ശ്രീകാര്യം: തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവത്തിൽ തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട് 6.30-ന് ഡ്രോൺ പറക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് കണ്ടത്. റോക്കറ്റ് വിക്ഷേപണകേന്ദ്രവും ഹൈപ്പർ സോണിക് വിൻഡ് ടണലും ഉൾപ്പെടുന്ന അതിസുരക്ഷാ മേഖലയിലേക്ക് ചിത്തിര നഗർ ഭാഗത്തുനിന്നാണ് ഡ്രോൺ എത്തിയത്.

To advertise here,

വി.എസ്.എസ്‌.സി. 110 കെ.വി. സബ്‌സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് ഉദ്ദേശം 10 മീറ്ററോളം ഉള്ളിലേക്ക് ഡ്രോൺ പറന്നതായി പോലീസ് കണ്ടെത്തി.

സംഭവത്തെ തുടർന്ന് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരും പോലീസും പരിസരപ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഡ്രോൺ പ്രവർത്തിപ്പിച്ചയാളെ കണ്ടെത്താനായില്ല. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഉത്തരവുപ്രകാരം വി.എസ്.എസ്‌.സി.യുടെ രണ്ട് കിലോമീറ്റർ ചുറ്റളവ് പൂർണമായും ’നോ ഡ്രോൺ സോൺ’ ആയി പ്രഖ്യാപിച്ചിട്ടുള്ളതാണ്. സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചതായാണ് വിവരം.