കല്പറ്റ: വിനോദയാത്രയിലെ മദ്യപാന ആരോപണത്തിനുപിന്നാലെ മീനങ്ങാടി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണയെ സ്ഥലംമാറ്റിയ ഉത്തരവ് മരവിപ്പിച്ചു. സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഷിവി കൃഷ്ണ നൽകിയ പരാതിയിൽ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചത്.

To advertise here,

പ്രൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹയർസെക്കൻഡറി വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ പഠിപ്പുമുടക്കൽ സമരം തുടരുന്നതിനിടയിലാണ് ഉത്തരവ് മരവിപ്പിച്ചത്.

മദ്യപാന ആരോപണത്തിൽ റിജണൽ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷണം നടത്തിയിരുന്നെങ്കിലും പ്രിൻസിപ്പൽ മദ്യപിച്ചതായി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വിനോദയാത്ര എന്നായിരുന്നു കണ്ടെത്തൽ. തുടർന്ന്, ആർ.ഡി.ഡി.യുടെ അനുമതിയില്ലാതെയാണ് യാത്രചെയ്തതെന്ന കാരണത്താൽ ഷിവി കൃഷ്ണയെ വടുവൻചാൽ സ്കൂളിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ഇതോടെ സ്കൂളിലെ വിദ്യാർഥികൾ തിങ്കളാഴ്ചമുതൽ ക്ലാസ് മുടക്കി പ്രതിഷേധിക്കുകയായിരുന്നു. ചൊവ്വാഴ്ചയും വിദ്യാർഥികൾ പ്രതിഷേധം തുടർന്നു.

അതിനിടയിൽ ഓഗസ്റ്റ് 14-ന് അനുമതിതേടി ആർ.ഡി.ഡി.ക്ക് ഷിവി കൃഷ്ണ അയച്ച കത്ത് ചൊവ്വാഴ്ച പുറത്തുവന്നു. വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ തിങ്കളാഴ്ച കളക്ടർ റിപ്പോർട്ടുതേടിയിരുന്നു. കളക്ടറുടെ നിർദേശത്തെത്തുടർന്ന് സുൽത്താൻബത്തേരി തഹസിൽദാർ വി.ആർ. കൃഷ്ണയായിരുന്നു വിവരങ്ങൾ ശേഖരിച്ചത്.

വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ചർച്ചനടത്തിയശേഷം തഹസിൽദാർ തിങ്കളാഴ്ചതന്നെ റിപ്പോർട്ട് കൈമാറി. എന്നാൽ, പ്രതിഷേധത്തിൽനിന്ന്‌ പിന്മാറാൻ വിദ്യാർഥികൾ തയ്യാറായിരുന്നില്ല. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചതോടെ വിദ്യാർഥികൾ പ്രതിഷേധം താത്കാലികമായി നിർത്തിവെച്ചു.

ബുധനാഴ്ച രാവിലെ പതിനൊന്നിന് വിദ്യാർഥിപ്രതിനിധികളുമായും പി.ടി.എ. അംഗങ്ങളുമായും ജില്ലാപഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികളുമായും കളക്ടർ കൂടിക്കാഴ്ച നടത്തും.