂപമായ ഭീമൻപാണ്ടകളെ മറ്റ് രാജ്യങ്ങളിലേക്ക് അയച്ച് തങ്ങളുടെ ആഗോള പ്രതിച്ഛായ മെച്ചപ്പെടുത്താൻ ചൈന ശ്രമിക്കുന്നു. പാണ്ടകളെ ‘സൗഹൃദത്തിന്റെ സ്ഥാനപതിമാരായി’ വിശേഷിപ്പിച്ചുകൊണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ചൈന പാണ്ടകളെ ഉപയോഗിക്കുന്നു. ‘വാഷിങ്ടണിൽ രണ്ട് ചൈനീസ് അംബാസഡർമാരുണ്ട്; ഒന്ന് ഞാനും, മറ്റൊന്ന് നാഷണൽ സൂവിലെ പാണ്ടയും’ എന്നാണ് 2013- മുൻ ചൈനീസ് അംബാസഡർ കുയി തിയാങ്കെ പറഞ്ഞത്.

പാണ്ട കൈമാറ്റങ്ങൾ പലപ്പോഴും സാമ്പത്തിക-വ്യാപാര കരാറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പാണ്ടകളെ നൽകുന്നതിന് പിന്നിൽ ചൈനയ്ക്ക് സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ട്. ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പാണ്ടകളെ പാട്ടത്തിന് നൽകിയത് ചൈനയുമായുള്ള യുറേനിയം കരാറുകൾക്ക് പിന്നാലെയായിരുന്നു. സ്കോട്ട്‌ലന്റിലെ എഡിൻബർഗ് മൃഗശാലയിലേക്ക് പാണ്ടകളെ നൽകിയതിന് പിന്നിലും വ്യാപാര ലക്ഷ്യങ്ങളുണ്ടായിരുന്നു. സൽമൺ മത്സ്യം, ലാൻഡ് റോവർ വാഹനങ്ങൾ, ഊർജ്ജ സാങ്കേതികവിദ്യ എന്നിവ സംബന്ധിച്ച വ്യാപാര ചർച്ചകൾക്കൊപ്പമായിരുന്നു പാണ്ടകളെ നൽകാനുള്ള കരാറിലെത്തിയത്. 2014-ൽ മലേഷ്യൻ എയർലൈൻസ് വിമാനം MH370 കാണാതായതിനെ തുടർന്ന് മലേഷ്യയുമായുണ്ടായ തർക്കം പരിഹരിക്കാനും സമാധാന സൂചകമായി പാണ്ടകളെ അയച്ചിരുന്നു. 2022 ഫുട്ബോൾ ലോകകപ്പ് വേളയിൽ ഖത്തറിലേക്കും ചൈന പാണ്ടകളെ നൽകിയിരുന്നു.

വിദേശ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധത്തിന്റെ അവസ്ഥ അറിയാനുള്ള ഒരു സൂചകമായും പാണ്ട കരാറുകൾ പ്രവർത്തിക്കുന്നു. ബന്ധങ്ങൾ മെച്ചപ്പെടുമ്പോഴും നയതന്ത്ര സഹകരണം പുതുക്കുമ്പോഴും ചൈന പാണ്ടകളെ അയക്കുന്നു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ ചൈന പാണ്ടകളെ തിരികെ വിളിക്കുകയോ പാട്ടക്കാലാവധി നീട്ടിനൽകാതിരിക്കുകയോ ചെയ്ത് തങ്ങളുടെ അതൃപ്തി വ്യക്തമാക്കാറുണ്ട്. 2010-ൽ അന്നത്തെ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ ദലൈലാമയുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുൻപായി അമേരിക്കയിൽ ജനിച്ച രണ്ട് പാണ്ടക്കുട്ടികളെ ചൈന തിരികെ കൊണ്ടുപോയി. 2023-24 കാലത്ത് യു.എസ്, യു.കെ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള തർക്കങ്ങൾ രൂക്ഷമായപ്പോഴും പഴയ പാട്ടക്കരാറുകൾ പുതുക്കാതെ പാണ്ടകളെ ചൈന തിരികെ വിളിക്കുകയുണ്ടായി

