പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ മരണശിക്ഷാവിധി പ്രതി ചെന്താമര കേട്ടത് തരിമ്പും കൂസലില്ലാതെ. കോടതിമുറിയിലേക്ക് രാവിലെ പത്തരയോടെ കനത്ത പോലീസ് കാവലിലാണ് ചെന്താമരയെ എത്തിച്ചത്. ഒരു കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങി, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിലെ രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയ കേസായതിനാൽ ശിക്ഷ കടുക്കുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു.

To advertise here,

കോടതിമുറിയിൽ അഭിഭാഷകർക്കുപുറമേ, പോലീസും മാധ്യമപ്രവർത്തകരും ജനങ്ങളും തിങ്ങിനിറഞ്ഞു. കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കളായ അഖില, അതുല്യ, സജിതയുടെ സഹോദരി സരിത, മറ്റുബന്ധുക്കൾ എന്നിവർ രാവിലെത്തന്നെ കോടതിമുറിയിലെത്തിയിരുന്നു. ഇവർക്ക് ചെന്താമര നിന്നിരുന്ന കൂടിനടുത്താണ് സ്ഥലം ലഭിച്ചത്.

ഇടയ്ക്ക് പാളി നോക്കുന്നതൊഴിച്ചാൽ ഇവരെക്കണ്ടിട്ടും ചെന്താമരയുടെ മുഖത്ത് ഭാവവ്യത്യാസമൊന്നുമുണ്ടായില്ല. രാവിലെ കോടതി ചേർന്നതിനുപിന്നാലെ രണ്ടാമത്തെ കേസായാണ് പരിഗണിച്ചത്. കേസിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കി സൂചകങ്ങളടക്കം 131 പേജുള്ള വിധിയാണ് കോടതി തയ്യാറാക്കിയിരുന്നത്. ഇതിലെ പ്രസക്തഭാഗങ്ങളെല്ലാം ജഡ്ജി കെന്നത്ത് ജോർജ് കോടതിയിൽ വായിക്കുകയുംചെയ്തു.

സമാനകേസുകളും പ്രതിയുടെ സ്വഭാവ വൈചിത്ര്യങ്ങളും വിശദമായി ചൂണ്ടിക്കാട്ടിയ കോടതി കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വ്യക്തമാക്കി. 45 മിനിറ്റോളം നീണ്ട വിധിവായന അക്ഷോഭ്യനായാണ് ചെന്താമര കേട്ടത്. നേരത്തേ, കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സമയത്ത് ‘എന്നെ തൂക്കിക്കൊന്നോളൂ’ എന്ന് ജഡ്ജിയോട് ആവശ്യപ്പെട്ട അതേ കൂസലില്ലായ്മയാണ് വിധിസമയത്തും കോടതിമുറിയിൽ കണ്ടത്.

വിധിക്കുശേഷം നടപടിക്രമങ്ങൾക്കായി പുറത്തിറങ്ങിയ ചെന്താമര പ്രതിഭാഗം അഭിഭാഷകരുമായി അപ്പീലടക്കമുള്ള കാര്യങ്ങളിൽ ദീർഘനേരം ചർച്ചനടത്തി. ഇടയ്ക്ക് മൊബൈൽ ക്യാമറയിൽ ഫോട്ടോയെടുക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനുമുൻപിൽ പോസ് ചെയ്തു. പിന്നീട് ഫോട്ടോ കണ്ടശേഷം നന്നായില്ലെന്നുപറഞ്ഞ് വീണ്ടും എടുപ്പിച്ചു.

രണ്ടുമണിയോടെ തൃശ്ശൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റാനായി ചെന്താമരയെ കോടതിയിൽനിന്ന് പുറത്തിറക്കിയപ്പോൾ മാധ്യമപ്രവർത്തകർ പ്രതികരണം ചോദിച്ചെങ്കിലും ചെന്താമര മിണ്ടിയില്ല. ഫെബ്രുവരി 23-ന് ആരംഭിച്ച വിചാരണയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 81 സാക്ഷികളെ വിസ്തരിച്ചു.

91 രേഖകളും 21-ഓളം തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ഭാരതീയ ന്യായ സംഹിതയിലെ 103(1) വകുപ്പുപ്രകാരമാണ് വധശിക്ഷ വിധിച്ചത്. സജിത വധക്കേസിലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ച് ചെന്താമര സ്വന്തംവീട്ടിൽ താമസമാക്കുകയും തക്കംനോക്കി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയുമായിരുന്നെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

കോടതിവിധിയിലെ പ്രസക്തഭാഗങ്ങൾ ചുവടെ; 

*ഒരു കുടുംബത്തിലെ മൂന്നുപേരെ കരുതിക്കൂട്ടി ആസൂത്രണംചെയ്ത് നടത്തിയ കൊലപാതകത്തിൽ പ്രതിക്ക് മനഃപരിവർത്തനമോ കുറ്റബോധമോ ഇല്ല.

*സജിതയുടെ ആദ്യ കൊലപാതകത്തിനുശേഷം വർഷങ്ങളോളം ആലോചിച്ചുറപ്പിച്ചാണ് പ്രതി അതേ കുടുംബത്തിലെ മറ്റുരണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തിയത്.

*ചെയ്ത കുറ്റകൃത്യത്തെക്കുറിച്ച് കുറ്റബോധംപോലും പ്രകടിപ്പിക്കാത്ത ദയാരഹിതനായ കൊലയാളി

*തടവുകാലത്തോ വിചാരണസമയത്ത് കോടതിമുറിയിലോ ഒരു കുറ്റബോധവും പ്രകടിപ്പിക്കാൻ പ്രതി തയ്യാറായില്ല

*സൈക്കോളജിസ്റ്റിന്റെ റിപ്പോർട്ടിലും ജില്ലാ പ്രൊബേഷൻ ഓഫീസർ തയ്യാറാക്കിയ റിപ്പോർട്ടിലും പ്രതിക്ക് മനഃപരിവർത്തനം ഉണ്ടാവാനിടയില്ലെന്ന് സൂചിപ്പിച്ചിട്ടുണ്ട്

*ജയിലിൽ ജോലിചെയ്തുകിട്ടുന്ന വരുമാനം കൊല്ലപ്പെട്ട സുധാകരന്റെ ഇളയ മകൾക്ക് നൽകാമെന്ന പ്രതിയുടെ വാഗ്‌ദാനം മുഖവിലയ്ക്കെടുക്കാനാകില്ല

*കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരത്തുക പ്രതിയിൽനിന്നോ ഭാര്യയുടെ പേരിലുള്ള സ്വത്തിൽ പ്രതിക്ക് അവകാശമുണ്ടെങ്കിൽ അതിൽനിന്നോ ഈടാക്കാനുള്ള സാധ്യത പരിശോധിക്കണം

*സുധാകരന്റെ മകൾ‌ അഖിലയ്ക്ക് സർക്കാർജോലി ലഭ്യമാക്കണമെന്ന ആവശ്യത്തിൽ‌ അനുഭാവപൂർണമായ നടപടികളുണ്ടാവണം 

81 സാക്ഷികൾ, 91 രേഖകൾ, 21 തൊണ്ടിമുതലുകൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ വിധിയിൽ കോടതിയിൽ വിചാരണ നടപടികൾക്കിടയിലെ ചെന്താമര പറഞ്ഞ വാക്കുകളും കോടതി ഉൾപ്പെടുത്തി. പ്രതിക്ക് മനഃപരിവർത്തനമോ പശ്ചാത്താപമോ ഉണ്ടാകാനിടയില്ലെന്ന് സൂചിപ്പിക്കുന്ന 154-ാം ഖണ്ഡികയിലാണ് പ്രതിയുടെ മറുപടികൾ രേഖപ്പെടുത്തിയത്.

‘അവന്മാർ എനിക്ക് നേരിട്ടുവന്നാൽ‌ അവന്മാരുടെ ജീവൻ പോകും’, ‘ഞാൻ ഗാന്ധിജിയുടെ രീതിയല്ല, ഒരു കരണത്തിനടിച്ചാൽ മറുകരണത്തിന് അടിച്ചിരിക്കും’, അവനവന് വന്നാലേ അറിയൂ’, ‘ഞാനായിട്ട് പോകത്തില്ല, വന്നാൽ ഞാൻ വിടത്തില്ല’ -കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം ജഡ്ജിയുടെ ചോദ്യങ്ങളോട് ചെന്താമര നടത്തിയ പ്രതികരണങ്ങളായിരുന്നു ഇത്.

അധിക തെളിവുകളായി മിറ്റിഗേഷൻ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്, മെഡിക്കൽ ബോർഡിന്റെ സൈക്കോളജിക്കൽ ഇവാല്വേഷൻ റിപ്പോർട്ട്, ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട്, ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ട് എന്നിവയും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

‘എന്നെ 100 വർഷം ശിക്ഷിക്കണം’

ആലത്തൂർ: “എന്നെ 100 വർഷം ശിക്ഷിക്കണം. എല്ലാം ചെയ്തത് ഞാൻ ഒറ്റയ്ക്കാണ്. എത്രയുംവേഗം ശിക്ഷ വിധിക്കണം” – പോത്തുണ്ടിയിൽ അയൽവാസിയെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ പ്രതി ചെന്താമരയെ ആലത്തൂർ കോടതിയിൽ ഹാജരാക്കിയപ്പോൾ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ. ഇന്ദുചൂഡനോട് പറഞ്ഞതിങ്ങനെയായിരുന്നു.

പോലീസ് ഉപദ്രവിച്ചോ, ശരീരത്ത് മുറിവോ ചതവോ ഉണ്ടോ എന്നീ കോടതിനടപടിയുടെ ഭാഗമായ ചോദ്യങ്ങൾക്ക് പരാതി ഒന്നുമില്ലെന്ന്‌ മറുപടി നൽകി.