
2010-2012 കാലയളവിൽ രാജ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെന്ന നിലയിൽ നിർണായകമായ ജനാധിപത്യ ഇടപെടലുകൾ നടത്തിയ ആളാണ് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കൂടിയായ ഷഹാബുദ്ദീൻ യാക്കൂബ് ഖുറേഷി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലുകളുടെ പേരിൽ അന്നത്തെ കേന്ദ്രമന്ത്രിമാരുടെ അപ്രീതിക്ക് ഇരയാകേണ്ടിവന്നതും അതിനെ കൂസാതെ മുന്നോട്ട് പോയതും വിവരിക്കുന്നുണ്ട്. ഒരുപക്ഷേ, ടി.എൻ. ശേഷനുശേഷം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിർണായക ഇടപെടലുകൾ നടത്തിയ ആളെന്ന വിശേഷണം ഖുറേഷിക്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ വന്ന 1950 ജനുവരി 25 ന്റെ ഓർമയ്ക്ക് എല്ലാ വർഷവും വോട്ടവകാശ ദിനമായി ആചരിക്കാനുള്ള തീരുമാനം അതിലൊന്നുമാത്രം. ഇപ്പോൾ രാജ്യത്ത് നടന്നുവരുന്ന എസ്.ഐ.ആറിന്റെ പേരിൽ ന്യായമായ പൗരൻമാർക്ക് വോട്ടവകാശം നിഷേധിക്കുന്നതിനെ നിരന്തരമായി വിമർശിക്കുന്നയാളാണ് ഖുറേഷി. പൗരന്റെ ജനാധിപത്യാവകാശം സംരക്ഷിക്കപ്പെടണമെന്ന ഉറച്ച ബോധ്യമാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് ആ വാക്കുകൾ വിളിച്ചുപറയും. എസ്.വൈ. ഖുറേഷി മാതൃഭൂമി ഡൽഹി ബ്യൂറോ ചീഫ് കറസ്പോണ്ടന്റ് സി.പി.ശ്രീഹർഷനോട് സംസാരിക്കുന്നു..
'ഇന്ത്യയും ഞാനും: നൂറ് ഓർമകൾ' എന്ന താങ്കളുടെ ഏറ്റവും പുതിയ പുസ്തകത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അധിക്ഷേപിക്കുന്നതിനെതിരെ കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി മൻമോഹൻ സിങ് താക്കീത് നൽകിയത് ഓർത്തെടുക്കുന്നുണ്ട്. 2012ലെ യു.പി നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്രമന്ത്രിയായിരുന്ന സൽമാൻ ഖുർഷിദിനെ പെരുമാറ്റച്ചട്ട ലംഘനത്തിന് ശാസിച്ചതിന്റെ പേരിൽ അദ്ദേഹം താങ്കൾക്കെതിരെ രംഗത്തെത്തിയതാണ്. ഇപ്പോൾ മറ്റൊരു യു.പി തിരഞ്ഞെടുപ്പ് പടിവാതിലിലാണ്. രാജ്യമാകെ എസ്.ഐ.ആറിന്റെ പേരിൽ വോട്ടർമാരുടെ കൂട്ടപ്പുറത്താകൽ നടക്കുന്നു. യു.പിയിൽ 2.8 കോടി പേർ പുറത്തായെന്നാണ് റിപ്പോർട്ട്. ഇതിനെ എങ്ങനെ കാണുന്നു?
2012ലെ സംഭവം ഇന്നത്തെ കാലത്തിനുള്ള സന്ദേശമാണ്. അന്ന് യു.പി തിരഞ്ഞെടുപ്പ് വേളയിൽ തിരഞ്ഞെടുപ്പ് കമ്മിഷനും ചില കേന്ദ്രമന്ത്രിമാരും തമ്മിൽ ഗുരുതരമായ ഏറ്റുമുട്ടലുണ്ടായി. എന്നെ സ്വാധീനിച്ചത്, പ്രധാനമന്ത്രി മൻമോഹൻ സിങിന് സ്വാഭാവികമായുണ്ടായ ആശങ്കയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വാതന്ത്ര്യവും അന്തസ്സും മന്ത്രിമാരുടെ പ്രവൃത്തികളാൽ തകർക്കപ്പെടരുതെന്നദ്ദേഹം ചിന്തിച്ചു. രാഷ്ട്രീയമായി എന്ത് അസൗകര്യമുണ്ടായാലും ഭരണഘടനാസ്ഥാപനം മാനിക്കപ്പെടണമെന്നദ്ദേഹം ആഗ്രഹിച്ചു. ഇപ്പോൾ എസ്.ഐ.ആറിന്റെ ഭാഗമായി കരട്പട്ടികയിൽ നിന്നാണ് യു.പിയിൽ 2.8 കോടി വോട്ടർമാർ നീക്കപ്പെട്ടത്. അന്തിമപട്ടികയിൽ അത് 2.05 കോടിയാണ്. എങ്കിലും അതൊരു വലിയ സംഖ്യയാണ്. കോടിക്കണക്കിന് വോട്ടർമാർ പട്ടികയിൽ നിന്നില്ലാതാകുമ്പോൾ അതിന്റെ സുതാര്യതയെക്കുറിച്ച് സമൂഹത്തിന് ബോധ്യമാകുന്ന വിധത്തിൽ വിശദീകരിക്കാനുള്ള ബാധ്യത കമ്മിഷനുണ്ട്. തിരഞ്ഞെടുപ്പിന്റെ അടിത്തറയാണ് വോട്ടർപട്ടിക. അർഹതയുള്ള വോട്ടർ തെറ്റായ രീതിയിൽ ഒഴിവാക്കപ്പെട്ടെങ്കിൽ ആ പൗരനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ്ഫലം പോലും അപ്രസക്തമായിത്തീരും. ഭരണഘടനയുടെ 324ാം വകുപ്പിൽ നിന്നുകൊണ്ടുള്ള കമ്മിഷന്റെ അധികാരപ്രയോഗത്തിലല്ല, അതിന്റെ നിഷ്പക്ഷതയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് പ്രധാനം. അതിന് ഉലച്ചിലുണ്ടായാൽ കമ്മിഷൻ അത് അടിയന്തരമായി പുനഃസ്ഥാപിക്കണം.
തിരഞ്ഞെടുപ്പ് കമ്മിഷൻ, താങ്കളുടെ അഭിപ്രായത്തിൽ എങ്ങനെയാകണം പ്രവർത്തിക്കേണ്ടത്?
തിരഞ്ഞെടുപ്പ് കമ്മിഷൻ പരിപൂർണമായും സ്വതന്ത്രമായിരിക്കണം. സുതാര്യവും നിഷ്പക്ഷവും നീതിയുക്തവുമാകണം പ്രവർത്തനം. നിഷ്പക്ഷത സമൂഹത്തിന് ബോധ്യപ്പെടണം. ഭരണകക്ഷിക്ക് ക്രമീകരണങ്ങളാണാവശ്യം. പ്രതിപക്ഷത്തിന് പരിഗണനയുടെ ഉറപ്പും വേണം. രണ്ടും നൽകേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. അധികാരത്തിലെ മുഖ്യ കളിക്കാരനിൽ നിന്ന് സ്വാതന്ത്ര്യം പാലിച്ചാണ് റഫറി നിൽക്കുന്നതെന്ന ആത്മവിശ്വാസം പ്രതിപക്ഷത്തിനുണ്ടാകേണ്ടതുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അതിനാൽ എല്ലാവർക്കും സമീപിക്കാവുന്നയാളും എല്ലാവരോടും സംവദിക്കുന്നയാളും ഭയരഹിതനുമായിരിക്കണം. എല്ലാ സുപ്രധാന തീരുമാനങ്ങളും കൃത്യമായി വിശദീകരിക്കപ്പെടണം. ചോദ്യങ്ങളെ സ്ഥാപനത്തിന് നേർക്കുള്ള ആക്രമണമായി കാണാതെ കൃത്യമായ ഉത്തരങ്ങൾ നൽകുകയാണ് വേണ്ടത്. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രാഷ്ട്രീയപാർട്ടികളാണ് ഗുണഭോക്താക്കൾ. അവർ കമ്മിഷന്റെ ശത്രുപക്ഷത്തല്ല. മൂന്നംഗങ്ങളുള്ള ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കരുത്ത് അവിടെ നിന്നുണ്ടാകുന്ന തീരുമാനങ്ങളിലൂടെയാണ് വരേണ്ടത്. ഏതെങ്കിലും വ്യക്തിയുടെ വ്യക്തിത്വപ്രകടനമാകരുത്. എല്ലാവരും കമ്മിഷനിൽ വിശ്വാസമർപ്പിക്കുമ്പോൾ തന്നെ വല്ലപ്പോഴും സർക്കാരുകൾ കമ്മിഷനോട് അസന്തുഷ്ടി പ്രകടിപ്പിക്കുന്ന സാഹചര്യവുമുണ്ടാകണം. അങ്ങനെ വരുമ്പോഴേ കമ്മിഷന്റെ അധികാരം കൂടുതൽ ശക്തമാകൂ എന്നതാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഓർക്കേണ്ട ലളിതമായ കാര്യം.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എപ്പോഴും പറയുന്നത്, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് ശുദ്ധീകരിക്കപ്പെട്ട വോട്ടർപട്ടിക വേണമെന്നും അതിനാലാണ് ഭരണഘടനാപരമായ ഉത്തരവാദിത്വമായ എസ്.ഐ.ആർ നടപ്പാക്കുന്നതെന്നുമാണ്?
ശുദ്ധമായ വോട്ടർപട്ടികയെന്ന ലക്ഷ്യത്തോട് ആർക്കും വിയോജിപ്പില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിലുൾപ്പെടെ ആറ് വർഷത്തോളം ഞാൻ കമ്മിഷനിൽ പ്രവർത്തിച്ചയാളാണ്. വോട്ടർപട്ടികയുടെ ആരോഗ്യം ഉറപ്പാക്കാനാണ് ഞങ്ങൾ യത്നിച്ചത്. മരിച്ചവരെയും ഇരട്ടവോട്ടർമാരെയും ഒഴിവാക്കിയും പിശകുകൾ തിരുത്തിയും അവസരം നിഷേധിക്കപ്പെടുന്ന ചെറുപ്പക്കാരെയും സ്ത്രീകളെയും ഉൾപ്പെടുത്താൻ ശ്രദ്ധിച്ചുമാണ് അത് സാധിച്ചെടുത്തത്. ശുദ്ധീകരണം എന്നത് ഒഴിവാക്കലിന്റെ പര്യായമാകരുത്. അയോഗ്യരെ ഉൾപ്പെടുത്തിയാലും യോഗ്യരായവരെ ഒഴിവാക്കിയാലും അത് വോട്ടർപട്ടികയുടെ പിഴവാണ്. ജനാധിപത്യത്തിൽ ന്യായമായ വോട്ടറെ പുറത്താക്കുന്നത് അങ്ങേയറ്റം ഗുരുതരമായ തെറ്റാണ്. ഭരണഘടനയുടെ 326ാം അനുച്ഛേദത്തിൽ പറയുന്നത് അർഹരായ എല്ലാ പൗരന്മാർക്കും വോട്ടറായി രജിസ്റ്റർ ചെയ്യാൻ അവകാശമുണ്ടെന്നാണ്. തുടർച്ചയായ നവീകരണം, വാർഷിക പരിഷ്കരണം, തീവ്ര പരിഷ്കരണം, പ്രത്യേക പരിഷ്കരണം എന്നിങ്ങനെ പല രീതിയിൽ വോട്ടർപട്ടിക പുതുക്കാം. 1950ലെ ജനപ്രാതിനിധ്യനിയമത്തിലെ 21(3) വകുപ്പ് പ്രകാരം ഒരു മണ്ഡലത്തിൽ പൂർണമായോ ഭാഗികമായോ കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക പരിഷ്കരണമാകാമെന്നാണ് പറയുന്നത്. എന്റെ സംശയം ഇത്രയേയുള്ളൂ. ഏതാനും മാസങ്ങൾക്ക് മുമ്പുമാത്രം തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്ത ദശലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം പുന:പരിശോധിക്കേണ്ടതിന്റെ എന്ത് അടിയന്തര സാഹചര്യമാണ് രാജ്യത്തുണ്ടായിട്ടുള്ളത്? അങ്ങനെയൊരു അസാധാരണപ്രക്രിയ നടത്തുമ്പോൾ അതിനുള്ള അസാധാരണ സാഹചര്യവും വ്യക്തമാക്കപ്പെടണം. ശുദ്ധമായ വോട്ടർപട്ടിക അനിവാര്യമാണ്. എന്നാൽ അത് അർഹരായവരെയെല്ലാം ഉൾക്കൊള്ളുന്നതും അനർഹരെയെല്ലാം ഒഴിവാക്കിയതും മാത്രമാകണം. അല്ലാതെ പരമാവധി പുറത്താക്കലുകളുള്ള പട്ടികയല്ല ശുദ്ധം.
ഇങ്ങനെയുള്ള കൂട്ടപ്പുറത്താക്കലുകൾ ജനാധിപത്യത്തിലെ പ്രവർത്തന ഇടം (ലെവൽ പ്ലെയിങ് ഫീൽഡ്) ഇല്ലാതാക്കുന്നുണ്ടോ?
കോടതിയുടെ തീരുമാനങ്ങളെ തീർച്ചയായും മാനിക്കുന്നു. തീവ്ര പരിഷ്കരണത്തിനുള്ള കമ്മിഷന്റെ നിയമപരമായ അധികാരത്തെയാണ് സുപ്രീംകോടതി ശരിവച്ചത്. എന്നാൽ നിയമപരമായ പ്രക്രിയയിലൂടെയാണെങ്കിലും അതിലൂടെ നടക്കുന്ന എല്ലാ ഒഴിവാക്കലുകളും സ്വാഭാവികമായി ശരിയാവണമെന്നില്ല. പശ്ചിമബംഗാളിൽ ഇത് വ്യക്തമായി. അവിടെ വലിയതോതിലാണ് അപേക്ഷകൾ അപ്പലേറ്റ് ട്രിബ്യൂണലുകൾക്ക് മുന്നിലുള്ളത്. ആദ്യത്തെ 82,782 അപ്പീലുകളിൽ 91 ശതമാനത്തിലധികവും പട്ടികയിൽ ഉൾപ്പെടുത്താനോ, തള്ളപ്പെട്ട വോട്ടവകാശം പുനസ്ഥാപിച്ചു കിട്ടാനോ ആണ്. പത്തിൽ ഒമ്പത് കേസുകളും അംഗീകരിക്കപ്പെട്ടു. പുറത്താക്കലിന്റെ നിലവാരമെത്രത്തോളമെന്നത് ഇത് വ്യക്തമാക്കിത്തരുന്നു. പ്രതിപക്ഷ എതിർപ്പിന്റെ തീവ്രത കുറഞ്ഞതുകൊണ്ടൊന്നും ഇത് സാധൂകരിക്കപ്പെടില്ല. രാഷ്ട്രീയപാർട്ടികൾ എത്രത്തോളം ഉറക്കെ പ്രതിഷേധിക്കുന്നു എന്നതിനെ ആശ്രയിച്ചല്ല ഭരണഘടനാപരമായ അവകാശങ്ങൾ നിർണയിക്കപ്പെടുന്നത്. ചില പ്രത്യേക മണ്ഡലങ്ങളിലോ സമുദായ, സാമൂഹ്യവിഭാഗങ്ങൾക്കിടയിലോ തെറ്റായ രീതിയിലുള്ള ഒഴിവാക്കലുകളുടെ തോത് ക്രമാതീതമാണ്. അപ്പോൾ അത് തീർച്ചയായും തിരഞ്ഞെടുപ്പ് ഫലത്തിലും പ്രതിഫലിക്കാം. ആസൂത്രിതമായി ഫലം അട്ടിമറിക്കാനുള്ള ഇടപെടലല്ലെങ്കിലും ഇതുപോലുള്ള പിഴവുകൾ വൻതോതിൽ സംഭവിക്കപ്പെടുമ്പോൾ അത് ജനപ്രാതിനിധ്യത്തിന്റെ അളവുകോലുകളെ അട്ടിമറിക്കും. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശുദ്ധത, ശുദ്ധമായ വോട്ടർപട്ടികയിൽ നിന്ന് തുടങ്ങുന്നുവെന്ന് പറയുന്നത്.
എസ്.ഐ.ആറില്ലാതെയുള്ള വോട്ടർപട്ടിക കുറ്റമറ്റതാണെന്നാണോ?
തീർച്ചയായും അല്ല. ലോകത്തൊരിടത്തും ഒരു വോട്ടർപട്ടികയും കുറ്റമറ്റതല്ല. ആളുകൾ മരിക്കാം, നാടുവിട്ടുപോകാം, താമസം മാറാം, പ്രായപൂർത്തിയാകുന്നവർ പുതുതായി വരാം. ഇരട്ട വോട്ടർമാരുടെ എണ്ണവും കൂടിവരാം. അതുകൊണ്ടാണ് എപ്പോഴും ചലിക്കുന്ന രേഖയായി വോട്ടർപട്ടിക നിലകൊള്ളുന്നത്. അതിൽ കാലോചിതമായ നവീകരണം തുടർപ്രക്രിയയായി നടത്തുന്നതും അതുകൊണ്ടാണ്. ഇവിടെ ഉയരുന്ന ചോദ്യം, പിഴവുകൾ തിരുത്തപ്പെടേണ്ടത് തുടർച്ചയായ, തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പരിഷ്കരണത്തിലൂടെയാണോ അതോ യോഗ്യതയുടെ അടിസ്ഥാനത്തിൽ വോട്ടർമാരായി രജിസ്റ്റർ ചെയ്ത ദശലക്ഷക്കണക്കിനാളുകളെ വീണ്ടും യോഗ്യത തെളിയിക്കാനാവശ്യപ്പെട്ട് പുറത്ത് നിർത്തുന്നതിലൂടെയാണോ എന്നതാണ്. എവിടെയാണ് കുഴപ്പമെന്ന് തിരിച്ചറിഞ്ഞ് തിരുത്തണം. ഒരു പ്രത്യേക മണ്ഡലത്തിലോ മണ്ഡലത്തിന്റെ ഭാഗമായ പ്രദേശത്തോ അസ്വാഭാവിക കണക്കുകൾ കണ്ടെത്തിയാൽ തീവ്രമായി പരിശോധിച്ച് പുനക്രമീകരിക്കാം. അല്ലാതെ, എല്ലാ വോട്ടർപട്ടികയും കുഴപ്പമാണെന്ന നിഗമനത്തിലെത്തരുത്.
കേന്ദ്രമന്ത്രിമാരടക്കം ബി.ജെ.പി നേതാക്കൾ വാദിക്കുന്നത് രാജ്യത്തേക്ക് വരുന്ന നുഴഞ്ഞുകയറ്റക്കാരെ ഒഴിവാക്കാനാണ് എസ്.ഐ.ആർ എന്നാണ്. പൗരത്വ പരിശോധന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവാദിത്വമാണോ?
ഭരണഘടനാ അനുച്ഛേദം 326 പ്രകാരം ഏതൊരു ഇന്ത്യൻ പൗരനും വോട്ടറാകാൻ അവകാശമുണ്ട്. അതുകൊണ്ട്, ഇന്ത്യൻ പൗരനല്ലാത്തയാൾ വോട്ടറായി രജിസ്റ്റർ ചെയ്യുന്നില്ല എന്നുറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മിഷനുണ്ട്. വോട്ടർപട്ടികയിലെ യോഗ്യതയുമായി ബന്ധപ്പെട്ട് കമ്മിഷനുള്ള ഈ പൗരത്വപരിശോധനാ അധികാരം സുപ്രീംകോടതിയും അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, പൗരത്വ ട്രിബ്യൂണലുകളോ എൻ.ആർ.സി അതോറിറ്റിയോ പൊലീസോ ഡിപോർട്ടേഷൻ ഏജൻസിയോ ചെയ്യേണ്ട ജോലിയല്ല തിരഞ്ഞെടുപ്പ് കമ്മിഷന്റേത്. പൗരത്വത്തെ ചൊല്ലി ന്യായമായ തർക്കമുണ്ടായാൽ കേന്ദ്രസർക്കാരിന് കീഴിലെ ബന്ധപ്പെട്ട അതോറിറ്റിയാണ് അന്തിമതീരുമാനമെടുക്കേണ്ടത്. വോട്ടർപട്ടികയിൽ നിന്നുള്ള ഒഴിവാക്കൽ ഒരാളുടെ പൗരത്വം റദ്ദ് ചെയ്തുകൊണ്ടല്ല. തിരഞ്ഞെടുപ്പ് സംവിധാനം വർഗീയമായ നിഗമനങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല മുന്നോട്ടുപോകേണ്ടത്. ഓരോ കേസിലും കമ്മിഷൻ തീരുമാനമെടുക്കേണ്ടത് നിയമത്തിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലാകണം. എസ്.ഐ.ആറിനെ ഞാനെതിർക്കുന്നത് ഭരണഘടനാപരവും നിയമപരവും തിരഞ്ഞെടുപ്പ് സംബന്ധവുമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.
മണ്ഡല പുനർവിഭജനത്തിലൂടെ വനിതാസംവരണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കമാരംഭിച്ചിട്ടുണ്ട്. അസമിൽ മണ്ഡലപുനർവിഭജനത്തിലൂടെ ബി.ജെ.പി പ്രതിപക്ഷത്തിന് പ്രവർത്തിക്കാനുള്ള ഇടം തന്നെ ഇല്ലാതാക്കിയെന്നാണ് വിമർശനം. ഇതിനെയെങ്ങനെയാണ് കാണുന്നത്?
വനിതാസംവരണത്തെ ശക്തിയായി പിന്തുണയ്ക്കുന്നു. എന്നാൽ അതിനുവേണ്ടി ലോക്സഭയുടെ വലിപ്പം കൂട്ടുന്നതിനോട് എതിർപ്പുണ്ട്. വനിതകൾക്ക് നൽകാൻ പുതിയ കസേരകളെന്തിനാണ്. ലോക്സഭയിൽ 543 എന്ന നിലവിലെ അംഗസംഖ്യ തന്നെ തുടരണം. അതിന്റെ മൂന്നിലൊന്ന് വനിതകൾക്കായി നീക്കിവയ്ക്കണം. അതിനവർക്കവകാശമുണ്ട്. ജനസംഖ്യാ വർധനവിന്റെ അടിസ്ഥാനത്തിൽ അംഗസംഖ്യ കൂട്ടുന്നെങ്കിൽ അത് വേണ്ടത് സംസ്ഥാന നിയമസഭകളിലാണ്. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന റോഡ്, വെള്ളം, സ്കൂൾ, ആശുപത്രി, പൊലീസിങ്, മുനിസിപ്പൽ ഭരണം, ഭൂമി പോലുള്ള പ്രശ്നങ്ങൾ സംസ്ഥാനത്തിന്റെ അധീനതയിലാണ്. ലോക്സഭയിൽ എല്ലാ സംസ്ഥാനത്തും 50 ശതമാനം സീറ്റുകൾ ഉയർത്തുമെന്ന വാദത്തിൽ കാര്യമില്ല. ഉത്തർപ്രദേശിൽ 80ഉം തമിഴ്നാട്ടിൽ 39ഉം എം.പിമാരാണ് നിലവിൽ. 50 ശതമാനം വർധിപ്പിച്ചാൽ യു.പിയിൽ 120ഉം തമിഴ്നാട്ടിൽ 59 ഉമായി ഉയരും. അതായത്, അനുപാതം ഒന്നാണെങ്കിലും പാർലമെന്ററി അംഗസംഖ്യയിലെ വ്യത്യാസം ഗണ്യമായാണ് വർധിക്കുക. അസമിലെ മണ്ഡലപുനർവിഭജനവും നമ്മെ ജാഗരൂകരാക്കുന്നുണ്ട്. ചില സമുദായവിഭാഗങ്ങൾക്കിടയിലും ചില മേഖലകളിലും മണ്ഡല പുനർവിഭജനത്തിന്റെ ഭാഗമായി ചിലർക്ക് രാഷ്ട്രീയനേട്ടം വൻതോതിലുണ്ടായെന്ന ആരോപണം ശക്തമാണ്. പക്ഷപാത സമീപനം തെളിവില്ലാതെ ആരോപിക്കാനില്ലെങ്കിലും മണ്ഡല പുനർവിഭജനത്തിൽ അത് സംഭവിക്കില്ലെന്നുറപ്പാക്കണം. മണ്ഡല അതിർത്തികളാണ് രാഷ്ട്രീയാധികാരം നിശ്ചയിക്കുന്നത്. വനിതാപ്രാതിനിധ്യമെന്നത് ഭരണഘടനാപരമായ അനിവാര്യതയാണ്. ലോക്സഭയുടെ വലിപ്പം കൂട്ടുന്നത് രാഷ്ട്രീയതീരുമാനവും. രണ്ടും തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്.
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെ പറ്റി എന്താണ് അഭിപ്രായം?
തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭരണപരമായ വീക്ഷണകോണിൽ നോക്കിയാൽ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പാണ് എളുപ്പം. ഒരേ വോട്ടർമാർ, പോളിങ് ബൂത്തുകളും ഏതാണ്ട് തുല്യം. മതിയായ ഇ.വി.എമ്മുകളും സുരക്ഷാസേനകളുടെ സാന്നിധ്യവും ഉറപ്പാക്കിയാൽ കമ്മിഷന് അത് നടത്താം. എന്നാൽ ജനാധിപത്യപരമായും ഭരണഘടനാപരമായും നോക്കിയാൽ ഒരുമിച്ചുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതിനോട് യോജിക്കാനാവില്ല. ഭരണപരമായ കാര്യത്തേക്കാൾ ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമാണ് എന്റെ മുൻതൂക്കം. സംസ്ഥാനങ്ങളുടെ യൂണിയനായ ഇന്ത്യയിൽ ഓരോ സംസ്ഥാനത്തിനും അതിന്റേതായ രാഷ്ട്രീയ ചക്രമുണ്ട്. സർക്കാരുകൾ വീഴാം. സഖ്യങ്ങൾ തകരാം. നിയമസഭകളിൽ ഭൂരിപക്ഷം നഷ്ടപ്പെടാം. അപ്പോൾ, ജനവിധി മാനിക്കാതെ നിയമസഭയെ തുടരാനനുവദിക്കുകയാണോ വേണ്ടത്. ഒരു നിയമസഭയ്ക്ക് അർഹതപ്പെട്ട സ്വാഭാവികമായ കാലാവധിയെ ഇല്ലാതാക്കണോ. അഞ്ച് വർഷത്തെ അവശേഷിക്കുന്ന കാലത്തേക്ക് മാത്രമായി ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ടോ. മറ്റൊരു അപകടം കൂടിയുണ്ട്. പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ദേശീയതല പ്രചരണം സംസ്ഥാന, പ്രാദേശിക വിഷയങ്ങളെ അപ്രസക്തമാക്കിയേക്കാം. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വ്യത്യസ്തമായ രാഷ്ട്രീയചോദ്യങ്ങളാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളെ വേറിട്ട തരത്തിലാണ് വോട്ടർമാർ വിലയിരുത്തുക. തദ്ദേശഭരണസ്ഥാപനങ്ങളെയും ഉൾപ്പെടുത്തി മൂന്ന് തട്ടിലായാണ് ഒരുമിച്ച് തിരഞ്ഞെടുപ്പിനുള്ള ആശയം. അത് നിലവിലെ സംവിധാനത്തിൽ കൂടുതൽ വെള്ളം ചേർക്കാനേ വഴിയൊരുക്കൂ. വിശാലമായ അഭിപ്രായസമന്വയത്തിന്റെ അടിസ്ഥാനത്തിലാകണം, ഇതുപോലുള്ള അടിസ്ഥാനപരമായ പുനക്രമീകരണങ്ങൾ നടപ്പാക്കേണ്ടത്. അല്ലാതെ അടിച്ചേൽപ്പിക്കുകയല്ല.
ജന്ദർമന്തറിൽ നടന്ന ജെൻസി പ്രക്ഷോഭം, സർക്കാരിന് നിലപാട് മാറ്റേണ്ടിവരുന്നു. എങ്ങനെ കാണുന്നു?
അതിലൊരു പ്രധാനപ്പെട്ട ജനാധിപത്യ സന്ദേശം ഞാൻ കാണുന്നു. പൊതുജനങ്ങളിൽ നിന്നുയരുന്ന സമാധാനപരമായ സമ്മർദ്ദങ്ങൾക്ക് വിശ്വാസ്യത ജനിപ്പിക്കാനാകുമെന്ന് യുവാക്കൾ കാണിച്ചുതന്നു. അവരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടുവോ, പ്രക്ഷോഭത്തിൽ സ്വീകരിക്കുന്ന എല്ലാ മാർഗങ്ങളും യോജിക്കാവുന്നതാണോ എന്നൊക്കെയുള്ള ചോദ്യങ്ങൾ രണ്ടാമതാണ്. പൗരൻമാർ സമാധാനപരമായി പ്രതിഷേധിക്കേണ്ടി വരുന്നതും പൗരന്മാരെ സർക്കാരുകൾ കേൾക്കുന്നതുമൊന്നും ജനാധിപത്യത്തിന്റെ പരാജയമല്ല. ജനാധിപത്യം നിലനിൽക്കുന്നതിന്റെ സൂചനകളാണ്. നമ്മുടെ ചെറുപ്പക്കാർക്കിടയിൽ ആഴത്തിലുള്ള അസ്വസ്ഥത പ്രകടമാണ്. മത്സരപരീക്ഷകളും ചോദ്യപേപ്പർ ചോർച്ചയും തൊഴിലില്ലായ്മയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവുമെല്ലാം അവർക്കിടയിൽ ഭാവിയെപ്പറ്റി അനിശ്ചിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ജനസംഖ്യാപ്രാതിനിധ്യത്തെക്കുറിച്ചാണ് ഇന്ത്യ എപ്പോഴും ആവർത്തിച്ച് സംസാരിക്കാറുള്ളത്. എന്നാൽ ആ പ്രാതിനിധ്യം ഒരിക്കലും വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് അവസരങ്ങൾ ചുരുങ്ങുന്നതിന്റെയോ അന്യായമായി തഴയപ്പെടുന്നതിന്റെയോ ആശങ്കകളുയർത്താൻ വഴിയൊരുക്കരുത്. കർഷകപ്രക്ഷോഭവും ഇതേ ജനാധിപത്യതത്വമാണ് ഉയർത്തിപ്പിടിച്ചത്. നിരാശ പ്രക്ഷോഭത്തിലേക്ക് വഴിമാറിപ്പോകുന്നതിന് മുമ്പ് ചെറുപ്പക്കാരെ കേൾക്കാൻ സർക്കാരുകൾ തയാറാവണം. ചെറുപ്പക്കാരുടെ പ്രസ്ഥാനങ്ങൾ ധാർമികകരുത്ത് നേടുന്നത് സമാധാനപരമായി, ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറുമ്പോഴാണ്.
അടുത്തിടെ മുസ്ലിം പണ്ഡിതരുടെ നേതൃത്വത്തിലുള്ള സംഘം ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ സന്ദർശിച്ച വേളയിൽ താങ്കളും അതിന്റെ ഭാഗമായി. ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനായി യത്‌നിക്കുന്ന പ്രസ്ഥാനമായ ആർ.എസ്.എസ് അതിലേക്കുള്ള നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന ആരോപണങ്ങളുണ്ട്. എസ്.ഐ.ആർ പ്രക്രിയ പോലും അത്തരമൊരു രഹസ്യ അജൻഡയുടെ ഭാഗമാണെന്ന ആക്ഷേപവും നിലനിൽക്കുമ്പോൾ ആർ.എസ്.എസ് മേധാവിയിൽ വിശ്വാസമർപ്പിക്കാൻ കാരണം? അദ്ദേഹം എന്താണ് സംസാരിച്ചത്?
2022 ആഗസ്റ്റിലാണ് മോഹൻ ഭഗവതുമായി ഞാൻ ആദ്യമായി കാണുന്നത്. അല്ലാതെ ഇപ്പോഴല്ല. അതെന്റെ പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ പെട്ടെന്ന് ആർ.എസ്.എസിൽ വിശ്വാസമർപ്പിച്ചത് കൊണ്ടല്ല അവിടെ ചെന്നത് എന്നർഥം. ആൾക്കൂട്ട ആക്രമണങ്ങളിലും വിദ്വേഷപ്രസംഗങ്ങളിലും ബുൾഡോസർ രാഷ്ട്രീയത്തിലുമെല്ലാം ഞങ്ങൾ അങ്ങേയറ്റം അസ്വസ്ഥരാണ്. ഇത് മുസ്ലിം ജനതയ്ക്കിടയിൽ അരക്ഷിതാവസ്ഥ വളർത്തിയിട്ടുണ്ട്. ഇക്കാര്യം ഞങ്ങൾ തന്നെ പരസ്പരം പറഞ്ഞുകൊണ്ടിരിക്കുന്നതിന് പകരം ഈ സംവാദങ്ങളുടെയെല്ലാം ഉറവിടമാകുന്ന വ്യക്തിയെ കണ്ട് നേരിട്ട് സംസാരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. വിയോജിക്കുന്നവരുമായും സംഭാഷണങ്ങൾ നടത്തേണ്ടതുണ്ട്. സംഭാഷണമെന്നത് അവരുടെ ആശയങ്ങളെ അംഗീകരിച്ചുകൊടുക്കലല്ല. ഭഗവത് ഞങ്ങളെ ക്ഷമയോടെയാണ് കേട്ടത്. മുസ്ലിങ്ങളില്ലാതെ ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സങ്കൽപ്പിക്കാനാവില്ലെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ പുരോഗതിക്ക് ഹിന്ദു-മുസ്ലിം സമഭാവന അത്യന്താപേക്ഷിതമാണെന്നും പറഞ്ഞു. മുസ്ലിം സമുദായങ്ങൾക്ക് നേരെ നടക്കുന്ന വിദ്വേഷപ്രസംഗങ്ങളടക്കമുള്ള കാര്യങ്ങൾ ഞങ്ങൾ സംസാരിച്ചു. ഇതൊരു തുടർപ്രക്രിയയാണ്. അത് പ്രയോജനകരമാണെന്നാണ് കരുതുന്നത്. പ്രസ്താവനകൾ നടപടിയിലേക്ക് നീങ്ങുമ്പോഴാണ് യഥാർഥ പരീക്ഷണം. സംഭാഷണത്തിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. അതില്ലാതിരിക്കുമ്പോഴാണ് ശത്രുത വളരുക. എസ്.ഐ.ആറിനെ മുസ്ലിങ്ങളെ പുറത്താക്കാനുള്ള ആർ.എസ്.എസ് അജൻഡയുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളോട് പ്രതികരിക്കാനില്ല. കാരണം, അതിന് എന്റെ പക്കൽ തെളിവില്ല. ഞാൻ എസ്.ഐ.ആറിന്റെ കടുത്ത വിമർശകനാകുന്നത് അതിലെ വൻതോതിലുള്ള പുറത്താക്കലുകൾ സൃഷ്ടിക്കുന്ന അപകടം കാരണമാണ്. അതിനെ വസ്തുതകളുടെയും ഭരണഘടനാമൂല്യങ്ങളുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് ആഗ്രഹം.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും എങ്ങനെ താരതമ്യം ചെയ്യുന്നു?
വ്യക്തിപരമായി ഇരുവരെയും താരതമ്യം ചെയ്യുക എനിക്ക് പ്രയാസമാണ്. കാരണം ഡോ. മൻമോഹൻസിങ് പ്രധാനമന്ത്രിയായിരിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നയാളാണ് ഞാൻ. അദ്ദേഹവുമായി നേരിട്ടുള്ള ഭരണപരമായ ഇടപാടുകൾ നടത്തേണ്ടി വന്നിട്ടുണ്ട്. നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോഴേക്കും ഞാൻ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് വിടവാങ്ങി. പുസ്തകത്തിൽ വിവരിച്ചതുപോലെ 2012 ലുണ്ടായ സംഭവം മൻമോഹൻ സിങ് എന്നിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയതിന്റെ പേരിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ ചില മുതിർന്ന മന്ത്രിമാർ പരസ്യമായി ആക്രമിക്കാൻ തുനിഞ്ഞപ്പോഴാണ്, പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം ഇടപെട്ടത്. സർക്കാരിന്റെ പ്രവൃത്തികൾ ഒരിക്കലും കമ്മിഷന് കൂച്ചുവിലങ്ങിടുന്നുവെന്ന പ്രതീതിയുണർത്തരുത് എന്നദ്ദേഹം ആഗ്രഹിച്ചു. ഭരണപരമായ വിശ്വാസ്യതയെന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്നതായിരുന്നു ആ നിലപാട്. ഭരണഘടനാസ്ഥാപനങ്ങളോട് സർക്കാരുകൾക്ക് വിയോജിക്കാം. എന്നാൽ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ ഇടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരുകൾക്കുണ്ട്. രാജ്യത്തെ ഏതൊരു പൗരനെയും പോലെ പൊതുവിടത്തിൽ നിന്നുകൊണ്ട് മാത്രമേ ഇപ്പോഴത്തെ പ്രധാനമന്ത്രിയെ എനിക്ക് വിലയിരുത്താനാകൂ. തിരഞ്ഞെടുപ്പ് കമ്മിഷനും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള പരസ്പരവിശ്വാസം ഇടിഞ്ഞുകൊണ്ടിരിക്കുന്നതിൽ ഉൽക്കണ്ഠപ്പെടുന്നയാളാണ് ഞാൻ. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിലവിലുള്ള നിയമനരീതിയിലും ആശങ്കയറിയിച്ചിട്ടുണ്ട്. ഒരു ഭരണഘടനാസ്ഥാപനം അതിന്റെ സ്വാതന്ത്ര്യം തെളിയിക്കേണ്ടത് സർക്കാരുമായി യോജിച്ച് നീങ്ങിക്കൊണ്ടല്ല, മറിച്ച് പ്രത്യാഘാതങ്ങളെപ്പറ്റി ചിന്തിക്കാതെ തന്നെ സർക്കാരിനോട് വിയോജിക്കാൻ സാധിക്കുക വഴിയാണ്. ഏത് പ്രധാനമന്ത്രിമാരെക്കുറിച്ചും ഞാൻ വിലയിരുത്തുക ഈ അളവുകോൽ വച്ചായിരിക്കും. പ്രധാനമന്ത്രിമാർ വരും, പോകും. പക്ഷേ സ്ഥാപനങ്ങൾ എല്ലാ കാലത്തും അതിജീവിക്കണം.
പെരുമാറ്റച്ചട്ടത്തിന് കൂടുതൽ കർശനമായ നിയമവ്യവസ്ഥകൾ ഉൾക്കൊള്ളിക്കുന്നതിനെക്കുറിച്ച് എന്താണ് നിലപാട്?
മാതൃകാ പെരുമാറ്റച്ചട്ടത്തെയാകെ നിയമപരമാക്കുന്നതിനോട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നപ്പോൾ മുതൽ യോജിക്കാത്തയാളാണ് ഞാൻ. പെരുമാറ്റച്ചട്ടം ഫലപ്രദമാകുക, തിരഞ്ഞെടുപ്പ് കമ്മിഷൻ ഉടനടി അതിൽ ഇടപെടുമ്പോഴാണ്. അതൊരു ഫയർ ബ്രിഗേഡാകണം. പ്രചാരണത്തിൽ തീ പടരുന്നത് കണ്ടാലുടൻ ഇടപെട്ട് കെടുത്തണം. ഓരോ പെരുമാറ്റച്ചട്ടലംഘനവും നിയമലംഘനമായി കണക്കാക്കിയാൽ നീണ്ടുനിൽക്കുന്ന കോടതിവ്യവഹാരങ്ങളിലേക്ക് നീങ്ങാം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കേസ് തീർപ്പാകണമെന്നില്ല. എന്നാൽ നിയമലംഘകർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകുന്നുമില്ല. അതിനർഥം ഗുരുതരമായ പെരുമാറ്റച്ചട്ടലംഘനം ശിക്ഷിക്കപ്പെടാതെ പോകരുത് എന്നല്ല. വിദ്വേഷപ്രസംഗം, കോഴ, വർഗീയാഹ്വാനങ്ങൾ, പ്രവർത്തനം തടസ്സപ്പെടുത്തൽ പോലുള്ള തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങൾക്കെതിരെ ജനപ്രാതിനിധ്യനിയമത്തിലെയും മറ്റ് ക്രിമിനൽ നിയമങ്ങളിലെയും വ്യവസ്ഥകൾ ശക്തിപ്പെടുത്തണം. അത് യാഥാർഥ്യബോധത്തോടെയായിരിക്കണം. നിയമത്തിന്റെ അഭാവമല്ല, മറിച്ച് അത് നടപ്പാക്കുന്നതിലെ സ്ഥിരതയില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. ഒരു പ്രതിപക്ഷസ്ഥാനാർഥിക്കെതിരെ നടപടിയെടുക്കുന്ന അതേ വേഗതയോടെയും ഉറപ്പോടെയും ഭരണകക്ഷിയുടെ താരപ്രചാരകനെതിരെയും നടപടിയെടുക്കാൻ കമ്മിഷൻ തയാറാകണം. മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ പല്ലുകൾ ഇപ്പോൾ തന്നെ ശക്തമാണ്. വിഷയം ആ പല്ലു കൊണ്ട് കടിക്കാനുള്ള താൽപ്പര്യക്കുറവാണ്. നിഷ്പക്ഷമായും സമയബന്ധിതമായും അത് പ്രയോഗിക്കണം.
Content Highlights: The Election Commission must remain completely independent, transparent, and neutral., Mass deletion of voters through SIR undermines democratic foundations., Constitutional institutions must be protected from political overreach.
Published: 19 Sept 2026, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented