കുമ്പള : മണൽ കടത്തുന്നതിനിടയിൽ പോലീസ് ലോറിയും തോണികളും പിടിച്ചു. യുവാവിനെ അറസ്റ്റു ചെയ്തു. കുമ്പള ഉളുവാറിൽ മണൽക്കടത്തുന്നതിനിടയിൽ കളത്തൂർ ചെക്ക് പോസ്റ്റിനു സമീപത്തെ അബ്ദുൾ ജലിൽ (20) ആണ് പിടിയിലായത്.

To advertise here,

രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഷിറിയ പുഴയിലെ ഉളുവാർ തീരപ്രദേശത്ത് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. മണൽക്കടത്തുന്നതിനായി ഉപയോഗിച്ച ലോറി പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടത്തടുക്ക ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി.

മറ്റൊരു സംഭവത്തിൽ ഹേരൂർ മീപ്പിരിയിലെ പാച്ചാണിയിൽ മണൽ കടത്തുകയായിരുന്ന രണ്ടു തോണികൾ പോലീസ് പിടിച്ചു. പോലീസിനെ കണ്ട് മണൽക്കടത്തുകാർ ഓടിരക്ഷപ്പെട്ടു. പിടിച്ചെടുത്ത തോണികൾ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പോലീസ് നശിപ്പിച്ചു.

ഷിറിയ പുഴയുടെ തീരങ്ങളിൽ മണൽക്കടത്ത് വ്യാപകമാണെന്ന് നേരത്തെ പരാതിയുണ്ട്. കുമ്പള എസ്.ഐ. എസ്. അനൂപ്, എ.എസ്.ഐ. അതുൽറാം, ഗ്രേഡ് എ.എസ്.ഐ. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.