മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റാ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ സൺസും പ്രധാന ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റും തമ്മിലുള്ള തർക്കം ശക്തമായ നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നു. എൻ. ചന്ദ്രശേഖരനെ ടാറ്റാ സൺസ് എക്‌സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിച്ചതും കമ്പനിയുടെ പബ്ലിക് ലിസ്റ്റിംഗ് സംബന്ധിച്ച ഭിന്നതകളുമാണ് തർക്കം രൂക്ഷമാക്കിയത്. ഇരുപക്ഷത്തുമായി രാജ്യത്തെ മുൻനിര അഭിഭാഷകരും പ്രമുഖ നിയമ സ്ഥാപനങ്ങളും അണിനിരന്നതോടെ ദീർഘകാലം നീണ്ടുനിന്നേക്കാവുന്ന നിയമയുദ്ധത്തിനാണ് കളമൊരുങ്ങുന്നത്.

To advertise here,

സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിൽ എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി എക്‌സിക്യൂട്ടീവ് ചെയർമാനായി വീണ്ടും നിയമിക്കാൻ 4-1 എന്ന വോട്ടിന് ബോർഡ് തീരുമാനിച്ചിരുന്നു. എന്നാൽ, ഈ തീരുമാനത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് ടാറ്റാ ട്രസ്റ്റ് രംഗത്തെത്തി. ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (Article 121) പ്രകാരം, ട്രസ്റ്റ് നോമിനേറ്റ് ചെയ്യുന്ന ഡയറക്ടർമാരുടെ ഭൂരിപക്ഷ പിന്തുണ ഈ തീരുമാനത്തിന് അത്യാവശ്യമാണെന്ന് ട്രസ്റ്റ് വാദിക്കുന്നു. നിലവിൽ രണ്ട് ട്രസ്റ്റ് നോമിനി ഡയറക്ടർമാരാണുള്ളത്. യോഗത്തിൽ നോയൽ ടാറ്റ പുനർനിയമനത്തിനെതിരെ വോട്ട് ചെയ്തപ്പോൾ വേണു ശ്രീനിവാസൻ അനുകൂലമായി വോട്ട് ചെയ്തു.

'രണ്ടിൽ ഭൂരിപക്ഷം എന്നത് ഒന്നല്ല, രണ്ടാണ്' എന്ന നിയമപരമായ നിലപാടാണ് ട്രസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. അതിനാൽ ആവശ്യമായ ഭൂരിപക്ഷ പിന്തുണ ലഭിക്കാത്ത തീരുമാനത്തിന് നിയമസാധുതയില്ലെന്നും ഇത് തുടക്കം മുതലേ അസാധുവാണെന്നും ട്രസ്റ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ബോർഡിലെ വോട്ടുകൾ തുല്യമാകുമ്പോൾ ചെയർമാൻ ഉപയോഗിക്കുന്ന 'കാസ്റ്റിംഗ് വോട്ട്' ട്രസ്റ്റ് ഡയറക്ടർമാരുടെ പ്രത്യേക അനുമതിക്ക് പകരമാകില്ലെന്നും ട്രസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

അഭിപ്രായവ്യത്യാസങ്ങൾ ബോർഡ് റൂം ഒത്തുതീർപ്പുകൾക്ക് അപ്പുറത്തേക്ക് നീങ്ങിയെന്നും ഇനി നിയമപരമായ വഴികളിലൂടെയല്ലാതെ പരിഹാരം സാധ്യമല്ലെന്നും ടാറ്റാ ട്രസ്റ്റിനെ പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി വ്യക്തമാക്കി. ടാറ്റാ സൺസിൽ 66 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള ട്രസ്റ്റിന്റെ മൗലികാവകാശങ്ങൾ റദ്ദാക്കാൻ കമ്പനി ബോർഡിന് കഴിയില്ല. ഭൂരിപക്ഷ ഓഹരിയുടമകളുടെ എതിർപ്പ് അവഗണിച്ച് തീരുമാനങ്ങളെടുക്കുന്ന ഒരു 'റൺവേ ബോർഡ്' ആയി മാറാൻ കമ്പനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രധാന തർക്കത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കം മാത്രമാണെന്നും സിങ്‌വി കൂട്ടിച്ചേർത്തു.

ടാറ്റാ സൺസിനെ പിന്തുണയ്ക്കുന്ന മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ഇതിനോട് വിയോജിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം ടാറ്റാ സൺസ് ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയായി മാറേണ്ടതുണ്ടെന്നും ആഗോളതലത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന് സുതാര്യതയും പ്രൊഫഷണൽ മാനേജ്മെന്റുമാണ് ആവശ്യമെന്നും സാൽവെ വാദിച്ചു.

ടാറ്റാ സൺസ് ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയായി മാറണമോ അതോ അൺലിസ്റ്റഡായി തുടരണമോ എന്നതിനെച്ചൊല്ലിയാണ് അടുത്ത പ്രധാന ഭിന്നത. കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (CIC/NBFC) എന്ന പദവി സ്വമേധയാ ഉപേക്ഷിക്കാനുള്ള ടാറ്റാ സൺസിന്റെ അപേക്ഷ റിസർവ് ബാങ്ക് തള്ളിയിരുന്നു. എന്നാൽ, ആർ.ബി.ഐ നിബന്ധനകൾ പാലിക്കാൻ പബ്ലിക് ലിസ്റ്റിംഗ് മാത്രമല്ല വഴിയെന്നും മറ്റ് പുനഃസംഘടനാരീതികൾ പരിശോധിക്കണമെന്നും ടാറ്റാ ട്രസ്റ്റ് ആവശ്യപ്പെടുന്നു. കമ്പനി അൺലിസ്റ്റഡായി തുടരണമെന്ന് 2024 മാർച്ചിൽ ടാറ്റാ സൺസ് ബോർഡും 2025 ജൂലൈയിൽ ട്രസ്റ്റുകളും ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്ന കാര്യം നോയൽ ടാറ്റ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന് വിരുദ്ധമായ തീരുമാനമെടുക്കുന്നതാണ് ട്രസ്റ്റിനെ ചൊടിപ്പിക്കുന്നത്. ടാറ്റാ സൺസ് ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ടാൽ സെബി നിയമാവലി പ്രകാരം (Regulation 31B) ട്രസ്റ്റിന്റെ പ്രത്യേക അവകാശങ്ങൾ ഓരോ അഞ്ച് വർഷത്തിലും ഓഹരിയുടമകളുടെ പ്രത്യേക അനുമതിയോടെ പുതുക്കേണ്ടി വരുമെന്നത് ഭരണസംവിധാനത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയേക്കാം. ഇതാണ് ടാറ്റാ ട്രസ്റ്റിനെ ലിസ്റ്റിങ്ങിനെ എതിർക്കാൻ പ്രേരിപ്പിക്കുന്നതിൽ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന്.

അഭിഷേക് മനു സിങ്‌വി, മുകുൾ റോത്തഗി, അസ്പി ചിനോയ്, ജനക് ദ്വാർകാദാസ് എന്നീ പ്രമുഖ അഭിഭാഷകരെയും സിറിൽ അമർച്ചന്ദ് മംഗൾദാസ് എന്ന പ്രമുഖ നിയമ സ്ഥാപനത്തെയുമാണ് ട്രസ്റ്റ് നിയമോപദേശത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുൻ ടാറ്റാ സൺസ് ജനറൽ കൗൺസൽ ഭരത് വസാനിയും നിയമസംഘത്തിലുണ്ട്.

മുതിർന്ന അഭിഭാഷകരായ ഹരീഷ് സാൽവെ, രവി കദം എന്നിവരും ഷുവ മണ്ഡലിന്റെ നേതൃത്വത്തിലുള്ള അനാഗ്രാം പാർട്‌ണേഴ്സ് എന്ന നിയമ സ്ഥാപനവുമാണ് ടാറ്റാ സൺസിനായി നിയമോപദേശം നൽകുന്നത്. 2016-ൽ സൈറസ് മിസ്ത്രിയെ നീക്കിയതുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിൽ ടാറ്റാ സൺസിനെ വിജയത്തിലെത്തിക്കാൻ നേതൃത്വം നൽകിയ വ്യക്തിയാണ് ഷുവ മണ്ഡൽ. ടാറ്റാ സൺസും ടാറ്റാ ട്രസ്റ്റും തമ്മിലുള്ള നിയമപോരാട്ടം കമ്പനിയുടെ ഭാവിയെയും തന്ത്രപരമായ തീരുമാനങ്ങളെയും ഭരണസംവിധാനത്തെയും കാര്യമായി ബാധിച്ചേക്കാമെന്ന് കോർപ്പറേറ്റ് നിരീക്ഷകർ വിലയിരുത്തുന്നു.