ന്യൂഡൽഹി: കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികൾ സുപ്രീംകോടതി തള്ളി. അതേസമയം പരീക്ഷ പാസാകാനുള്ള സമയം രണ്ട് വർഷത്തിൽനിന്ന് മൂന്ന് വർഷമായി സുപ്രീംകോടതി ഉയർത്തി. തുറന്ന കോടതിയിൽ വാദം കേട്ട ശേഷമാണ് സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ തള്ളിയത്.

To advertise here,

കേരള സർക്കാരും വിവിധ സംഘടനകളും ഉൾപ്പടെ 45-ഓളം പുനഃപരിശോധനാ ഹർജികളാണ് ജസ്റ്റിസ് മാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ച് തുറന്ന കോടതിയിൽ വാദം കേട്ടത്. 2012 മാർച്ച് 31-ന് മുൻപ് സർവീസിൽ പ്രവേശിച്ച അധ്യാപകർക്ക് കെ-ടെറ്റ് നിർബന്ധമാക്കരുതെന്നും വിരമിക്കുന്നത് വരെ തുടരാൻ അനുവദിക്കണമെന്നും ആയിരുന്നു ഹർജിക്കാരുടെ പ്രധാന ആവശ്യം.

എന്നാൽ കുട്ടികളുടെ ബോധന ശാസ്ത്രത്തിലും അധ്യാപന അഭിരുചിയിലും കേന്ദ്രീകരിക്കുന്ന യോഗ്യതാ പരീക്ഷയാണ് ടെറ്റെന്നും സ്‌കൂൾ അധ്യാപകരാകാനുള്ള ഈ യോഗ്യത എല്ലാവരും പാസാകണമെന്നുമുള്ള മുൻ ഉത്തരവ് പുനഃപരിശോധിക്കാൻ സുപ്രീംകോടതി തയ്യാറായില്ല.

അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ സുപ്രീംകോടതി വിധിനടപ്പാക്കുന്നതോടെ നെറ്റ്, എംഫിൽ, എംഎഡ്, പിഎച്ച്ഡി അടക്കം ഉയർന്ന യോഗ്യതയുടെ അടിസ്ഥാനത്തിൽ ടെറ്റ് പരീക്ഷ പാസാകാതെ ജോലിക്ക് കയറിയ സംസ്ഥാനത്തെ അരലക്ഷത്തോളം വരുന്ന അധ്യാപകരുടെ ജോലിയെയും പ്രമോഷനെയും അത് ബാധിക്കും. ഇവർ വീണ്ടും യോഗ്യതാ പരീക്ഷയായ ടെറ്റ് പാസായാൽ മാത്രമേ ജോലിയിൽ തുടരാനും പ്രമോഷനും അവസരം ലഭിക്കൂ.