വിമർശനങ്ങളും വെല്ലുവിളികളും

കരാറുകൾ വഴി വിദേശ മൃഗശാലകളിൽനിന്ന് ലഭിക്കുന്ന പ്രതിവർഷ വാടകത്തുക പാണ്ടകളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ചൈന ചെലവഴിക്കുന്നത്. ചൈനയിലെ പാണ്ട സംരക്ഷണത്തിനും അവയുടെ സ്വാഭാവിക വാസസ്ഥലങ്ങൾ സംരക്ഷിക്കുന്നതിനുമായി ഇത് ഉപയോഗിക്കുന്നു. അന്താരാഷ്ട്ര ശാസ്ത്രജ്ഞരുമായുള്ള സംയുക്ത ഗവേഷണങ്ങളും വംശവർദ്ധനാ  പദ്ധതികളും വലിയ മാറ്റം കൊണ്ടുവന്നു. 1980-കളിൽ കാടുകളിൽ വെറും 1,200 ആയിരുന്ന ഭീമൻപാണ്ടകളുടെ എണ്ണം അന്താരാഷ്ട്ര സഹകരണത്തിലൂടെ 2020-കളിൽ 1,800-ൽ അധികമായി ഉയർന്നു. ഇതിനെത്തുടർന്ന് 2016-ൽ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) പാണ്ടകളുടെ അപകടനില ‘അപകടസാധ്യതയുള്ളവയിൽ’ നിന്ന് ‘ദുർബലമായവയിലേക്ക്’ (vulnerable) മാറ്റി.

ഇതെല്ലാമാണെങ്കിലും പാണ്ട പരിപാലനത്തിന്റെ ഉയർന്ന സാമ്പത്തികഭാരം വിദേശ മൃഗശാലകൾക്ക് വെല്ലുവിളിയാണ്. വിദേശ മൃഗശാലകൾ പാണ്ടകൾക്കായി നൽകേണ്ടിവരുന്ന ഭീമമായ വാടകത്തുകയ്ക്ക് പുറമേ അവയുടെ ആഹാരത്തിനും പരിചരണത്തിനുമുള്ള ഉയർന്ന തുക ചെലവഴിക്കേണ്ടിവരുന്നു. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നുവെന്ന വിമർശനമുണ്ട്. മനുഷ്യരുടെ കാഴ്ചവസ്തുവായി കൂട്ടിലടയ്ക്കപ്പെടുന്ന ജീവിക്കായി മാത്രം കോടിക്കണക്കിന് ഡോളർ ചെലവഴിക്കുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ, കൂട്ടിൽ വളർത്തുന്ന പാണ്ടകളെ അപേക്ഷിച്ച് കാടുകളിൽ ഇവയുടെ അതിജീവന നിരക്ക് കുറവാണ് എന്നതാണ് മറ്റൊരു വസ്തുത.

ഇതിനൊപ്പം ചൈനയുടെ നയങ്ങൾ, വ്യാപാര ഉപരോധങ്ങൾ, അതിർത്തി തർക്കങ്ങൾ എന്നിവ കാരണം ഉണ്ടാകുന്ന മോശം പ്രതിച്ഛായ പൂർണമായി മാറ്റിയെടുക്കാൻ പാണ്ട ഡിപ്ലോമസിക്ക് മാത്രം സാധിക്കില്ലെന്ന വിമർശനവുമുണ്ട്. എങ്കിലും രാഷ്ട്രീയവും നയതന്ത്രപരവുമായ തർക്കങ്ങൾക്കിടയിലും കഠിനമായ സൈനിക-സാമ്പത്തിക ഉപരോധങ്ങൾക്ക് അപ്പുറം ജനങ്ങൾ തമ്മിലുള്ള വൈകാരിക ബന്ധവും സൗഹൃദവും നിലനിർത്താൻ സാധിക്കുന്ന അപൂർവ്വമായ സാംസ്കാരിക-സൗഹൃദ പാലമായി ചൈനയുടെ പാണ്ട ഡിപ്ലോമസി നിലകൊള്ളുന്നു എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.


Reference