
കോട്ടയം: കേരളത്തിന്റെ പരിസ്ഥിതിലോല മേഖല 8,590 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ 98 വില്ലേജുകളിലായി കുറയ്ക്കാനാണ് കേരളം കേന്ദ്രത്തിന് റിപ്പോർട്ട് കൊടുക്കുകയെങ്കിലും ആ വില്ലേജുകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക് വരുമോ എന്ന ആശങ്ക ബാക്കി.
ഒരു വില്ലേജിന്റെ ഒരുഭാഗം പരിസ്ഥിതിലോല പരിധിയിൽപ്പെടുന്നതിന്റെ പേരിൽ ആ വില്ലേജിന് മുഴുവനായി നിയന്ത്രണം പറ്റില്ലെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഒരു വില്ലേജിൽ രണ്ടുതരം സമീപനം കേന്ദ്രനയത്തിൽ ഉണ്ടാകുമോ എന്നതിൽ ഉറപ്പില്ല.
ജനവാസമേഖലകളും സ്ഥാപനങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കിയാണ് ലോലമേഖല നിശ്ചയിക്കേണ്ടതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ലോലപരിധിയിലുള്ള വില്ലേജുകളിലും ആ മാനദണ്ഡം വേണമെന്ന് പറയുന്നുണ്ടെങ്കിലും ഒരു വില്ലേജിൽ രണ്ടുതരം സമീപനം എളുപ്പമല്ല.
നിലവിൽ ഒരുവില്ലേജ് ഒന്നായിട്ടാണ് ഏതുകാര്യത്തിലും കേന്ദ്രവകുപ്പുകൾ പരിഗണിച്ച് പോരുന്നത്. വില്ലേജിന് താഴേക്ക് ഒരു റവന്യൂതല വിഭജനം തങ്ങൾക്കില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
പരിസ്ഥിതി ലോലവില്ലേജുകളുമായി ബന്ധപ്പെട്ട് 2015 ജൂലായ് 28-ന് കേരളം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് കൊടുത്ത റിപ്പോർട്ടിൽ ഒരു വില്ലേജിനെ മൊത്തമായി പരിഗണിക്കാൻ പാടില്ലെന്ന് കാണിച്ചിരുന്നു. പക്ഷേ, 2015 ഒാഗസ്റ്റ് 12-ന് മന്ത്രാലയം നൽകിയ മറുപടിയിൽ ഇൗ ആവശ്യം തള്ളി.
ലോലമേഖലയുടെ സർവേ നമ്പർ പ്രത്യേകം കാണിച്ച് വില്ലേജിലെ മറ്റ് സർവേ നമ്പരുകളെ ഒഴിവാക്കിയിടണമെന്ന് കേരളത്തിന്റെ റിപ്പോർട്ടിലുണ്ടായിരുന്നുവെങ്കിലും അത് അസാധ്യമെന്നാണ് അവർ പറഞ്ഞത്.
പക്ഷേ, സംസ്ഥാനങ്ങൾക്ക് ഇതിന് ഒഴിവ് കണ്ടെത്താനാകുമെന്നാണ് കർഷക സംഘടനകളുടെ അഭിപ്രായം. പരിസ്ഥിതിലോലമായിവരുന്ന ഒരു വില്ലേജിനെ വനം മാത്രമായി പ്രത്യേക റവന്യൂ ഇടമാക്കി വിജ്ഞാപനം ചെയ്താൽ ഇൗ വിഷയം പരിഹരിക്കാവുന്നതാണെന്ന് വിഷയത്തിൽ നിയമപോരാട്ടം നടത്തിയ ജെയിംസ് വടക്കൻ പറഞ്ഞു.
ജനവാസമേഖല റവന്യൂ വില്ലേജാക്കണം. എന്നാൽ ഇൗ രീതി കേരളത്തിൽ ഇതേവരെ പരിഗണിച്ചിട്ടില്ല. 98 വില്ലേജുകളിലെ വനഭൂമിയും കൃഷിഭൂമിയും വേർതിരിച്ച് രേഖപ്പെടുത്തണമെന്ന് കൃഷിക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനവാസമേഖല നിയന്ത്രണങ്ങളിൽ വരാൻ പാടില്ലെന്നാണ് സംസ്ഥാന നിലപാടെന്ന് പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. കൃഷിക്കോ തോട്ടപരിപാലനത്തിനോ തടസ്സം വരില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Kerala plans to report to the central government to reduce the ecologically sensitive area to 8,590 square kilometers across 98 villages, but concerns remain about construction restrictions in these villages.
Published: 06 Sept 2026, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented