മുന്നാട്: 'ഇനിയുമൊരു ഖനി താങ്ങാൻ ഈ കുന്നിനാകില്ല. പിണ്ടിക്കടവിന്റെ സമീപം പൂക്കുന്നത്തുപാറ പ്രദേശത്ത് അനധികൃത ചെങ്കൽ ഖനനം പരിധിവിട്ടുവെന്ന് ആർക്കാണറിയാത്തത്. കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് കുറഞ്ഞു. അന്തരീക്ഷം മുഴുവൻ ചെങ്കൽപ്പൊടിയാണ്. എന്നിട്ടും ഞങ്ങടെ ദുരിതം കാണാനാരും ഇല്ലല്ലോ...' മുന്നാട് ജയപുരം പിണ്ടിക്കടവിലുള്ളവരുടെ സങ്കടംപറച്ചിലാണിത്.

To advertise here,

കരിങ്കൽ ക്വാറി പ്രവർത്തനംതുടങ്ങാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ ഒറ്റക്കെട്ടായി രംഗത്തുള്ള പിണ്ടിക്കടവ് പ്രദേശത്തുനിന്ന് 200 മീറ്റർ മാത്രം അകലെയാണ് പൂക്കുന്നത്തുപാറ. അതായത് പിണ്ടിക്കടവ് കുന്നിൻചെരിവിന്റെ മുകളറ്റം. ബേഡഡുക്ക പഞ്ചായത്ത് മുന്നാട് വില്ലേജിലെ 12-ാം വാർഡിലാണ് പൂക്കുന്നത്തുപാറ. കുന്നിൻമുകളിലെ വിസ്താരത്തിലുള്ള സമതലപ്രദേശമാണിത്. കാട്ടുമരങ്ങൾ നിറഞ്ഞ് എറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമായിരുന്നു ഇത്. എന്നാൽ നാലുവർഷത്തോളമായി പ്രദേശത്തിന്റെ സൗന്ദര്യം വികൃതമാക്കി പത്തിലധികംക്വാറികളാണ് പ്രവർത്തിക്കുന്നത്.

ഇവിടെനിന്ന് നിരന്തരം ചെങ്കല്ല് ഖനനം നടക്കുന്നുണ്ട്. മിക്കതും പരമാവധി ആഴത്തിലെത്തി. വല്ലപ്പോഴും റവന്യൂ അധികൃതരെത്തി പിഴചുമത്തുമ്പോൾ പ്രവർത്തനം നിർത്തും. കുറച്ചുദിവസങ്ങൾക്കുശേഷം വീണ്ടും തുടങ്ങും.

കാലങ്ങളായി ഇതാണ് സ്ഥിതിയെന്ന് പ്രദേശവാസികൾ പറയുന്നു. അതേസമയം ഖനനം നിർത്തിയ കൽപ്പണ മണ്ണിട്ട് നികത്തി തെങ്ങ് നട്ടുപിടിപ്പിച്ചവരുമുണ്ട്.

സമീപപ്രദേശമായ ചെന്നമ്പാറയിലും വ്യാപകമായി ചെങ്കല്ല് ഖനനം നടന്നിരുന്നു. ഇവിടെ പരമാവധി ഖനനം നടത്തിക്കഴിഞ്ഞതിനാൽ വർഷങ്ങൾക്കു മുൻപേ പ്രവർത്തനം നിർത്തിയതാണ്.

ഉന്നതിയിൽ ഉന്നതികൾ

:പിണ്ടിക്കടവ് കുന്നിന്റെ ഉന്നതിയിലുള്ള പൂക്കുന്നത്തുപാറയിൻ ഭൂരിഭാഗവും പട്ടികവർഗ ഉന്നതികളാണ്. പട്ടികവർഗ വിഭാഗത്തിന് വർഷങ്ങൾക്കു മുൻപേ സർക്കാർ പതിച്ചുനൽകിയ ഭൂമിയാണിത്.‌ സർവേ നമ്പർ 713-ൽപ്പെട്ടത്. ഇതിനോട് ചേർന്ന് ചുറ്റുമുള്ളത് ചേരിപ്പാടി, കുതിരക്കല്ല്, ജയപുരം ഉന്നതികൾ. ചെങ്കൽപ്പണ നടത്തുന്നവർക്ക് ഇവരെ അനായാസം വരുതിയിലാക്കാൻ സാധിച്ചതിനാലാണ് ഖനനം വ്യാപകമായതെന്ന് നാട്ടുകാർ പറയുന്നു.

നാമമാത്രമായ തുകയ്ക്ക് ഇവരോട് സ്ഥലം പാട്ടത്തിനെടുത്താണ് ചെങ്കൽ ക്വാറി തുടങ്ങിയത്.

രേഖകളൊന്നും ഇല്ലാതെയാണിത്. അതിനാൽ വല്ലപ്പോഴും റവന്യൂ അധികൃതരെത്തി പിഴയിടുന്നതാകട്ടെ സ്ഥലമുടമകളായ പട്ടികവർഗക്കാർക്കാണ്. തങ്ങളല്ല ഖനനം നടത്തുന്നതെന്ന് ബോധ്യപ്പെടുത്താൻ, സ്ഥലം പാട്ടത്തിന് നൽകിയതിന്റെ രേഖകൾ ഇവരുടെ പക്കലില്ല. ഇതു ചൂണ്ടിക്കാട്ടി ചില പട്ടികവർഗ കുടുംബങ്ങൾ നാട്ടുകാരോട് പരാതി പറഞ്ഞതായും ആളുകൾ പറയുന്നു.

കുന്നിൻ മുകളിൽ ജലബോംബ്

:കുന്നിൻ മുകളിൽ ചെങ്കൽ ഖനികളിൽ മഴവെള്ളം നിറയുന്നതിനാൽ താഴ്‍വാരത്തുള്ളവർ ഭീതിയിലാണ്. പിണ്ടിക്കടവിൽ കരിങ്കൽ ക്വാറി തുടങ്ങിയാൽ ഭൂമി തുരന്ന് മറുവശം എത്തിച്ചേരുന്നത് പൂക്കുന്നത്തുപാറയിലെ ചെങ്കൽ ക്വാറികൾ അവശേഷിപ്പിച്ച ഗർത്തത്തിലാകും.

ഒട്ടേറെ കുടുംബങ്ങൾ കഴിയുന്നതും പരമ്പരാഗത കാർഷിക ഗ്രാമങ്ങളുമായ മഞ്ഞളമ്പര, കോളിക്കടവ്, ജയപുരം, പുലിക്കോട്, ചേരിപ്പാടി, കുതിരക്കല്ല്, മുണ്ടത്തുംകയ തുടങ്ങിയ പ്രദേശങ്ങൾ ഇതിന്റെ താഴ്‍വാരത്താണ്. അതിനാൽ പിണ്ടിക്കടവിൽ കരിങ്കൽ ക്വാറി തുടങ്ങാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് നാട്ടുകാർ.