തിരുവനന്തപുരം: ഹിമാചൽപ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങുന്നത് സംസ്ഥാനത്തിന് അധികബാധ്യതയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അതുകൊണ്ടാണ് കുറഞ്ഞ വിലയിൽ സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത്. എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്തും സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'എന്റെ മുന്നിൽ രണ്ട് ഫയലുകളാണ് വന്നത്. ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളതും, രണ്ടാമത്തേത് ജി.എൻ.എ. എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി വാങ്ങാനുള്ളതുമാണ്. ഇത് നേരിട്ട് സർക്കാരുമായുള്ള ഇടപാടല്ല, പവർ ട്രേഡിങ് കോർപ്പറേഷൻ വഴിയാണ്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 2232 കോടിയുടെ അധികബാധ്യത സർക്കാരിന് ഉണ്ടാകുമായിരുന്നു. അത് നമുക്ക് എടുക്കാൻ പറ്റില്ല. നമ്മൾ ജി.എൻ.എയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു. പീക്ക് സമയങ്ങളിൽ ഹിമാചലിൽ നിന്ന് 353 മെഗായൂണിറ്റ് വൈദ്യുതിയാണ്. അതേസമയം ജി.എൻ.എയിൽ നിന്ന് പീക്ക് സമയത്ത് 453 മെഗായൂണിറ്റ് വൈദ്യുതിയാണ് കിട്ടുക.' -മുഖ്യമന്ത്രി പറഞ്ഞു.

'കെ.എസ്.ഇ.ബി. ചെയർമാനെ മാറ്റിയത് സ്വാഭാവികമായ നടപടിയാണ്. ഒരാളെയല്ല മാറ്റിയത്. മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടെ മാറ്റിയിട്ടുണ്ട്. സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ വേണ്ടിയാണ് ഇതെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ 2025-ൽ ഇതേ കമ്പനിയിൽ നിന്ന് (ജി.എൻ.എ.) വൈദ്യുതി വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് എൻ.ടി.പി.സി.യിൽ നിന്ന് വളരെ കുറച്ച് വൈദ്യുതിയാണ് വാങ്ങിയത്. ബാക്കി മുഴുവൻ സ്വകാര്യ കമ്പനികളിൽ നിന്നാണ് വാങ്ങിയത്. ജിൻഡാൽ, അദാനി, ജി.എൻ.എ. ഉൾപ്പെടെ അന്ന് വൈദ്യുതി വാങ്ങിയ നിരവധി സ്വകാര്യ കമ്പനികളുടെ പട്ടിക എന്റെ കൈയിലുണ്ട്. കഴിഞ്ഞ രണ്ടുമാസവും സ്വകാര്യ കമ്പനികളിൽ നിന്ന് തന്നെയാണ് വൈദ്യുതി വാങ്ങിയത്. കെ.എസ്.ഇ.ബി. ഭൂരിഭാഗം വൈദ്യുതിയും വാങ്ങുന്നത് സ്വകാര്യ കമ്പനികളിൽ നിന്നാണ്.' -വി.ഡി. സതീശൻ പറഞ്ഞു.