മുംബൈ: ടാറ്റാ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരന്റെ കാലാവധി അടുത്ത അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ കമ്പനി ബോർഡ് യോഗം തീരുമാനിച്ചു. ബോർഡിലെ മറ്റ് അംഗങ്ങളെല്ലാം ഈ പ്രമേയത്തെ അനുകൂലിച്ചപ്പോൾ, നോയൽ ടാറ്റ നിർദേശത്തിനെതിരെ വോട്ട് രേഖപ്പെടുത്തി. ടാറ്റാ സൺസിന്റെ ലിസ്റ്റിങ്, നേതൃത്വ പിന്തുടർച്ച എന്നിവയുമായി ബന്ധപ്പെട്ട് അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ബോർഡിന്റെ നിർണായക തീരുമാനം.
ചന്ദ്രശേഖരന് കാലാവധി നീട്ടിനൽകിയ വാർത്ത പുറത്തുവന്നതോടെ ടാറ്റാ ഗ്രൂപ്പ് ഓഹരികളിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തി. നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-ന് പൂർത്തിയാകുമ്പോൾ പദവിയിൽനിന്ന് പടിയിറങ്ങാൻ താൻ തീരുമാനിച്ചതായി എൻ. ചന്ദ്രശേഖരൻ മുൻപ് ബോർഡിനെ അറിയിച്ചിരുന്നു. ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകാൻ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റ്, സർ രത്തൻ ടാറ്റാ ട്രസ്റ്റ്, നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റി എന്നിവ ഏകകണ്ഠമായി ശുപാർശ ചെയ്തിരുന്നതാണ്. എന്നാൽ, 2026 ഫെബ്രുവരി 24-ന് നടന്ന ബോർഡ് യോഗത്തിൽ നോയൽ ടാറ്റയുടെ പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പ്രമേയം നടപ്പിലായിരുന്നില്ല.
ബോർഡിൽ ഏകകണ്ഠമായ പിന്തുണ ലഭിക്കാത്ത സാഹചര്യത്തിൽ പുനർനിയമനത്തിന് താനില്ലെന്നും, സ്ഥാപനത്തിന്റെ സുഗമമായ അധികാര കൈമാറ്റത്തിനായി പിൻഗാമിയെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 2026 ഓഗസ്റ്റിലാണ് ചന്ദ്രശേഖരൻ ബോർഡിന് പ്രസ്താവന നൽകിയത്. ഈ തർക്കങ്ങൾക്ക് ഒടുവിലാണ് ബോർഡ് യോഗം എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
അതിനിടെ, ടാറ്റയിൽ പ്രതിസന്ധി തുടരുകയാണ്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കോർ ഇൻവെസ്റ്റ്മെന്റ് കമ്പനി (CIC) എന്ന പദവി ഒഴിവാക്കാനായി ടാറ്റാ സൺസ് സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ആഴ്ച റിസർവ് ബാങ്ക് തള്ളിയിരുന്നു. ഇതോടെ, 'അപ്പർ ലെയർ എൻബിഎഫ്‌സി'കൾക്ക് ബാധകമായ നിയന്ത്രണ ചട്ടക്കൂടിന് കീഴിൽ തന്നെ ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റ സൺസ് തുടരേണ്ടിവരും.
2024 സാമ്പത്തിക വർഷത്തിൽ 21,813 കോടി രൂപയുടെ കടം തിരിച്ചടച്ച ശേഷമാണ് 2024 മാർച്ച് മാസത്തിൽ ടാറ്റാ സൺസ് ഈ അപേക്ഷ നൽകിയത്. ഈ വിഷയത്തിൽ ടാറ്റാ സൺസ് നിയമനടപടി സ്വീകരിച്ചാൽ തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ബി.ഐ ബോംബെ ഹൈക്കോടതിയിൽ കാവിയറ്റ് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. നിലവിൽ ടാറ്റാ ട്രസ്റ്റുകൾക്ക് ടാറ്റാ സൺസിൽ 66 ശതമാനത്തോളവും ഷാപ്പൂർജി പല്ലൊഞ്ചി ഗ്രൂപ്പിന് 18 ശതമാനത്തോളവും ഓഹരി പങ്കാളിത്തമാണുള്ളത്.
Content Highlights: N. Chandrasekaran's term as Tata Sons Chairman extended by 5 years., Noel Tata voted against the extension proposal during the board meeting., Tata Group shares surged following the announcement of the extension., RBI rejected Tata Sons' application to surrender its Core Investment Company (CIC) status.
Published: 17 Sept 2026, 03:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented