പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റേയും സജിതയുടേയും മക്കൾക്ക് ഇന്നും പേടിസ്വപ്നമാണ് ചെന്താമരയെന്ന കൊടുംകുറ്റവാളി. 2019 ഓഗസ്റ്റ് 31-നാണ് പാലക്കാട് പോത്തുണ്ടിയിൽ ചെന്താമര ആദ്യ കൊലപാതകം നടത്തിയത്. പിന്നീട് ഈ കേസിന്റെ വിചാരണ ഘട്ടത്തിൽ ജാമ്യത്തിൽ കഴിയവേ കഴിഞ്ഞവർഷം ജനുവരിയിലാണ് സജിതയുടെ ഭർത്താവ് സുധാകരനേയും സുധാകരന്റെ മാതാവ് ലക്ഷ്മിയേയും സമാനമായ രീതിയിൽ വെട്ടിക്കൊലപ്പെടുത്തിയത്. ഇതോടെ അനാഥരാവുകയായിരുന്നു സുധാകരന്റേയും സജിതയുടേയും പെൺമക്കളായ അതുല്യയും അഖിലയും. ഇന്നും അച്ഛന്റേയും അമ്മയുടേയും ജീവനെടുത്ത കൊടുംകുറ്റവാളി തങ്ങളുടേയും ജീവൻ കവരുമോയെന്ന ഭയത്തിലാണ് അവർ. ചെന്താമര ഇനി പുറംലോകം കാണരുതെന്നും എത്രയുംവേഗം വധശിക്ഷ നടപ്പാക്കണമെന്നുമാണ് ഇരുവരും ആവശ്യപ്പെടുന്നത്. അഖിലയും അതുല്യയും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
അഖില: 2019 ആഗസ്റ്റ് മാസം ശനിയാഴ്ചയായിരുന്നു അത്. അന്ന് എനിക്ക് ഒരു എക്സാം ഉണ്ടായിരുന്നു. അന്ന് രാവിലെ എഴുന്നേറ്റ് പഠിച്ചിട്ടൊക്കെ അമ്മയും ഞാനും കൂടി ഒരുമിച്ചായിരുന്നു വീട്ടിൽനിന്ന് പോയത്. അമ്മ കുളിക്കാൻ കുളത്തിലും പോയി ഞാൻ എക്സാമിനും പോയി. തിരികെ വന്നപ്പോൾ ബസ് താമസിച്ചായിരുന്നു വന്നത്. തിരികെ വന്നപ്പോൾ ബസ് സ്റ്റോപ്പിൽനിന്ന് ഒരു അങ്കിൾ പറഞ്ഞു അമ്മക്ക് തല ചുറ്റൽ വന്നിട്ട് ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന്. അവിടെനിന്ന് വീട്ടിലേക്ക് പോകുമ്പോൾ അവിടെ നിറയെ ആൾക്കാരും പോലീസുമെല്ലാമായിരുന്നു. അപ്പോൾ ആകെ ടെൻഷനായിപ്പോയി. വീട്ടിലേക്ക് പോകാൻ ആരും സമ്മതിച്ചില്ല. എന്നെ വേറൊരു വീട്ടിൽ ഇരുത്തി. അവിടെ ഉള്ളവർ സംസാരിക്കുന്നത് കേട്ടു. അപ്പോഴാണ് അമ്മ പോയി എന്ന് മനസിലായത്. പിന്നീട് ആ വീട്ടിലേക്കും പോലീസും ഡോഗ് സ്ക്വാഡുമൊക്കെ വന്നപ്പോൾ ആ വീട്ടിൽനിന്നും മാറ്റി. വൈകുന്നേരമാണ് അച്ഛനും ചേച്ചിയുമൊക്കെ വന്നത്. നോക്കുമ്പോൾ അവരും കരയുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ ആകെ സങ്കടപ്പെട്ട സമയങ്ങളായിരുന്നു അത്.
അതുല്യ: അമ്മയുടെ മരണത്തോടെ ഞങ്ങൾ ആകെ ബുദ്ധിമുട്ടിലായിരുന്നു. അന്ന് ഞാൻ നഴ്സിങ് ഫസ്റ്റ് ഇയറാണ്. എല്ലാദിവസവും ഏഴ് മണിക്ക് അമ്മ വിളിക്കും. ആ കോൾ ഇല്ലാതായതോടെ മാനസികമായി ഏറെ ബുദ്ധിമുട്ടായി. അമ്മയും അച്ഛനും ഇല്ലാതായതോടെ ഞങ്ങൾക്ക് ആരുമില്ലാതായി. വല്യമ്മയും അമ്മമ്മയും എന്റെ ഭർത്താവുമൊക്കെ ഉണ്ടെങ്കിലും അച്ഛനും അമ്മയും ഇല്ലാത്തത് വലിയ വിഷമം തന്നെയാണ്.
അഖില: ഞാൻ എന്തുണ്ടെങ്കിലും അച്ഛനോടോ അമ്മയോടോ ഓടിപ്പോയി പറയുമായിരുന്നു. അമ്മയുടെ മരണത്തോടെ ആ വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥയായി. പിന്നീട് അച്ഛമ്മയുടെ വീട്ടിലേക്ക് എന്നെ മാറ്റിയിരുന്നു. അവിടെ ഞാൻ ഒട്ടും കംഫർട്ട് അല്ലായിരുന്നു. ആരുമില്ലല്ലോ, പിന്നെ ഞങ്ങളുടെ വീടും അല്ല. അതുകൊണ്ടുതന്നെ അതിന്റേതായ കുറേ ബുദ്ധിമിട്ടുണ്ടായിരുന്നു. അന്നൊക്കെ അച്ഛനും ആകെ ധർമസങ്കടത്തിലായിരുന്നു. അച്ഛന് ഞങ്ങളേയും നോക്കണം. പക്ഷേ, ഇവിടെ നിൽക്കാനും പറ്റില്ല. ജോലി തമിഴ്നാട്ടിൽ ആയിരുന്നതുകൊണ്ട് ആഴ്ചയിലൊരിക്കലൊക്കെ ആയിരുന്നു വന്നിരുന്നത്. ചേച്ചിയും ഹോസ്റ്റലിലേക്ക് പോയി. ഞാൻ ആകെ ഒറ്റക്ക് ആയ അവസ്ഥയായിരുന്നു. അച്ഛൻ ഞായറാഴ്ച വരുമ്പോഴൊക്കെ വീട്ടിൽ പോയി ഇരിക്കുമായിരുന്നു. അന്ന് ആ ഒരു ദിവസം വീട് വൃത്തിയാക്കലുമെല്ലാം ആയിരിക്കും. അമ്മ ഉണ്ടായിരുന്നപ്പോൾ ചെയ്തിരുന്നതൊക്കെ ചെയ്യേണ്ടിവന്നു. ഓരോ കറികളായാലും എല്ലാ കാര്യത്തിലും അമ്മയെ ശരിക്കും മിസ് ചെയ്യുകയായിരുന്നു. ഞങ്ങൾക്ക് ഓരോ ബുദ്ധിമുട്ടുണ്ടാകുമ്പോഴെല്ലാം അമ്മയല്ലേ കൂടെയുണ്ടാകുന്നത്. പിന്നീട് ക്ലാസിലൊക്കെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാകുമ്പോഴൊന്നും വീട്ടിൽ ആരോടും പറയാനില്ലാതെ വിഷമിച്ചിട്ടുണ്ട്. എനിക്ക് അച്ഛനായിരുന്നു എല്ലാത്തിനും പൈസ തരുന്നത്. റീചാർജ് വരെ അച്ഛനാണ് ചെയ്ത് തന്നിരുന്നത്. അച്ഛനും പോയപ്പോൾ ആകെ എന്ത് ചെയ്യണമെന്നറിയാതെയായി. ചെന്താമരയുടെ മകളുടെ പേര് അഞ്ജു എന്നാണ്. ആ ചേച്ചി നന്നായി പഠിക്കും. എല്ലാത്തിലും ഫുൾ എ പ്ലസ് ഒക്കെ കിട്ടി, നല്ല ടാലന്റ് ആയിരുന്നു. ആ ചേച്ചി ഹോസ്റ്റലിൽ ആയിരുന്നു നിന്ന് പഠിച്ചിട്ടുള്ളത്. വീട്ടിൽ വരുമ്പോൾ നമ്മളോട് സംസാരിക്കുമായിരുന്നു. ചെന്താമര ഇല്ലാത്ത സമയത്താണ് ഞങ്ങളോട് സംസാരിച്ചിരുന്നത്. അല്ലാതെ സംസാരിച്ചാൽ അവർക്ക് ബുദ്ധിമുട്ടാകും. ചിലപ്പോൾ ചീത്ത പറയുകയും തല്ലുകയുമൊക്കെ ചെയ്യുമായിരുന്നു. അതുപോലെ തന്നെയായിരുന്നു അയാളുടെ ഭാര്യയും. അവരും നമ്മളോട് അധികം സംസാരിക്കാറില്ലായിരുന്നു. അയാൾ ഇല്ലാത്തപ്പോഴാണ് സംസാരിച്ചിരുന്നത്. ഒടുവിൽ അയാൾ കൊടുവാൾ വെച്ചിട്ട് കഴുത്തറുക്കാൻ പോയപ്പോൾ അവർ പേടിച്ച് ഇറങ്ങി ഓടുകയായിരുന്നു.
അമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പുവരെ നമുക്ക് ഇങ്ങനെയൊന്നും തോന്നിയിരുന്നില്ല. ആ സംഭവത്തിന് ശേഷമാണ് മനസ്സിൽ ഇത്രയും പകയുള്ള കാര്യം ഞങ്ങൾക്ക് മനസിലായത്. ഞങ്ങൾക്ക് മാത്രമല്ല ആ നാട്ടുകാർക്കും മനസിലായത്. അമ്മയെ കൊന്നതിന് ശേഷം അയാൾക്ക് പേടി തട്ടിയിട്ടുണ്ടാകും ഇനി നന്നാകുമെന്നൊക്കെയാണ് ഞങ്ങൾ വിചാരിച്ചത്. പക്ഷേ, പിന്നീട് ഇയാൾക്ക് ജാമ്യം കിട്ടുകയും ഇവിടെ വീട്ടിൽത്തന്നെ വന്ന് താമസിക്കുകയും ചെയ്യുകയായിരുന്നു. അത് അറിഞ്ഞ് പോലീസിൽ ഞങ്ങൾ പോയി പരാതി കൊടുത്തിരുന്നു. പക്ഷേ, പോലീസ് അത് വളരെ ലാഘവത്തോടെയാണ് എടുത്തത്. താൻ കോയമ്പത്തൂരിലേക്ക് പോവുകയാണെന്ന് പ്രതി പറഞ്ഞത് പോലീസ് വിശ്വസിച്ചു. പിന്നീട് അവർ ഒന്നും അന്വേഷിച്ചില്ല.
ഇപ്പോൾ അയാൾ ജയിലിന്റെ ഉള്ളിൽ ഇരിക്കുകയാണെങ്കിലും പുറത്തിറങ്ങിയാൽ എന്ത് ചെയ്യണം എങ്ങനെയൊക്കെ ആയിരിക്കും എന്നുള്ളതായിരിക്കും അയാളുടെ നെക്സ്റ്റ് പ്ലാനിങ്. അയാളുടെ ലക്ഷ്യം ആണ് അയാൾക്ക് വലുത്. പേടിയുണ്ട്. ഇപ്പോ നമ്മൾ പുറത്ത് പോകുമ്പോഴൊക്കെ അതേ രൂപത്തിലുള്ള ആരെയെങ്കിലും കണ്ടാൽ പേടിയാണ്. അയാൾ പുറത്തിറങ്ങിയോ എന്ന ഭയമാണ്.
ജയിലിന്റെ ഉള്ളിൽ നല്ല മനുഷ്യനായിട്ടായിരിക്കും നിൽക്കുന്നത്. അപ്പോ നല്ല സർട്ടിഫിക്കറ്റ് കിട്ടും. കിട്ടിക്കഴിഞ്ഞാൽ അയാളുടെ ലക്ഷ്യത്തിനു വേണ്ടി എന്തും ചെയ്യുന്ന ഒരാളാണ്. ഇനി അയാൾ ഇറങ്ങി കഴിഞ്ഞാൽ ചിലപ്പോൾ എന്നെയോ പുഷ്പ ചേച്ചിയോ ആയിരിക്കും കൊലപ്പെടുത്തുക.
അതുല്യ: എന്തായാലും അയാൾക്ക് വധശിക്ഷ തന്നെ കിട്ടണം. മൂന്നു പേരെയാണ് അയാൾ കൊന്നിരിക്കുന്നത്. അതും അയാൾക്ക് കുറ്റബോധമോ ഒന്നുമില്ല. അയാൾ കോടതിയിൽ ആണെങ്കിലും മോശമായിട്ട് തന്നെയാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഈ ഭൂമിയിൽ അയാൾ ഇനി വേണ്ട എന്നുതന്നെയാണ് പറയാനുള്ളത്. അമ്മയെ കൊന്നെങ്കിലും ഇനി അയാൾ നല്ലതായിട്ടായിരിക്കും ജയിലിൽനിന്ന് വിടുമ്പോൾ ഉണ്ടാവുകയെന്നാണ് വിചാരിച്ചത്. പക്ഷേ, രണ്ട് പേരെക്കൂടി വന്ന് കൊലപ്പെടുത്തുകയായിരുന്നു.
അഖില: അയാൾ 2019-ൽ പോയതുപോലെയല്ല ഇപ്പോ വരുന്നത്. ഇപ്പോൾ നല്ല ശരീരമൊക്കെ വന്നിട്ടുണ്ട്. ഫിറ്റ് ആയ ഒരാൾ വെളുത്തു സുന്ദരനായിട്ട് കല്യാണത്തിന് വരുന്നപോലെ വെള്ള ഷർട്ടും വെള്ള മുണ്ടുമൊക്കെ ഇട്ടിട്ടാണ് കോടതിയിൽ വരുന്നത്. ഞങ്ങൾ ഇവിടെ പേടിച്ച് സങ്കടപ്പെട്ടിരിക്കുകയാണ്.
ആർക്കെങ്കിലും ഒരാൾക്ക് നല്ല ശിക്ഷ കൊടുത്താൽ ഇനി കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരാൾക്കെങ്കിലും പേടി ഉണ്ടാകും. എത്രയും വേഗം തൂക്ക് കയർ കൊടുക്കണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്. അയാൾ ഒരുപക്ഷേ ഇനിയും പുറത്തിറങ്ങുമോ എന്നും പുറത്തിറങ്ങിയാൽ ഞങ്ങളെ കൊലപ്പെടുത്തുമോയെന്നും നല്ല പേടിയുണ്ട്. കോടതിയിൽ അയാൾ കരഞ്ഞെന്നും ജയിലിൽ ജോലിചെയ്ത് കിട്ടുന്ന തുക എനിക്ക് തരാമെന്ന് പറഞ്ഞെന്നൊക്കെയാണ് പറയുന്നതെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അയാൾ എന്നെ നോക്കാന്ന് പറഞ്ഞിട്ട് എന്നെയും കൊല്ലും.
ഞാൻ ഇപ്പോൾ ബാങ്ക് കോച്ചിങ് ചെയ്യുകയാണ്. പഠിക്കണം, കൂടുതൽ പഠിക്കുകയാണെങ്കിലും വീട്ടിലെ അമ്മാമ്മയും അപ്പാപ്പനും കഷ്ടപ്പാടാണ്. അവർ എന്നെ നോക്കാൻ വേണ്ടി പണിക്ക് പോവുകയാണ്. അവർക്കും വയസായതല്ലേ. പെട്ടെന്ന് ഒരു ജോലി വാങ്ങി അവരെ നോക്കണം എന്നാണ് ഇപ്പോഴത്തെ ആഗ്രഹം.
Content Highlights: Details of the 2019 and 2025 double murder cases in Pothundy., The ongoing trauma faced by the victims' daughters, Athulya and Akhila., The public demand for the death penalty against the accused, Chentamara., Exclusive interview coverage regarding the family's quest for justice.
Published: 26 Jul 2026, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented