പെരിയ : മൂന്നാംകടവ് പാലത്തിനുസമീപം വീണ്ടും അപകടം. ചൊവ്വാഴ്ച രാവിലെ 11-ന് കുണ്ടംകുഴി ഭാഗത്തുനിന്ന് ചെങ്കല്ല് കയറ്റിവന്ന മിനി ലോറി കെ.എസ്.ആർ.ടി.സി. ബസിന്റെ പിറകുവശത്ത് ഇടിച്ചു. ലോറി ഡ്രൈവർ പെരിയ ചെക്കിപ്പള്ളത്തെ പ്രശാന്തിന്റെ (40) കാലിന് സാരമായി പരിക്കേറ്റു. കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

മൂന്നാംകടവ് പാലത്തിനുസമീപം യാത്രക്കാരെ ഇറക്കാനായി നിർത്തിയ കെ.എസ്.ആർ.ടി.സി. ബസിനുപിന്നിലാണ് മിനി ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം ബസിന്റെ പിന്നിൽ കുടുങ്ങി.

ലോറിക്കുള്ളിലകപ്പെട്ട ഡ്രൈവറെ ബസ് വടംകെട്ടി വലിച്ചുനീക്കിയ ശേഷമാണ് പുറത്തെടുത്തത്. മൂന്നാംകടവ് സുരക്ഷിത മേഖലയാക്കാൻ നടപടികൾ തുടരുന്നതിനിടെയാണ് വീണ്ടും അപകടമുണ്ടായത്. ഒക്ടോബർ 23-ന് എം.പി.യും എം.എൽ.എ.യും പങ്കെടുത്ത യോഗത്തിൽ റോഡ് സുരക്ഷയ്ക്കായി താത്ക്കാലിക നടപടികൾ തുടങ്ങുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നു. വീതി വർധിപ്പിക്കാൻ സ്ഥലമൊരുക്കുന്നതിനായി നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ട്.

അടിയന്തരമായി സൂചനാബോർഡുകൾ ഒരുക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല. വളവുകളിൽ റിഫ്ലക്സ് ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല. അടിയന്തരനടപടി ആവശ്യപ്പെട്ട് കളക്ടറെ കാണാനൊ‌രുങ്ങുകയാണ് നാട്ടുകാർ.