
കൊൽക്കത്ത: മമതാ ബാനർജി നയിച്ച പ്രക്ഷോഭത്തെത്തുടർന്ന് പശ്ചിമബംഗാളിലെ സിംഗൂരിലെ ചെറുകാർ ഫാക്‌ടറി പദ്ധതി ഉപേക്ഷിച്ചു പോകേണ്ടിവന്ന ടാറ്റ ഗ്രൂപ്പിനെ തിരിച്ചെത്തിക്കാൻ പുതിയ ബി.ജെ.പി. സർക്കാർ ഊർജിതനീക്കം തുടങ്ങി. കഴിവതും സിംഗൂരിൽത്തന്നെ അവരുടെ ഒരു സംരംഭം തുടങ്ങാനും അതുവഴി പശ്ചിമബംഗാൾ ‘വ്യവസായസൗഹൃദ സംസ്ഥാനം’ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുമാണ് ഉദ്ദേശ്യം.
ആദ്യഘട്ടമെന്നനിലയിൽ സംസ്ഥാന വ്യവസായവകുപ്പിലെ ഉന്നതോദ്യോഗസ്ഥർ മുംബൈയിലെത്തി ടാറ്റ ഗ്രൂപ്പുമായി ചർച്ച നടത്തി. ചർച്ചകളിൽ പുരോഗതിയുണ്ടായാൽ വാണിജ്യമന്ത്രി താപസ് റായിയും ധനകാര്യ മന്ത്രി സ്വപൻ ദാസ് ഗുപ്തയും ടാറ്റ ഗ്രൂപ്പ് മേധാവികളെ കണ്ട് സംസാരിക്കും. ‘രത്തൻ ടാറ്റ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പാദം തൊട്ടുവണങ്ങി ബംഗാളിലേക്ക് തിരികെവരാൻ അപേക്ഷിച്ചേനെ’ എന്നാണ് താപസ് റായ് പറഞ്ഞത്.
സിംഗൂരിലെ ചെറുകാർ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതിന് നഷ്ടപരിഹാരം തേടി ടാറ്റ കൽക്കട്ട ഹൈക്കോടതിയിൽ നൽകിയ കേസ് കോടതി തർക്കപരിഹാര ട്രിബ്യൂണലിന് വിട്ടിരുന്നു. ട്രിബ്യൂണൽ വിധി പ്രകാരം സംസ്ഥാന വ്യവസായ വികസന കൗൺസിൽ ടാറ്റയ്ക്ക് 765.78 കോടി രൂപ 11 ശതമാനം വാർഷികപലിശയോടെ നൽകണം. വിധിക്കെതിരേ മുൻ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോയെങ്കിലും തള്ളി. ഈ വിഷയത്തിൽ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിനും പുതിയ സർക്കാർ ശ്രമിക്കുന്നുണ്ട്.
സിംഗൂരിൽ ടാറ്റയുടെ ഒരു സംരംഭമോ അല്ലെങ്കിൽ സർക്കാരിന്റെ സംരംഭത്തിൽ ടാറ്റയുടെ നിക്ഷേപമോ ആണ് സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ രാജ്യത്ത് ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മൂന്ന് ‘ഭവ്യ രസായൻ’ കെമിക്കൽ പാർക്കുകളിലൊന്ന് നേടിയെടുക്കാൻ ബംഗാൾ ഊർജിതമായി ശ്രമിക്കണമെന്ന് ബി.ജെ.പി. സംസ്ഥാനാധ്യക്ഷൻ സമിക് ഭട്ടാചാര്യ മുഖ്യമന്ത്രി ശുഭേന്ദു അധികാരിയോടാവശ്യപ്പെട്ടിട്ടുണ്ട്. സിംഗൂർ ഇതിന് യോജിച്ച സ്ഥലമാണെന്നും പാർക്ക് വന്നാൽ സ്വകാര്യമേഖലയിൽനിന്ന് വൻ വ്യവസായ നിക്ഷേപം ആകർഷിക്കാമെന്നുമാണ് സമിക് ചൂണ്ടിക്കാണിക്കുന്നത്.
Content Highlights: New BJP government in West Bengal initiates efforts to bring Tata Group back to Singur., Senior industry department officials held discussions with Tata in Mumbai., State government is pursuing out-of-court settlement regarding the 765.78 crore compensation tribunal verdict., Proposals include setting up a new Tata venture or securing a chemical park in Singur.
Published: 11 Aug 2026, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented