തിരുവനന്തപുരം: ഫുട്‌ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കി എസ്ഐടി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഉണ്ടാക്കിയ കരാറുകളിൽ ദുരൂഹത തുടരുന്ന സാഹചര്യത്തിലാണ് എസ്ഐടി വിശദമായ പരിശോധന നടത്തുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഓഫീസുകളിലും ബന്ധപ്പെട്ട വീടുകളിലും നടത്തിയ റെയ്ഡിൽ, ഇതുവരെ സർക്കാരിന്റെ പക്കൽ ഇല്ലാതിരുന്ന കരാറിന്റെ പ്രധാന രേഖകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് എഎഫ്എയുമായി ഒപ്പുവെച്ച കരാറിൽ ഒപ്പിടാൻ ആന്റോ അഗസ്റ്റിന് എന്തെങ്കിലും അധികാരമുണ്ടോയെന്നാണ് എസ്ഐടി പ്രധാനമായും അന്വേഷിക്കുന്നത്. ആന്റോ അഗസ്റ്റിൻ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ചെയർമാനോ എംഡിയോ ആണെന്ന് തെളിയിക്കുന്ന രേഖകളോ, കരാറിൽ ഒപ്പിടാൻ കമ്പനി ഡയറക്ടർ ബോർഡ് നൽകിയ അധികാരപത്രമോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് നൽകിയ രേഖകൾ പ്രകാരം ആന്റോയ്ക്ക് ചാനലുമായി ബന്ധമില്ലെന്നും എംഡി ജോസ് എന്നയാളാണെന്നും ബിജെപി നേതാവ് ഷോൺ ജോർജ് നൽകിയ പരാതിയിലും വ്യക്തമാക്കുന്നുണ്ട്. പ്രാഥമിക പരിശോധനയിൽ ആന്റോ അഗസ്റ്റിന് കരാറിൽ ഒപ്പുവെക്കാൻ യാതൊരു അധികാരവും ഉണ്ടായിരുന്നില്ലെന്നാണ് എസ്ഐടിയുടെ നിഗമനം. ഈ പശ്ചാത്തലത്തിലാണ് എഫ്ഐആറിൽ വ്യാജ വിവരങ്ങൾ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
അധികാരമില്ലാത്ത വ്യക്തി ഒരു അന്താരാഷ്ട്ര കരാറിൽ സർക്കാരിന് വേണ്ടി ഒപ്പുവെച്ചത് അന്നത്തെ സർക്കാരിനെയും കായിക വകുപ്പിനെയും വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. വകുപ്പ് സെക്രട്ടറിമാരെ ഇരുട്ടിൽ നിർത്തിയാണ് അന്നത്തെ കായിക വകുപ്പ് മന്ത്രിയുടെ ഓഫീസ് സ്പോൺസറുമായി ചേർന്ന് നടപടികളുമായി മുന്നോട്ടുപോയതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മത്സരങ്ങൾ നടന്നിട്ടില്ലെങ്കിലും പണം വിദേശത്തേക്ക് പോയിട്ടുണ്ടെന്നാണ് വിവരം. കരാറിൽ ഒപ്പുവെക്കാൻ ആന്റോ അഗസ്റ്റിന് ഔദ്യോഗിക അധികാരപത്രം ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ, അദ്ദേഹത്തോടൊപ്പം സ്പോൺസറെ തിരഞ്ഞെടുത്ത അന്നത്തെ കായിക മന്ത്രി അടക്കമുള്ളവർ വലിയ നിയമക്കുരുക്കിലാകും.
Content Highlights: SIT intensifies investigation into the RBC and AFA football sponsorship contract fraud., Key documents seized during raids on Reporter Broadcasting Company offices and related homes., Investigators question Anto Augustine's legal authority to sign the international agreement., Potential legal trouble for former sports ministers and officials if authorization is lacking.
Published: 20 Sept 2026, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented