20-ാമത് ഏഷ്യൻ ഗെയിംസിന്റെ ആദ്യ ദിനം തന്നെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യയ്ക്കായി മെഡൽ വെടിവെച്ചിട്ടവരിൽ ഒരാളാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശി വിദർശ വിനോദ്. ഐച്ചി നഗോയയിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ എളവേണിൽ വാളറിവനും സോനം മസ്‌കറിനുമൊപ്പം വെള്ളി മെഡൽ കരസ്ഥമാക്കിയ ടീമിലെ അംഗമാണ് വിദർശ.

To advertise here,

കേരളത്തിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തിൽ നിന്നാണ് വിദർശയുടെ കായിക യാത്ര ആരംഭിക്കുന്നത്. കരാറുകാരനായ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിൽ ജനിച്ച വിദർശ, യാതൊരുവിധ ഔദ്യോഗിക പരിശീലനവുമില്ലാതെ ഷൂട്ടിങ് രംഗത്തേക്ക് കടന്നുവന്ന താരമാണ്. ഷൂട്ടിങ് രംഗത്തെ ഉയർന്ന ചെലവുകൾ തങ്ങാനാകാതെ കരിയറിന്റെ തുടക്കത്തിൽ കടം വാങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ചായിരുന്നു വിദർശയുടെ പരിശീലനം.

Also Read: സന്തോഷമെന്ന് അച്ഛൻ, അഭിമാനമെന്ന് അമ്മ; വിദർശയുടെ വെള്ളി മെഡൽനേട്ടം ആഘോഷമാക്കി കുടുംബം

ആദ്യ പരീക്ഷണത്തിൽ തന്നെ എൻസിസി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെയാണ് വിദർശയുടെ ഷൂട്ടിങ് കരിയർ ആരംഭിക്കുന്നത്. വൈകാതെ കേരള സംസ്ഥാന ടീമിലും ഇടംനേടി. കേരള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ അഗ്രഗേറ്റ് ചാമ്പ്യനായി മാറിയെങ്കിലും, സ്വന്തമായി ഒരു പ്രൊഫഷണൽ റൈഫിൾ സ്വന്തമാക്കുക എന്നത് വിദർശയ്ക്ക് സ്വപ്‌നം മാത്രമായി അവശേഷിച്ചു.

തുടക്കക്കാർക്ക് വളരെ ചെലവേറിയ ഒരു കായികയിനമാണ് ഷൂട്ടിങ്. ജാക്കറ്റും വെടിയുണ്ടകളും വാങ്ങുന്നതിന് മുമ്പ് തന്നെ റൈഫിളുകൾക്ക് മാത്രം ലക്ഷക്കണക്കിന് രൂപ ചെലവ് വരും. കോവിഡ് പ്രതിസന്ധി ഉണ്ടായപ്പോൾ, സ്വന്തമായി ഉപകരണങ്ങൾ വാങ്ങാൻ വായ്പയെടുക്കുന്നതിനേക്കാൾ ഷൂട്ടിങ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പോലും വിദർശ ചിന്തിച്ചിരുന്നു.

കോവിഡ് കാലത്ത് ഒരു വർഷത്തോളം ഷൂട്ടിങ് റേഞ്ചിൽ പോകാതെ വീട്ടിൽ യോഗയും വ്യായാമങ്ങളുമായി കഴിഞ്ഞ വിദർശ, രോഗഭീതി കുറഞ്ഞതോടെയാണ് വീണ്ടും തിരിച്ചെത്തുന്നത്. സ്വന്തമായി റൈഫിൾ ഇല്ലാതെ, എൻസിസിയുടെയും സുഹൃത്തുക്കളുടെയും തോക്കുകൾ കടമെടുത്തായിരുന്നു താരം ഓരോ വിജയങ്ങളും നേടിയെടുത്തത്.

കോവിഡ് മഹാമാരിക്ക് ശേഷം ഷൂട്ടിങ് റേഞ്ചിൽ വെച്ചാണ് വിദർശ, തന്റെ ഭർത്താവായ മനു എസ്. രവിയെ പരിചയപ്പെടുന്നത്. വിദർശയുടെ സഹ ഷൂട്ടറായിരുന്നു മനു. സുഹൃത്തുക്കളായ ഇരുവരും പിന്നീട് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം വിദർശയുടെ കരിയറിൽ നിർണായക വഴിത്തിരിവായി. കരിയർ മുന്നോട്ടുപോകാതിരുന്ന സമയത്ത് 'എന്തുകൊണ്ട് സ്വന്തമായി ഒരു റൈഫിൾ വാങ്ങിക്കൂടാ?' എന്ന മനുവിന്റെ ചോദ്യം വിദർശയുടെ ജീവിതം മാറ്റി മറിച്ചു. സ്വന്തമായി ഒരു റൈഫിൾ പോലുമില്ലാതെ എങ്ങനെയാണ് ഒരു പ്രൊഫഷണൽ ഷൂട്ടർ എന്ന് സ്വയം വിളിക്കുക എന്ന് അദ്ദേഹം ചോദിച്ച ചോദ്യം വിദർശയെ ആഴത്തിൽ ചിന്തിപ്പിച്ചു. മാതാപിതാക്കളുമായി സംസാരിച്ച്, വായ്പയെടുത്ത് സ്വന്തമായി പുതിയൊരു റൈഫിൾ വാങ്ങാൻ വിദർശ തീരുമാനിക്കുന്നത് അങ്ങനെയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടായിരുന്നെങ്കിലും, സ്വന്തം സ്വപ്നത്തിൽ വിശ്വാസമുണ്ടെങ്കിൽ ആ ചുവടുവെപ്പ് നടത്തണമെന്ന് മനു വിദർശയെ ബോധ്യപ്പെടുത്തി.

2024-ൽ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നാഷണൽ സെന്റർ ഓഫ് എക്‌സലൻസിൽ പ്രവേശനം ലഭിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഉപകരണങ്ങൾ, പോഷകാഹാരം, ലോകോത്തര പരിശീലന സൗകര്യങ്ങൾ എന്നിവ ലഭ്യമായതോടെ വിദർശയുടെ ആശങ്കകൾക്ക് അവസാനമായി. നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സുതാര്യമായ സെലക്ഷൻ രീതിയും കൂടിയായപ്പോൾ വിദർശ മികച്ച പ്രകടനം പുറത്തെടുത്തു. 2025-ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ തന്റെ കന്നി അന്താരാഷ്ട്ര മെഡൽ നേടിയതോടെ ഏഷ്യൻ ഗെയിംസ് ടീമിലേക്കുള്ള വഴി തുറന്നു.

റൈഫിളിന്റെ ഭാരം കാരണം വിദർശ പ്രയാസപ്പെട്ടപ്പോൾ, പരിശീലകൻ മനോജ് കുമാർ തന്റെ മകൾക്കായി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഭാരം കുറഞ്ഞ തോക്ക് പരീക്ഷണാർഥം വിദർശയ്ക്ക് നൽകി. ആദ്യം അത് സ്വീകരിക്കാൻ മടിച്ചെങ്കിലും, പിന്നീട് ആ തോക്ക് തന്നെ വച്ചോളാൻ പരിശീലകൻ ആവശ്യപ്പെടുകയായിരുന്നു.

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരത്തിനിറങ്ങിയപ്പോൾ ഒരിക്കലും തന്റേതാകാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ആ ലൈറ്റ് വെയ്റ്റ് റൈഫിളായിരുന്നു വിദർശയുടെ കൈയിൽ. അവിടെ ഇന്ത്യയ്ക്കായി മെഡൽ വെടിവെച്ചിട്ടാണ് താരം മടങ്ങിയത്.