കോട്ടയം: പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണത്തിലുണ്ടായത് വൻ കുതിപ്പ്. 2016 ഏപ്രിലിൽ 29 ബാറുകളുണ്ടായിരുന്നത് 2026 ഏപ്രിലിൽ 903 ആയി.

To advertise here,

ഒരു ടൗണിൽ തന്നെ തൊട്ടടുത്ത് ബാറുകൾ വന്നതോടെ വിൽപ്പന കൂട്ടാൻ നടത്തുന്ന ശ്രമങ്ങളാണ് സമയചട്ടം ലംഘിക്കുന്നതിൽ കലാശിച്ചത്. ഇതിൽ കണ്ണടയ്ക്കാനാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നതിലേറെയും.

2014-ലെ സർക്കാരിന്റെ മദ്യനയപ്രകാരം സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 730 ബാറുകൾ 29-ലേക്ക് ചുരുങ്ങി. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകൾക്ക് മാത്രമാണ് അന്ന് ബാർ ലൈസൻസ് നൽകിയിരുന്നത്.

ഇതിനെത്തുടർന്ന് രണ്ട്, മൂന്ന്, നാല് നക്ഷത്ര പദവികളുള്ള 701 ബാറുകളുടെ ലൈസൻസ് റദ്ദാക്കി. അവ പൂട്ടുകയോ ബിയർ-വൈൻ പാർലറുകളായി മാറ്റുകയോചെയ്തു.

ബാക്കിവന്ന 29 പഞ്ചനക്ഷത്രബാറുകൾ മാത്രമാണ് 2016 ഏപ്രിലിൽ പ്രവർത്തിച്ചിരുന്നത്. ഇന്ന് 57 പഞ്ചനക്ഷത്ര ബാർ ഹോട്ടലുകളും, 308 നാല് നക്ഷത്ര ഹോട്ടലുകളും, 512 മൂന്ന് നക്ഷത്ര ഹോട്ടലുകളുമാണുള്ളത്.

ബാറുകളുടെ എണ്ണം കുതിച്ചതിന് ആനുപാതികമായി സർ‌ക്കാർ മദ്യശാലകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായില്ല.

ബെവറജസ് കോർപ്പറേഷന്റെ 285 ചില്ലറവില്പന ശാലകളും, കൺസ്യൂമർഫെഡിന്റെ 46 ഔട്ട്‌ലെറ്റുകളുമാണുള്ളത്. 2014-ലും ഏതാണ്ട് ഇത്ര തന്നെയേ ഉണ്ടായുള്ളൂ. സർക്കാരിന്റെ വരുമാനം കൂട്ടാനാണ് ബാറുകളുടെ എണ്ണം കൂട്ടിയതെന്നായിരുന്നു പോയ സർക്കാരിന്റെ വിശദീകരണം.

2026 ഫെബ്രുവരിയിൽ ബാറുകളുടെ പ്രവർത്തനസമയം രാവിലെ 10 മുതൽ അർധരാത്രി 12 വരെയാക്കി കൂട്ടുകയുംചെയ്തു. നേരത്തേ ഇത് 11 മുതൽ രാത്രി 11 വരെയായിരുന്നു.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ രാത്രി 12 വരെയായിരുന്നു മുമ്പും സമയം. എല്ലാറ്റിന്റെയും സമയം ഏകീകരിച്ചു എന്നാണ് പോയ സർക്കാർ വിശദീകരിച്ചത്. സമയം കൂട്ടിയിട്ടും കാര്യമായ വരുമാന വർധനയില്ലെന്നാണ് ബാറുടമകളുടെ പക്ഷം.

ബാധ്യതകളില്ലാത്ത ബാറുകളാണെങ്കിൽ ദിവസേന ഒന്നര-രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ കച്ചവടം നടന്നെങ്കിൽമാത്രമേ പിടിച്ചുനിൽക്കാനാകൂവെന്നാണ് ഉടമകൾ പറയുന്നത്. ലൈസൻസ് ഫീസ് ഇനത്തിൽതന്നെ 37 ലക്ഷം രൂപയാണ് ഒരു വർഷം നൽകുന്നത്. സാധാരണ ബാറിൽ ജീവനക്കാരുടെ ശമ്പളത്തിനുമാത്രം ശരാശരി ഏഴ് ലക്ഷത്തിലേറെ രൂപ പ്രതിമാസം വേണ്ടിവരും.

ദിവസവ്യാപാരം ശരാശരി 3-4 ലക്ഷം രൂപയെങ്കിലും കിട്ടണമെന്നും അവർ കരുതുന്നു. വരുമാനം കൂട്ടാൻ അധിക വിൽപ്പന ലക്ഷ്യമിട്ടാണ് അതിരാവിലെ പല ബാറുകളും തുറക്കുന്നത്. ഇതിന് എക്സൈസ് ഉദ്യോഗസ്ഥരുമായി അവിശുദ്ധ ധാരണയുണ്ടാക്കുന്നു.

നിയമംലംഘിക്കാത്ത ബാറുടമകൾക്ക് എക്സൈസ് ഉദ്യോഗസ്ഥരുമായി ഡീൽ ഉറപ്പിക്കേണ്ട ആവശ്യമില്ലെന്ന് ബാറുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ പറയുന്നു. കൈക്കൂലി നൽകേണ്ടെന്ന ശക്തമായ നിലപാടാണ് നിലവിൽ അസോസിയേഷനുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.