
കോഴിക്കോട്: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേട്ടത്തിലൂടെ ചരിത്രം കുറിച്ചിരിക്കുകയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ കെ. വിനോദ്. ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡലാണ് വിദർശയും സംഘവും കരസ്ഥമാക്കിയത്.
ഷൂട്ടിങ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിത എന്ന അപൂർവ നേട്ടവും ഇതോടെ വിദർശ സ്വന്തമാക്കി. കോഴിക്കോട് തിരുവമ്പാടി കൊച്ചാലുങ്കൽ വിനോദിന്റെയും അനിത വിനോദിന്റെയും മകളാണ് വിദർശ.
മകളുടെ നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് പിതാവ് വിനോദ് മാതൃഭൂമി ഡോട് കോമിനോട് പ്രതികരിച്ചു.
Also Read: കടം വാങ്ങിയ റൈഫിളിൽ നിന്ന് ഏഷ്യൻ ഗെയിംസ് മെഡലിലേക്ക്; ഐച്ചി നഗോയയിൽ വിദർശയുടെ വെള്ളിത്തിളക്കം
മെഡൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും 10 മീറ്ററിൽ പ്രതീക്ഷിച്ചിരുന്നില്ല. 50 മീറ്റർ ആയിരുന്നു അവളുടെ പ്രധാന ഈവന്റ്. മെഡൽ നേടിയതിനു പിന്നാലെ മകൾ ഫോണിൽ വിളിച്ചിരുന്നു. അതീവ സന്തോഷത്തിലാണ് അവളും ടീം അംഗങ്ങളും. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുമ്പോഴാണ് ഇത്തരം ഒരു കഴിവ് മകൾക്കുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് തൊണ്ടയാട് റൈഫിൾ ക്ലബിൽ പരിശീലനം ആരംഭിച്ചു. പിന്നീട് നടന്ന മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കി. രാജ്യത്തിനായി ഇനിയും ഒരുപാട് നേട്ടങ്ങൾ മകൾക്ക് സ്വന്തമാക്കാനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിനായുള്ള മകളുടെ നേട്ടത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് വിദർശയുടെ അമ്മ അനിതയും പ്രതികരിച്ചു. കേക്ക് മുറിച്ചും മധുരം നൽകിയും മകളുടെ നേട്ടം ആഘോഷമാക്കുകയാണ് കുടുംബം.
എളവേണിൽ വാളറിവൻ, വിദർശ വിനോദ്, സോനം മസ്‌കർ എന്നിവരടങ്ങിയ ടീമാണ് ഈ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ കരസ്ഥമാക്കിയത്. ഞായറാഴ്ച നഗോയയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സംഘം ആകെ 1898.0 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 1904.2 എന്ന ലോക റെക്കോർഡ് സ്‌കോറോടെ ഒന്നാം സ്ഥാനം നേടിയ ചൈനയ്ക്കാണ് സ്വർണം. ജപ്പാൻ ടീം വെങ്കലം കരസ്ഥമാക്കി. ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവും അടക്കം 22 മെഡലുകൾ നേടി ചരിത്രം കുറിച്ച ഇന്ത്യൻ ഷൂട്ടിങ് സംഘത്തിന് ഐച്ചി-നഗോയയിലും മികച്ചൊരു തുടക്കമാണ് ഈ വെള്ളി മെഡൽ നേട്ടം നൽകിയിരിക്കുന്നത്.
Content Highlights: Vidarsha K Vinod won a silver medal in the women's 10m air rifle team event at the Aichi-Nagoya Asian Games 2026., She became the first Malayali woman to win a shooting medal at the Asian Games., The Indian team scored 1898.0 points to secure the second position behind China., Family and friends celebrated the historic win in Thiruvambady, Kozhikode.
Published: 20 Sept 2026, 01:02 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented