
കോഴിക്കോട്: നേതൃമാറ്റമെന്നത് സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന സമിതി യോഗത്തിലെ വിഷയമായിരുന്നില്ല. അങ്ങിനെയൊന്ന് രാഷ്ട്രീയ പ്രതിയോഗികളും പ്രതീക്ഷിച്ചിരുന്നുമില്ല. തെറ്റുതിരുത്തലായിരുന്നു മുഖ്യ അജണ്ട. അതിനായി നിരവധി കാരണങ്ങളും കാര്യങ്ങളും അണികളിൽ നിന്ന് തന്നെ ഉയർന്നിരുന്നു. കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് കീഴ്പ്പെട്ടാണ് കഴിയുന്നതെന്ന ആക്ഷേപവും പതിറ്റാണ്ടിലേറെയായി നിലവിലുണ്ടുതാനും. അതിലൊക്കെ എന്തെങ്കിലും കാതലായ മാറ്റങ്ങളോ തിരുത്തലോ ഉണ്ടാവുമോ എന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ചില സ്വയം വിമർശനങ്ങളും പാർട്ടി സെക്രട്ടറിക്ക് ശാസന നൽകിയും നേതൃനിരയിലേക്ക് ചിലരെ പുതുതായി നിയോഗിച്ചും ക്ഷണിച്ചുമൊക്കെ നടത്തിയ പുതിയ നീക്കങ്ങളാകട്ടെ പ്രവർത്തകർക്കിടയിൽ മാറ്റത്തിന്റെ പ്രതീതി സൃഷ്ടിക്കാനായി എന്നതാണ് സമ്മേളനത്തിന്റെ ബാക്കിപത്രം.
പതിനാറ് വർഷം പാർട്ടി സംസ്ഥാന സെക്രട്ടറിയായും പത്ത് വർഷം മുഖ്യമന്ത്രിയായും അധികാരം കയ്യാളിയ പ്രതിപക്ഷനേതാവ് പിണറായി വിജയന് വലിയ പോറലേൽക്കാതെ നിൽക്കാനായി എന്ന് സമാധാനിക്കാം. സമ്മേളന ദിവസങ്ങളിൽ മകൾ വീണയെയും മരുമകൻ മുഹമ്മദ് റിയാസിനെയും കേന്ദ്രീകരിച്ച് ഇഡി പുറത്തുവിട്ട ആക്ഷേപങ്ങൾ സമ്മേളനത്തിന്റെ തിളക്കംകെടുത്തി എന്നത് സത്യം. എങ്കിലും തൽക്കാലത്തേക്കെങ്കിലും ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ പാർട്ടി മുന്നിട്ടിറങ്ങി എന്നതാണ് പിണറായിക്കും റിയാസിനും ലഭിക്കുന്ന ആശ്വാസം. പാർട്ടിക്കകത്തെ ആഭ്യന്തര ശാസന സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുള്ള തിരിച്ചടി തന്നെ. മൂന്നാമതും തുടർ ഭരണം പ്രതീക്ഷിച്ചുനിന്ന സംസ്ഥാന സെക്രട്ടറിയും പിണറായിയും സംഘവും കേന്ദ്രനേതൃത്വത്തെ വരുതിയിൽ നിർത്തുന്നതായിരുന്നു അതുവരെയുള്ള കാഴ്ച. പാർട്ടി ജനറൽ സെക്രട്ടറിയായ എം എ ബേബിക്കും ഇതിനൊപ്പം നിൽക്കാതെ തരമുണ്ടായിരുന്നില്ല. ചില അസ്വാരസ്യങ്ങളും മുറുമുറുപ്പുകളും താഴെത്തട്ടിൽ ഉയർന്നത് ആരും കേട്ടതായോ കണ്ടതായോ ഭാവിച്ചുമില്ല. അത്തരമൊരു അന്തരീക്ഷമായിരുന്നു പാർട്ടിയിൽ നിലനിന്നിരുന്നത്.
ആ അന്തരീക്ഷത്തെയാണ് വിപുലീകൃത സംസ്ഥാന സമിതി സമ്മേളനം തകർത്തത്. അതിനാകട്ടെ സമ്മേളനത്തിന് നിരീക്ഷകരായി എത്തിയ കേരളത്തിന് പുറത്തുനിന്നുള്ള പിബി അംഗങ്ങളുടെ നിശ്ശബ്ദ സാന്നിധ്യം തുണയായി. നേതൃത്വത്തിന് എതിരായ വിമർശനം പിണറായിയുടെയും എം വി ഗോവിന്ദന്റെയും സ്വന്തം തട്ടകമായ കണ്ണൂരിൽ നിന്ന് തന്നെ തുടങ്ങിയത് മറ്റ് പ്രതിനിധികൾക്കും ആവേശമായി. 28 വർഷമായി സംസ്ഥാനസമിതി അംഗമായി തുടരുന്ന കണ്ണൂരിലെ പി ജയരാജനെ കഴിഞ്ഞ കൊല്ലം സമ്മേളനത്തിൽ പോലും സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിരുന്നില്ല എന്നത് പാർട്ടിയിൽ തന്നെ വലിയ ആശ്ചര്യമായിരുന്നു. സ്വന്തമായി വലിയ സ്വീകാര്യതയും ജനപിന്തുണയും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ഉറപ്പിച്ചുനിർത്തിയ പി ജയരാജൻ പിണറായിയുടെ വിശ്വസ്തൻ തന്നെ. എന്നാൽ ഇരുവർക്കുമിടയിൽ ചില വിടവുകൾ ഉണ്ടായിരുന്നുതാനും. സംസ്ഥാന സമിതിയിലെ ജയരാജന്റെ പ്രവർത്തനകാലം കണക്കിലെടുക്കാതെ ഇളമുറക്കാർക്ക് പാർട്ടി സെക്രട്ടേറിയറ്റിന്റെ വാതിലുകൾ തുറന്നുകൊടുത്തത് ജയരാജന്റെ പിന്തുണ കൂട്ടുകയാണ് ചെയ്തത്. അത് സംസ്ഥാന നേതൃത്വം ഇപ്പോൾ തിരിച്ചറിഞ്ഞു എന്നതാണ് കോഴിക്കോട് സമ്മേളനത്തിലെ പ്രധാന കാര്യം.
പിബി അംഗം അശോക് ധാവ്ളെയുടെ പിന്തുണ ഇതിൽ പ്രധാന ഘടകമായി. തിരുവനന്തപുരത്ത് നിന്ന് വി ശിവൻകുട്ടിയും പാലക്കാട് നിന്ന് എംബി രാജേഷും കൂടി സെക്രട്ടേറിയറ്റിലെത്തിയപ്പോൾ പുറത്തുപോവേണ്ടി വന്നത് ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണനും മുൻ മന്ത്രി തോമസ് ഐസകുമാണ്. രണ്ടുപേരും സ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം. ഐസകിനും രാമകൃഷ്ണനും കേന്ദ്രക്കമ്മിറ്റി അംഗം എന്ന നിലയിൽ തുടർന്നും പാർട്ടി സെന്ററിന്റെ ഭാഗമായി പങ്കെടുക്കാം. ടിപിയെ സംബന്ധിച്ചിടത്തോളം ആരോഗ്യപ്രശ്നങ്ങളാണ് പ്രധാന കാരണമായി കേട്ടത്. രണ്ടുപേരും കോഴിക്കോട് സമ്മേളനത്തിന് മുമ്പ് ചില അഭിപ്രായപ്രകടനങ്ങൾ നടത്തി ശ്രദ്ധേയരായവരാണ്.
അതാണ് സ്ഥാനനഷ്ടത്തിന് കാരണമായതെന്ന വ്യാഖ്യാനമുണ്ടെങ്കിലും പുതിയ അംഗങ്ങളുടെ വരവോടെ അതെല്ലാം അപ്രസക്തമാവുകയായിരുന്നു. കേന്ദ്രക്കമ്മിറ്റിയിലെ ക്ഷണിതാവെന്ന നിലയിൽ ജോൺ ബ്രിട്ടാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിലെ ക്ഷണിതാവാക്കിയതിന് പിന്നിൽ പിണറായിയുടെ താൽപ്പര്യം തന്നെ. സംസ്ഥാന സമിതിയിലേക്ക് പുതുതായി ക്ഷണിക്കപ്പെടുന്നവരിൽ എൻ സുകന്യയുടെ വരവാണ് ശ്രദ്ധേയം. എസ്എഫ്ഐ നേതാവെന്ന നിലയിൽ രാഷ്ട്രീയം ആരംഭിച്ച സുകന്യ ഇപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലുണ്ട്. സ്ഥാനാർത്ഥി നിർണ്ണയ വേളയിൽ വ്യക്തിതാൽപ്പര്യം കാണിച്ചുവെന്ന പേരിലാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പാർട്ടിയുടെ ശാസന കോഴിക്കോട്ട് വാങ്ങേണ്ടിവന്നത്. ഭാര്യ പി കെ ശ്യാമള പാർട്ടിയുടെയും മഹിളാ അസോസിയേഷന്റെയും നേതൃത്വത്തിലുണ്ടായിരുന്നുവെങ്കിലും തന്റെ പിൻഗാമിയായി ഭാര്യയെ നിയോഗിക്കാൻ എം വി ഗോവിന്ദൻ അമിത താൽപ്പര്യം കാണിച്ചതാണ് ഒടുവിൽ ശാസനയായി വന്നുഭവിച്ചത്. ഇക്കാര്യം കേന്ദ്രക്കമ്മിറ്റി തന്നെ വിലയിരുത്തിയതുമാണ്. ശ്യാമള സ്ഥാനാർത്ഥിയായതാണ് ടി കെ ഗോവിന്ദനെ പ്രകോപിപ്പിച്ചതും യുഡിഎഫ് പിന്തുണയോടെ ആ സീറ്റിൽ ജയിച്ചതും.
പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവികളാണ് ഒരു പക്ഷേ വിപുലീകൃത സംസ്ഥാന സമിതിയോഗത്തിലേക്ക് പാർട്ടിയെ എത്തിച്ച പ്രധാന കാരണം. പയ്യന്നൂരിൽ സിറ്റിംഗ് എം എൽഎ മധുസൂദനന് എതിരെയായിരുന്നു വി കുഞ്ഞികൃഷ്ണന്റെ പാർട്ടിയിലെ പോരാട്ടം. തളിപ്പറമ്പിൽ ശ്യാമളയ്ക്ക് പകരം സുകന്യ വരട്ടെയെന്ന് വാദിച്ചവർക്കൊപ്പമായിരുന്നു ടി കെ ഗോവിന്ദനും. സുകന്യയെ സംസ്ഥാന സമിതിയിലേക്ക് ക്ഷണിക്കുന്നതിലൂടെ തളിപ്പറമ്പിൽ പറ്റിയ പിഴവിനുള്ള പ്രായശ്ചിത്തമാണ് പാർട്ടി നേതൃത്വം ഇപ്പോൾ ചെയ്തിരിക്കുന്നത്.
പിണറായി, എം വി ഗോവിന്ദൻ, കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവർക്കെതിരെയായിരുന്നു പരാജയത്തിന്റെ പേരിൽ അണികളിൽ ഒരു വിഭാഗം ആക്ഷേപം ഉന്നയിച്ചുകൊണ്ടിരുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിഴവുകളാണ് അവർ എണ്ണിയെണ്ണി പറഞ്ഞിരുന്നത്. അതിൽ ചില യാഥാർത്ഥ്യങ്ങളുണ്ടെന്ന് കേന്ദ്രനേതൃത്വം തിരിച്ചറിഞ്ഞതാണ് കോഴിക്കോട് സമ്മേളനത്തിലെ ചില തിരുത്തലുകൾ സൂചിപ്പിക്കുന്നത്. ഇനി ജില്ലാ തലങ്ങളിലേക്ക് വിപുലീകൃത സമ്മേളനങ്ങൾ വരുന്നതോടെ കുറച്ചുകൂടി പരിഹാരക്രിയകൾ നടന്നേക്കാം. കെ കെ രാഗേഷ് സംസ്ഥാനനേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ പാലിക്കാൻ നിർബന്ധിതനാവുകയായിരുന്നുവെന്ന് ആക്ഷേപമുന്നയിക്കുന്നവർക്കും ബോധ്യമുള്ള കാര്യങ്ങളാണ്. എന്നാൽ അത്തരം ചെയ്തികൾക്ക് കൂട്ടുനിൽക്കാൻ പാടുണ്ടോ എന്നായിരിക്കും രാഗേഷ് ഇനി നേരിടാൻ പോകുന്ന ചോദ്യം.
പി ജയരാജന്റെ സെക്രട്ടേറിയറ്റിലേക്കുള്ള വരവ് സിപിഎമ്മിന്റെ കണ്ണൂർ ഘടകത്തിൽ ചലനമുണ്ടാക്കാതിരിക്കില്ല. കണ്ണൂരിലെ മൂന്ന് ജയരാജന്മാരും വേദികളിൽ ഒറ്റക്കെട്ടാണെങ്കിലും പാർട്ടിക്കകത്ത് ഒറ്റപ്പെട്ട തുരുത്തുകളാണ്. ചില വിഷയങ്ങളിൽ അവർക്കിടയിൽ അസ്വാരസ്യങ്ങളുണ്ട്. തന്നെ തഴഞ്ഞ് എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിലെ നീരസം ഇ പി ജയരാജന് ഇപ്പോഴുമുണ്ട്. പലപ്പോഴും സെക്രട്ടേറിയറ്റ് യോഗങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുന്നത് പതിവായി. ഇപിയുടെ ചില പ്രവർത്തനങ്ങളെ സംസ്ഥാന സമിതിയിൽ രേഖാമൂലം ചോദ്യം ചെയ്ത നേതാവാണ് പി ജയരാജൻ. ജോൺ ബ്രിട്ടാസുമായും ഇപി നല്ല ബന്ധത്തിലല്ല. പി ജയരാജന്റെ സ്ഥാനക്കയറ്റം എം വി ജയരാജന്റെയും പി ശശിയുടെയുമെല്ലാം പ്രാധാന്യം കുറക്കുമെന്ന് കരുതുന്നവരും ധാരാളം.
കേരളം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം എന്നും നല്ല മണ്ണാണ്. അകന്നുപോയ മുസ്ലിം സമുദായത്തെ തിരികെ കൊണ്ടുവരാനും ഹിന്ദുവോട്ട് കൈമോശം വരാതെ നോക്കാനുമുള്ള രാഷ്ട്രീയം അവർക്ക് പ്രയോഗിക്കേണ്ടിവരും. ഇതിനിടയിലാണ് പാർട്ടി അണികളുടെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതും. ചില തിരുത്തലുകൾ ഭാവിയിൽ നിശ്ചയമായും പ്രവർത്തനങ്ങളിൽ ഉണ്ടാവും. കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന്റെ കീഴിലാണെന്ന തോന്നലിന് ഒരു പരിധിവരെ തടയിടാൻ എം എ ബേബിക്കും സംഘത്തിനും കഴിഞ്ഞു എന്നത് യാഥാർത്ഥ്യം. അതേസമയം രണ്ടാം തലമുറയിലേക്ക് പതിയെയാണെങ്കിലും നേതൃത്വം കൈമാറുന്ന പ്രക്രിയയ്ക്ക് തുടക്കം കുറിച്ചു എന്നതും പ്രാധാന്യമുള്ള ഘടകമാണ്. പുതിയ തലമുറയെ അഭിസംബോധന ചെയ്യാനായാണ് യുവാക്കളുടെ വലിയൊരു നിരയെ സംസ്ഥാന സമിതിയിലേക്ക് ക്ഷണിതാക്കളായി കൊണ്ടുവന്നതും.
അടുത്ത വർഷാവസാനത്തോടെ സിപിഎം പുതിയ സമ്മേളന നടപടികളിലേക്ക് കടക്കും. തിരുത്തൽ നടപടികളിലൂടെ അപ്പോഴേക്കും ശരിയായ പാത കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് നിന്ന് നേതാക്കൾ പിരിഞ്ഞത്. അടുത്ത ഭരണം എന്ന ലക്ഷ്യമാണ് തിരുത്തലുകളിലൂടെ പാർട്ടി ലക്ഷ്യമിടുന്നതും. മുതിർന്ന മുഖങ്ങൾ പലതും ആ സമയമാവുമ്പോഴേക്കും മാറും. തെറ്റുതിരുത്തലുകളും സ്വയം വിമർശനങ്ങളും ശരിയായ പാത കാണിച്ചുതരുമെന്ന പ്രതീക്ഷ പാർട്ടിയും വെച്ചുപുലർത്തുന്നു. ഭരണത്തിനിടയിൽ സമരങ്ങൾ മറന്നുപോയതും ജനകീയ വിഷയങ്ങളിൽ വേണ്ടരീതിയിൽ ഇടപെടാതെ പോയതും വിപുലീകൃത സംസ്ഥാന സമിതിയിലെ വലിയ ആക്ഷേപമായിരുന്നു. സമ്മേളനം ചർച്ച ചെയ്ത റിപ്പോർട്ടിലും ഈ കാര്യമുണ്ട്. അതിന്റെ പ്രതിഫലനം വരാനിരിക്കുന്ന നാളുകളിൽ യുഡിഎഫ് സർക്കാർ നേരിടേണ്ടിവരും.
Content Highlights: CPM expanded state committee meeting focused heavily on self-criticism and corrective actions rather than a complete leadership overhaul., State Secretary MV Govindan faced reprimand over candidate selection issues involving family preferences., P Jayarajan's entry into the secretariat marks a significant shift in Kannur politics and party dynamics., New young faces like N Sukanya and ministers like V Sivankutty and MB Rajesh entered the secretariat, replacing older leaders.
Published: 16 Sept 2026, 01:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented