ന്ത്യൻ വ്യവസായ രംഗത്തെ ഏറ്റവും പ്രമുഖരായ ടാറ്റാ ഗ്രൂപ്പിന്റെ മുംബൈയിലെ ആസ്ഥാനമായ ബോംബെ ഹൗസ് വീണ്ടുമൊരു ബോർഡ് റൂം പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിംഗ് കമ്പനിയായ ടാറ്റാ സൺസും ഗ്രൂപ്പിന്റെ ഭൂരിഭാഗം ഓഹരികളുടെയും ഉടമസ്ഥതയുള്ള ടാറ്റാ ട്രസ്റ്റും തമ്മിലാണ് ഇത്തവണ അധികാര തർക്കം. 2024 ഒക്ടോബറിൽ രത്തൻ ടാറ്റയുടെ വിയോഗത്തിന് ശേഷം ടാറ്റാ ട്രസ്റ്റിന്റെ ചെയർമാനായി ചുമതലയേറ്റ നോയൽ ടാറ്റയാണ് നിലവിലെ തർക്കങ്ങളുടെ കേന്ദ്രബിന്ദു.

To advertise here,

ബോംബെ ഹൗസിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ ടാറ്റ സൺസ് ബോർഡ്, എൻ. ചന്ദ്രശേഖരനെ എക്സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. ഫെബ്രുവരിയിൽ തന്റെ കാലാവധി അവസാനിക്കുമ്പോൾ പുനർനിയമനം ആവശ്യമില്ലെന്ന് ചന്ദ്രശേഖരൻ പ്രഖ്യാപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ തീരുമാനം. ടാറ്റ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായിരുന്നു. എന്നാൽ ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ രണ്ട് നീക്കങ്ങളെയും എതിർക്കുകയും ഈ തീരുമാനങ്ങൾ 'നിയമവിരുദ്ധമാണെന്ന്' പ്രഖ്യാപിക്കുകയും ചെയ്തു. ആരാണ് യഥാർത്ഥത്തിൽ നോയൽ ടാറ്റ? എന്താണ് അദ്ദേഹം ഉയർത്തുന്ന വാദങ്ങൾ? ടാറ്റ ഗ്രൂപ്പിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?

ടാറ്റ കുടുംബ ചരിത്രം

19-ാം നൂറ്റാണ്ടിൽ നൗഷേർവാൻജി ആർ. ടാറ്റയിൽ (Nusserwanji Tata) നിന്നാണ് ടാറ്റാ വംശാവലി ആരംഭിക്കുന്നത്. നൗഷേർവാൻജി ടാറ്റയുടെ മകനായ ജംഷെദ്ജി ടാറ്റയാണ് ടാറ്റാ ഗ്രൂപ്പ് സ്ഥാപിക്കുന്നത്. 1868-ൽ സ്ഥാപിക്കപ്പെട്ട ടാറ്റാ ഗ്രൂപ്പിന് 100-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. ഗ്രൂപ്പിന് കീഴിൽ 30-ലധികം കമ്പനികളുണ്ട്. ഇതിൽ 26 എണ്ണം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തവയാണ്. ഇവയുടെ വാർഷിക വിറ്റുവരവ് 180 ബില്യൺ ഡോളറിലധികമാണ്.

ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ പ്രധാന ഹോൾഡിംഗ് കമ്പനിയും പ്രൊമോട്ടറുമാണ് ടാറ്റാ സൺസ്. ടാറ്റാ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികളും സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റാ ട്രസ്റ്റും ഉൾപ്പെടുന്ന വിവിധ ജീവകാരുണ്യ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലാണ്. ബാക്കി ഓഹരികളിൽ 18.3 ശതമാനം ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന്റെയും ഏകദേശം 13 ശതമാനം വിവിധ ടാറ്റാ കമ്പനികളുടെയും കൈവശമാണ്.

ജംഷെദ്ജി ടാറ്റക്ക് സർ ദൊറാബ്ജി ടാറ്റ, സർ രത്തൻ ടാറ്റ എന്നിങ്ങനെ രണ്ട് ആൺമക്കളായിരുന്നു ഉണ്ടായിരുന്നത്. രത്തൻ ടാറ്റയുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ നവാജ്ബായി സേട്ട് ദത്തെടുത്ത മകനായിരുന്നു നവൽ എച്ച്. ടാറ്റ നവൽ ടാറ്റയുടെ ആദ്യ ഭാര്യ സൂനു ടാറ്റയുടെ മക്കളാണ് രത്തൻ ടാറ്റയും ജിമ്മി ടാറ്റയും. മാതാപിതാക്കളുടെ വേർപിരിയലിനുശേഷം ഇരുവരും മുത്തശ്ശി നവാജ്ബായി സേട്ട്നൊപ്പമാണ് വളർന്നത്. രത്തൻ ടാറ്റ വിവാഹം കഴിച്ചിരുന്നില്ല. നവൽ ടാറ്റയുടെ രണ്ടാം ഭാര്യയായ സ്വിറ്റ്സർലൻഡ് സ്വദേശി സിമോൺ ടാറ്റയിലുള്ള മകനാണ് നോയൽ ടാറ്റ. 

 

ആരാണ് നോയൽ ടാറ്റ?

പ്രമുഖ വ്യവസായിയും ടാറ്റാ ട്രസ്റ്റിന്റെ നിലവിലെ ചെയർമാനുമാണ് നോയൽ നവൽ ടാറ്റ. നവൽ എച്ച്. ടാറ്റയുടെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ സ്വിറ്റ്സർലൻഡ് സ്വദേശി സിമോൺ ടാറ്റയുടെയും മകനാണ് നോയൽ. അന്തരിച്ച മുൻ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയുടെ അർധസഹോദരനാണ് അദ്ദേഹം. നവൽ ടാറ്റയുടെ ആദ്യ ഭാര്യ സൂനുവിലുള്ള മക്കളാണ് രത്തൻ ടാറ്റയും ജിമ്മി ടാറ്റയും. വ്യവസായ പ്രമുഖനും ടാറ്റാ സൺസിലെ പ്രധാന ഓഹരി ഉടമയുമായിരുന്ന പല്ലോൻജി മിസ്ത്രിയുടെ മകൾ ആലൂ മിസ്ത്രിയെയാണ് നോയൽ വിവാഹം കഴിച്ചത്. 2016-ൽ ടാറ്റാ സൺസ് ചെയർമാൻ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട സൈറസ് മിസ്ത്രി, ആലൂ മിസ്ത്രിയുടെ സഹോദരനാണ്. നോയൽ-ആലൂ ദമ്പതികൾക്ക് ലീയാ, മായ, നെവിൽ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്. മൂവരും ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ട്രസ്റ്റികളായി പ്രവർത്തിക്കുന്നുണ്ട്.

വ്യവസായ സാമ്രാജ്യത്തിന്റെ അന്താരാഷ്ട്ര മുഖമായി മാറിയ രത്തൻ ടാറ്റയിൽ നിന്ന് വ്യത്യസ്തമായി, നോയൽ ടാറ്റ ഏറെക്കുറെ ജനശ്രദ്ധയിൽപ്പെടാതെയാണ് പ്രവർത്തിച്ചിട്ടുള്ളത്. എങ്കിലും, ടാറ്റ ഗ്രൂപ്പിനുള്ളിൽ നാല് പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട പല ബിസിനസുകളിലും അദ്ദേഹം നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുമുണ്ട്. യുകെയിലെ സസെക്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ നോയൽ, ഫ്രാൻസിലെ ഇൻസീഡ് ബിസിനസ് സ്കൂളിൽ നിന്ന് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും പൂർത്തിയാക്കി. കരിയറിന്റെ തുടക്കത്തിൽ യുകെയിലെ നെസ്‌ലെ കമ്പനിയിൽ പ്രവർത്തിച്ചു.

നാല് പതിറ്റാണ്ടിലേറെയായി ടാറ്റാ ഗ്രൂപ്പിൽ സജീവമായി പ്രവർത്തിക്കുന്ന നോയൽ ടാറ്റ, റീട്ടെയിൽ രംഗത്താണ് വലിയ നേട്ടങ്ങൾ ഉണ്ടാക്കിയത്. ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ കമ്പനിയായ ട്രെന്റിലെ പ്രവർത്തന കാലയളവ് നോയൽ ടാറ്റയുടെ കോർപ്പറേറ്റ് കരിയറിലെ എടുത്തുപറയേണ്ട ഒന്നാണ്. 1998-ൽ ഒറ്റക്കട മാത്രമായിരുന്ന ഈ സംരംഭത്തെ വെസ്റ്റ്സൈഡ്, സൂഡിയോ എന്നീ ബ്രാൻഡുകളിലൂടെ 800-ലധികം സ്റ്റോറുകളിലേക്ക് വളർത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ട്രെന്റിന്റെ ഓഹരി മൂല്യം 6,000 ശതമാനത്തിലധികമാണ് ഉയർന്നത്. തുടർന്ന് 2010 മുതൽ 2021 വരെ ടാറ്റ ഇന്റർനാഷണലിന്റെ മാനേജിങ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സേവനകാലയളവിൽ കമ്പനിയുടെ വിറ്റുവരവ് ഏകദേശം 500 മില്യൺ ഡോളറിൽ നിന്ന് 3 ബില്യൺ ഡോളറിലധികമായി ഉയർന്നു.

ടാറ്റ സ്റ്റീൽ, ടൈറ്റൻ എന്നിവയുടെ വൈസ് ചെയർമാൻ സ്ഥാനം വഹിക്കുന്നതിനൊപ്പം ട്രെന്റ്, ടാറ്റ ഇന്റർനാഷണൽ, വോൾട്ടാസ്, ടാറ്റ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാൻ സ്ഥാനവും അദ്ദേഹം നിലവിൽ അലങ്കരിക്കുന്നുണ്ട്. 2024 ഒക്ടോബറിൽ രത്തൻ ടാറ്റയുടെ വിയോഗത്തിന് ശേഷമാണ് നോയൽ ടാറ്റ കൂടുതൽ കരുത്താർജ്ജിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റുകളുടെ കൂട്ടായ്മയായ ടാറ്റ ട്രസ്റ്റ്സിന്റെ ചെയർമാനായി അദ്ദേഹം നിയമിതനായി. രത്തൻ ടാറ്റയുടെ വിയോഗത്തിന് ശേഷം ടാറ്റാ ട്രസ്റ്റിന്റെ ചെയർമാനായി നോയൽ ടാറ്റ ഐക്യകണ്ഠേനയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റിന്റെ 11-ാമത് ചെയർമാനും സർ രത്തൻ ടാറ്റാ ട്രസ്റ്റിന്റെ 6-ാമത് ചെയർമാനുമാണ് അദ്ദേഹം.

ടാറ്റാ ഗ്രൂപ്പിലെ നിലവിലെ പ്രതിസന്ധി!

ടാറ്റാ ഗ്രൂപ്പിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്ന പ്രധാന ഹോൾഡിങ് കമ്പനിയാണ് ടാറ്റാ സൺസ്. ടാറ്റാ സൺസിന്റെ ഏകദേശം 66 ശതമാനം ഓഹരികളും ടാറ്റാ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. 2017 ഫെബ്രുവരിയിലാണ് എൻ. ചന്ദ്രശേഖരൻ ടാറ്റാ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിതനാകുന്നത്. അദ്ദേഹത്തിന്റെ കാലയളവിൽ ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യം 8.4 ലക്ഷം കോടി രൂപയിൽ നിന്ന് 27 ലക്ഷം കോടി രൂപയായി ഉയർന്നു. 2027 ഫെബ്രുവരിയിൽ തന്റെ രണ്ടാം ഊഴം കഴിയുന്ന വേളയിൽ സ്ഥാനമൊഴിയുമെന്ന് 2026 ഓഗസ്റ്റിൽ ചന്ദ്രശേഖരൻ ബോർഡിനെ അറിയിച്ചിരുന്നു.

എന്നാൽ 2026 സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗം ചന്ദ്രശേഖരന് അടുത്ത 5 വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകാൻ തീരുമാനിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം ടാറ്റാ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ളനടപടികൾ ഏകോപിപ്പിക്കാൻ ചന്ദ്രശേഖരന്റെ നേതൃത്വം വേണമെന്നതായിരുന്നു ബോർഡിന്റെ പ്രധാന വാദം. നോയൽ ടാറ്റയുടെ എതിർപ്പ് അവഗണിച്ചായിരുന്നു ടാറ്റ സൺസ് ബോർഡ് എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി എക്സിക്യൂട്ടീവ് ചെയർമാനായി കാലാവധി നീട്ടി നൽകിയത്. ബോർഡ് യോഗത്തിൽ നോയൽ ടാറ്റ ചന്ദ്രശേഖരന്റെ പുനർനിയമനത്തിനും കമ്പനി ലിസ്റ്റ് ചെയ്യാനുള്ള നീക്കത്തിനുമെതിരെ വോട്ട് ചെയ്യുകയും ഈ തീരുമാനം ‘നിയമവിരുദ്ധം’ ആണെന്ന് നിലപാടെടുക്കുകയും ചെയ്തു.

2026 ഓഗസ്റ്റ് 12-ന് ചന്ദ്രശേഖരൻ നൽകിയ രാജിക്കത്ത് അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിരുന്നു എന്നാണ് നോയൽ വാദിക്കുന്നത്. ജീവനക്കാരും ഓഹരി ഉടമകളും അത് അംഗീകരിച്ചതാണെന്നും ഇനി അത് മാറ്റുന്നത് ശരിയല്ലെന്നും നോയൽ വ്യക്തമാക്കി. മാത്രമല്ല, ടാറ്റാ സൺസിന്റെ ചെയർമാൻ നിയമനത്തിനുള്ള പ്രമേയങ്ങൾക്ക് ടാറ്റാ ട്രസ്റ്റിന്റെ നോമിനി ഡയറക്ടർമാരുടെ ഭൂരിപക്ഷ പിന്തുണ വേണം. ട്രസ്റ്റ് നോമിനിയായ താൻ എതിർത്ത് വോട്ട് ചെയ്തതിനെ ഒരു നിയമോപദേശത്തിന്റെ മറവിൽ മറികടന്നത് തെറ്റാണെന്നും, അതിനാൽ ഈ തീരുമാനം നിയമപരമായി അസാധുവാണെന്നും നോയൽ വാദിച്ചു. മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിയമോപദേശവും അദ്ദേഹം ബോർഡിന് സമർപ്പിച്ചു. പുതിയ ചെയർമാനെ കണ്ടെത്താനായി സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടും ബോർഡ് അതിന് തയ്യാറായില്ല.

രത്തൻ ടാറ്റയുടെ നിർദ്ദേശപ്രകാരം കമ്പനിയെ അൺലിസ്റ്റഡ് ആയി നിലനിർത്താൻ തീരുമാനിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ഐപിഒ നീക്കത്തെയും നോയൽ എതിർത്തു. ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടാതെ അൺലിസ്റ്റഡ് പദവിയിൽത്തന്നെ തുടരണമെന്നാണ് നോയൽ ടാറ്റയുടെ നിലപാട്. രത്തൻ ടാറ്റയുടെ മാർഗനിർദ്ദേശപ്രകാരം 2024 മാർച്ചിൽ ടാറ്റാ സൺസ് ബോർഡ് ഐക്യകണ്ഠേന എടുത്ത തീരുമാനം കമ്പനിയെ അൺലിസ്റ്റഡ് ആയി നിലനിർത്താനായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെങ്കിലും കമ്പനി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിന് പകരം ആർ.ബി.ഐയുമായി തുടർചർച്ചകൾ നടത്തി മറ്റ് നിയമപരമായ വഴികളിലൂടെ വിഷയം പരിഹരിക്കണമെന്നാണ് അദ്ദേഹത്തിന്റെ വാദം.

പ്രതിസന്ധികൽക്കിടയിൽ ടാറ്റാ ഗ്രൂപ്പിന്റെ ഭാവിയെന്ത്?

സമീപകാലത്ത് ഉടലെടുത്ത ഏറ്റവും വലിയ ഭരണ പ്രതിസന്ധിയിലൂടെയാണ് ടാറ്റാ ഗ്രൂപ്പ് കടന്നു പോകുന്നത്. അതിന്റെ കേന്ദ്രബിന്ദുവാകട്ടെ നോയൽ ടാറ്റയും. എൻ. ചന്ദ്രശേഖരനെ എക്സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിച്ചതിന്റെയും ഐപിഒ നീക്കത്തിന്റെയും സാധുതയെ ടാറ്റ ട്രസ്റ്റ്സ് ചോദ്യം ചെയ്തപ്പോൾ ബോർഡ് ഭൂരിപക്ഷ വോട്ടോടെയാണ് പുനർനിയമനത്തിന് അംഗീകാരം നൽകിയതെന്നാണ് ടാറ്റ സൺസ് നിലപാടെടുത്തത്. ഈ പ്രമേയത്തിനെതിരെ നോയൽ ടാറ്റ വോട്ട് ചെയ്തപ്പോൾ, മറ്റൊരു ടാറ്റ ട്രസ്റ്റ് നോമിനിയായ വേണു ശ്രീനിവാസൻ ഇതിനെ അനുകൂലിച്ചു. ഈ അഭിപ്രായവ്യത്യാസം ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഹോൾഡിങ് കമ്പനിയെ ലിസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ചേക്കാവുന്ന റെഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള നടപടികളിലേക്കും ടാറ്റ സൺസ് കടന്നിട്ടുണ്ട്.

പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യുക എന്ന നിലപാടിനെ നോയൽ ടാറ്റയും ടാറ്റ ട്രസ്റ്റും എതിർത്തിട്ടുണ്ട്. ടാറ്റ സൺസിന്റെ ഉടമസ്ഥാവകാശ ഘടന മാറ്റുന്നത് ഗ്രൂപ്പിന്റെ ബിസിനസുകളും ജീവകാരുണ്യ ട്രസ്റ്റുകളും തമ്മിലുള്ള പരമ്പരാഗത ബന്ധത്തെ ബാധിക്കുമെന്നാണ് അവരുടെ വാദം. ടാറ്റ ട്രസ്റ്റിന്റെ ഏകദേശം 66 ശതമാനം ഓഹരി ഉടമസ്ഥത ടാറ്റ സൺസിൽ ട്രസ്റ്റുകൾക്ക് വലിയ സ്വാധീനം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ നിലവിലുള്ള ഈ പോരിന് ഏറെ പ്രധാന്യവുമുണ്ട്. അതേസമയം, ടാറ്റ സൺസ് ബോർഡിന് സ്വന്തമായ ഭരണസംവിധാനവും തീരുമാനമെടുക്കാനുള്ള ഘടനയുമുണ്ട്. ഇത് ഭൂരിപക്ഷ ഓഹരി ഉടമയും കമ്പനി ബോർഡും തമ്മിൽ സങ്കീർണ്ണമായ ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു.

ചന്ദ്രശേഖരന്റെ പുനർനിയമനത്തെക്കുറിച്ചുള്ള തർക്കങ്ങൾ പരസ്യമായതോടെ, രത്തൻ ടാറ്റയുടെ കാലഘട്ടത്തിനു ശേഷമുള്ള ടാറ്റ ഗ്രൂപ്പിനെ രൂപപ്പെടുത്തുന്നതിൽ നിർണായക വ്യക്തിയായി നോയൽ ടാറ്റ മാറിയിരിക്കുന്നു. രത്തൻ ടാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ ഒതുങ്ങിക്കൂടിയിരുന്ന നോയൽ ടാറ്റയെ ഈ തർക്കം ശക്തമായി പൊതുശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 2016-ൽ സൈറസ് മിസ്ത്രിയെ മാറ്റിയപ്പോൾ ഉണ്ടായ വലിയ ബോർഡ് റൂം തർക്കത്തിന് സമാനമായ സാഹചര്യത്തിലൂടെയാണ് ഗ്രൂപ്പ് ഇപ്പോൾ കടന്നുപോകുന്നത്. എന്തായിരിക്കും ഈ തർക്കത്തിന്റെ ഫലമെന്നാണ് ലോകം ഉറ്റുനോക്കുന്നത്.