ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് പുറത്താക്കുന്നതിനുള്ള പ്രമേയത്തിന് രൂപം നൽകുന്നതിനായി അടിയന്തര യോഗം വിളിച്ച് 'ഇന്ത്യ' മുന്നണി. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും വിഷയം ചർച്ച ചെയ്തിരുന്നു.

To advertise here,

അധികം വൈകാതെ യോഗം ചേരണമെന്ന് എം.എ. ബേബി മുന്നോട്ടുവെച്ച നിർദ്ദേശത്തെ തുടർന്നാണ് നേതാക്കൾ സെപ്റ്റംബർ 30-ന് യോഗം ചേരാൻ തീരുമാനിച്ചത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷത്തിന്റെ മൂന്നാമത്തെ ശ്രമമാണിത്. യോഗത്തിൽ പ്രമേയത്തിനായുള്ള ഒപ്പുകൾ ശേഖരിച്ചേക്കും.

പ്രധാനമായും മൂന്ന് അജണ്ടകളാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള തന്ത്രങ്ങളും അതിനായുള്ള ഒപ്പുശേഖരണവുമാണ് ഒന്നാമത്തെ അജണ്ട. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുന്നത് ശക്തമാക്കുക, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുക, തുടർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക എന്നിവ രണ്ടാമത്തെ അജണ്ടയായി ഉൾപ്പെടുത്തിയിരിക്കുന്നു.

പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുക എന്നതാണ് മൂന്നാമത്തെ അജണ്ട. ഈ വിഷയത്തിൽ പാർട്ടിയുടെ അന്തിമ നിലപാട് രൂപീകരിക്കുന്നതിനായി കോൺഗ്രസ് പ്രവർത്തക സമിതി (സി.ഡബ്ല്യു.സി) സെപ്റ്റംബർ 29-ന് യോഗം ചേരുന്നുണ്ട്.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, തൃണമൂൽ നേതാക്കളായ മമതാ ബാനർജി, അഭിഷേക് ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ എന്നിവരും മറ്റു ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

പശ്ചിമ ബംഗാളിൽ രാഷ്ട്രീയ ശത്രുക്കളായ തൃണമൂൽ കോൺഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ ഒരുമിച്ച് നീങ്ങാൻ തയ്യാറായിട്ടുണ്ട്. എന്നാൽ, മേയ് മാസത്തിലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് ടി.വി.കെ പാർട്ടിയുമായി സഖ്യമുണ്ടാക്കിയതിനെ തുടർന്ന് മുന്നണിയിൽ നിന്ന് അകലം പാലിക്കുന്ന ഡി.എം.കെ ഈ യോഗത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.