കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ നവീകരണം
കാഞ്ഞങ്ങാട് : മാസങ്ങൾക്ക് മുൻപ് തുടങ്ങിയ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെ മേൽനടപ്പാലം നിർമാണം നിലച്ചു. തുടക്കം മുതൽ ഇഴഞ്ഞുനീങ്ങിയ നിർമാണത്തിൽ അടിത്തറ ഒരുക്കുന്നതിനുതന്നെ മാസങ്ങളെടുത്തു. രണ്ടുമാസം മുൻപ് ഉരുക്കുതൂണുകൾ ഉയർത്തി പാളത്തിനുകുറുകെ മൂന്ന് പ്ലാറ്റ്ഫോമകളെയും ബന്ധിപ്പിച്ച് ഗർഡറുകൾ സ്ഥാപിച്ചെങ്കിലും പിന്നീടുള്ള പണികൾ നിലച്ച നിലയിലാണ്.
ഗർഡറുകൾക്ക് മുകളിൽ നടപ്പാത ഒരുക്കുന്നത് മൂന്ന് പ്ലാറ്റുഫോമുകളിലേക്കും വഴിതുറക്കും. പ്ലാറ്റ്ഫോമുകൾക്ക് പുറത്തേക്കുള്ള കോവണികൾ, മേൽക്കൂര എന്നിവയുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.ഒരുവർഷം മുൻപ് ഇവിടെ പ്ലാറ്റ്ഫോമിന്റ വടക്കേയറ്റത്തൂടെ പാളം മുറിച്ചുകടക്കുന്നതിനിടെ മൂന്നുപേർ മരിക്കാനിടയായ ദുരന്തമാണ് റെയിൽവേയുടെ കണ്ണുതുറപ്പിച്ചത്. അടിയന്തിര നടപടിയായാണ് വടക്കേയറ്റത്തോട് ചേർന്ന മേൽനടപ്പാലം പ്രഖ്യാപിച്ചത്. നിലവിൽ നിരവധി യാത്രക്കാരാണ് മേൽപ്പാലം ഇല്ലാത്തതിനാൽ ഇവിടെ പാളം മുറിച്ചുകടന്ന് പ്ലാറ്റ്ഫോമുകൾ മാറിക്കയറുന്നത്. യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന നിർമാണമാണ് അധികൃതരുടെ അനാസ്ഥയിൽ ഇഴയുന്നത്.നിലവിൽ സ്റ്റേഷന്റെ തെക്കുഭാഗത്ത് മാത്രമാണ് മേൽനടപ്പാലവും ലിഫ്റ്റ് സൗകര്യവുമുള്ളത്. രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്യുന്നവരെല്ലാം തെക്കേയറ്റത്തുള്ള മേൽനടപ്പാലത്തിലെത്തണമെങ്കിൽ ഏറെദൂരം താണ്ടേണ്ടതുണ്ട്.
വടക്കേയറ്റത്ത് നിർമിക്കുന്ന മേൽനടപ്പാലം സജ്ജമായാൽ യാത്രക്കാർക്ക് മാത്രമല്ല, പാളത്തിന് ഇരുവശവുമുള്ള റോഡുകളിലേക്കും സുരക്ഷിതമായി യാത്ര ചെയ്യാനാകും. തീരദേശവാസികളായ കാൽനടക്കാർക്ക് ഏറെ ഉപകാരപ്പെടും.
രണ്ടാഴ്ചയ്ക്കകം പണി തുടങ്ങും
:മേൽനടപ്പാലത്തിന്റെ ജോലികൾ രണ്ടാഴ്ചയ്ക്കകം പുനരാരംഭിക്കുമെന്നാണ് ഇക്കാര്യത്തിൽ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ നൽകുന്ന വിശദീകരണം. മേൽപ്പാലത്തിനാവശ്യമായ സാമഗ്രികളുടെ നിർമാണം നാഗ്പുരിലെ ഫാക്ടറിയിൽ പൂർത്തീകരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ ആഴ്ചതന്നെ സാമഗ്രികൾ അവിടെനിന്ന് കാഞ്ഞങ്ങാട്ടെത്തിക്കും. സാമഗ്രികൾ എത്തിയ ഉടൻതന്നെ ഇവ ഘടിപ്പിക്കുന്ന ജോലികൾ തീർക്കാൻ കഴിയും.
ഓട്ടോസ്റ്റാൻഡ്
:സ്റ്റേഷൻ നവീകരണത്തോടെ നഷ്ടമായ ഓട്ടോ സ്റ്റാൻഡ് സൗകര്യത്തിനായി റെയിൽവേ പ്രത്യേക കോൺക്രീറ്റ് പാതയൊരുക്കി. സ്റ്റേഷൻ പ്രവേശനവഴിയിൽനിന്ന് തുടങ്ങി വടക്കുഭാഗത്തേക്കാണ് 200 മീറ്ററോളം നീളത്തിൽ നിലവിലുള്ള പാതയോട് ചേർന്ന് പടിഞ്ഞാറുഭാഗത്തായാണ് രണ്ടു മീറ്ററിലധികം വീതിയുള്ള പാത ഒരുക്കിയത്.
ഇതിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പഴയ ലെവൽക്രോസ് മുതൽ സ്റ്റേഷൻ വരെ നിർമിച്ച കോൺക്രീറ്റ് പാതയുടെ ഓവുചാൽ സ്ലാബിട്ട മൂടുന്നതിനുള്ള പണികളും നടന്നു വരുന്നുണ്ട്.
Published: 04 Nov 2026, 04:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented