ബെംഗളൂരു: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. വിഷയത്തിൽ കർണാടകത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നതിന് പകരം, ഭരണഘടനയോട് കൂറുപുലർത്തിക്കൊണ്ട് നിഷ്പക്ഷമായും സുതാര്യമായും തിരഞ്ഞെടുപ്പുകൾ നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബാധ്യസ്ഥമാണെന്നും വിഷയത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇടപെടണമെന്നും മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സിദ്ധരാമയ്യ.

To advertise here,

ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമായി തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങൾ പ്രവർത്തിച്ചാൽ ഭരണഘടന സംരക്ഷിക്കാൻ ഉത്തരവാദിയായ രാഷ്ട്രപതി ഇടപെടണമെന്നും ലംഘനങ്ങൾ തെളിഞ്ഞാൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കഴിഞ്ഞ 10 മാസത്തിനിടെ, തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും പാനലിന്റെ പല തീരുമാനങ്ങളിലും ഔദ്യോഗികമായി എതിർപ്പ് രേഖപ്പെടുത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു. വോട്ടർ രജിസ്ട്രേഷൻ ഫോം 6-ൽ വരുത്തിയ മാറ്റങ്ങൾ, വോട്ടർ പട്ടികയിലെ കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും ഡാറ്റാബേസിന്റെ കേന്ദ്രീകൃത നിയന്ത്രണം എന്നിവയിലാണ് ഇവർ 14 തവണയോളം എതിർപ്പ് രേഖപ്പെടുത്തിയത്.

ബെംഗളൂരുവിൽ നടന്ന പ്രതിഷേധത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കെപിസിസി പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, മുൻ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി, എഐസിസി സെക്രട്ടറി ഗോപിനാഥ് പളനിയപ്പൻ എന്നിവരും നിരവധി പ്രവർത്തകരും പങ്കെടുത്തു. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (എഐസിസി) ആഹ്വാനപ്രകാരം വെള്ളിയാഴ്ച രാജ്യവ്യാപകമായാണ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്.

ഡൽഹി, ബിഹാർ, അസം, പഞ്ചാബ്, പശ്ചിമ ബംഗാൾ, ഒഡീഷ, ജമ്മു കശ്മീർ തുടങ്ങി വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. ഡൽഹി തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടന്ന മാർച്ചിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗ്യാനേഷ് കുമാറിന്റെ മുഖമൂടിയണിഞ്ഞ് കൈകളിൽ ചങ്ങല ബന്ധിച്ചാണ് പ്രതിഷേധിച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധ മാർച്ച് പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. പട്നയിലും ചണ്ഡീഗഡിലും പ്രതിഷേധക്കാരെ തടയാൻ പോലീസ് ജലപീരങ്കികൾ ഉപയോഗിക്കുകയും ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് റാം ഉൾപ്പെടെയുള്ള നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അസമിൽ സംസ്ഥാന അധ്യക്ഷൻ ഗൗരവ് ഗൊഗോയിയെ കസ്റ്റഡിയിലെടുത്തു. കൊൽക്കത്തയിൽ പ്രതിഷേധക്കാർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു. മണിപുരിൽ പോലീസിന് നേരെ സംഘർഷമുണ്ടായതിനെ തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. ജമ്മു കശ്മീർ നിയമസഭയ്ക്കുള്ളിൽ കോൺഗ്രസ് എംഎൽഎമാർ ബാനറുകൾ ഉയർത്തി പ്രതിഷേധിക്കുകയും ചെയ്തു.