ന്യൂഡൽഹി: ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം ഉയർത്തുന്നതിൽ നിലവിലുള്ള നിലപാട് കേരളം പുനഃപരിശോധിക്കണെമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ ബാറിലെ പ്രമുഖ അംഗമായിരുന്നുവെന്നും, അതിനാൽ ഇക്കാര്യം അദ്ദേഹത്തെ ബോധ്യപെടുത്താൻ എളുപ്പമായിരിക്കുമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായവുമായി ബന്ധപ്പെട്ട കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡ്വക്കേറ്റ് ജനറൽ ജാജു ബാബുവിനോടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

To advertise here,

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 60 ആയി നിലനിറുത്തണം എന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി കേരളം നേരത്തെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. എന്നാൽ ചില സംസ്ഥാനങ്ങൾ വിരമിക്കൽ പ്രായം 62 ആക്കുന്നതിനോട് അനുകൂലമായിരുന്നു. ഈ കേസ് കഴിഞ്ഞ ദിവസം സുപ്രീംകോടതി പരിഗണിച്ചപ്പോൾ കേരളത്തിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ ജാജു ബാബു ഓൺലൈനിൽ ഹാജരായിരുന്നു. സംസ്ഥാനത്തിന്റ നിലപാട് അഡ്വക്കേറ്റ് ജനറൽ വിശദീകരിക്കാൻ തുടങ്ങിയപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ മുഖ്യമന്ത്രിയുടെ അഭിഭാഷക പശ്ചാത്തലത്തെ കുറിച്ച് പരാമർശിച്ചത്.

'നിങ്ങളുടെ മുഖ്യമന്ത്രി ബാറിലെ പ്രമുഖ അംഗമായിരുന്നല്ലോ. അതുകൊണ്ട് അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ എളുപ്പമാണ്' അഡ്വക്കേറ്റ് ജനറലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടർന്ന് കേരളം നിലപാട് പുനഃപരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് വാക്കാൽ നിരീക്ഷിച്ചു. ബാറിലെ യുവ അഭിഭാഷകരുടെ പ്രിയപ്പെട്ട അഡ്വക്കേറ്റ് ജനറൽ ആണ് ജാജു ബാബുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കേസിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആർ രമയും ഹാജരായി.