മുംബൈ: മഹാരാഷ്ട്രയിൽ അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യു. കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതരമായ പരിക്കുണ്ട്. മുംബൈ കോസ്റ്റൽ റോഡിൽ മറൈൻ ഡ്രൈവ് ഭാഗത്തുനിന്ന് ഹാജിയേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 5.20-ഓടെയാണ് സംഭവം. അമിതവേഗത്തിൽ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് കോസ്റ്റൽ റോഡിന്റെ മതിലിലിടിച്ച് 75 അടി താഴേക്ക് പതിക്കുകയായിരുന്നു. കാർ വായുവിൽ മറിഞ്ഞ് താഴേക്ക് വീഴുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

To advertise here,

മരിച്ച മൂന്നുപേരും കോളേജ് വിദ്യാർഥികളാണ്. ഇരുപത്തൊന്നുകാരനായ സനായ് ഗുജ്ജാർ, പതിനേഴുകാരനായ ധൈര്യ സേത്ത്, പത്തൊൻപതുകാരനായ ആദിത്യ ജകസാനിയ എന്നിവരാണ് മരിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശികളായ ഇവർ മുംബൈയിലെ വിക്രം സാരാഭായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ബി.ബി.എ. വിദ്യാർഥികളായിരുന്നു. കാറിലുണ്ടായിരുന്ന നാലാമത്തെ യാത്രികനായ ആദിത്യ ഓസ്വാളിനെ (23) ഗുരുതര പരിക്കുകളോടെ മുംബൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സനായ് ഗുജ്ജാറാണ് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത്. ഗുജ്ജാറിന്റെ കുടുംബാംഗത്തിന്റേതാണ് കാറെന്ന് പോലീസ് പറഞ്ഞു. കാർ അമിത വേഗത്തിലായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമിതവേഗം കാരണം ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സി.സി.ടി.വി. അടക്കമുള്ളവ പരിശോധിച്ച് അപകടത്തിന്റെ കൃത്യമായ കാരണം പരിശോധിക്കും. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരമറിയിച്ചെന്നും പോലീസ് അറിയിച്ചു.