മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ പ്രധാന ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസ് പൊതുവിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ കമ്പനി പുനഃസംഘടിപ്പിക്കാനുള്ള നിർദേശവുമായി ടാറ്റാ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ. ടാറ്റാ സൺസിനെ ഒന്നിലധികം സ്ഥാപനങ്ങളായി വിഭജിച്ച്, നിലവിൽ പബ്ലിക് ലിസ്റ്റിങ് നിർബന്ധമാക്കുന്ന റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ.) നിയമപരമായ പരിധികളിൽ നിന്ന് ഒഴിവാകാനാണ് നോയൽ ടാറ്റ നിർദേശിച്ചിരിക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

To advertise here,

സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് നോയൽ ടാറ്റ ഇത്തരത്തിലൊരു നിർദേശം മുന്നോട്ടുവെച്ചതെന്ന് ഇക്കാര്യവുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ബോർഡ് ഈ നിർദേശം പരിഗണിക്കുമോ എന്നത് നിലവിൽ വ്യക്തമല്ല.

കമ്പനിയെ ലിസ്റ്റ് ചെയ്യാതെ അൺലിസ്റ്റഡ് ആയി നിലനിർത്തണമെന്ന നിലപാടിലാണ് ടാറ്റാ സൺസിന്റെ പ്രധാന ഓഹരി ഉടമകളായ ടാറ്റാ ട്രസ്റ്റ്സ്. തങ്ങളുടെ എൻ.ബി.എഫ്.സി. രജിസ്ട്രേഷൻ ഒഴിവാക്കിത്തരണമെന്ന് കാണിച്ച് ടാറ്റാ സൺസ് ആർ.ബി.ഐയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ അപേക്ഷ ആർ.ബി.ഐ. തള്ളിയതിനെ തുടർന്നാണ് ട്രസ്റ്റ് മറ്റ് സാധ്യതകൾ തേടുന്നത്.

ടാറ്റാ സൺസിനെ വിഭജിക്കുക (ഡിമെർജർ), സ്വത്തുക്കൾ ഉപകമ്പനികളിലേക്ക് മാറ്റുക, ലയിപ്പിക്കുക അല്ലെങ്കിൽ മറ്റ് ക്രമീകരണങ്ങൾ നടത്തുക എന്നിവ ഈ പുനഃസംഘടനയിൽ ഉൾപ്പെട്ടേക്കാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പക്ഷേ ഇക്കാര്യത്തിൽ നിയമപരമായ സങ്കീർണതകളുണ്ട്. വലിയ കമ്പനിയും വിശാലമായ ബിസിനസ് ശൃംഖലയുമുള്ളതിനാൽ തന്നെ പുനഃസംഘടന നടത്തുമ്പോൾ നിയമപരവും നികുതിപരവുമായ സങ്കീർണതകൾ ഉണ്ടായേക്കാം.

ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്.), ടാറ്റാ മോട്ടോഴ്സ്, ടാറ്റാ സ്റ്റീൽ, ടാറ്റാ ക്യാപിറ്റൽ, ടാറ്റാ കമ്മ്യൂണിക്കേഷൻസ്, ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ്, ടാറ്റാ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ, എയർ ഇന്ത്യ, ടാറ്റാ ഡിജിറ്റൽ, ടാറ്റാ ഇലക്ട്രോണിക്സ്, അഗ്രാറ്റാസ് തുടങ്ങിയ പ്രധാന ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോൾഡിങ് കമ്പനിയാണ് ടാറ്റാ സൺസ്.

അപ്പർ ലെയർ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി (എൻ.ബി.എഫ്.സി.) തരംതിരിച്ചതിനെ തുടർന്നാണ് ടാറ്റാ സൺസ് ലിസ്റ്റിങ് ആവശ്യകത നേരിടുന്നത്. തങ്ങളുടെ കടങ്ങൾ പൂർണമായി വീട്ടിയ ശേഷം രജിസ്ട്രേഷൻ ഒഴിവാക്കിത്തരണമെന്ന് കമ്പനി ആർ.ബി.ഐയോട് അഭ്യർഥിച്ചെങ്കിലും അത് തള്ളുകയായിരുന്നു.

കമ്പനിയുടെ ഭാവി ഘടനയെക്കുറിച്ച് ടാറ്റാ സൺസിനുള്ളിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. സെപ്റ്റംബർ 17-ന് ചേർന്ന യോഗത്തിൽ എൻ. ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി ടാറ്റാ സൺസ് ചെയർമാനായി വീണ്ടും നിയമിക്കാൻ ബോർഡ് വോട്ട് ചെയ്തു. എന്നാൽ ഈ പുനർനിയമനത്തെയും പബ്ലിക് ലിസ്റ്റിംഗിലേക്ക് പോകുന്ന നീക്കത്തെയും നോയൽ ടാറ്റ എതിർത്തു.