മ്മൂട്ടി പ്രധാന വേഷത്തിലഭിനയിക്കുന്നു എന്ന പേരിലാകും യാത്ര രണ്ട് എന്ന തെലുഗു ചിത്രം കേരളത്തില്‍ വാര്‍ത്തയാകുന്നത്. എന്നാല്‍ ആന്ധ്രാപ്രദേശില്‍ അതങ്ങനെയല്ല. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ രാഷ്ട്രീയജീവിതമാണ് യാത്രയുടെ രണ്ടാം ഭാഗത്തിന്റെ പ്രമേയം. തമിഴ് നടന്‍ ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയായി അഭിനയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. സിനിമയിലെ ഒരു ഡയലോഗ് മതി തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം തന്നെ മാറ്റിമറിക്കാനെന്ന പേടി എല്ലാവരിലുമുണ്ട്. പ്രത്യേകിച്ചും പ്രതിപക്ഷത്തുള്ള ചന്ദ്രബാബു നായിഡുവിന്. 

To advertise here,

ഒരു സിനിമയെയൊക്കെ ഇത്ര ഭയക്കണോ എന്ന് നമുക്ക് തോന്നാം. പക്ഷേ തെലുങ്കര്‍ക്കത് ഉയിരാണ്. പുതിയൊരു പാര്‍ട്ടിയുണ്ടാക്കി ഒരു വര്‍ഷം തികയും മുമ്പ് നന്ദാമുരി താരക രാമറാവു എന്ന സാക്ഷാല്‍ എന്‍.ടി.ആര്‍. ആന്ധ്രയുടെ ഭരണം കൈപ്പിടിയിലൊതുക്കിയത് ഈ വെള്ളിവെളിച്ചത്തിന്റെ മാത്രം തിളക്കത്തിലാണ്. എന്‍.ടി.ആറിന്റെ പാര്‍ട്ടിക്കാരനല്ലെങ്കിലും ജഗന്‍ മോഹന്‍ റെഡ്ഡിക്കതറിയാം. ജഗന്റെ അച്ഛനും മുന്‍ മുഖ്യമന്ത്രിയുമായ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ കഥ പറയുന്ന 'യാത്ര' എന്ന ചലച്ചിത്രം 2019 ഫെബ്രുവരിയില്‍ വന്നത് അത്ര അവിചാരിതമാണെന്ന് പറയാനാകില്ല. ഏപ്രിലിലായിരുന്നല്ലോ തിരഞ്ഞെടുപ്പ്! മമ്മൂട്ടി രാജശേഖര റെഡ്ഡിയുടെ വേഷമണിഞ്ഞ ആ ചിത്രം ജഗന്റെ പാരമ്പര്യത്തെയും രാജശേഖര റെഡ്ഡിയുടെ ഓര്‍മകളെയും വോട്ടര്‍മാരുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കാന്‍ കാരണമായി. 'പറഞ്ഞത് ഞാന്‍ കേട്ടു, നിങ്ങള്‍ക്കായി ഞാന്‍ ഇവിടെയുണ്ട്' എന്ന അര്‍ഥത്തിലുള്ള 'നേനു വിന്നാനു നേനു ഉന്നാനു' എന്ന വൈ.എസ്.ആറിന്റെ സംഭാഷണം സിനിമയില്‍ ഉപയോഗിച്ചതോടെ ഏറെ ഹിറ്റായി. ആ തിരഞ്ഞെടുപ്പില്‍ ജഗന്റെ പാര്‍ട്ടിയായ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണവാചകവും ഇതുതന്നെയായിരുന്നു. 2024-ല്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് എത്തുമ്പോള്‍ യാത്ര എന്ന സിനിമയുടെ രണ്ടാം ഭാഗവും എത്തുകയാണ്. രണ്ടാം ഭാഗം ജഗന്റെ ജീവിതം തന്നെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ പ്രചാരണമൂല്യം ചെറുതാകാനിടയില്ല. 

placeholder
യാത്ര 2' വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

രാം ഗോപാല്‍ വര്‍മയുടെ വരാനിരിക്കുന്ന തെലുഗു സിനിമ 'വ്യൂഹം'മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയും മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമെല്ലാം പ്രധാന കഥാപാത്രങ്ങളായെത്തുന്നതാണ്. സംഗതി തട്ടുപൊളിപ്പനായിരിക്കുമെങ്കിലും അതിന്റെ കഥയും എന്തായിരിക്കുമെന്ന് എല്ലാവരും ആശങ്കപ്പെടുന്നു. സഹോദരി വൈ.എസ്. ശര്‍മിളയും അമ്മ വിജയലക്ഷ്മിയും കോണ്‍ഗ്രസിനൊപ്പം ഒരു പക്ഷത്ത്. ചന്ദ്രബാബു നായിഡുവെന്ന സ്ഥിരം എതിരാളി പതിവ് പോരാട്ടവുമായി എത്തുന്നു. കൂടാതെ ഭാഗ്യപരീക്ഷണത്തിനായി ബി.ജെ.പിയും. വന്‍ ഭൂരിപക്ഷത്തോടെ ഭരണത്തിലേറി ജഗന്‍ അഞ്ചുവര്‍ഷം മുഖ്യമന്ത്രിക്കസേരയിലിരുന്നു. ദേശീയരാഷ്ട്രീയത്തില്‍ അങ്ങുമിങ്ങുമില്ലാതെ നിന്ന് സുരക്ഷിത കളിയിലേര്‍പ്പെടുന്നുമുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെന്ന നേതാവ് അധികാരത്തിന്റെ ഊടുവഴികള്‍ ശരവേഗത്തില്‍ പിന്നിടുകയാണ്.

ആന്ധ്രയുടെ ആത്മഗൗരവം

ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു ആന്ധ്രാപ്രദേശ്. 1977-ലെ ജനതാ കൊടുങ്കാറ്റിലും തെലുഗര്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു. ആന്ധ്രയിലെ ലോക്‌സഭാ സീറ്റുകളില്‍ വിജയിച്ച ഒരേ ഒരു ജനതാ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. നീലം സഞ്ജീവ റെഡ്ഡി മാത്രം. ബാക്കിയുള്ള 41 സീറ്റുകളും ഇന്ദിരാ കോണ്‍ഗ്രസ് കൊണ്ടുപോയി. തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇന്ദിരാ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തി. ഭരണകാലാവധി തികയ്ക്കാനായെങ്കിലും നാല് മുഖ്യമന്ത്രിമാരെ കോണ്‍ഗ്രസിന് അവതരിപ്പിക്കേണ്ടി വന്നു.

1982 ആന്ധ്രാ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ വര്‍ഷമായിരുന്നു. ടി. ആഞ്ജയ്യ മുഖ്യമന്ത്രിയായിരിക്കെ രാജീവ് ഗാന്ധി ആന്ധ്രയില്‍ സന്ദര്‍ശനത്തിനെത്തി. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പിന്‍ഗാമിയായി രാജീവ് അധികാര രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സമയമായിരുന്നു അത്. അദ്ദേഹത്തിന് വിമാനത്താവളത്തില്‍ വെച്ചുതന്നെ പാട്ടും നൃത്തവുമൊക്കെയായി കണ്ണഞ്ചിപ്പിക്കുന്ന സ്വീകരണമാണ് ആഞ്ജയ്യ ഒരുക്കിയത്. വിമാനത്താവളത്തിലെ സുരക്ഷ പോലും കണക്കിലെടുക്കാതെ നടത്തിയ സ്വീകരണം രാജീവിനത്ര പിടിച്ചില്ല. ആളുകള്‍ക്കിടയില്‍ വെച്ച് മുഖ്യമന്ത്രിയെ രാജീവ് കഠിനമായി ശകാരിച്ചു. തിരിച്ച് ഡല്‍ഹിയിലെത്തിയ ഉടന്‍ തന്നെ ആഞ്ജയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ രാജീവ് ഇന്ദിരയോട് ആവശ്യപ്പെടുകയും ചെയ്തു. ആഞ്ജയ്യ ഉടനടി പദവി ഒഴിഞ്ഞെങ്കിലും ആന്ധ്രയിലെ കോണ്‍ഗ്രസുകാര്‍ക്കിടയിലും തെലുഗര്‍ക്കിടയില്‍ പൊതുവിലും തങ്ങളുടെ മുഖ്യമന്ത്രി അപമാനിക്കപ്പെട്ടതായി തോന്നലുണ്ടാക്കി. ഇതേ കാലയളവിലാണ് എന്‍.ടി. രാമറാവു കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ പാര്‍ട്ടിയുമായി എത്തുന്നത്. തെലുഗുദേശം പാര്‍ട്ടിയെന്ന പേര് മുതല്‍ പ്രചാരണം വരെ സകലതിലും തെലുഗരുടെ ആത്മാഭിമാനത്തെ ഉണര്‍ത്താന്‍ എന്‍.ടി.ആര്‍. ശ്രമിച്ചു. ആഞ്ജയ്യയോടുള്ള സമീപനം തെലുഗര്‍ക്കു നേരെയുള്ള അപമാനമാണെന്ന് എന്‍.ടി.ആര്‍. വേദികളില്‍ പ്രസംഗിച്ചു. തെലുഗു വാരി ആത്മഗൗരവം (തെലുഗരുടെ ആത്മാഭിമാനം) തെലുഗു ദേശം പാര്‍ട്ടിയുടെ മുഖ്യ പ്രചാരണവാചകമായി മാറി. അതില്‍ ആന്ധ്ര കുലുങ്ങി. 1983-ലെ തിരഞ്ഞെടുപ്പില്‍ 294-ല്‍ 201 സീറ്റും എന്‍.ടി.ആര്‍. കൊണ്ടുപോയി. 

placeholder
എന്‍ടിആറും ഭാര്യ  ലക്ഷ്മി പാര്‍വതിയും

എന്‍.ടി.ആറിനെ താഴെയിറക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ഭാസ്‌കര റാവു ശ്രമിച്ചെങ്കിലും അതിന് വലിയ ആയുസ്സുണ്ടായില്ല. 1985-ലെ തിരഞ്ഞെടുപ്പിലും തെലുഗു ദേശം പാര്‍ട്ടി വിജയിച്ചു. 1989-ല്‍ കോണ്‍ഗ്രസ് ശക്തമായി തിരിച്ചുവന്നെങ്കിലും മൂന്നു മുഖ്യമന്ത്രിമാരുണ്ടായി. 1994-ല്‍ എന്‍.ടി.ആര്‍. തന്റെ ഏറ്റവും വലിയ വിജയവുമായി അധികാരത്തിലേറി. 294 അംഗ നിയമസഭയില്‍ 216 സീറ്റാണ് നേടിയത്. ഭാര്യ ലക്ഷ്മി പാര്‍വതിയെ തന്റെ പിന്‍ഗാമിയായി വാഴിക്കാനുള്ള നീക്കം മരുമകനും പാര്‍ട്ടിയിലെ രണ്ടാമനുമായ ചന്ദ്രബാബു നായിഡുവും മറ്റ് കുടുംബാംഗങ്ങളും ചേര്‍ന്ന് തടഞ്ഞു. എന്‍.ടി.ആറിന് മുഖ്യമന്ത്രി പദം ഒഴിയേണ്ടതായി വന്നു. അതോടെ ചന്ദ്രബാബു നായിഡുവിന്റെ കാലം പിറക്കുകയായി.ചന്ദ്രബാബു നായിഡു തുടര്‍ച്ചയായി എട്ടരവര്‍ഷത്തിലേറെക്കാലം ഭരിച്ചു. ഹൈദരാബാദിനെ ഒരു സൈബര്‍ നഗരമാക്കി മാറ്റാനായിരുന്നു ബാബു ഗാരു ശ്രമിച്ചത്. മൈക്രോസോഫ്റ്റ് അടക്കമുള്ള കമ്പനികള്‍ ആന്ധ്രയിലേക്ക് വിരുന്നെത്തി. വിദേശ മാധ്യമങ്ങളിലടക്കം നായിഡുവിനെക്കുറിച്ച് വന്‍ ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. ആന്ധ്രയില്‍ വികസനക്കുതിപ്പാണെന്ന് ഏവരും കരുതി.

1984-ലെ ദേശീയ തിരഞ്ഞെടുപ്പില്‍ 30 സീറ്റോടെ മുഖ്യപ്രതിപക്ഷ കക്ഷിയായത് ടി.ഡി.പിയായിരുന്നു. വി.പി. സിങ്ങിന്റെയും 1999-ലെ അടല്‍ ബിഹാരി വാജ്‌പേയിയുടെയും സര്‍ക്കാരുകളെ താങ്ങിനിര്‍ത്തുന്നതില്‍ ടി.ഡി.പി. പ്രധാന പങ്കുവഹിച്ചു. നായിഡുവിന്റെ ഭരണത്തിന്റെ പകിട്ടുകൂടിയായതോടെ കോണ്‍ഗ്രസിന് തിരിച്ചുവരവുണ്ടാകില്ലെന്ന് ഏവരും വിചാരിച്ചു. എന്നാല്‍ വൈ.എസ്. രാജശേഖര റെഡ്ഡിയെന്ന ഡോക്ടര്‍ ഭരണം പിടിക്കാന്‍ ഒരുമ്പിട്ടിറങ്ങിയതോടെ കോണ്‍ഗ്രസിന് നവജീവന്‍ കൈവന്നു. 

എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയാക്കിയതിനുശേഷം സ്വന്തം ആശുപത്രി നടത്തിക്കൊണ്ടിരിക്കവേയാണ് വൈ.എസ്. രാജശേഖര റെഡ്ഡി രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. വ്യവസായിയായ അച്ഛന്‍ രാജ റെഡ്ഡിയുടെ പ്രേരണ ഇതിന് പിന്നിലുണ്ടായിരുന്നു. രാജ റെഡ്ഡി 1998-ല്‍ ഒരു ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ക്രിസ്ത്യന്‍ റെഡ്ഡി വിഭാഗത്തില്‍പ്പെട്ട വൈ.എസ്. രാജശേഖര റെഡ്ഡി ദീര്‍ഘകാലം എം.എല്‍.എയും എം.പിയും സംസ്ഥാന മന്ത്രിയുമൊക്കെയായതിന്റെ പരിചയത്തിലാണ് നായിഡുവിന്റെ കാലത്ത് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്.

placeholder
വൈ.എസ്. രാജശേഖര റെഡ്ഡി, ജഗന്‍ മോഹന്‍ റെഡ്ഡി

2003-ല്‍ വൈ.എസ്.ആര്‍. ആന്ധ്രയിലെ 11 ജില്ലകളിലൂടെ ഒരു യാത്ര നടത്തി. ചുട്ടുപൊള്ളുന്ന വെയിലിനെയും വരണ്ട കാലാവസ്ഥയെയുമൊന്ന് വകവെക്കാതെ കാല്‍നടയായി 60 ദിവസം അദ്ദേഹം യാത്ര ചെയ്തു. 1500-ഓളം കിലോമീറ്ററുകള്‍ അദ്ദേഹം നടന്നു. ജനങ്ങളുടെ പ്രശ്‌നങ്ങളറിയുകയും പരാതികള്‍ കേള്‍ക്കുകയും ചെയ്തു. വികസിക്കുന്ന ഹൈദരാബാദിന് മറുപുറത്ത് കൃഷിനാശവും പട്ടിണിയും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത കൊണ്ടും കഷ്ടപ്പെടുന്ന ജനതയുണ്ടെന്ന് ആ പദയാത്ര വെളിവാക്കി. ജനങ്ങള്‍ വൈ.എസ്.ആറില്‍ ഒരു രക്ഷകനെ കണ്ടു. 2004-ലെ തിരഞ്ഞെടുപ്പില്‍ 185 സീറ്റുമായി കോണ്‍ഗ്രസ് തിരിച്ചുവന്നു. സഖ്യകക്ഷികളായി മത്സരിച്ച തെലങ്കാന രാഷ്ട്ര സമിതിക്ക് 26 സീറ്റും കമ്മ്യൂണിസ്റ്റ് കക്ഷികള്‍ക്ക് 15 സീറ്റും കിട്ടി. 

തന്റെ മിക്ക പ്രഖ്യാപനങ്ങളും നടപ്പിലാക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ വൈ.എസ്.ആര്‍. ശ്രമിച്ചു. കര്‍ഷക ആത്മഹത്യ പെരുകിയിരുന്ന ആന്ധ്രയില്‍ കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി പദ്ധതി വലിയ ആശ്വാസമായി. ഗ്രാമീണര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സൗജന്യ ആംബുലന്‍സ് സൗകര്യം, ജല യജ്ഞം എന്ന ജലസേചനപദ്ധതികളുടെ സഞ്ചയം എന്നിവയെല്ലാം സര്‍ക്കാരിനെ ജനപ്രിയമാക്കി. ശക്തമായിരുന്ന മാവോവാദികളുടെ സാന്നിധ്യം സംസ്ഥാനത്ത് ഇക്കാലയളവില്‍ കുറഞ്ഞു. ഒറ്റയ്ക്ക് മത്സരിച്ചിട്ടുപോലും 2009-ലെ തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂടെയുണ്ടായിരുന്ന തെലങ്കാന രാഷ്ട്ര സമിതിയും കമ്മ്യൂണിസ്റ്റ് കക്ഷികളും മഹാ കൂടമി (മഹാസഖ്യം) എന്ന പേരില്‍ തെലുഗു ദേശം പാര്‍ട്ടിക്കൊപ്പമാണ് മത്സരിച്ചത്. ആകെയുള്ള 294-ല്‍ 156 സീറ്റും കോണ്‍ഗ്രസ് നേടി. അഞ്ച് വര്‍ഷം ഭരിച്ചതിനുശേഷം വീണ്ടും അധികാരത്തിലെത്തുന്ന ആന്ധ്രയിലെ ആദ്യ കോണ്‍ഗ്രസ് നേതാവാണ് വൈ.എസ്.ആര്‍. 2009 സെപ്റ്റംബര്‍ രണ്ടിനാണ് രാജ്യം മുഴുവന്‍ ഞെട്ടിയ ആ അപകടമുണ്ടായത്. വെ.എസ്.ആര്‍. സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ നല്ലമല കാട്ടിന് മുകളില്‍ വെച്ച് കേടാവുകയും അവിടെ തകര്‍ന്നുവീഴുകയും ചെയ്തു. തൊട്ടടുത്ത ദിവസം വൈ.എസ്.ആറിന്റെ മരണം സ്ഥിരീകരിച്ചു. കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ തന്നെ ഏറെ പണിപ്പെട്ടു. സെപ്റ്റംബര്‍ നാലിന് വൈ.എസ്.ആറിന്റെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കുമ്പോഴേക്കും ആന്ധ്രയിലാകെ സ്‌തോഭജനകമായ രംഗങ്ങളാണ് അരങ്ങേറിയത്. ജനം വാവിട്ടുകരഞ്ഞു. പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വൈ.എസ്.ആറിന്റെ മരണമറിഞ്ഞ് ഹൃദയം സ്തംഭിച്ചവരും സ്വയം മരണം വരിച്ചവരുമായി 122 പേരാണുള്ളത്.

placeholder
ജഗന്‍ മോഹന്‍ റെഡ്ഡി

ജഗന്‍ വരുന്നു

വൈ.എസ്. രാജശേഖര റെഡ്ഡി മരിക്കുമ്പോള്‍ കഡപ്പ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റംഗമായിരുന്നു മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡി. 2004-ലെ തിരഞ്ഞെടുപ്പില്‍ അച്ഛനും കോണ്‍ഗ്രസിനും വേണ്ടി പ്രചാരണം നടത്തിക്കൊണ്ട് രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ജഗന് 2009-ല്‍ വളരെ എളുപ്പത്തില്‍ ലോക്‌സഭാ സീറ്റ് കിട്ടി. വലിയ വിജയം നേടുകയും ചെയ്തു. ബി.കോം ബിരുദധാരിയായ ജഗന് ബിസിനസിലായിരുന്നു താത്പര്യം. ബിരുദം നേടിയ ഉടനെ ഭാരതിയുമായി വിവാഹം. ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന സാന്ദൂര്‍ പവര്‍ കമ്പനി സ്വന്തമാക്കി അതിന്റെ പ്രവര്‍ത്തനങ്ങളുമായി കുറേക്കാലം ബാംഗ്ലൂരിലായിരുന്നു ജഗനും കുടുംബവും താമസിച്ചിരുന്നത്. ജഗന്‍ ഏറ്റെടുത്തതോടെ അസ്വാഭാവികമായ ഉയര്‍ന്ന വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്. കമ്പനിയിലേക്ക് ധാരാളം നിക്ഷേപമെത്തി. കമ്പനി മറ്റ് കമ്പനികളില്‍ നിക്ഷേപിക്കാനും തുടങ്ങി.

2008ല്‍ സാക്ഷി എന്ന പേരില്‍ പത്രവും 2009-ല്‍ അതേ പേരില്‍ ടെലിവിഷന്‍ വാര്‍ത്താചാനലും ജഗന്‍ തുടങ്ങി. തെലുഗു ഭാഷയിലെ ഏറ്റവും പ്രചാരമുള്ള പത്രങ്ങളായ ഈനാടും ആന്ധ്രാ ജ്യോതിയും ടി.ഡി.പിയെ പിന്തുണയ്ക്കുന്ന പത്രങ്ങളായിരുന്നു. അവിടേക്കാണ് വൈ.എസ്.ആറിനെ നൂറുശതമാനം അനുകൂലിക്കുന്ന സാക്ഷി എത്തിയത്. ലോകപ്രശസ്തനായ ലേ ഔട്ട് വിദഗ്ദന്‍ മരിയാ ഗാര്‍ഷ്യ ആയിരുന്നു പത്രം രൂപകല്‍പന ചെയ്തത്. സാക്ഷിയുടെ സര്‍ക്കുലേഷന്‍ 10 ലക്ഷം വരെ കുതിച്ചു. കമ്പനിയും തന്റെ ബിസിനസ്സും ഭാര്യ ഭാരതിയെ ഏല്‍പ്പിച്ചാണ് ജഗന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത്. സമര്‍ഥയായ ഭാരതി അതിഗംഭീരമായി അത് കൈകാര്യം ചെയ്യുകയും ചെയ്തു. ഭാരതി സിമന്റടക്കമുള്ള ഒട്ടനവധി വ്യവസായങ്ങള്‍ വൈ.എസ്. ഭാരതി നിയന്ത്രിക്കുന്നു.

placeholder
ജഗന്‍ മോഹന്‍ റെഡ്ഡി, അമ്മ വിജയലക്ഷ്മി, ഭാര്യ ഭാരതി | Photo: PTI

വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തോടെ മുഖ്യമന്ത്രി സ്ഥാനം ജഗന് നല്‍കണമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ആവശ്യപ്പെട്ടു. ജഗന് പിന്നില്‍ വൈ.എസ്.ആറിന്റെ ധാരാളം ആരാധകരുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ഇക്കാര്യം സമ്മതമായിരുന്നില്ല. താരതമ്യേന പുതുമുഖമായ ജഗന് മുഖ്യമന്ത്രിസ്ഥാനം നല്‍കുന്നതിന് ധാരാളം എതിര്‍പ്പ് സംസ്ഥാന കോണ്‍ഗ്രസില്‍ നിന്നുമുണ്ടായിരുന്നു. ആന്ധ്രയിലെ തലമുതിര്‍ന്ന നേതാവായ കെ. റോസയ്യയെ ആണ് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയായി കണ്ടെത്തിയത്. റോസയ്യ ഏറെക്കുറേ തന്റെ മേലുണ്ടായ വിശ്വാസം കാക്കുകയും ചെയ്തു. 

ജഗന്‍ തന്റെ രാഷ്ട്രീയ തീരുമാനവുമായി മുന്നോട്ടുപോയി. രാജശേഖര റെഡ്ഡിയുടെ മരണമറിഞ്ഞ് ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാനെന്ന പേരില്‍ ജഗന്‍ ഒതര്‍പ്പ് യാത്ര (അനുശോചന യാത്ര) പ്രഖ്യാപിച്ചു. പാര്‍ട്ടിക്കെതിരായ നീക്കമാണിതെന്ന് മനസ്സിലാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യാത്ര വിലക്കി. ജഗന്‍ ഇത് മുഖവിലക്കെടുത്തില്ല. മരണമുണ്ടായ ഓരോ വീടുകളിലേക്കും ജഗനും അനുയായികളും ജാഥയുമായെത്തി. വൈ.എസ്.ആര്‍. അധികാരത്തിലേറും മുമ്പ് നടത്തിയ യാത്രയെ ഓര്‍മിപ്പിക്കുന്നതായിരുന്നു ഇത്. സംസ്ഥാന രാഷ്ട്രീയത്തെ യാത്ര രണ്ട് ഇളക്കിമറിച്ചു. 2010 നവംബര്‍ 29-ന് ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ഒപ്പം കഡപ്പ ലോക്‌സഭാംഗത്വവും. ജഗനൊപ്പം അമ്മ വിജയമ്മയും അവരുടെ നിയമസഭാംഗത്വം ഒഴിഞ്ഞു. പുതിയ പാര്‍ട്ടിയുമായി രംഗപ്രവേശം ചെയ്യുമെന്ന് ജഗന്‍ പ്രഖ്യാപിച്ചു. 

ജഗന്റെ നീക്കത്തിന്റെ പിന്നിലെ അപകടം കോണ്‍ഗ്രസ് മനസ്സിലാക്കി. ആന്ധ്രാപ്രദേശിലെ ആകെ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമേ ഉള്ളുവെങ്കിലും റെഡ്ഡി സമുദായമാണ് കോണ്‍ഗ്രസിന്റെ ശക്തി. ആന്ധ്രയിലെ ഭൂപ്രഭുക്കളാണവര്‍. വൈ.എസ്.ആര്‍. വരെയുള്ള 10 കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെയെടുത്താല്‍ ഏഴ് പേരും റെഡ്ഡിമാരായിരുന്നു. 20 ശതമാനത്തോളം വരുന്ന കാപ്പു, ദളിത് സമുദായമായ മാലാ എന്നിവയുടെ പിന്തുണയും കോണ്‍ഗ്രസിനാണ് സാധാരണ കിട്ടാറുള്ളത്. തെലുഗുദേശം പാര്‍ട്ടിയുടെ രൂപവത്കരണത്തോടെ ധനികസമുദായമായ കമ്മാ കോണ്‍ഗ്രസില്‍ നിന്ന് അകന്നു. 2009-ല്‍ പ്രജാരാജ്യം പാര്‍ട്ടിയുമായി എത്തി ചിരഞ്ജീവി കാപ്പു സമുദായത്തെയും 18 സീറ്റും കൂടെക്കൊണ്ടുപോയി. മുഖ്യമന്ത്രി റോസയ്യ വൈശ്യ സമുദായാംഗമാണ്. റോസയ്യയുടെ ഭരണസമയത്ത് റെഡ്ഡിയേതര സമുദായാംഗങ്ങളുടെ കൈയിലായി പാര്‍ട്ടി. ഇത് റെഡ്ഡികള്‍ക്കിടയില്‍ നീരസമുണ്ടാക്കി. ജഗന്‍ പുതിയ പാര്‍ട്ടിയുമായെത്തിയാല്‍ റെഡ്ഡിമാരുടെ വലിയ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭയന്നു. ഉടന്‍ കോണ്‍ഗ്രസ് റോസയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമാറ്റി. പകരം നിയമസഭാ സ്പീക്കര്‍ കിരണ്‍ കുമാര്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കി.

മറുപുറത്ത് സ്വന്തം പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ജഗന്‍ ശരിക്കും ഞെട്ടിയത്. വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എന്ന പേരില്‍ കെ. ശിവകുമാര്‍ എന്ന കോണ്‍ഗ്രസ്സുകാരന്‍ ഒരു പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേപേരാണ് ജഗനും മനസ്സില്‍ കണ്ടിരുന്നത്. അതോടെ ശിവകുമാറുമായി ജഗന് രഹസ്യധാരണയിലെത്തേണ്ടിവന്നു. അവസാനം യുവജന ശ്രാമിക റെയ്തു കോണ്‍ഗ്രസ് പാര്‍ട്ടി (യുവജന - തൊഴിലാളി - കര്‍ഷക കോണ്‍ഗ്രസ് പാര്‍ട്ടി) എന്ന പാര്‍ട്ടിയുമായി 2011 മാര്‍ച്ചില്‍ ജഗന്‍ ആന്ധ്രയുടെ മണ്ണില്‍ പോരാട്ടത്തിനൊരുങ്ങി. പുതിയ പാര്‍ട്ടിയുടെ ബാനറില്‍ ലോക്‌സഭയിലേക്ക് ജഗനും നിയമസഭയിലേക്ക് അമ്മയും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുകയറി.

ജയിലും സമരവും

കോണ്‍ഗ്രസിനും തെലുഗുദേശം പാര്‍ട്ടിക്കും ബദലായി വൈ.എസ്.ആര്‍. കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ജഗന്‍ ശ്രമിക്കുന്നതിനിടെയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസ് പൊന്തിവന്നത്. വെളിപ്പെടുത്തിയ സ്വത്ത് നോക്കുമ്പോള്‍ തന്നെ പാര്‍ലമെന്റിലെ ഏറ്റവും ധനികനായ അംഗമായിരുന്നു ജഗന്‍. വെളിപ്പെടുത്തിയ കണക്കനുസരിച്ച് 365 കോടി രൂപയുടെ സ്വത്തായിരുന്നു അന്ന് ജഗനുണ്ടായിരുന്നത്. പിതാവ് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസിനെ ഉപയോഗപ്പെടുത്തി വിവിധ കമ്പനികളെ സഹായിക്കുകയും അവരില്‍ നിന്ന് കോടികള്‍ കൈപ്പറ്റുകയും ചെയ്തുവെന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി    സി.ബി.ഐയോട് ആവശ്യപ്പെട്ടു. 2012 മേയില്‍ ജഗന്‍ അറസ്റ്റിലായി. ജാമ്യാപേക്ഷ സുപ്രീം കോടതി തന്നെ നിരവധി തവണ തള്ളിയതോടെ ജഗന്‍ കുരുക്കിലായി. നീണ്ട 16 മാസമാണ് ജഗന്‍മോഹന്‍ റെഡ്ഡി ജയിലില്‍ കിടന്നത്. 

ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ച് തെലങ്കാന എന്ന പ്രത്യേക സംസ്ഥാനം രൂപവത്കരിക്കണമെന്ന ആവശ്യം ശക്തമായ കാലമായിരുന്നു അത്. 2009-ല്‍ തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റ് കെ. ചന്ദ്രശേഖര്‍ റാവു 11 ദിവസത്തെ നിരാഹാരം നടത്തി പ്രത്യേക സംസ്ഥാനം എന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനൊക്കൊണ്ട് തത്വത്തില്‍ അംഗീകരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് നടപ്പാകാതായതോടെ തെലങ്കാന പ്രക്ഷോഭം ശക്തമായി. 2013 ജൂലായ് 30-ന് കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയോഗത്തില്‍ സംസ്ഥാനം വിഭജിക്കാമെന്ന് തീരുമാനമായതോടെ തെലങ്കാനയിലെ പ്രക്ഷോഭത്തിന് ശമനമുണ്ടായി. 

അതേസമയം ആന്ധ്രാപ്രദേശിനെ വിഭജിക്കുന്നതിനെതിരെയുള്ള സമരവും ശക്തമായി മാറി. രായലസീമയിലെ സമരം വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ഏറ്റെടുത്തു. ചാഞ്ചല്‍ഗുഡ ജയിലിനുള്ളില്‍ ജഗന്‍ തെലങ്കാന രൂപവത്കരണത്തിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ചു. 125 മണിക്കൂര്‍ തുടര്‍ച്ചയായ നിരാഹാരത്തിനുശേഷം ആരോഗ്യം മോശമായതോടെ ജഗനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജഗന് പിന്തുണയുമായി അമ്മ വിജയമ്മയും ഇതേ സമയം പുറത്ത് നിരാഹാരം നടത്തിയിരുന്നു. ജയിലില്‍ നിന്നിറങ്ങിയതിനുശേഷം ജഗന്‍ ആന്ധ്രാപ്രദേശില്‍ തെലങ്കാന സംസ്ഥാന രൂപവത്കരണത്തിനെതിരെ 72 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. പലയിടത്തും ബന്ദ് അക്രമാസക്തമായി. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായി ജഗന്‍ മോഹന്‍ റെഡ്ഡി ലോക്‌സഭാംഗത്വവും അമ്മ വിജയമ്മ നിയമസഭാംഗത്വവും രാജിവെച്ചു. അപ്പോഴേക്കും 2014-ലെ തിരഞ്ഞെടുപ്പ് എത്തി. വിഭജനത്തിനുശേഷമുള്ള ആന്ധ്രാപ്രദേശിലെ ആദ്യ തിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്നായിരുന്നു അഭിപ്രായ സര്‍വേകള്‍ മിക്കതും പ്രവചിച്ചത്. എന്നാല്‍ ബി.ജെ.പിയുമായി സഖ്യത്തില്‍ മത്സരിച്ച തെലുഗുദേശം പാര്‍ട്ടി ഭരണം പിടിച്ചു. 102 സീറ്റ് ടി.ഡി.പിയും നാല് സീറ്റ് ബി.ജെ.പിയും നേടിയപ്പോള്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് 67 സീറ്റാണ് ലഭിച്ചത്. വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനം 38.28 ശതമാനത്തിലേക്കൊതുങ്ങി. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഉയര്‍ന്ന പുതിയ അഴിമതി ആരോപണങ്ങള്‍ ജഗന്റെ സാധ്യതകളെ നന്നായി ബാധിച്ചു.

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് വോട്ടിങ് ശതമാനം ഏറ്റവും കൂടുതലായിരുന്നെങ്കിലും അതിനനുസരിച്ച് സീറ്റ് കിട്ടിയില്ല. 45.67 ശതമാനം വോട്ടുകളാണ് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേടിയത്. സീറ്റ് എട്ട് മാത്രം. 40.8 ശതമാനം വോട്ടുകള്‍ നേടിയ തെലുഗുദേശം പാര്‍ട്ടി 15 സീറ്റ് സ്വന്തമാക്കി. രണ്ട് സീറ്റ് ബി.ജെ.പി. നേടി. വിശാഖപട്ടണത്ത് വിജയമ്മ തോറ്റത് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി.

പ്രതിപക്ഷ നേതാവായ ജഗന്‍മോഹന്‍ റെഡ്ഡി 2017-ല്‍ തന്റെ തുരുപ്പുചീട്ട് വീണ്ടും പുറത്തെടുത്തു. വീണ്ടുമൊരു യാത്ര. 3000 കിലോമീറ്റര്‍ നീളുന്ന പദയാത്രയായിരുന്നു ഇത്തവണ. പേര് പ്രജാ സങ്കല്‍പ യാത്ര. 125 നിയമസഭാ മണ്ഡലങ്ങളിലൂടെ ഈ യാത്ര കടന്നുപോയി. ആന്ധ്രയിലെ ഗ്രാമീണമേഖലകളിലെ സാധാരണ വോട്ടര്‍മാരെ നേരിട്ടുകാണാനും സംസാരിക്കാനും ജഗന് സാധിച്ചു. 2019-ലെ തിരഞ്ഞെടുപ്പിലേക്കുള്ള വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു അത്. 'ജഗന്‍ വരണം, ഞങ്ങള്‍ക്ക് ജഗനെ വേണം' എന്ന അര്‍ഥം വരുന്ന 'രാവാലി ജഗന്‍, കാവാലി ജഗന്‍' എന്ന മുദ്രാവാക്യം പദയാത്രയിലുടനീളം മുഴങ്ങി. 

അതിനിടെ വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച് കൂടെ സെല്‍ഫിയെടുക്കാനെന്ന് പറഞ്ഞ് വന്ന ശ്രീനിവാസ് എന്നയാള്‍ ജഗനെ കത്തികൊണ്ടു കുത്തി. ഇടതുതോളിന് കുത്തേറ്റ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നു. അക്രമത്തില്‍ ഭരണപക്ഷ ടി.ഡി.പി. നേതാക്കളുടെ പങ്കിനെക്കുറിച്ചും ആരോപണമുണ്ടായി.

placeholder

മുഖ്യമന്ത്രി പദത്തില്‍

2019-ലെ തിരഞ്ഞെടുപ്പോടെ ആന്ധ്രാപ്രദേശ് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ ആധിപത്യത്തിലായെന്ന് പറയാം. 175 അംഗ നിയമസഭയില്‍ 151 പേരുടെ പിന്തുണയാണ് ജഗന്‍മോഹന്‍ റെഡ്ഡി അധികാരത്തിലേറിയത്. ആന്ധ്രയിലെ 25 ലോകസഭാസീറ്റില്‍ 22 എണ്ണവും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേടി. 2021-ല്‍ ആകെയുള്ള 12 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും 75 മുനിസിപ്പാലിറ്റി/നഗര്‍ പഞ്ചായത്തുകളില്‍ 74 എണ്ണവും ആകെയുള്ള 13 ജില്ലാ പഞ്ചായത്തുകളും ജഗന്റെ പാര്‍ട്ടി സ്വന്തമാക്കി. മുഖ്യപ്രതിപക്ഷ കക്ഷിയായ തെലുഗുദേശം പാര്‍ട്ടിക്ക് ഒരു ജില്ലാപരിഷത്തിലും രണ്ടക്കം പോലും തികയ്ക്കാനായില്ലെന്നതാണ് കൗതുകകരം. ചന്ദ്രബാബു നായിഡുവിന്റെ മൂക്കിന് താഴെയുള്ള കുപ്പം നഗരസഭയില്‍ 25-ല്‍ 19 വാര്‍ഡും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പിടിച്ചെടുത്തത് ടി.ഡി.പിക്ക് അപമാനമായി.മുഖ്യമന്ത്രിയടക്കം 21 അംഗങ്ങളുള്ള മന്ത്രിസഭയുമായാണ് ജഗന്‍ ഭരണം തുടങ്ങിയത്. അതില്‍ അഞ്ചുപേര്‍ ഉപമുഖ്യമന്ത്രിമാരായിരുന്നു.

അഞ്ചുവര്‍ഷം നീണ്ട ഭരണത്തിലുടനീളം ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സമ്പൂര്‍ണ ആധിപത്യമാണുണ്ടായത്. വൈ.എസ്.ആര്‍. കോണ്‍ഗ്രസില്‍ സംഘടനാസംവിധാനം പേരിന് മാത്രമാണുള്ളത്. ജഗന്‍ കല്‍പിക്കുന്നു, മറ്റുള്ളവര്‍ അനുസരിക്കുന്നു എന്ന രീതിയിലാണ് അവിടെ കാര്യങ്ങള്‍. ഓരോ വര്‍ഷം കഴിയുംതോറും ജഗന്റെ സ്വത്തും വര്‍ധിക്കാന്‍ തുടങ്ങി.  
      
തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുമ്പോള്‍ ആന്ധ്രയുടെ തലസ്ഥാനമായി അമരാവതിയെയാണ് പ്രഖ്യാപിച്ചിരുന്നത്. 29000-ത്തോളം കര്‍ഷകര്‍ അവരുടെ കൃഷിഭൂമി പുതിയ തലസ്ഥാനം തയ്യാറാക്കുന്ന പദ്ധതിക്കായി നല്‍കി. അതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും ആരംഭിച്ചു. 2020-ല്‍ ജഗന്‍ പുതിയ ആശയവും പുതിയ ബില്ലും നിയമസഭയില്‍ അവതരിപ്പിച്ചു. ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനമെന്നതായിരുന്നു പദ്ധതി. ഇതനുസരിച്ച് വിശാഖപട്ടണത്ത് സെക്രട്ടേറിയറ്റും കുര്‍ണൂലില്‍ ഹൈക്കോടതിയും അമരാവതിയില്‍ നിയമസഭയുമാണുണ്ടാകുക. വികസനം എല്ലാ പ്രദേശത്തേക്കും എത്തിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്ന് ജഗന്‍ വാദിച്ചു. എന്നാല്‍ തലസ്ഥാനം അമരാവതിയില്‍ നിന്ന് മാറ്റാന്‍ പോവുകയാണെന്നറിഞ്ഞതോടെ അവിടുത്തെ ജനങ്ങള്‍ വലിയ പ്രക്ഷോഭവുമായെത്തി. രൂക്ഷമായ സമരങ്ങളാണ് സര്‍ക്കാരിന് നേരിടേണ്ടിവന്നത്. തീരുമാനം കോടതികളിലും ചോദ്യം ചെയ്യപ്പെട്ടു. ഗത്യന്തരമില്ലാതെ സര്‍ക്കാര്‍ മൂന്ന് തലസ്ഥാനമെന്ന ആശയമടങ്ങുന്ന ബില്‍ റദ്ദാക്കി.

നിയമസഭയ്ക്ക് പുറമെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ കൂടിയുള്ള സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. ആദ്യ ഘട്ടത്തില്‍ കൗണ്‍സിലില്‍ പ്രതിപക്ഷാംഗങ്ങളായിരുന്നു കൂടുതല്‍. കൗണ്‍സിലും കൂടി പാസാക്കേണ്ടതിനാല്‍ ബില്ലുകള്‍ പലതും നിയമമാക്കാന്‍ ജഗന് ബുദ്ധിമുട്ടായി. അങ്ങനെയെങ്കില്‍ കൗണ്‍സില്‍ തന്നെ വേണ്ടെന്ന് വെച്ചാലോ എന്നായി ജഗന്റെ ചിന്ത! അത്തരമൊരു പ്രമേയം നിയമസഭ പാസാക്കി കേന്ദ്ര സര്‍ക്കാരിന് അയക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ഗൗനിച്ചില്ലെങ്കിലും നിയമവൃത്തങ്ങളില്‍ ഇത് വലിയ വിവാദമായി.

ആന്ധ്രയിലെ ജനങ്ങള്‍ക്ക് നേരിട്ട് ആനുകൂല്യം കൈമാറുന്ന (ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) മുപ്പതോളം പദ്ധതികളാണ് ജഗന്റെ സര്‍ക്കാര്‍ നടപ്പാക്കിയത്. മിക്കതും ജഗന്റെ തന്നെയോ അച്ഛന്റെയോ പേരില്‍ത്തന്നെ. വൈ.എസ്.ആര്‍. പെന്‍ഷന്‍ പദ്ധതിയിലൂടെ വയോജനങ്ങള്‍, വിധവകള്‍, മത്സ്യത്തൊഴിലാളികള്‍, നെയ്ത്തുകാര്‍ തുടങ്ങിയവര്‍ക്കെല്ലാം പെന്‍ഷന്‍ സര്‍ക്കാര്‍ നല്‍കുന്നു. വൈ.എസ്.ആര്‍. റെയ്ത്തു ബറോസ പദ്ധതി കര്‍ഷകരെയുദ്ദേശിച്ചുള്ളതാണെങ്കില്‍ വൈ.എസ്.ആര്‍. ആസാറായും വൈ.എസ്.ആര്‍. ചേയുതയും സ്ത്രീകളെ ലക്ഷ്യം വെച്ചുള്ളതാണ്. യുവാക്കള്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ മുഖ്യമന്ത്രിയുടെ പേരോടുകൂടിയാണ് അറിയപ്പെടുന്നത്. ജഗണ്ണ അമ്മവോടി, ജഗണ്ണ വിദ്യാ ധീവേന, ജഗണ്ണ വലകി ധീവേന, ജഗണ്ണ വിദ്യാ കാനുക അങ്ങനെ അങ്ങനെ പോകുന്നു പദ്ധതികള്‍. 

2022-ല്‍ ഇന്ത്യാ ടുഡേയില്‍ അമര്‍നാഥ് കെ. മേനോന്‍ എഴുതിയ റിപ്പോര്‍ട്ട് പ്രകാരം ആദ്യ മൂന്നുവര്‍ഷം കൊണ്ട് 66 കോടിയിലേറെ ഗുണഭോക്താക്കളാണ് സര്‍ക്കാര്‍ പദ്ധതികള്‍ക്കുണ്ടായിരുന്നത്. കണക്ക് നോക്കുമ്പോള്‍ ഒരാള്‍ക്ക് ഒന്നിലേറെ പദ്ധതികളുടെ ആനുകൂല്യം കിട്ടിയിരിക്കാം. ഇതിനായി ആ കാലയളവില്‍ മാത്രം സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കിയത് 1.14 ലക്ഷം കോടി രൂപയാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങളെന്ന പേരില്‍ കൈയടി കിട്ടുമെങ്കിലും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഇത്തരത്തിലുള്ള ഭരണശൈലി സംസ്ഥാനത്തെ വലിയ കടക്കെണിയിലാണ് കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി ഏഴിന് അവതരിപ്പിച്ച ബജറ്റനുസരിച്ച് പ്രതീക്ഷിത റവന്യൂ കമ്മി 24758.22 കോടി രൂപയാണ്.

വെല്ലുവിളികള്‍

വലിയ വെല്ലുവിളികളില്ലാതെ 2024-ലെ തിരഞ്ഞെടുപ്പിനെ നേരിടാമെന്നാണ് ജഗന്‍ മോഹന്‍ റെഡ്ഡി കരുതിയിരുന്നത്. പ്രതിപക്ഷത്തുള്ള തെലുഗുദേശം പാര്‍ട്ടിയും കോണ്‍ഗ്രസും സംഘടനാപരമായി ദുര്‍ബലമായിരുന്നു. ബി.ജെ.പിക്ക് ഒറ്റയ്ക്കൊരു മുന്നേറ്റം സാധ്യവുമല്ല. എന്നാല്‍ 2023 ആയപ്പോഴേക്കും കാര്യങ്ങളാകെ തകിടംമറിഞ്ഞു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അനുജത്തി വൈ.എസ്. ശര്‍മിള കോണ്‍ഗ്രസിനൊപ്പം ചേരാനുറച്ചതോടെ ആന്ധ്രയിലെ രാഷ്ട്രീയ താപനില ഉയര്‍ന്നു.

ജഗന്‍ ജയിലിലായപ്പോള്‍ വൈ.എസ്.ആര്‍. കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് ശര്‍മിളയായിരുന്നു. അച്ഛനെയും സഹോദരനെയും പോലെ ശര്‍മിളയും ഒരു പദയാത്ര നടത്തി. 3000 കിലോമീറ്റര്‍ ദൂരം അവര്‍ നടന്നു. ജഗനെ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കലാണെന്ന് ഓരോ യോഗസ്ഥലത്തും അവര്‍ ആവര്‍ത്തിച്ചു. 2019-ലെ തിരഞ്ഞെടുപ്പിന് മുമ്പ് ശര്‍മിള മറ്റൊരു യാത്ര കൂടി നടത്തി. 1553 കിലോമീറ്റര്‍ നീളുന്ന 11 ദിവസത്തെ യാത്ര. പക്ഷെ ഇത്തവണ ബസ്സിലാണെന്ന് മാത്രം. ബൈ ബൈ ബാബു എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു യാത്ര. അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ വിളിപ്പേരാണ് ബാബു. 

placeholder
വൈ.എസ് ശര്‍മിള

2021 മുതല്‍ ശര്‍മിളയും ജഗനും അകലാന്‍ തുടങ്ങി. ക്രിസ്തീയ മതപ്രചാരകനായ ഭര്‍ത്താവ് അനില്‍കുമാറിനൊപ്പം ഹൈദരാബാദിലായിരുന്നു ശര്‍മിളയുടെ താമസം. സഹോദരന്റെ രാഷ്ട്രീയത്തെ ബാധിക്കാത്ത രീതിയില്‍ തെലങ്കാന സംസ്ഥാനത്തെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു ശര്‍മിള ആദ്യം തീരുമാനിച്ചത്. വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി എന്ന പേരില്‍ പുതിയൊരു കക്ഷിയും അവരുണ്ടാക്കി. അല്‍പകാലത്തിനുശേഷം ശര്‍മിള കോണ്‍ഗ്രസുമായി അടുക്കുന്നതാണ് കണ്ടത്. തെലങ്കാനയില്‍ മത്സരിക്കാന്‍ തുനിഞ്ഞ ശര്‍മിളയ്ക്ക് വലിയ എതിര്‍പ്പുണ്ടായി. സംസ്ഥാന രൂപവത്കരണത്തെ എതിര്‍ക്കുന്ന നിലപാടായിരുന്നു ശര്‍മിള മുന്‍പ് സ്വീകരിച്ചത് എന്നതായിരുന്നു കാരണം. അവര്‍ തന്റെ പാര്‍ട്ടി തെലങ്കാനയില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ആന്ധ്രാ രാഷ്ട്രീയത്തിലേക്ക് തന്നെ ശര്‍മിള തിരിച്ചെത്തി. തന്റെ പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുകയും സംസ്ഥാന കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ഏറ്റെടുക്കുകയും ചെയ്തു. അമ്മ വിജയമ്മയും ശര്‍മിളക്കൊപ്പമാണ്. തെലങ്കാന സംസ്ഥാനഭരണം കൈയടക്കിയതോടെ വലിയ ആത്മവിശ്വാസത്തിലായ കോണ്‍ഗ്രസിന് ശര്‍മിള വന്നതോടെ ആന്ധ്രയിലും ഉണര്‍വുണ്ടായി. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 174 സീറ്റില്‍ മത്സരിച്ചിട്ടും ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് നേടാനായിരുന്നില്ല. എന്തുകിട്ടിയാലും നേട്ടമെന്ന് കരുതുന്ന കോണ്‍ഗ്രസ് ശര്‍മിള എത്തിയതോടെ വലിയ കുതിപ്പ് നടത്താമെന്ന് കിനാവ് കാണാന്‍ തുടങ്ങിയിരിക്കുകയാണ്. 

തെലുഗു ദേശം പാര്‍ട്ടിയാണ് ആന്ധ്രയിലെ പ്രധാന പ്രതിപക്ഷം. നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ടി.ഡി.പിയുടെ ശ്രമം. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അഴിമതിക്കേസില്‍ ജയിലില്‍ കിടത്തിയതിന് തിരഞ്ഞെടുപ്പില്‍ പകരം വീട്ടാനൊരുങ്ങുകയാണ് ചന്ദ്ര ബാബു നായിഡു. ബി.ജെ.പിയാകട്ടെ ഈ അവസരം മുതലെടുത്ത് പവന്‍ കല്യാണ്‍ വഴി ടി.ഡി.പിയെ ഒപ്പം നിര്‍ത്താനാണ് നോക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ടി.ഡി.പിയും ജനസേന പാര്‍ട്ടിയും ബി.ജെ.പിയും ചേര്‍ന്നുള്ള സഖ്യത്തിന് എല്ലാ സാധ്യതയുമുണ്ട്. അതോടെ തിരഞ്ഞെടുപ്പ് കൊഴുക്കും.

മറ്റ് പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിന് സന്നദ്ധമായതോടെ വലിയ അടിയൊഴുക്കാണ് വൈ.എസ്.ആര്‍. കോണ്‍ഗ്രസിലുണ്ടായത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പാരമ്പര്യം അവകാശപ്പെട്ട് മകള്‍ ശര്‍മിള രംഗത്തിറങ്ങിയതോടെ ജഗന്റെ പാര്‍ട്ടിയില്‍ നിന്നും ധാരാളം നേതാക്കള്‍ കൊഴിഞ്ഞുപോകുന്നുണ്ട്. ജഗന്റെ ഭാര്യ ഭാരതി ബിസിനസ്സില്‍ കഴിവു തെളിയിച്ചതാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് മത്സരിച്ചുകൂടെന്നില്ല. അങ്ങനെയെങ്കില്‍ വീണ്ടും പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളുണ്ടാകാനിടയുണ്ട്.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കഥ പറയുന്ന ചലച്ചിത്രം യാത്ര രണ്ട് ഈ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഗുണകരമാകുമോ ഇല്ലയോ എന്ന് കണ്ടറിയണം. എന്തുതന്നെയായാലും വൈ.എസ്.ആറിനോടുള്ള നാട്ടുകാരുടെ സ്‌നേഹം തന്നിലേക്ക് മാത്രമെത്തിക്കാനുള്ള ഒരു സഹായം യാത്ര രണ്ട് എന്ന ചലച്ചിത്രം ജഗന് ചെയ്തുകൊടുക്കും.