കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നതയില്ലെന്നും തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം നടത്താനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് കമ്മീഷൻ ആവർത്തിക്കുന്നുണ്ട്.

ന്യൂഡൽഹി: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷണർമാർക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ വിശദീകരണവുമായി കമ്മീഷന്റെ വാർത്താക്കുറിപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ ഡോ. സുഖ്ബിർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചേർന്ന ഫുൾ കമ്മീഷൻ യോഗത്തിന് ശേഷമാണ് ആരോപണങ്ങളിൽ വ്യക്തത വരുത്തിക്കൊണ്ട് കമ്മീഷന്റെ വിശദീകരണം പുറത്തുവന്നിരിക്കുന്നത്.
വോട്ടർമാരുടെ രജിസ്‌ട്രേഷനായുള്ള ഫോം 6, സാങ്കേതിക സംവിധാനമായ ECINET എന്നിവയുടെ സുതാര്യത ഉറപ്പാക്കും. കൂടാതെ, ഐടി സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായതായും കമ്മീഷൻ അറിയിച്ചു. കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നതയില്ലെന്നും തീവ്രവോട്ടർ പട്ടിക പരിഷ്‌കരണം നടത്താനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് കമ്മീഷൻ ആവർത്തിക്കുന്നുണ്ട്.
കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചതുമായി ബന്ധപ്പെട്ട വാർത്തകൾക്കുള്ള വിശദീകരണം കമ്മീഷൻ നൽകുന്നുണ്ട്. കത്ത് കമ്മീഷന്റെയോ ഐടി ഡിവിഷന്റെയോ ഏതെങ്കിലും നയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നില്ല. മറിച്ച്, ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതായിരുന്നുവെന്നാണ് കമ്മീഷൻ വിശദീകരിക്കുന്നത്. കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ച റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നതുകൂടിയാണ് കമ്മീഷന്റെ ഈ വിശദീകരണം.
ECINET ആയി ബന്ധപ്പെട്ടതാണ് കമ്മീഷൻ നൽകുന്ന മറ്റൊരു വിശദീകരണം. ഫീൽഡ് ഓഫീസർമാർക്ക് അവരുടെ നിയമപരമായ അധികാരങ്ങൾ ലഭിക്കുന്നത് തുടരും. വോട്ടർ പട്ടിക ഡാറ്റാബേസിന്റെ സുരക്ഷയും ECINET പോർട്ടലിന്റെ പ്രവർത്തനവും പരിശോധിച്ച് ഉറപ്പുവരുത്താൻ സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണറുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. ഐഐടി അല്ലെങ്കിൽ ഐഐഐടി കേന്ദ്രങ്ങളിൽനിന്നുള്ള വിദഗ്ദ്ധരും ഈ പാനലിൽ ഉണ്ടായിരിക്കും. ഇനി മുതൽ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ കമ്മീഷന്റെ അംഗീകാരത്തിന് സമർപ്പിക്കുന്നതിന് മുൻപ് ഈ പാനൽ വിലയിരുത്തുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോം 6-മായി ബന്ധപ്പെട്ടതാണ് മറ്റൊരു വിശദീകരണം. പുതിയ വോട്ടർ പേരുചേർക്കുമ്പോൾ അച്ഛനോ അമ്മയോ അതുമല്ലെങ്കിൽ അതിന് മുൻപുള്ളവരുടെയോ പേരുവിവരങ്ങൾ ചോദിക്കുന്നത് വോട്ട് രജിസ്‌ട്രേഷൻ തടയാനാണോ എന്ന ആശങ്ക നേരത്തെ ഒരു കമ്മീഷണർ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6-ൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്ഐആർ ബന്ധം തെളിയിക്കണമെന്ന പ്രഖ്യാപന നിബന്ധന സുപ്രീം കോടതി ശരിവെച്ചതാണെന്ന് കമ്മീഷൻ വ്യക്തമാക്കി. എസ്ഐആർ കാലയളവിന് പുറത്ത് 1960-ലെ വോട്ടർ രജിസ്‌ട്രേഷൻ ചട്ടപ്രകാരമുള്ള ഫോമുകൾ തുടർന്നും ഉപയോഗിക്കുമെന്നും കമ്മീഷൻ വിശദീകരിക്കുന്നു.
ഗോവയിൽ വോട്ടർ പട്ടികയിൽനിന്ന് വിട്ടുപോയ 97 അർഹരായ വോട്ടർമാരുടെ വീടുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ടെത്തി ഫോം സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിൽ 81 പേർ ഇതിനകം ഫോം 6 സമർപ്പിച്ചിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
Content Highlights: Election Commission denies reports of internal rifts over intensive voter list revision., A special expert panel formed to review ECINET portal security and IT systems., Form 6 rules for new voter registration clarified in line with Supreme Court directives.
Published: 26 Sept 2026, 06:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented