പാലക്കാട്: ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതിൽ ആശ്വാസമുണ്ടെന്നും പ്രതീക്ഷിച്ച വിധിയാണെന്നും വെട്ടേറ്റുമരിച്ച സുധാകരന്റെ മക്കളായ അഖിലയും അതുല്യയും. ശിക്ഷ നടപ്പാക്കുംവരെ പേടിതന്നെയാണ്. അയാൾ ജയിൽ ചാടാതിരുന്നാൽ മതിയെന്നാണ് പറയാനുള്ളതെന്നും ഇരുവരും നിറകണ്ണുകളോടെ പറഞ്ഞു.

To advertise here,

ഉറ്റവർ ഇല്ലാതായതിന്റെ സങ്കടം ഒരിക്കലും അവസാനിക്കുന്നില്ല. ആ വേദനയൊന്നും ചെന്താമര അനുഭവിച്ചിട്ടുണ്ടാവില്ല. അച്ഛനും അമ്മയുമെന്നാൽ മക്കൾക്ക് സംരക്ഷണമാണ്. ഉപദേശത്തിന്റെ പുറത്തുപോലും ചെന്താമരയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകില്ല.

കോടതിയിൽ നടത്തിയ പ്രതികരണങ്ങൾപോലും അയാളുടെ സ്വഭാവം വെളിച്ചത്തുകൊണ്ടുവരുന്നതാണ്. പുറത്തിറങ്ങുമ്പോൾ ചെന്താമരയുടെ മുഖസാദൃശ്യമുള്ള ആരെ കണ്ടാലും അസ്വസ്ഥതയുണ്ടാവുന്നെന്നും അഖിലയും അതുല്യയും പറഞ്ഞു. 

ഭയമൊഴിഞ്ഞ് നാട്ടുകാർ, വീടുകൾ കാടുകയറി 

നെന്മാറ: പോത്തുണ്ടി ബോയൻ നഗറിൽ ചെന്താമര അരുംകൊല നടത്തിയ സുധാകരന്റെയും ലക്ഷ്മിയുടെയും വീടും സമീപത്തെ വഴിയും ചെന്താമരയുടെ വീടുമെല്ലാം കാടുകയറിക്കിടക്കുന്നു. നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നശേഷം ഈ ഭാഗത്തേക്ക് ഒരുവർഷത്തിലേറെയായി സമീപവാസികൾ എത്താറില്ല.

പ്രധാന സാക്ഷിയും അയൽവാസിയുമായ പുഷ്പ, ഭയന്ന് സ്ഥലംമാറിപ്പോയതിനാൽ ഈ വീടും കാടുകയറിയ നിലയിലാണ്. ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചെന്ന വാർത്തയറിഞ്ഞതോടെ സാക്ഷിമൊഴി നൽകിയ രണ്ടുപേരും സമീപ വീടുകളിലുള്ളവരും ഇവിടേക്കെത്തി.

“ഇക്കാലംവരെ ഇവിടെ വരാൻ ഭയമായിരുന്നു” -സുധാകരനും ലക്ഷ്മിയും വെട്ടേറ്റ് വീണുകിടന്നിരുന്ന റോഡിലേക്കു വിരൽചൂണ്ടി കേസിൽ സാക്ഷിയായിരുന്ന എം. മനു പറഞ്ഞു. “ഇനി ചെന്താമര പുറത്തിറങ്ങില്ലെന്ന ആശ്വാസമാണ് ധൈര്യം നൽകിയത്” -മറ്റൊരു സാക്ഷിയായ കെ. സിദ്ദിഖ് പറഞ്ഞു.

“മൂന്ന് കൊലപാതകം നടത്തിയ ശേഷവും കലിയടങ്ങാതെ വീണ്ടും കൊല്ലുമെന്ന ചെന്താമരയുടെ വാക്കുകൾ ഇപ്പോഴും ഉറക്കംകെടുത്തും” -അയൽവാസിയായ എം. ശ്യാമിന്റെ വാക്കുകളിൽ ആശങ്കയായിരുന്നു. കൊലപാതകം നടത്തുന്നതിനുമുൻപ്‌ ചെന്താമരയിൽനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് സമീപപ്രദേശമായ അയ്യപ്പൻകുന്നിലെ എം. മണികണ്ഠൻ പറഞ്ഞു.

കൊലപാതകം നടത്താൻതക്കവിധം ചെന്താമരയ്ക്കുണ്ടായ മാറ്റം ഞെട്ടിച്ചുകളഞ്ഞെന്നും മണികണ്ഠൻ കൂട്ടിച്ചേർത്തു. “ചെന്താമരയ്ക്ക് വധശിക്ഷ വിധിക്കപ്പെട്ടതിൽ സന്തോഷവും ആശ്വാസവുമുണ്ട്. പക്ഷേ, അയാൾ ജയിൽചാടാൻ ഇടയുണ്ടാകരുത്” - സമീപവാസിയായ എച്ച്. സന്ധ്യ പറഞ്ഞു. വിധി നടപ്പായ ശേഷമേ പൂർണസമാധാനം ലഭിക്കുകയുള്ളൂവെന്ന് മറ്റൊരു അയൽവാസിയായ എസ്. രാജേശ്വരി പറഞ്ഞു.