കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ തൃണമൂൽ കോൺഗ്രസ് നേതാവും എം.എൽ.എയുമായ കുനാൽ ഘോഷിന്റെ വാഹനത്തിന് നേരെ കല്ലേറും മുട്ടയേറും നടത്തി ജനക്കൂട്ടം. തൃണമൂൽ അധ്യക്ഷ മമത ബാനർജിയുടെ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം.

To advertise here,

ഹൂഗ്ലിയിൽവെച്ച് കുനാൽ ഘോഷിന്റെ കാർ തടഞ്ഞുനിർത്തിയ ജനക്കൂട്ടം 'കുനാൽ ഘോഷ് ഗോ ബാക്ക്' എന്ന് മുദ്രാവാക്യം വിളിക്കുകയും കാറിനു നേരെ കല്ലുകളും മുട്ടകളും എറിയുകയുമായിരുന്നു. ആക്രമണത്തിൽ വാഹനത്തിന്റെ പിൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു.

സംസ്ഥാനത്ത് 'ജംഗിൾ രാജ്' ആണ് നടക്കുന്നതെന്ന് കുനാൽ ഘോഷ് കുറ്റപ്പെടുത്തി. അക്രമം നടക്കുമ്പോൾ പോലീസുകാർ സ്ഥലത്തുണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തെ തുടർന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയ അദ്ദേഹം ഇ-മെയിൽ മുഖാന്തിരം പോലീസിൽ പരാതി നൽകി.

ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. റാലിയിലേക്ക് ആളുകൾ എത്തുന്നത് തടയാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. എന്നാൽ, തൃണമൂൽ നേതാക്കളുടെ അഴിമതിയിൽ മടുത്ത ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണിതെന്നാണ് ബി.ജെ.പി നേതാക്കൾ സംഭവത്തോട് പ്രതികരിച്ചത്.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം തൃണമൂൽ നേതാക്കൾക്കെതിരെയുള്ള വ്യാപകമായ പ്രതിഷേധങ്ങളും മുട്ടയേറും നടക്കുന്നുണ്ട്. 'അഴിമതിക്കാരായ' തൃണമൂൽ നേതാക്കൾക്കെതിരെയുള്ള ജനരോഷമാണിതെന്നാണ് ഇതിനോട് ബിജെപി നേതാക്കൾ നേരത്തെ പ്രതികരിച്ചിരുന്നത്. സെപ്തംബർ മാസം ആദ്യം എം.പി മഹുവ മൊയ്ത്രയ്‌ക്കെതിരെയും മുട്ടയേറും കല്ലേറുമുണ്ടായി. തൃണമൂൽ നേതാക്കൾക്കെതിരേ ഇത്തരം വിലകുറഞ്ഞ പ്രതിഷേധം നടത്തുന്നത് ബിജെപി ആണെന്നാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്.