പാലക്കാട്: കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞാൽ പിന്നീട് കോടതിയിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങളെ നേരിടാൻ മോക് ട്രയൽ, കെട്ടിച്ചമച്ച സാക്ഷികളല്ലെന്ന് ബോധ്യപ്പെടുത്താൻ മൊബൈൽ ടവർ ലൊക്കേഷൻ മുതൽ ഗൂഗിൾ ടൈംലൈൻ വരെയുള്ള സാങ്കേതിക തെളിവുകളും. വിധി നിർണയത്തിന് സഹായകമായത് പഴുതടച്ച തെളിവുശേഖരണമാണെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ അന്നത്തെ ആലത്തൂർ ഡിവൈ.എസ്.പി. എൻ. മുരളീധരൻ.

To advertise here,

ചെന്താമരയ്ക്കെതിരേ ശക്തമായ തെളിവുകൾ കണ്ടെത്തുകയായിരുന്നു പോലീസിന്റെ വെല്ലുവിളി. പ്രതിയുടെ വീട്ടിൽനിന്ന് കണ്ടെത്തിയ ആയുധത്തിന് പുറമെ ദൃക്‌സാക്ഷികളും സാഹചര്യത്തെളിവുകളും വേണമായിരുന്നു. ആയുധം ശാസ്ത്രീയ പരിശോധനയ്ക്കയച്ചതിനുപിന്നാലെ അടുത്തദിവസം ചെന്താമരയും പിടിയിലായി.

കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി 2025 ഫെബ്രുവരി മൂന്നാം തീയതി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കറിന്റെ നേതൃത്വത്തിൽ പോലീസ് മോക്‌ ട്രയൽ നടത്തി. ഡി.ഐ.ജി. പ്രതിഭാഗം അഭിഭാഷകനായും അന്നത്തെ പാലക്കാട് എസ്.പി. അജിത്ത് കുമാർ ജഡ്ജിയായും ഡിവൈ.എസ്.പി. മുരളീധരൻ അന്വേഷണ ഉദ്യോഗസ്ഥനായും വാദപ്രതിവാദങ്ങൾ നടത്തി.

ഇവിടെവന്ന ചോദ്യങ്ങൾക്കനുസരിച്ച് മുന്നൊരുക്കം നടത്തിയാണ് ഒടുവിൽ കോടതിയിലും ചോദ്യങ്ങളെ നേരിടാനെത്തിയതെന്ന് മുരളീധരൻ പറഞ്ഞു. പോലീസിന്റെ നിരീക്ഷണങ്ങളും എല്ലാ കണ്ടെത്തലുകളും കോടതി ശരിവെച്ചു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകമാണ്.

വിചാരണയ്ക്കിടെ ചില സാക്ഷികളുടെ കൂറുമാറ്റം മുൻകൂട്ടി കണ്ടു. നാലുസാക്ഷികളാണ് കൂറുമാറിയത്. സാക്ഷികളുടെ വിശ്വാസ്യത ഉറപ്പിക്കാൻ സംഭവസമയത്ത് അവിടെയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിന് നേരത്തെതന്നെ ഗൂഗിൾ ടൈംലൈൻ കണ്ടെത്തി തെളിവാക്കി. വിചാരണയ്ക്കിടെ സാക്ഷികളെക്കുറിച്ച് കോടതിയിൽ ചോദ്യംവന്നപ്പോൾ ഈ തെളിവുകൾ ഉപകാരപ്പെട്ടു. 

അർഹമായ ശിക്ഷ - പ്രോസിക്യൂട്ടർ

പാലക്കാട്: കേരള മനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന് അർഹമായ ശിക്ഷകിട്ടിയെന്ന് നെന്മാറ ഇരട്ടക്കൊലക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ. വിജയകുമാർ. കുറ്റം ചെയ്യുന്നവർക്ക് ശിക്ഷയിൽനിന്ന് രക്ഷപ്പെടാനാവില്ലെന്ന വലിയ സന്ദേശമാണ് വിധിയിലൂടെ സമൂഹത്തിന് നൽകിയിരിക്കുന്നതെന്നും വിജയകുമാർ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും സഹകരണമുണ്ടായതാണ് ഇത്തരമൊരു വിധി ലഭിക്കാൻ കാരണമായത്. മാനസാന്തരമോ പശ്ചാത്താപമോ ഇല്ലാത്ത പ്രതി സമൂഹത്തിന് ഭീഷണിയാണ്. ചെന്താമരയ്ക്ക് മാനസാന്തരമുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണമായും കോടതി തള്ളി.

കേസിൽ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളുവെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളും നിലനിന്നില്ല. ശാസ്ത്രീയ പരിശോധനയിൽ കൊടുവാളിൽനിന്ന് കോശങ്ങൾ കണ്ടെത്തിയത് ഉൾപ്പെടെയുള്ള തെളിവുകൾ വിധി നിർണയത്തിന് സഹായകരമായി.

പ്രതിയെ ഭയന്ന് വരാൻ മടിച്ച സാക്ഷികളെ കോടതിയിലെത്തിക്കുക വലിയ വെല്ലുവിളിയായിരുന്നെന്നും എം.ജെ. വിജയകുമാർ പറഞ്ഞു.

തെളിവുകളുടെ പിൻബലമില്ല, അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ

പാലക്കാട്: വിധിയിൽ തെളിവുകളുടെ പിൻബലമില്ലെന്ന് ചെന്താമരയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ജേക്കബ് മാത്യു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ജേക്കബ് മാത്യു പറഞ്ഞു. സംഭവത്തിൽ സാഹചര്യത്തെളിവുകൾ മാത്രമേയുള്ളുവെന്ന് തുടക്കംമുതൽ ഉന്നയിച്ചിട്ടുള്ളതാണ്. വിധിയിൽ ഒരാശങ്കയും ഇല്ലെന്നും അന്തിമവിധി പ്രതിഭാഗത്തിന് അനുകൂലമായിരിക്കുമെന്നും ജേക്കബ് മാത്യു പറഞ്ഞു.

കോടതിവിധിയിൽ പ്രോസിക്യൂഷൻ മികവ് പുലർത്തിയെന്ന് പറയാനാവില്ല. മാധ്യമ വാർത്തകളും കോടതിയിലടക്കമുള്ള ചെന്താമരയുടെ സമീപനങ്ങളും വിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതി ഇടംകൈയ്യനാണെന്ന് തെളിയിക്കാനും വഴി കണ്ടെത്തി.

തൃശ്ശൂർ റീജണൽ ഫോറൻസിക് ലാബിൽനിന്ന് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ലഭ്യമാക്കാനായതും നേട്ടമായി. വീട്ടിൽനിന്ന് കണ്ടെത്തിയ കൃത്യത്തിന് ഉപയോഗിച്ചതായി സൂചിപ്പിക്കപ്പെട്ട കൊടുവാളിൽനിന്ന് ചെന്താമരയുടെ ശരീരകോശങ്ങളും രക്തക്കറകളും കണ്ടെത്താനായതും തെളിവായി. സാക്ഷികളെ കോടതിയിലെത്തിക്കാൻ പ്രോസിക്യൂഷൻ വിഭാഗം കിണഞ്ഞുപരിശ്രമിച്ചു.